ADVERTISEMENT

ബി എസ്ഇ – എൻ എസ്ഇ സൂചികകളിലും നിക്ഷേപകരുടെ മനസിലും സുപ്രധാന സ്ഥാനമാണ് അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉൽപ്പന്ന (എഫ്എംസിജി) മേഖലയിലുള്ള കമ്പനികൾക്ക്. ധാരാളം കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ബ്രിട്ടാനിയ, മാരിക്കോ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഗോദ്റെജ് കൺസ്യൂമർ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്, നെസ്‌ലെ, അദാനി വിൽമർ, ഐടിസി എന്നിവരാണ് ഈ രംഗത്തെ മുൻനിര കമ്പനികള്‍. 

ഈ മേഖലയിൽ ഫെബ്രുവരി‍ 8 ന് ലിസ്റ്റ് ചെയ്ത പുതുമുഖമാണ് അദാനി വിൽമർ. സിംഗപ്പൂർ കമ്പനിയായ വിൽമറും അദാനി ഗ്രൂപ്പും ചേർന്നുള്ള സംയുക്തസംരംഭമാണിത്. 50:50 എന്ന നിരക്കിലാണ് ഇവരുടെ പങ്കാളിത്തം. പ്രൈസ്ബാൻഡായ 230 രൂപയിൽ നിന്നു 701 ലേക്കാണ് ഈ ഓഹരിയുടെ വില ഈ കുറഞ്ഞ സമയെ കൊണ്ട് ഉയർന്നത്. സൺഫ്ലവർ ഓയിലിന്റെ പ്രധാന വിൽപനക്കാരാണിവർ. ഫോർച്യൂൺ ബ്രാൻഡിലാണ് ഈ ഉൽപന്നങ്ങൾ വിൽക്കപ്പെടുന്നത്. 

റഷ്യ – യുക്രെയ്ൻ യുദ്ധംമൂലം സൺഫ്ലവർ ഓയിലിന്റെ യുക്രെയ്നിൽനിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടതിന്റെ ആശങ്കയും നിലവിലുണ്ട്. 

ലിസ്റ്റിങ്ങിനു ശേഷമുള്ള ആദ്യ റിസൽറ്റ് തന്നെ വിപണിക്കു പ്രതീക്ഷ തരുന്നതാണ്. അറ്റാദായം 66% ഉയർന്ന് 211.41 കോടി രൂപയിലെത്തി. മുൻവർഷത്തെ സമാന പാദത്തിൽ 127.39 കോടി രൂപയായിരുന്നു അറ്റാദായം. 

ലിസ്റ്റിങ്ങിനു ശേഷം ഓഹരിവില ക്രമമായി ഉയരുകയാണ്. അദാനി വിൽമറിന്റെ 2021 വർഷത്തെ വരുമാനം 37,090 കോടി രൂപയുടേതാണ്. എഫ്എംസിജി സെക്ടറിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ (HUL) തൊട്ടു പിന്നിലെത്തി നിൽക്കുന്നു. HULന്റെ വരുമാനം 47028 കോടി രൂപയാണ്. ഇന്ന് 701 രൂപയാണ് ഓഹരിയുടെ വില.

അദാനി വിൽമറിനുള്ള അനുകൂല സാഹചര്യം:

∙ ഭക്ഷ്യഎണ്ണ ഉൽപാദകരിൽ പ്രമുഖ സ്ഥാനം. ജനപ്രിയ ഫോർച്യൂൺ ബ്രാൻഡിലുള്ള സൺഫ്ലവർ ഓയിൽ, സോയ ഓയിൽ, കടുകെണ്ണ, പാംഓയിൽ, കോട്ടൺസീഡ് ഓയിൽ, റൈസ് ബ്രാൻഡ് ഓയിൽ എന്നിവ. 

∙ ഭക്ഷ്യ എണ്ണ മാർക്കറ്റിന്റെ 18.9 % കൈകാര്യം ചെയ്യുന്നു. 

∙ ഇന്ത്യയിലെ ഏറ്റവും വലിയ സീപോർട്ട് ഓപ്പറേറ്ററാണ് അദാനി ഗ്രൂപ്പിലെ അദാനി പോർട്ട്സ് (APSEZ). അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതി വേഗത്തിലും ലാഭകരമായും നടത്താം. 

∙ കമ്പനി ഓപ്പറേറ്റ് ചെയ്യുന്ന 18 റിഫൈനറികളിൽ പത്തെണ്ണം തുറമുഖനഗരങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നു. 

∙ തുറമുഖത്തുനിന്നു കമ്പനിയിലേക്കു സ്ഥാപിക്കുന്ന പൈപ്പ്‌ലൈൻ. ഇത് ട്രക്ക് വഴിയുള്ള ഗതാഗതവുമായി താരതമ്യം ചെയ്യുമ്പോൾ 40% – 50% വരെ ചെലവു കുറയ്ക്കാം. ഹസീറ തുറമുഖത്തെ പൈപ്പ്‌ലൈൻ ഈ വർഷം കമ്മീഷൻ ചെയ്യുമെന്നാണറിയുന്നത്. 

∙ എണ്ണയല്ലാതെ മറ്റു പല ഭക്ഷ്യ ഉൽപന്നങ്ങളും വിപണനം ചെയ്യുന്നുണ്ട്. 

2019 മുതൽ ഗുജറാത്തിലെ ഹസീറയിൽ ഉൽപാദന സംവിധാനം നിലവിലുണ്ട്. അടുത്തകാലത്ത് സൂറത്തിൽ എഡിബിൾ ഓയിൽ ഉൽപാദനത്തിനായി പുതുപുത്തൻ ഓയിൽ റിഫൈനറി തന്നെ സ്ഥാപിച്ചു. ഈ പൂർണ ഓട്ടോമേറ്റഡായ കമ്പനിയുടെ ഉൽപാദനശേഷി ഒരുദിവസം 2,500 ടണ്ണാണ്. എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നാൽ ഓഹരിവില ഉയരാനും നിക്ഷേപകർക്ക് ഗ്രൂപ്പ് കമ്പനികളെപ്പോലെ നല്ല റിട്ടേൺസും പ്രതീക്ഷിക്കാം. ഓരോ സംസ്ഥാനത്തിനും യോജിച്ച ‘അരി’ തിരഞ്ഞെടുത്ത് ‘ഫോർച്യൂൺ’ ബ്രാൻഡിൽ വിപണനത്തിനു തയാറായിവരുന്നു. ആദ്യപടിയായി ബംഗാളിലെ ഒരു റൈസ്മിൽ ഏറ്റെടുത്ത് ഉൽപാദനത്തിനു ശ്രമം തുടങ്ങിയിട്ടുണ്ട്.  

ലേഖകൻ ഓഹരി വിപണി നിക്ഷേപകനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം 

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary : Know the Success Story of Adani Wilmar 

 

 

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com