2021ൽ വിപണിയിലുണ്ടായത് ഐപിഒകളുടെ കുത്തൊഴുക്ക്!

HIGHLIGHTS
  • ഇന്ത്യന്‍ കമ്പനികള്‍ ഒരു ലക്ഷം കോടിക്ക് മുകളില്‍ സമാഹരിച്ചു
IPO-2
SHARE

ഇന്ത്യന്‍ ഐപിഒ വിപണിയെ സംബന്ധിച്ച് അവിസ്മരണീയമായ ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. 2021ല്‍ ഐപിഒ വഴിയുള്ള ധനസമാഹരണം റെക്കോഡ് ഉയരത്തില്‍ എത്തി. ഈ വര്‍ഷം പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ധനസമാഹരണത്തിന് എത്തിയത് 63 ഇന്ത്യന്‍ കമ്പനികളാണ്. ഈ കമ്പനികള്‍ എല്ലാ കൂടി ചേര്‍ന്ന് 1,18,704 കോടി രൂപ സമാഹരിച്ചു. ഐപിഒ വിപണിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ധനസമാഹരണം ആണിത്. ഈ വര്‍ഷം ഐപിഒ വഴിയുള്ള ധനസമാഹരണം മുന്‍ വര്‍ഷത്തേക്കാള്‍ 4.5 മടങ്ങ് ഉയര്‍ന്നു. 2020ല്‍ 15 കമ്പനികളാണ് ഐപിഒയ്ക്ക് എത്തിയത്. മൊത്തം 26,613 കോടി രൂപ സമാഹരിച്ചു. ഇതിന് മുമ്പ്  ഐപിഒ വഴി ഏറ്റവും ഉയര്‍ന്ന ധനസമാഹരണം നടന്നത്  2017ലാണ്. അന്ന് 68,827 കോടി രൂപയാണ്  ഐപിഒ വഴി സമാഹരിച്ചത്. ഈ വര്‍ഷം അതിനേക്കാള്‍ രണ്ട് മടങ്ങ് കൂടുതലാണ് ധനസമാഹരണം. 

2021 ഐപിഒയുടെ സവിശേഷതകള്‍

പുതുതലമുറ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുടെ ഐപിഒ, ചില്ലറ നിക്ഷേപകരുടെ ശക്തമായ പങ്കാളിത്തം, ലിസ്റ്റ്ങ് സമയത്തെ വലിയ നേട്ടം എന്നിവയാണ് ഈ വര്‍ഷത്തെ ഐപിഒയുടെ സവിശേഷതകള്‍. 2021ലെ ഏറ്റവും വലിയ ഐപിഒ പേടിഎമ്മിന്റെ ഐപിഒ ആയിരുന്നു. ഇന്ത്യന്‍ ഐപിഒ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ കൂടിയായിരുന്നു ഇത്. വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ ഉടമസ്ഥതയിലുള്ള പേടിഎം ഐപിഒ വഴി 18,300 കോടി രൂപ സമാഹരിച്ചു. പ്രൈം ഡേറ്റ ബേസ് ഗ്രൂപ്പ് സമാഹരിച്ച കണക്കുകള്‍ പ്രകാരം ഇതുവരെ ലിസ്റ്റ് ചെയ്ത 58 ഐപിഒകളില്‍ 34ഉം 10 ശതമാനത്തിലേറെ നേട്ടം നല്‍കി. സിഗാച്ചി ഇന്‍ഡസ്ട്രീസ് 270 ശതമാനം നേട്ടം നല്‍കി. 58 ഐപിഒകളില്‍ 40 എണ്ണം ഇഷ്യു നിരക്കിനേക്കാള്‍ ഉയര്‍ന്നാണ് വ്യാപാരം നടത്തുന്നത്. ശരാശരി ലിസ്റ്റിങ് നേട്ടം 32 ശതമാനമാണ്.

2022ലും ഐപിഒ വിപണി സജീവം

2022 ലും ഐപിഒ വിപണി സജീവമായി തുടരുമെന്നാണ് പ്രതീക്ഷ. 2022ല്‍ ഐപിഒ തുടങ്ങുന്നതിന് നിലവില്‍ 35ലേറെ കമ്പനികള്‍ക്ക് സെബിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ എല്ലാം ചേര്‍ന്ന് ഏകദേശം  50,000 കോടി രൂപയോളം സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ 33 കമ്പനികള്‍ സെബിയുടെ അനുമതിയ്ക്കായി കാത്തിരിക്കുന്നുണ്ട്. 60,000 കോടി രൂപയുടെ ധനസമാഹരണമാണ്  ഈ കമ്പനികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്‍ഐസി ഐപിഒയും പുതുവര്‍ഷത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എന്നിരുന്നാലും പേടിഎമ്മിന്റെ മോശം അരങ്ങേറ്റവും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഐപിഒയോടുള്ള  മിതമായ പ്രതികരണവും  നിക്ഷേപകരെ ജാഗ്രതതയോടെ നീങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് ചില വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതിന് പുറമെ, ഒമിക്രോണ്‍ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും ആഗോള കേന്ദ്ര ബാങ്കുകള്‍ പ്രതീക്ഷിച്ചതിലും നേരത്തെ സാമ്പത്തിക ഉത്തേജനം പിന്‍വലിക്കാനുള്ള സാധ്യതയും പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ നിക്ഷേപക വികാരത്തെ ബാധിച്ചേക്കാം. 

English Summary : IPO Flood in Share Market in 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA