ADVERTISEMENT

സൂക്ഷിച്ചു കളിച്ചാൽ ഓഹരി വിപണി തുണയ്ക്കും. ശ്രദ്ധയും ക്ഷമയും ഇല്ലാത്തവർ ഓഹരി വിപണി വിട്ടേയക്ക്...അൽപം ശ്രദ്ധയും ക്ഷമയും റിസ്കെടുക്കാൻ ധൈര്യവുമുണ്ടെങ്കിൽ പാഴാക്കി കളയുന്ന സമയം ഉപയോഗിച്ച് ഇൻട്രാ ഡേ ട്രേഡിങിലൂടെ ഓഹരി വിപണിയിൽ നിന്ന് പണമുണ്ടാക്കാം. 

∙സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കർശന നിയന്ത്രണത്തിലാണെങ്കിലും നീക്കം കരുതലോടെയാണെങ്കിൽ ട്രേഡിങിലൂടെ നേട്ടമുണ്ടാക്കാം.

∙ഈസി മണി ഉണ്ടാക്കാനുള്ള ഒരു ടൂൾ ആയി ചിലരെങ്കിലും ഇതിനെ കാണുന്നുണ്ട്. പക്ഷേ അങ്ങനെയാകരുത്. 

∙നല്ലവണ്ണം പഠിച്ചിട്ട് വേണം ട്രേഡിങിനിറങ്ങുവാൻ. എടുത്ത് ചാടി പോക്കറ്റ് കാലിയാക്കിയവരുടെ എണ്ണം ലാഭമുണ്ടാക്കിയവരേക്കാൾ പതിന്മടങ്ങാണിന്ന്. 

∙ട്രേഡിങ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ സ്വന്തമായി ഡീ മാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും തുറക്കണം. സിറോദ, അപ് സ്റ്റോക്സ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ ഇന്ന് ഇത് എളുപ്പം സാധിക്കുന്നു. 

ശ്രദ്ധിക്കുക

തുടക്കത്തിൽ ചെറിയ തുകകൾ കൊണ്ട് മാത്രം വ്യാപാരം ചെയ്യുക. ചെറിയ ലാഭം കിട്ടി തുടങ്ങുമ്പോൾ ആർത്തി മൂത്ത് വലിയ തുക ഇറക്കും. ആദ്യമേ പറയട്ടെ സ്വയം ഒരു കടിഞാൺ ഇട്ടിട്ടു വേണം ഈ പണിക്കിറങ്ങുവാൻ. ക്ഷമയോടെ ട്രേഡിങ് ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കുന്നവർ കേരളത്തിൽ ധാരാളം പേരുണ്ട്. നഷ്ടം ഒഴിവാക്കി ഇൻട്രാ ഡേ ട്രേഡിങിലൂടെ എങ്ങനെ ലാഭം നേടാമെന്ന്  നോക്കാം.

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒമ്പതര മുതൽ വൈകിട്ട് 3.30 pm വരെയാണ് ട്രേഡിങ് സമയം. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ ലിസ്റ്റ് ചെയ്ത ഓഹരികൾ ഈ സമയത്തിനിടെ വാങ്ങി അന്നു തന്നെ മാർക്കറ്റ് ക്ലോസ് ചെയ്യുന്നതിനു മുമ്പ് വിൽക്കണം. ഇതാണ് വ്യവസ്ഥ.

വിപണിയിലെ വ്യതിയാനങ്ങൾക്കനുസരിച്ച് ലാഭത്തിലോ നഷ്ടത്തിലോ ഓഹരികൾ അന്നു തന്നെ വിൽക്കേണ്ടിവരും. 

നഷ്ടത്തിന്റെ അളവ് കുറച്ച് ലാഭം കൂടുതൽ ഉണ്ടാക്കാൻ പറ്റുന്ന സവിശേഷമായ കുറുക്കുവഴികൾ ഇൻട്രാ ട്രേഡിങിന് ഉണ്ട്. 

ലിവറേജിന്റെ നേട്ടം

ഇൻട്രാ ഡേ ട്രേഡിങിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ലിവറേജ് അഥവാ മാർജിൻ ഫണ്ടിങ്. അതായത് 1000 രൂപയാണ് ട്രേഡിങ് അക്കൗണ്ടിൽ ഉള്ളതെങ്കിൽ അതിന്റെ 20 ഇരട്ടി മാർജിൻ ഫണ്ടിങ് കിട്ടും. (മാർജിൻ ഫണ്ടിങ് ചിലപ്പോൾ ട്രേഡിങ് പ്ലാറ്റ്ഫോം അനുസരിച്ച് മാറിക്കൊണ്ടിരിക്കും.) എന്നുവച്ചാൽ 20000 രൂപയ്ക്കുള്ള ഓഹരികൾ വാങ്ങി ട്രേഡ് ചെയ്യാം. 

സാധാരണ ട്രേഡിങിൽ നിന്നും ഇൻട്രാ ഡേ ട്രേഡിങിനെ വ്യത്യസ്തമാക്കുന്ന ഘടകം ഇതാണ്. ഉദാഹരണമായി നിങ്ങൾ ട്രേഡിങിന് തിരഞ്ഞെടുത്ത ഓഹരിയുടെ വില 1000 രൂപയാണെന്ന് കരുതുക. സാധാരണ പോലെ വാങ്ങിക്കുമ്പോൾ നിങ്ങളുടെ കൈവശമുള്ള 1000 രൂപയ്ക്ക് ഒരു ഓഹരിയാണ് കിട്ടുക. അതേസമയം ഇൻട്രാ ഡേ ട്രേഡിങ് ആണെങ്കിൽ ലിവറേജ് മണി ഉപയോഗിച്ച് 20 ഓഹരികൾ കിട്ടുന്നു.

അന്നത്തെ ദിവസത്തെ ട്രേഡിങിൽ നിങ്ങൾ വാങ്ങിയ ഓഹരിയുടെ വില 100 രൂപ കൂടി 1100 ആയി എന്നു കണക്കാക്കുക. അപ്പോൾ ലാഭം 20 X 100 = 2000 രൂപ. 

എല്ലായ്പോഴും ലാഭം കിട്ടണമെന്നില്ല. നഷ്ടത്തിൽ ക്ലോസ് ചെയ്യുന്ന ദിവസങ്ങളും ഉണ്ടാകും. 

stock-market

നഷ്ടം കുറയ്ക്കാൻ എന്തു ചെയ്യണം?

മുകളിൽ സൂചിപ്പിച്ച ഉദാഹരണത്തിൽ ലാഭത്തിനു പകരം 50 രൂപ നഷ്ടമായിരുന്നുവെങ്കിലോ ? 20 x 50 = 1000 രൂപ. അക്കൗണ്ടിലുള്ള 1000 രൂപയും നഷ്ടമായേനെ. ഇനി നഷ്ടം 100 രൂപയാണെങ്കിലോ നഷ്ടം 2000 രൂപയാകുമായിരുന്നു. അക്കൗണ്ടിലുള്ള 1000 രൂപ കഴിച്ച് ബാക്കി 1000 രൂപ കൂടി ബ്രോക്കറിനു കൊടുത്ത് കടം വീട്ടേണ്ട അവസ്ഥയായി. 

അതേസമയം സാധാരണ പോലെ വാങ്ങിച്ചതാണെങ്കിൽ നഷ്ടത്തിന്റെ തോത് കുറയുമായിരുന്നു. കാരണം ലിവറേജിന്റെ നേട്ടം എടുക്കാതെയാണല്ലോ ഓഹരി വാങ്ങിയത്.

നഷ്ടത്തിന്റെ തോത് കുറയ്ക്കുവാൻ ഈ വഴി നോക്കാം  

∙ സ്റ്റോപ് ലോസ് ഇട്ടു വയ്ക്കുക

നിങ്ങൾ ഒരു ഓഹരി 1000 രൂപയ്ക്കാണല്ലോ വാങ്ങിയത്. ലിവറേജ് ഉപയോഗിച്ച് 20 ഓഹരികൾ ഉണ്ടാകും. വില താഴും എന്ന സംശയമുണ്ടെങ്കിൽ ഏകദേശ ഊഹം വച്ച് സ്റ്റോപ്പ് ലോസ് ഇടാം. 990ലോ 950ലോ ഇതിനിടയിലോ വച്ച് സ്റ്റോപ്പ് ലോസ്  ഇട്ട് സെൽ ഓർഡർ സെറ്റ് ചെയ്ത് വയ്ക്കുക.. വില താഴേക്ക് പോവുകയാണെങ്കിൽ ഈ പരിധിയിലെത്തുമ്പോൾ ഓട്ടോമാറ്റിക് ആയി വിറ്റൊഴിയുന്നു. ഇങ്ങനെ ചെയ്താൽ നഷ്ടത്തിന്റെ തോത് കുറയ്ക്കാം. 

രാവിലെ തുടങ്ങി ഉച്ചതിരിഞ്ഞ് തീരുന്ന ബിസിനസ്

രാവിലെ ഒമ്പതരയ്ക്ക് മാർക്കറ്റ് തുറന്ന് വ്യാപാരം ആരംഭിച്ചു കഴിഞ്ഞാൽ നിങ്ങൾ വാങ്ങിയ ഓഹരിയുടെ നീക്കം ശ്രദ്ധാപൂർവം നിരീക്ഷിച്ചു കൊണ്ടിരിക്കണം. ചിലപ്പോൾ ഇടയ്ക്കെല്ലാം വില കയറി മാർക്കറ്റ് അടയ്ക്കാറാകുമ്പോൾ ഓഹരി നഷ്ടത്തിലേക്ക് പോകാറുണ്ട്. ഇങ്ങനെ ഒരു പ്രവണത കാണുമ്പോൾ കൂടി നിൽക്കുന്ന സമയത്ത് വിറ്റ് ലാഭമെടുക്കണം. 

സ്ക്വയർ ഓഫ്

ഏതെങ്കിലും കാരണവശാൽ മാർക്കറ്റ് ക്ലോസ് ചെയ്യുമ്പോൾ നിങ്ങൾക്ക് സെൽ ഓർഡർ കൊടുക്കാൻ പറ്റിയില്ല എന്ന് വന്നാൽ ക്ലോസിങ് സമയത്ത് എത്രയായിരുന്നുവോ ഓഹരി ആ വിലയിൽ ഓട്ടോമാറ്റിക് ആയി സെൽ ഓർഡർ ആകുന്നു. ഇതിനെയാണ് സ്ക്വയർ ഓഫ് എന്നു പറയുന്നത്. മാർക്കറ്റിൽ നിങ്ങളുടെ പൊസിഷൻ ഇപ്രകാരം ആണ് സ്ക്വയർ ഓഫ് ആവുക.

ട്രേഡിങ് ആപ്പുകൾ സഹായിക്കും

സാങ്കേതിക വിദ്യകളുടെ വികാസത്തോടെ മുമ്പത്തേക്കാളും എളുപ്പത്തിൽ ഇൻട്രാ ഡേ ട്രേഡിങ് വിജയകരമായി ചെയ്യാൻ സഹായിക്കുന്ന ബ്രോക്കർ പ്ലാറ്റ്ഫോമുകളുണ്ട് ഇന്ന്. സ്മാർട്ട്ഫോൺ ഉപയോഗിച്ച് സുഗമമായി ട്രേഡിങ് ചെയ്യാം. സിറോദ, അപ് സ്റ്റോക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ കയറി അക്കൗണ്ട് തുറന്നാൽ മതിയാകും. ഇൻട്രാ ട്രേഡിങ് ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ സ്വാഭാവികമായും ലിവറേജ് കിട്ടുന്നു. 

ലേഖിക ഓഹരി വിപണി നിരീക്ഷകയാണ്. അഭിപ്രായങ്ങൾ വ്യക്തിപരം

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖിക തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com