ADVERTISEMENT

ലോക വിപണിയുടെ ഗതി നിർണയിക്കുന്ന ആഴ്ചയുടെ ആദ്യ ദിനത്തിലെ വൻ വീഴ്ചയിൽ നിന്നും അമേരിക്ക കരകയറിയത് ഇന്ന് ലോക വിപണിക്ക് ആവേശം പകരും. ഏഷ്യൻ വിപണികളും, അമേരിക്കൻ-യൂറോപ്യൻ ഫ്യൂച്ചറുകളും വീണ്ടും ഫെഡ് റേറ്റ്- ഉക്രൈൻ സമ്മർദ്ദത്തിലേക്ക് വീണു പോകുന്നത് ഇന്നും ലോക വിപണിക്ക് ആശങ്കയാണ്. എസ്ജിഎക്സ് നിഫ്റ്റി 17000 പോയിന്റ് കടന്നത് പ്രതീക്ഷയാണ്. 

അമേരിക്കൻ വിപണിയിലെ പെരുംചുഴലി 

ബോണ്ട് യീൽഡിന്റെയും, ഫെഡ് നിരക്കുയർത്തലിന്റെയും സമ്മർദ്ദ വില്പനകൾ കഴിഞ്ഞ വാരം നേരിട്ട ശേഷം ഇന്നലെ അമേരിക്കൻ വിപണി ഉക്രൈനിലെ യുദ്ധ സമ്മർദ്ദ വാർത്തകളിലേക്കാണ് വന്നു വീണത്. നേരത്തെ തന്നെ വീഴ്ച്ചയുറപ്പിച്ച ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് പിന്നാലെ യുദ്ധസമാന വാർത്തയിൽ അതിദ്രുതം വീണ നാസ്ഡാക് ഒരു വേള നാല് ശതമാനവും, ഡൗ ജോൺസ്‌ ആയിരം പോയിന്റും ഇൻട്രാ ഡേ നഷ്ടം വരുത്തിയെങ്കിലും നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. ഇന്നലെ രാജ്യാന്തര വിപണിയിലെ പിഎംഐ ഡാറ്റകളും വിപണിയെ നിരാശപ്പെടുത്തി. ഐബിഎമ്മിന്റെ മികച്ച റിസൾട്ടിനു പിന്നാലെ ടെക്, കൺസ്യൂമർ ഡിസ്ക്രീഷനറി, സെമി കണ്ടക്ടർ സെക്ടറുകളിലും പ്രകടമായ ‘’ഡീപ് സീ ഹണ്ടിങ്’’ അമേരിക്കൻ വിപണിയുടെ ആഴ്ചയിലേറെ നീണ്ട വൻ വീഴ്ചക്കും ഇന്നലെ വിരാമമിട്ടു. ബോണ്ട് യീൽഡും ഇന്നലെ അവസാന മണിക്കൂറുകളിൽ 1.77%ലേക്ക് തിരികെയെത്തി.

ഉക്രൈൻ യുദ്ധഭീതിയും, നാളത്തെ ഫെഡ് തീരുമാനങ്ങളെ കുറിച്ചുള്ള ആശങ്കകളും, മൈക്രോ സോഫ്റ്റിന്റെ റിസൾട്ടുമാണ് ഇന്ന് അമേരിക്കൻ വിപണിയെ നയിക്കുക. ജോൺസൺ & ജോൺസണും, വെരിസോണും ഇന്ന് റിസൾട്ടുകൾ  പ്രഖ്യാപിക്കുന്നു. 

നിഫ്റ്റി 

റിലയന്‍സിന്റെയും, ഐസിഐസിഐ ബാങ്കിന്റെയുമടക്കം മികച്ച റിസൾട്ടുകൾ പോലും ഇന്നലത്തെ അമേരിക്കൻ ഫണ്ടുകളുടെ വില്പനയുടെ മുന്നിൽ ചീട്ടു കൊട്ടാരം പോലെ വീണടിഞ്ഞത് പ്രതീക്ഷിച്ചതാണ്. വിപണിയിൽ പരിഭ്രാന്തി പടർത്തിയത് ഇന്ത്യൻ വിപണിയുടെ  സകല പിന്തുണകളും നഷ്ടമാകാൻ കാരണമായി. റിസൾട്ടുകളിലെ മാർജിൻ ശോഷണത്തിനും, രാജ്യാന്തര വിപണി സമ്മർദ്ദങ്ങൾക്കും പുറമെ ബജറ്റിൽ ഉണ്ടായേക്കാമെന്ന് കരുതുന്ന  അധിക നികുതികളെ കുറിച്ചുള്ള ആശങ്കകളും ഇന്നലെ ഇന്ത്യൻ വിപണിക്ക് മറ്റൊരു കറുത്ത ദിനം കൂടി സമ്മാനിച്ചു. 

ഇന്നലെ 17000 പോയിന്റിന് താഴെ വന്ന ശേഷം 17149 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16880 പോയിന്റിലും, 16600 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17550 പോയിന്റിലും, 17850 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

നാസ്ഡാക്കിന്റെ മുന്നേറ്റം ടെക് ഓഹരികൾക്ക് ഇന്ന് മുന്നേറ്റം നൽകിയേക്കാം. പൊതു മേഖല,ബാങ്കിങ്, ഫിനാൻഷ്യൽ , ഫാർമ, ഓട്ടോ, റിയൽറ്റി, ഇൻഫ്രാ, ടെക്‌സ്‌റ്റൈൽസ്, ഹോസ്പിറ്റാലിറ്റി, എഫ്എംസിജി സെക്ടറുകളും മുന്നേറ്റ പ്രതീക്ഷയിലാണ്. ഒഎൻജിസി, മുത്തൂറ്റ് ഫിനാൻസ്, ടിസിഎസ്, ഇൻഫോസിസ്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ബന്ധൻ ബാങ്ക്, ഗെയിൽ, ഓയിൽ, പവർ ഗ്രിഡ്, എച്ച് യുഎൽ, കമ്മിൻസ് ഇന്ത്യ, ഡിക്‌സൺ, എസ്ആർഎഫ്, ആർഇസി, ശോഭ, അജ്‌മീറ, ബർഗർ കിങ് മുതലായ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

ആദ്യ മണിക്കൂറിൽ പിടിച്ചു നിന്ന ശേഷം ആയിരം പോയിന്റിലേറെ വീണ ബാങ്ക് നിഫ്റ്റി പിന്നീട് നഷ്ടം 626 പോയിന്റിലേക്ക് കുറച്ചു. ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ പിന്തുണ ഇന്നലത്തെ പിന്തുണ മേഖലയായ 36300 പോയിന്റ് തന്നെയാണ്. 37650 പോയിന്റിലാണ്  ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ കടമ്പ. 

ഇന്നലത്തെ റിസൾട്ടുകൾ 

ആക്സിസ് ബാങ്ക് മാജിക്കൽ റിസൾട്ട് പുറത്ത് വിട്ട ഇന്നലെ ദീപക് നൈട്രേറ്റ്, ഐഇഎക്സ്, മുതലായ കമ്പനികൾ മുൻ പാദത്തിൽ നിന്നും റിസൾട്ട് മെച്ചപ്പെടുത്തിയപ്പോൾ രാംകോ സിമന്റ്, സുദർശൻ കെമിക്കൽസ് മുതലായ കമ്പനികൾ ലാഭത്തിൽ കുറവ് വരുത്തി. ബർഗർ കിങ്ങിന്റെ നഷ്ടത്തിൽ കുറവ് രേഖപ്പെടുത്തിയത് റെസ്റ്റോറന്റ് ഓഹരികൾക്ക് അനുകൂലമാണ്. 

ഇന്നത്തെ റിസൾട്ടുകൾ 

മാരുതി, സിപ്ല, ലോധ, റെയ്മണ്ട്, എസ്ആർഎഫ്, പിഡിലിറ്റ്, മക് ഡവെൽസ്, ഫെഡറൽ ബാങ്ക്, ഇക്ര, ഐബി റിയൽ,  മാക്സ് ഇന്ത്യ, അപ്പോളോ ട്യൂബ്സ്, സ്നോ മാൻ ലോജിസ്റ്റിക്സ്, ടോറന്റ് ഫാർമ, സ്റ്റാർ സിമന്റ്, ടീം ലീസ്, ബെസ്റ്റ് അഗ്രോ, ക്യാൻ ഫിൻ ഹോംസ്, ഫിനോലക്സ് ഇൻഡസ്ട്രീസ്, സ്വരാജ് എഞ്ചിൻസ്, സിംഫണി, ഉത്തം ഗാൽവ സ്റ്റീൽ മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഐപിഓ 

അദാനിയുടെയും വിൽമറിന്റെയും കൂട്ടു സംരംഭമായ അദാനിവിൽമർ എന്ന എഫ്എംസിജി കമ്പനിയുടെ ഐപിഓ ജനുവരി 27 ണ് ആരംഭിക്കുന്നു. 1999 ൽ ആരംഭിച്ച കമ്പനി എണ്ണകൾ, ഗോതമ്പ് പൊടി, പഞ്ചസാര,ധാന്യങ്ങൾ  മുതലായവ പല ബ്രാൻഡുകളിൽ വിപണനം നടത്തുന്നു. 218 -230 രൂപയാണ് ഓഹരിയുടെ വില.

സ്വർണം 

ഉക്രൈനിലെ യുദ്ധ സമാന സാഹചര്യങ്ങളും, അമേരിക്കൻ ബോണ്ട് യീൽഡ് 1.80%ൽ  താഴെ നിൽക്കുന്നതും രാജ്യാന്തര സ്വർണ വിലക്ക് അനുകൂലമാണ്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1850 ഡോളർ കടന്നാൽ സ്വർണവില 1880 ഡോളർ ലക്‌ഷ്യം വെച്ച് തുടങ്ങിയേക്കും. ക്രിപ്റ്റോ വിപണിയിലെ വീഴ്ചയും സ്വർണത്തിന് അനുകൂലമാണ്. സ്വർണ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. 

ക്രൂഡ് ഓയിൽ 

ക്രൂഡ് ഓയിലിലെ വീഴ്ചകൾ താത്കാലികമാണെന്ന് കരുതുന്നു. ക്രൂഡ് ഓയിൽ മേഖലയിലെ സൗദി- ഹൂതി സംഘർഷങ്ങളും, റഷ്യൻ എണ്ണ യൂറോപ്പിലേക്ക് ഒഴുകാതിരിക്കാനുള്ള സാധ്യതകളും ക്രൂഡിന് മുന്നേറ്റ കാരണമായേക്കാം. നാളത്തെ അമേരിക്കൻ ക്രൂഡ് ഇൻവെന്ററി കണക്കുകൾ ക്രൂഡിന് പ്രധാനമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com