ADVERTISEMENT

കുഞ്ഞുങ്ങൾക്കായുള്ള എന്തു കാര്യത്തിലും റിസ്കെടുക്കാൻ ആരും തയാറാകില്ല. നിക്ഷേപത്തിന്റെ കാര്യത്തിലും ഇത് ശരിതന്നെ. അവർക്കായി ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപിച്ച് അവസാനം അത് കൃത്യമായി തിരികെ ലഭിക്കുക തന്നെ വേണം.അതിനായി എല്ലാവരും അങ്ങേയറ്റം വിശ്വാസത്തോടെ നിക്ഷേപിക്കുവാൻ  ഇഷ്ടപ്പെടുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസുകളുടേത്. കേന്ദ്ര സർക്കാരിന്റെ ഉറപ്പോടെ  പറഞ്ഞ തുക തിരിച്ചു തരുന്ന നിക്ഷേപ പദ്ധതികളായതിനാലാണ് എല്ലാവരും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ  ഇഷ്ടപ്പെടുന്നത്. വെറും 500 രൂപ അടച്ചുപോലും പോസ്റ്റ് ഓഫീസ് പദ്ധതികൾ തുടങ്ങുവാൻ സാധിക്കും. ഉൾപ്രദേശങ്ങളിൽ പോലും പോസ്റ്റ് ഓഫീസുകൾ ഉള്ളതിനാൽ ആർക്കും എവിടെയും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ തുടങ്ങാം. ലോകം ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പോസ്റ്റ് ഓഫീസിന്റെ പല പദ്ധതികളും ഓൺലൈനായും തുടങ്ങാനാകും. കുട്ടികളുടെ ഭാവി ചെലവുകൾക്കായി പോസ്റ്റ് ഓഫീസിൽ നിക്ഷേപം തുടങ്ങുവാൻ പല രീതിയിലുള്ള പദ്ധതികൾ ലഭ്യമാണ്. 

1. സുകന്യ സമൃദ്ധി യോജന 

പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഒരു ജനപ്രിയ സമ്പാദ്യ പദ്ധതിയാണ് ഇത്. പെൺകുട്ടിക്ക് 10 വയസ്സ് ആകുന്നതിനു മുൻപ് ഇതിൽ ചേരണം. പരമാവധി 2 പെൺകുട്ടികളെ വരെ ഈ പദ്ധതിയിൽ ചേർക്കാം. 7.6 ശതമാനമാണ് ഇപ്പോഴത്തെ പലിശ നിരക്ക്.  ഒരു വർഷം ഒന്നര ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കാം.ഇന്ത്യയിൽ എവിടെയും ഇത് മാറ്റുവാനുള്ള സൗകര്യവും ഉണ്ട്.

2. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് 

1950 മുതൽ നിലവിലുള്ള ഒരു പദ്ധതിയാണിത്. 100 രൂപയാണ് ഈ പദ്ധതിക്ക് കീഴിൽ നിക്ഷേപിക്കേണ്ട കുറഞ്ഞ തുക. ഉയർന്ന നിക്ഷേപത്തിന് പരിധിയില്ല. 1.5 ലക്ഷം വരെയാണ് ഈ പദ്ധതിക്ക് ലഭിക്കുന്ന നികുതി ആനുകൂല്യം.

3. പോസ്റ്റ് ഓഫീസ്‌ ആവർത്തന നിക്ഷേപം (RD)

ബാങ്കുകളെ പോലെ പോസ്റ്റ് ഓഫീസുകളിലും റിക്കറിങ് ഡെപോസിറ്റ് തുടങ്ങുവാനുള്ള സൗകര്യം ഉണ്ട്. പ്രായ പൂർത്തിയാകാത്ത കുട്ടിക്കും, രക്ഷിതാക്കൾക്കും സംയുക്ത ആർ ഡി അക്കൗണ്ട് തുടങ്ങാം. 5 വർഷത്തേക്ക് തുടങ്ങാവുന്ന ഈ പദ്ധതിക്ക് 5.8 ശതമാനമാണ് പലിശ. 

4. കിസാൻ വികാസ് പത്ര 

ഇടത്തരം കുടുംബങ്ങൾക്കിടയിൽ വളരെയധികം ജനപ്രിയമാർന്ന ഒരു പദ്ധതിയാണിത്. ഇതിന് കീഴിൽ നിക്ഷേപിക്കേണ്ട കുറഞ്ഞ തുക 1000 രൂപയാണ്.ഉയർന്ന നിക്ഷേപ പരിധിയില്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കായി കിസാൻ വികാസ് പത്ര തുടങ്ങാം. ഇതിൽനിന്ന് കിട്ടുന്ന പലിശക്ക് നികുതി കൊടുക്കണം.  കുറഞ്ഞത് 30 മാസങ്ങൾക്കു ശേഷം മാത്രമേ ഇതിൽ നിക്ഷേപിച്ച തുക പിൻവലിക്കാനാകൂ. അടക്കുന്ന തുക ഇരട്ടിയായി തിരിച്ചുകിട്ടുന്ന പല കേന്ദ്ര സർക്കാർ പദ്ധതികളും മുൻപ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത്തരം പദ്ധതികൾ അധികമില്ല. അവയിലൊന്നാണ് കിസാൻ വികാസ് പത്ര. 10 വർഷവും 4 മാസവും കൊണ്ട് നിക്ഷേപിച്ച തുക ഇതിൽ ഇരട്ടി ആകും. നഷ്ടം വരുത്തുവാൻ ഇഷ്ടമില്ലാത്ത നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല പദ്ധതിയാണ്. 30 മാസങ്ങൾ കഴിഞ്ഞ ശേഷം മാത്രമേ ഇതിൽ നിക്ഷേപിച്ച തുക പിൻവലിക്കുവാൻ സാധിക്കുകയുള്ളൂ(ലോക്ക് ഇൻ പീരീഡ്) . ഒറ്റക്കോ, ജോയിന്റ് ആയോ ഇതിൽ അക്കൗണ്ട് തുടങ്ങാം. പോസ്റ്റ് ഓഫീസിൽ ചെന്ന് കിസാൻ വികാസ് പത്രയുടെ ഫോം പൂരിപ്പിച്ചശേഷം, തിരിച്ചറിയൽ രേഖകൾ നൽകിയാൽ അക്കൗണ്ട് തുടങ്ങുവാൻ സാധിക്കും. ഒരു പോസ്റ്റ് ഓഫീസിൽ നിന്നd വേറൊരു പോസ്റ്റ് ഓഫീസിലേക്കോ, ഒരു വ്യക്തിയിൽ നിന്ന് വേറൊരു വ്യക്തിയിലേക്കോ കിസാൻ വികാസ് പത്ര മാറ്റുവാൻ സാധിക്കും. 

kid4

5. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി 

നിക്ഷേപകന് കാലാവധിക്ക് ശേഷം പ്രതിമാസം വരുമാനം ലഭിക്കുവാൻ സൗകര്യമുണ്ടാക്കുന്ന ഒരു പദ്ധതിയാണിത്. മാതാപിതാക്കൾക്ക് 1500 മുതൽ 4.5 ലക്ഷം വരെ ഇതിൽ നിക്ഷേപിക്കാം. 5 വർഷത്തെ കാലാവധിക്കുശേഷമേ പണം പിൻവലിക്കാനാകൂ. 

6. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF)

നികുതി ലാഭിക്കാൻ തുടങ്ങാവുന്ന ഒരു പദ്ധതിയാണിത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക് ഈ പദ്ധതിയിൽ ചേരാം. 15 വർഷമാണ് പദ്ധതിയുടെ കാലാവധി. അതിനുശേഷവും 5 വര്‍ഷം കൂടി പദ്ധതി തുടരാം. ഇതിൽനിന്നും വായ്‌പയെടുക്കുവാനുള്ള സൗകര്യം ഉണ്ട്.

English Summary : 6 Post Office Investments Suitable for Kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com