പിരമിഡ് പദ്ധതി: തട്ടിപ്പ് എങ്ങനെ തിരിച്ചറിയാം? രക്ഷപ്പെടാം?

HIGHLIGHTS
  • ഒരാളിൽനിന്നും ലക്ഷക്കണക്കിന് ആളുകളിലേക്കു ഇത് വികസിക്കുന്നത് പിരമിഡ് ആകൃതിയിലാണ്.
pyramid
SHARE

തട്ടിപ്പുകൾ പല വിധത്തിൽ അരങ്ങേറുന്നുണ്ട് നമുക്ക് ചുറ്റും. അവ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിഞ്ഞിരുന്നാൽ ചിലപ്പോൾ അവയിൽ പെടാതിരിക്കാൻ കഴിഞ്ഞേക്കും. അവയിൽ പ്രധാനമാണ് പിരമിഡ് പദ്ധതികൾ. ഒരാളിൽനിന്നു തുടങ്ങി പലതലങ്ങളിലൂടെ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ ആളുകളിലേക്കു ഇത് വികസിക്കുന്നത് പിരമിഡ് ആകൃതിയിലാണ്. താഴെയുള്ള എല്ലാ തലങ്ങളിലും നടക്കുന്ന വിറ്റുവരവിന്റെ ഒരംശം ലാഭമായി അതിനു മുകളിലുള്ള എല്ലാവർക്കും ലഭിക്കുമെന്നതാണ് പിരമിഡ് പദ്ധതിയുടെ പ്രത്യേകത.

ഉൽപന്ന വിൽപന

പരമ്പരാഗത വ്യാപാരത്തിൽ ഒരു ഉൽപന്നത്തിന്റെ വിൽപന എങ്ങനെയാണ്? നിർമാതാവ് ഉൽപന്നം നിർമിക്കുന്നു. പിന്നീടത് മൊത്തക്കച്ചവടക്കാരനിലേക്കും ചില്ലറവിൽപനക്കാരനിലേക്കും അവസാനം ഉപയോക്താവിലേക്കും എത്തുന്നു. ഉപയോക്താവ് നൽകുന്ന വിലയുടെ ഒാരോ ഭാഗം ചില്ലറ– മൊത്തക്കച്ചവടക്കാരനും ബാക്കി ഉൽപാദകനും കിട്ടുന്നു. ഓൺലൈനിൽ ഉൽപാദകനും ഓൺലൈൻ പ്ലാറ്റ്ഫോമും ഉപയോക്താവും ആണ് ഒരു ഇടപാടിൽ ഭാഗമാകുന്നത്. അവിടെ ഇടനിലക്കാരുടെ എണ്ണം കുറയുന്നു.

വിൽപന വിലയിൽനിന്നു വാങ്ങിയ വില കുറച്ചാലുള്ള തുകയാണ് പരമ്പരാഗത വിൽപനക്കാർക്കു ലഭിക്കുന്നത്. എന്നാൽ, പിരമിഡ് പദ്ധതികളിൽ ഈ തുകയെക്കാൾ കുറവാണ് വിൽപനക്കാരനു ലഭിക്കുക. മുകളിലെ തലങ്ങളിൽ ഉള്ളവർക്ക് വീതം പോകുന്നതാണു കാരണം. ഇടനിലക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിരമിഡിന്റെ മുകൾതട്ടിലുള്ളവർക്ക് ലാഭം കൂടുന്നു. 

വമ്പൻ കമ്മിഷൻ വാഗ്ദാനം

കഷണ്ടിക്കുള്ള മരുന്നാണ് ഉൽപന്നമെങ്കിൽ തൊട്ടടുത്ത വീട്ടിലെ കഷണ്ടിക്കാരനു നേരിട്ടു വിൽക്കില്ല. പകരം കഷണ്ടി ഇല്ലാത്ത 20 പേരിലൂടെ മരുന്ന് അയച്ചു കഷണ്ടിക്കാരന് എത്തിക്കും. പക്ഷേ, ഇത്രയും പേർക്ക് ലാഭവിഹിതം നൽകണം. അതിനായി അമിതവില ഈടാക്കണം.  

പിരമിഡ് പദ്ധതി വളരുന്നത് അതിലെ ഒരംഗം കൂടുതൽ പേരെ ചേർക്കുന്നതിലൂടെയാണ്. ഒരാൾ അഞ്ചുപേരെ ചേർത്താൽ അഞ്ചിന്റെ വർഗമായി (exponent) ആ ശൃംഖല വികസിക്കുന്നു. എന്നാൽ, ഒരു പരിധി എത്തുമ്പോൾ പുതിയവരെ ലഭിക്കാതാകും. അങ്ങനെ വളഞ്ഞു പുളഞ്ഞ് എത്തുമ്പോൾ സ്വാഭാവികമായും ഉപയോക്താവിനെ സംബന്ധിച്ച് വില അമിതമായി തോന്നാം. ഇതിനെ മറികടക്കാനാണു വിൽക്കുന്ന ഉൽപന്നങ്ങൾ സവിശേഷതകൾ ഉള്ളതാണെന്ന് അവകാശപ്പെടുന്നത്. 

fraud1

ഇവയെ സാദാവിപണിയിൽ ലഭിക്കുന്ന സമാന ഉൽപന്നത്തിന്റെയും വിലയും ഗുണമേന്മയും ആയി താരതമ്യം ചെയ്യാനാകില്ലെന്നു വിശ്വസിപ്പിച്ച് ഇവർ അമിതവില ഈടാക്കും. പക്ഷേ, പലപ്പോഴും ഇവ വിൽക്കാൻ കഴിയാതെ താഴെത്തട്ടിലുള്ളവരുടെ കയ്യിൽ ഇരുന്നുപോകും. ഈ പദ്ധതിയിൽ ലാഭം പിരമിഡിന്റെ ഉച്ചിയിലുള്ളവർക്കു മാത്രമാണ്. അതായത്, പദ്ധതി തുടങ്ങുമ്പോൾ ആദ്യം ചേർന്നവർക്ക്. വഞ്ചിക്കപ്പെടുന്നതോ? താഴെത്തട്ടിലെ വിൽപനക്കാരും ഉപയോക്താക്കളും.

പരമ്പരാഗത വിൽപനയിൽ ലാഭം ഉൽപാദന വിതരണ ശൃംഖലയിൽ എന്തെങ്കിലും പങ്കു വഹിക്കുന്നവർക്കാണ്. ഉൽപന്നം നിർമിക്കുന്നവർക്ക്, അത് മൊത്തമായി വാങ്ങി ചില്ലറവിൽപനക്കാരന് എത്തിക്കുന്നവർക്ക്, വിൽപന നടത്തുന്ന കടയുടമകൾക്ക് എന്നിങ്ങനെയാകും.

എന്നാൽ, പിരമിഡ് വിൽപനയിലോ? ഉൽപാദന വിതരണ പ്രക്രിയയിൽ യാതൊരു പങ്കും വഹിക്കാത്തവർക്കാണ് ലാഭത്തിന്റെ വലിയൊരു പങ്ക് കിട്ടുന്നത്.ആഴ്ചകൾക്കു മുമ്പ് ആംവേ ഇന്ത്യയുടെ 758 കോടി വരുന്ന ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate) പിരമിഡ് തട്ടിപ്പാണെന്നാണ് കണ്ടെത്തി മരവിപ്പിച്ചിരുന്നു.  പച്ചയ്ക്കു പറഞ്ഞാൽ ഇവർക്കു കിട്ടുന്നത് ലാഭമല്ല, നോക്കുകൂലി ആണ്. ‌അംഗങ്ങളെ ചേർക്കുന്ന വിൽപന പദ്ധതിയാണോ, വിൽപന വിലയിൽനിന്നു വാങ്ങിയ വില കുറച്ചാലുള്ള തുകയെക്കാൾ കുറവാണോ കമ്മിഷൻ, ഉൽപന്നങ്ങൾക്ക് സവിശേഷതകൾ  ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടോ, മുകളിൽ നോക്കുകൂലിക്കാർ ഉണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം അതെയെന്നാണ് ഉത്തരമെങ്കിൽ ഉറപ്പിക്കാം, പദ്ധതി പിരമിഡ് തന്നെ!

ബാങ്കിങ്, സാമ്പത്തിക രംഗങ്ങളിലെ വിദഗ്ധനും റിസോഴ്സ് പഴ്സനുമാണ് ലേഖകൻ.

English Summary: Know More About Pyramid Schemes and Frauds

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS