ADVERTISEMENT

നാളത്തെ മികച്ച ആഗോള കമ്പനികളില്‍ ഇപ്പോള്‍ തന്നെ നിക്ഷേപം നടത്താനുള്ള അവസരമാണ് അമേരിക്കന്‍ ഓഹരി വിപണി ഇന്ത്യക്കാര്‍ക്കു നല്‍കുന്നതെന്ന് മനോരമ ഓണ്‍ലൈന്‍ വെസ്റ്റഡ് ഫിനാന്‍സുമായി ചേര്‍ന്നു സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ഭാവിയിലെ ആമസോണ്‍ അല്ലെങ്കില്‍ അടുത്ത ട്രില്യണ്‍ ഡോളര്‍ കമ്പനികള്‍ എന്നിവയില്‍ നിക്ഷേപം നടത്താനുള്ള അവസരവും ഇതിലൂടെ ലഭിക്കും. 

ക്ലൗഡ് കമ്പ്യൂട്ടിങ് മുതല്‍ വൈദ്യുത വാഹനങ്ങള്‍ വരെയുള്ള നിരവധി മേഖലകളിലെ നിക്ഷേപാവസരമാണ് ഇങ്ങനെ ഇന്ത്യക്കാര്‍ക്കു ലഭിക്കുകയെന്ന് വെസ്റ്റഡ് ഫിനാൻസ് സ്ഥാപകനും സിഇഒയുമായ വീരം ഷാ പറഞ്ഞു.  ഡോളറും രൂപയുമായുള്ള വിനിമയ മൂല്യത്തിന്റെ നേട്ടവും ഇതിലൂടെ സ്വന്തമാക്കാം. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ മികച്ച നേട്ടമാണ് ഇതു നല്‍കിയത്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി ഇന്ത്യന്‍ നിക്ഷേപകര്‍ അമേരിക്കന്‍ ഓഹരി വിപണിയുടെ സാധ്യതകളെ കുറിച്ചു കൂടുതല്‍ മനസിലാക്കിയിട്ടുണ്ടെന്നും വീരം പറഞ്ഞു. പണപ്പെരുപ്പം, കോവിഡിനു ശേഷമുള്ള സാഹചര്യങ്ങള്‍ തുടങ്ങിയവ നിക്ഷേപകര്‍ക്കു ഗുണകരമാകും. അമേരിക്കന്‍ ഓഹരി വിപണിയില്‍ ദീര്‍ഘകാല നിക്ഷേപമാണ് നടത്തേണ്ടതെന്നും ഹ്രസ്വകാലത്തിലെ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഓരോ തവണ അമേരിക്കന്‍ ഓഹരികള്‍ക്കായി പണം കൈമാറുമ്പോഴും  അതിനായി നിശ്ചിത തുക ഈടാക്കുന്ന രീതി ഒഴിവാക്കാന്‍ സഹായിക്കുന്ന സഹകരണങ്ങള്‍ തങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അതിനാല്‍ എസ്‌ഐപി രീതിയില്‍ ചെറിയ തുകകള്‍ വീതം നിക്ഷേപിക്കുന്നത് ഇപ്പോള്‍ ഏറെ എളുപ്പമാണെന്നും വീരം ഷാ പറഞ്ഞു. 

നിക്ഷേപ നേട്ടത്തിനുള്ള നികുതി നല്‍കേണ്ടത് എത്രകാലം നിക്ഷേപം കൈവശം വെക്കുന്നു എന്നതിന് അടിസ്ഥാനമായാണെന്ന് ഒരു ചോദ്യത്തിനു മറുപടിയായി വെസ്റ്റഡ് ഫിനാന്ഡസിന്റെ ലീഡ് ജോവില്‍ വില്‍സന്‍ പറഞ്ഞു. 36 മാസത്തിലേറെ കൈവശം വെച്ചാല്‍ ദീര്‍ഘകാല നിക്ഷേപമായിട്ടാണ് കണക്കാക്കുക. ഇന്‍ഡെക്‌സേഷനൊടൊപ്പം 20 ശതമാനം നികുതിയാവും ബാധകമാകുക. ഹ്രസ്വകാല നിക്ഷേപത്തിന് അതാതു വ്യക്തികള്‍ക്ക് ബാധകമായ നിരക്കുകള്‍ നല്‍കണം. ഡിവിഡന്റില്‍ 25 ശതമാനം നികുതി പിടിച്ച ശേഷമായിരിക്കും അക്കൗണ്ടിലേക്കു നല്‍കുക. ഇങ്ങനെ നികുതി പിടിക്കുന്നതിനാല്‍ അതിന് ഇന്ത്യയില്‍ വീണ്ടും നികുതി നല്‍കേണ്ടി വരില്ല. ഇന്ത്യയിലാണ് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരികയെന്നും ജോവില്‍ വില്‍സണ്‍ പറഞ്ഞു.

പ്രവാസികള്‍ക്കും ഇന്ത്യയിലെ സ്ഥിര താമസക്കാര്‍ക്കും അമേരിക്കന്‍ ഓഹരികളില്‍ നിക്ഷേപിക്കാം. ഇതിനായി യുഎസ് ബ്രോക്കറേജ് അക്കൗണ്ട് വളരെ ലളിതമായി ആരംഭിക്കാം. അതാതു രാജ്യത്തുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിക്ഷേപത്തിനായി പണം കൈമാറ്റം ചെയ്യാം. മറ്റുള്ളവരുടെ അക്കൗണ്ടില്‍ നിന്ന് പണം കൈമാറ്റം ചെയ്യാനാവില്ലെന്ന നിബന്ധന മാത്രമാണ് ഇവിടെയുള്ളത്. ഇന്ത്യയിലുള്ളവര്‍ക്കാണെങ്കില്‍  പാന്‍ കാര്‍ഡ് ഉപയോഗിച്ച് വളരെ ലളിതമായി അക്കൗണ്ട് ആരംഭിക്കാമെന്നും അഞ്ചു മിനിറ്റു കൊണ്ട് ഇത്തരത്തില്‍ യുഎസ് ബ്രോക്കറേജ്  അക്കൗണ്ട് ആരംഭിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സുരക്ഷിതത്വത്തിനായി എന്തെല്ലാം?

ഇന്ത്യയില്‍ സെബി ഉള്ളതു പോലെ അമേരിക്കയില്‍ എസ്‌ഐപിസി  ആണ് എല്ലാ സുരക്ഷയും ഉറപ്പാക്കുന്നതെന്ന് ജോവില്‍ വില്‍സണ്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും കാരണം മൂലം ബ്രോക്കര്‍മാര്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചാല്‍ പോലും അഞ്ചു ലക്ഷം അമേരിക്കന്‍ ഡോളര്‍ വരെ ഇന്‍ഷൂറന്‍സ് ലഭ്യമാണ്. സെക്യൂരിറ്റീസ് ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ പദ്ധതി വഴി അഞ്ചു ലക്ഷം അമേരിക്കന്‍ ഡോളര്‍ വരെ ഇതു വഴി ക്ലെയിം ചെയ്യാം. 

ഓഡിറ്റില്ലാതെ എത്ര തുക വരെ നിക്ഷേപിക്കാം എന്നതിന് പരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് വീരം ഷാ പറഞ്ഞു. ഇന്ത്യയിലെ സ്ഥിര താമസക്കാര്‍ക്ക് രണ്ടര ലക്ഷം ഡോളര്‍ വരെ ഓരോ വര്‍ഷവും നേരിട്ടു നിക്ഷേപിക്കാം. ഓരോ വര്‍ഷവും രണ്ടര ലക്ഷം ഡോളര്‍ ഇങ്ങനെ അയക്കുന്ന നിരവധി പേരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അമേരിക്കയില്‍ നിക്ഷേപിക്കുന്നതു കൊണ്ട് ഇന്ത്യയിലെ നിക്ഷേപം അവസാനിപ്പിക്കേണ്ടതില്ലെന്നാണ് തങ്ങള്‍ക്കു പറയാനുള്ളത്. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുന്നതിന് ഒപ്പമാണ് അമേരിക്കന്‍ വിപണിയിലും ഇവിടെയുള്ളവര്‍ നിക്ഷേപിക്കേണ്ടത്. തങ്ങളുടെ നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം ഇങ്ങനെ യുഎസ് വിപണിയില്‍ നിക്ഷേപിക്കുകയാണ് ഉചിതമെന്നും എല്‍ഐസി ഐപിഒ വരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ വിപണിയിലെ നിക്ഷേപം ആകര്‍ഷകമാണോ എന്ന ആന്‍ മേരി ജോയുടെ ചോദ്യത്തിനു മറുപടിയായി വീരം ഷാ പറഞ്ഞു. ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച സമയം ആര്‍ക്കും കണ്ടെത്താനാവില്ലെന്ന് സനില്‍ അഗസ്‌റ്റിന്റെ ചോദ്യത്തിനു മറുപടിയായി വീരം പറഞ്ഞു. പലിശ നിരക്കുമായി ബന്ധപ്പെട്ട് നിക്ഷേപ സമയം നിശ്ചയിക്കാതെ ദീര്‍ഘകാല നിക്ഷേപത്തിന് ശ്രമിക്കുകയാണ് അഭികാമ്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൈമാറ്റം എങ്ങനെ? 

അമേരിക്കന്‍ ഓഹരി നിക്ഷേപത്തില്‍ വില്‍പന നടത്തുമ്പോള്‍ പണം തങ്ങളുടെ ബ്രോക്കറേജ് അക്കൗണ്ടിലേക്കാവും ആദ്യം വരിക. ഇവിടെ നിന്ന്് ഇന്ത്യയിലുള്ള തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യാം. ഇങ്ങനെ കൈമാറ്റം ചെയ്യുന്നത് തങ്ങളുടെ സ്വന്തം അക്കൗണ്ടിലേക്കു മാത്രമായിരിക്കണം എന്ന നിബന്ധനയുണ്ടെന്നും ജോവില്‍ പറഞ്ഞു. 

ദീര്‍ഘകാല നിക്ഷേപമാണ് റിസര്‍വ് ബാങ്ക് പ്രോല്‍സാഹിപ്പിക്കുന്നതെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി ജോവില്‍ ചൂണ്ടിക്കാട്ടി. ഊഹക്കച്ചവടം അനുവദിക്കില്ലെന്നും സാധാരണ കാഷ് അക്കൗണ്ട് വഴി മാത്രമാണ് നിക്ഷേപം സാധ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

വെസ്റ്റഡ് ഡയറക്ട്

തങ്ങള്‍ ആരംഭിച്ചിട്ടുള്ള വെസ്റ്റഡ് ഡയറക്ട് എന്ന സംവിധാനത്തിലൂടെ ഓരോ തവണയും ഫീസ് നല്‍കാതെ പണം കൈമാറാനാവും എന്നും ഇതു വളെ ലളിതമായ പ്രക്രിയയാണെന്നും  ജോവില്‍ ചൂണ്ടിക്കാട്ടി. ഇവിടെ താരതമ്യേന വളരെ കുറഞ്ഞ ട്രാന്‍സഫര്‍ ഫീസു മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ആരംഭിച്ചിട്ടുള്ള സഹകരണം വഴി കൈമാറ്റം ചെയ്യപ്പെടുന്ന തുക അടുത്ത ദിവസം തന്നെ നിക്ഷേപിക്കാമെന്ന് ജിതിന്‍ ശര്‍മയുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. 

അമേരിക്കന്‍ ഓഹരികളുടെ വില താരതമ്യേന കൂടതലായതിനാല്‍ ഫ്രാക്ഷണല്‍ നിക്ഷേപം പ്രയോജനപ്പെടുത്താമെന്ന് ജോവില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ നിക്ഷേപം നടത്തുമ്പോള്‍ ഏതു ബ്രോക്കര്‍ വഴിയും ഇതു സാധ്യമാണ്. ആമസോണ്‍ പോലുള്ള ഓഹരികളുടെ കാര്യത്തില്‍ ഇതേറെ പ്രസക്തമാണെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. 

ഡോളറുമായുള്ള രൂപയുടെ മൂല്യശോഷണം ഇടക്കാലത്തേക്കു കൂടി തുടരാന്‍ തന്നെയാണ് സാധ്യതയെന്നും ഇത് അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ക്ക് അനുകൂലമാണെന്നും വീരം മറുപടി നല്‍കി.

ടെക്‌നോളജി ഓഹരികള്‍ക്കു പുറമെ മറ്റു നിരവധി മേഖലകളും ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജിതിന്‍ ശര്‍മയുടെ ചോദ്യത്തിന് മറുപടിയായി വീരം ഷാ പറഞ്ഞു. ബാങ്ക്, എനര്‍ജി തുടങ്ങിയ നിരവധി മേഖലകളുണ്ട്. എനര്‍ജി കമ്പനികള്‍ കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനമാണ് നടത്തിയത്. വൈദ്യുത വാഹന കമ്പനികള്‍, ചാര്‍ജിങ് കമ്പനികള്‍ തുടങ്ങിയവയും സാധ്യതകളുള്ളതാണ്. 

വെസ്റ്റഡ് പോലുള്ള സംവിധാനങ്ങള്‍ക്കു പുറമെ മ്യൂചല്‍ ഫണ്ടുകളുടെ ഫണ്ട് ഓഫ് ഫണ്ട്, ഇടിഎഫ് എന്നിവയിലൂടേയും അമേരിക്കന്‍ ഓഹരികളില്‍ നിക്ഷേപിക്കാമെന്ന ചോദ്യത്തിനു മറുപടിയായി വീരം പറഞ്ഞു. ഇതേ സമയം മ്യൂചല്‍ ഫണ്ടുകളിലെ നിക്ഷേപത്തിന്റെ ചെലവ് താരതമ്യേന കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടു നിക്ഷേപിക്കുമ്പോള്‍ നിക്ഷേപത്തിനു മുകളില്‍ കൂടുതല്‍ നിയന്ത്രണം നിങ്ങള്‍ക്കുണ്ടാകും. വെസ്റ്റഡ് പോലുള്ള സംവിധാനങ്ങളിലൂടെ നിക്ഷേപിക്കുമ്പോള്‍ വിവിധ വിവരങ്ങള്‍ നിക്ഷേപകര്‍ക്കു ലഭ്യമാകും. റിപോര്‍ട്ടുകളും ലഭിക്കും. ഇവയടക്കമുള്ള അധിക സേവനങ്ങളുടെ നേട്ടവും പ്രയോജനപ്പെടുത്താമെന്ന് വീരം പറഞ്ഞു. 

അമേരിക്കന്‍ ഐപിഒകള്‍ 

അമേരിക്കന്‍ വിപണിയിലും ഐപിഒകള്‍ ഉണ്ടെങ്കിലും അല്‍പം വ്യത്യസ്തമായ രീതികളാണ് അവിടെയുള്ളത്. അമേരിക്കയില്‍ ചെറുകിട നിക്ഷേപകര്‍ക്ക് നീക്കി വെക്കേണ്ട ഓഹരികള്‍ സംബന്ധിച്ച് നിബന്ധനകളില്ല. അതു കൊണ്ടു തന്നെ വ്യക്തിഗത നിക്ഷേപകര്‍ക്ക് ഐപിഒകളിലൂടെ ഓഹരികള്‍ ലഭിക്കാന്‍ സാധ്യത കുറവാണെന്നും നീത ആന്‍ ജോസഫിന്റെ  ചോദ്യത്തിനു മറുപടിയായി വീരം പറഞ്ഞു. 

കാര്യങ്ങള്‍ മനസിലാക്കി നിക്ഷേപിക്കുക എന്നതാണ് ഓഹരിയിലെ നഷ്ട സാധ്യതകള്‍ മറികടക്കാനും മുന്നേറാനുമുള്ള ഏറ്റവും മികച്ച മാര്‍ഗമെന്ന് സമ്പാദ്യം എഡിറ്റര്‍ ഇന്‍ ചാര്‍ജ് എസ് രാജ്യശ്രീ പറഞ്ഞു. ഇന്ത്യന്‍ ഓഹരി വിപണിയിലായാലും അമേരിക്കന്‍ ഓഹരി വിപണിയിലായാലും ഇതിനു പ്രസക്തിയുണ്ടെന്നും രാജ്യശ്രീ പറഞ്ഞു.

നഷ്ടസാധ്യതകള്‍ നേരിടാനുള്ള തങ്ങളുടെ കഴിവിനെ കുറിച്ചാണ് ഓഹരി വിപണിയിലെ നിക്ഷേപത്തിനു മുന്‍പായി വിലയിരുത്തേണ്ടതെന്ന്  മോഡറേറ്ററായ പി ജി സുജ പറഞ്ഞു. ഇന്ത്യന്‍ ഓഹരി വിപണിയിലായാലും അമേരിക്കന്‍ ഓഹരി വിപണിയിലായാലും ഇതു ബാധകമാണ്. ഇന്ത്യന്‍ വിപണിയിലെ രീതികളല്ല അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമുള്ളത്. ചെലവുകളുടെ കാര്യവും വ്യത്യസ്തമാണ്. ഇവയെല്ലാം നിക്ഷേപം ആരംഭിക്കും മുന്‍പ് വിലയിരുത്തണമെന്നും സുജ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com