ADVERTISEMENT

എൽ ഐ സി യുടെ ഐ പി ഒ ഇന്ത്യൻ ഓഹരി  വിപണി കുത്തനെ ഇടിയുന്ന സമയത്താണ് വന്നതെങ്കിലും ചെറുകിട നിക്ഷേപകർക്കും, എൽ ഐ സി പോളിസി ഉടമകൾക്കും കൂടുതൽ താല്പര്യമുണ്ടായി. ഐ പി ഒയിൽ  മൂന്ന് മടങ്ങോളം കൂടുതൽ അപേക്ഷകൾ വന്നു. നഷ്ട സാധ്യതകളൊന്നും നോക്കാതെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ ചെറുകിട നിക്ഷേപകർ എൽ ഐ സി ഐ പി ഒ യിൽ നിക്ഷേപിച്ചു. സാധാരണ രീതിയിൽ ഐ പി ഒകളിൽ വിദേശ നിക്ഷേപകർക്കും, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾക്കുമാണ് കൂടുതൽ താല്പര്യമെങ്കിൽ ഇവിടെ മറിച്ചായിരുന്നു സ്ഥിതി. ദീർഘ കാലത്തിൽ എൽ ഐ സി നേട്ടം തരുമെന്നുള്ള വിശ്വാസം ഉണ്ടെങ്കിലും ലിസ്റ്റ് ചെയ്ത ആദ്യ ദിവസം തന്നെയുള്ള തകർച്ച തിരിച്ചടിയായി. ഇപ്പോഴും മൂല്യത്തിൽ  ഇന്ത്യയിലെ അഞ്ചാമത്തെ വലിയ  കമ്പനിയാണെങ്കിലും ലിസ്റ്റ് ചെയ്ത ആദ്യ ദിനം തന്നെ നിക്ഷേപകർക്ക് ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് എൽ ഐ സി ഉണ്ടാക്കിയത്. നിഫ്റ്റി 438 ഉം, സെൻസെക്സ് 1400 പോയിന്റും ഉയർന്ന ദിനമായിട്ടും എൽ ഐ സി ക്കു പിടിച്ചുനിൽക്കാനായില്ല. 7.77 ശതമാനം ഇടിഞ്ഞു 875.25 രൂപയിലാണ് എൽ ഐ സി  വ്യാപാരം അവസാനിപ്പിച്ചത്. 

എൽ ഐ സി യുടെ ബിസിനസ് മോഡലിൽ കാര്യമായ മാറ്റം വരുത്തിയാൽ മാത്രമേ ഈ പാദത്തിൽ നല്ല ആദായം ഉണ്ടാക്കി ഓഹരി നിക്ഷേപകരെ സന്തോഷിപ്പിക്കാനാകൂ.

∙പരമ്പരാഗതമായി ഏജന്റുമാർ വഴിയുള്ള ബിസിനസിൽ തന്നെയാണ് എൽ ഐ സി ഇപ്പോഴും ശ്രദ്ധ പതിപ്പിക്കുന്നത്. ഡിജിറ്റൽ ലോകത്തേക്കുള്ള ചുവടുവെപ്പുകൾ കാര്യക്ഷമമാക്കണം.

∙പല എൽ ഐ സി പോളിസികളുടെയും പ്രീമിയം മറ്റു ഇൻഷുറൻസ് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്നതാണ്. ഉപഭോക്താക്കൾ മറ്റു ഇൻഷുറൻസ് കമ്പനികളുടെ പോളിസികൾ എടുക്കാൻ ഇത് കാരണമാകും. എൽ ഐ സി യുടെ വിപണി വിഹിതം കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി കുറഞ്ഞു വരികയാണ്. ഇതും എൽ ഐ സി യുടെ ലാഭവിഹിതം ഭാവിയിൽ കുറയാൻ ഇടയാക്കും.

∙യാഥാസ്ഥിതിക മനോഭാവം മാറ്റിയാൽ മാത്രമേ ഭാവിയിൽ  കമ്പനികൾ വളരുകയുള്ളൂ. കേന്ദ്ര സർക്കാർ എൽ ഐ സി യുടെ 3.5 ശതമാനം ഓഹരികളാണ് വിൽപ്പന നടത്തിയത്. ഭൂരിഭാഗം ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ കയ്യിൽ തന്നെയായതിനാൽ സർക്കാർ നയങ്ങൾക്കനുസരിച്ച് നഷ്ടസാധ്യതയുള്ള കമ്പനികളിലും തുടർന്നും എൽ ഐ സി ക്കു നിക്ഷേപിക്കേണ്ടതായി വരാം. ഇതും ലാഭ വിഹിതത്തെ ബാധിക്കാം.

English Summary: LIC Should Improve Its Performance 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com