ADVERTISEMENT

അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റവും അമേരിക്കൻ ഫ്യൂച്ചറുകൾ ഒരു ശതമാനത്തിൽ കൂടുതൽ നഷ്ടത്തിൽ വ്യാപാരം തുടരുന്നതും ഇന്ന് ഏഷ്യൻ വിപണികളുടെയും തുടക്കം മോശമാക്കി. ഇന്ന് പുറത്ത് വന്ന സാമ്പത്തിക വിവര കണക്കുകളുടെ കൂടി അടിസ്ഥാനത്തിൽ ജാപ്പനീസ് വിപണി 2% നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 16200 പോയിന്റിനടുത്തേക്ക് വീണു. 

അമേരിക്കൻ ബോണ്ട് യീൽഡും പണപ്പെരുപ്പവും 

ബുധനാഴ്ച പുറത്ത് വരാനിരിക്കുന്ന ഏപ്രിലിലെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകളിലെ ആശങ്ക അമേരിക്കൻ ബോണ്ട് യീൽഡിനെ 3.15%ൽ എത്തിച്ചു കഴിഞ്ഞത് ഇന്നും ലോക വിപണിക്ക് ക്ഷീണമായേക്കാം.  മാർച്ചിൽ അടിസ്ഥാന പണപ്പെരുപ്പത്തിൽ  തിരിച്ചിറക്കം കാണിച്ചിരുന്നത് പ്രതീക്ഷയാണെങ്കിലും ഫുഡ് ഇൻഫ്ളേഷനും, ഗ്യാസ് വില വർദ്ധനവിൽ എനർജി ഇൻഫ്ളേഷനും നിയന്ത്രിതമല്ലെന്നതും ഇത്തവണയും വിപണിക്ക് ആശങ്കയാണ്. പണപ്പെരുപ്പത്തെ നേരിടാനുള്ള തന്റെ പുതിയ പദ്ധതികൾ ജോ ബൈഡൻ നാളെ അവതരിപ്പിക്കാനിരിക്കുന്നതും വിപണിയെ സമ്മർദ്ദത്തിലാക്കി എന്നു വേണം കരുതാൻ. ഇന്നത്തെ ചൈനീസ് ട്രേഡ് ഡേറ്റയും, ബുധനാഴ്ച പുറത്ത് വരുന്ന ചൈനയടക്കമുള്ള മറ്റ് പ്രധാന സാമ്പത്തിക ശക്തികളുടെ പണപ്പെരുപ്പംകണക്കുകളും വിപണിക്ക് പ്രധാനമാണ്. ഉയരുന്ന എണ്ണ വിലയും  ക്രൂഡ് ഓയിലിനൊപ്പം ലോക വിപണിയെ ഈ ആഴ്ചയിലും സ്വാധീനിക്കും. 

നിഫ്റ്റി

രാജ്യാന്തര വിപണിയിലെയും  ആഭ്യന്തര വിപണിയിലെയും സമ്മർദ്ദത്തിനൊപ്പം വിദേശ ഫണ്ടുകളുടെ 5500 കോടി കവിഞ്ഞ വില്പനയും വെള്ളിയാഴ്ച ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് തടയിട്ടു.  ഒന്നര ശതമാനം നഷ്ടത്തിൽ 16411 പോയിന്റിൽ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്നും 16480 പോയിൻന്റിലും 16580 പോയിന്റിലും വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു. 16200 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 16000 പോയിന്റും  15800 പോയിന്റുമാണ് നിഫ്റ്റിയുടെ അടിസ്ഥാന പിന്തുണകൾ. ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നതും, അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും ബോണ്ട് യീൽഡ് മുന്നേറ്റവും ലോക വിപണിക്കൊപ്പം ഇന്ത്യൻ വിപണിക്കും ഈ ആഴ്ച വളരെ പ്രധാനമാണ്. 

അമേരിക്കൻ ടെക്ക് വീഴ്ച ഇന്നും ഇന്ത്യൻ ഐടി സെക്ടറിന് ക്ഷീണമായേക്കാമെങ്കിലും ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾ തിരിച്ചു വരവിന് ശ്രമിച്ചേക്കാം. പൊതു മേഖല, കെമിക്കൽ, എഫ്എംസിജി, മാനുഫാക്ച്ചറിങ്  ഓഹരികളിൽ ഇന്ന്  വാങ്ങൽ പ്രകടമായേക്കും. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്, ബിപിസിഎൽ, ഷിപ്പിംഗ് കോർപറേഷൻ, ഐഡിബിഐ ബാങ്ക്, എസ്ജെവിഎൻ, ഓഎൻജിസി, ഓയിൽ ഇന്ത്യ, പവർ ഗ്രിഡ്, എൻടിപിസി, മഹിന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഹീറോ, ടെക് മഹിന്ദ്ര മുതലായ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

വെള്ളിയാഴ്ച 641 പോയിന്റുകൾ നഷ്ടമായി 34591 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച  ബാങ്ക് നിഫ്റ്റി ഇന്ന് 34300 പോയിന്റിലും, 34000 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 

പൊതു മേഖല ഓഹരി വില്പന

എൽഐസിയുടെ ഐപിഓയുടെ വിജയത്തിന് ശേഷം പൊതു മേഖല ഓഹരി വിറ്റഴിക്കൽ പുനരാരംഭിക്കുന്നത് പൊതു മേഖല ഓഹരികൾക്ക് വൻ കുതിപ്പ് നൽകും. ഐഡിബിഐ, ബാങ്കിനെയും ഷിപ്പിംഗ് കോർപറേഷനെയും വിൽക്കാനുള്ള നടപടികൾ സെപ്റ്റംബറിൽ ആരംഭിച്ചേക്കുമെന്നത് ശ്രദ്ധിക്കുക. 

എൽഐസി ഐപിഓ അവസാന ദിനം 

ഇരട്ടിയോളം സബ്സ്ക്രൈബ് ചെയ്യപ്പെട്ട എൽഐസിയുടെ ഐപിഓ ഇന്ന് അവസാനിക്കും. ഈ മാസം പതിനേഴിനാണ് ഓഹരി വിപണിയിൽ വ്യാപാരം  ആരംഭിക്കുന്നത്. ഓഹരി ‘’ലിസ്റ്റിംഗ് ബൂം’’ സ്വന്തമാക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. 

ലിസ്റ്റിങ് 

കാമ്പസ് ആക്ടിവെയർ ഓഹരികൾ ഇന്ന് എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യുന്നു. 292 രൂപക്ക് ലഭ്യമായ ഓഹരി മുന്നേറ്റം പ്രതീക്ഷിക്കുന്നു.

റിസൾട്ടുകൾ 

ഡാൽമിയ  ഭാരത്, യൂപിഎൽ, ബിഎഎസ്എഫ്,  പിവിആർ, മോൾഡ് ടെക്ക് പാക്കേജിങ്, ജിഎൻഎഫ്സി , സെൻട്രൽ ബാങ്ക്, ആരതി ഡ്രഗ്സ്, വിഎസ്ടി റ്റില്ലേഴ്സ് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ & റഷ്യൻ വിക്ടറി ദിനം 

ഒപെക് ജൂൺ മുതൽ  മുൻ ധാരണ പ്രകാരമുള്ള ഉല്പാദനവര്ധനവ് പരിഗണിക്കുമ്പോളും അമേരിക്ക സ്ട്രാറ്റജിക് റിസേർവിൽ നിന്നും വില്പന നടത്തിയ എണ്ണ വരും മാസങ്ങളിൽ തിരികെ വാങ്ങാനൊരുങ്ങുന്ന വാർത്ത ബ്രെന്റ് ക്രൂഡിനെ വീണും 110 ഡോളർ കടത്തി. ഇന്ന് വിക്ടറി ദിനം ആചരിക്കുന്ന റഷ്യ നടത്തിയേക്കാവുന്ന പുതിയ പ്രഖ്യാപനങ്ങൾ ഇന്ന് ലോക വിപണിക്കൊപ്പം ക്രൂഡ് ഓയിലിനും വളരെ പ്രധാനമാണ്. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റത്തിൽ 1880 ഡോളറിന് താഴെ വീണ സ്വർണം മാറിയ സാഹചര്യങ്ങളിൽ  മുന്നേറ്റം പ്രതീക്ഷിക്കുന്നു. സാമ്പത്തിക മാന്ദ്യ ഭീഷണിയും, എണ്ണ വില വർദ്ധനവ് പണപ്പെരുപ്പം വർദ്ധിപ്പിക്കുന്നതും സ്വർണത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു. 1900 ഡോളർ കടന്നാൽ സ്വർണം വീണ്ടും 2000 ഡോളറിലേക്ക് കയറിയേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com