ADVERTISEMENT

ദേശീയ പെൻഷൻ പദ്ധതി(എൻ.പി.എസ് ) യുടെ നിക്ഷേപ വ്യവസ്ഥകള്‍ മാറുന്നു. നിക്ഷേപ അനുപാതത്തിന്റെ കാര്യത്തിലാണ് പുതിയ പരിഷ്കാരം.

ദേശീയ പെൻഷൻ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുക ഓഹരികൾ, കമ്പനി കടപ്പത്രങ്ങൾ, സർക്കാർ ബോണ്ടുകൾ, മറ്റ് സാമ്പത്തിക ആസ്തികൾ എന്നിങ്ങനെ വിവിധ അസെറ്റ് ക്ലാസുകളിൽ വീതിച്ചാണ് നിക്ഷേപിക്കുന്നത്. നിക്ഷേപിക്കുന്ന മൊത്തം സംഖ്യ ഏതെല്ലാം ആസ്തികളിൽ എത്ര ശതമാനം വീതം നിക്ഷേപിക്കണമെന്ന് നിബന്ധനകൾക്കു വിധേയമായി  നിക്ഷേപകനു തീരുമാനിക്കാം. ഇതിനെ ആക്ടീവ് ചോയ്സ് എന്നു പറയും. .ഇതിനുകഴിയാത്തവർ ഓട്ടോ ചോയ്സാണ് സിലക്ട് ചെയ്യുന്നത്. ഇത്തരക്കാരുടെ കാര്യത്തിൽ നിക്ഷേപ അനുപാതം വയസിന്റ അടിസ്ഥാനത്തിൽ സിസ്റ്റം സ്വയം തീരുമാനിച്ച് നിക്ഷേപം നടത്തും.

ഒരിക്കൽ നിർദ്ദേശിച്ച നിക്ഷേപ അനുപാതം പിന്നീട് മാറ്റാനും നിക്ഷേപകനു സ്വാതന്ത്ര്യമുണ്ട്.നിലവിൽ വർഷത്തിൽ രണ്ടു തവണ മാത്രമേ ഇതിന് അനുവാദമുള്ളൂ. എന്നാൽ ഇനി വർഷത്തിൽ നാലു തവണ നിക്ഷേപ അനുപാതം മാറ്റാനുള്ള അവസരം  ലഭിക്കും. അനുപാതം മാറ്റാനുള്ള പരിധി ഉയർത്തണമെന്ന് നിക്ഷേപകരിൽ നിന്ന് വ്യാപകമായ ആവശ്യം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്ന് പെൻഷൻ ഫണ്ട് റഗുലേറ്ററി അതോറിറ്റി (പി.എഫ്.ആർ.ഡി.എ ) വ്യക്തമാക്കിയിട്ടുണ്ട്.

നിക്ഷേപകർക്ക് ഇതു കൂടുതൽ ഗുണം ചെയ്യും. ഓഹരി വിപണി താഴോട്ടു പോകുമ്പോഴോ അസ്ഥിരത പ്രകടിപ്പിക്കുമ്പോഴോ നിക്ഷേപ സംഖ്യയുടെ കൂടുതൽ ഭാഗം സർക്കാർ കടപ്പത്രങ്ങളിലോ ബോണ്ടുകളിലോ വീതിച്ചു നൽകാം. അതേസമയം ഓഹരി വിപണി സ്ഥിരത കൈവരിച്ച് മുന്നോട്ടു കുതിക്കാൻ തയ്യാറെടുക്കുമ്പോൾ നിക്ഷേപ അനുപാതം മാറ്റി ഓഹരികളിലേക്ക് കൂടുതൽ ഭാഗം നീക്കിവയ്ക്കാം. ഇത്തരത്തിൽ മാറ്റാനുള്ള കൂടുതൽ അവസരം ലഭിക്കുന്നു എന്നതാണ് നിക്ഷേപ അനുപാതം പരിഷ്കരിക്കുന്നതിലൂടെ സംഭവിക്കുന്നത്.

ഇതിനിടെ എൻ പി എസിൽ അംഗമായ വ്യക്തിയെ പെൻഷൻ കാലാവധി പൂർത്തിയാകുന്നതിതിനു മുമ്പ് കാണാതായാൽ നിക്ഷേപത്തിന്റെ 20% തുക നോമിനി / അനന്തരാവകാശിക്ക് നൽകാൻ തീരുമാനമായി. കാണാതായ വ്യക്തി തിരിച്ചെത്തിയാൽ പണം മടക്കി നൽകാമെന്ന വ്യവസ്ഥയിലായിരിക്കും ഇത് അനുവദിക്കുക. എൻ പി എസിൽ അംഗമായ വ്യക്തി മരിച്ചാൽ മുഴുവൻ തുകയും അവകാശിക്കു നൽകാൻ നിലവിൽ വ്യവസ്ഥയുണ്ട്.

English Summary : Letest Chages in NPS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com