ADVERTISEMENT

അമേരിക്കൻ യൂറോപ്യൻ ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചത് ഇന്ത്യൻ വിപണിക്കും പ്രതീക്ഷയാണ്. ജപ്പാനീസ് യെന്നിന്റെ വീഴ്ചയിൽ ഇന്നലെ വീണു പോയ നിക്കി ഇന്ന് ഒന്നര ശതമാനത്തിന് മേൽ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 15370  വ്യാപാരം  തുടരുന്നു. 

ഇസിബിയും നിരക്കുയർത്തുന്നു 

ചൈന കേന്ദ്ര ബാങ്ക് നിരക്ക് വർദ്ധിപ്പിക്കാതെ വിട്ടതും, ജർമനിയുടെ മൊത്ത വിലസൂചിക നിയന്ത്രിതമാണെന്നതും അമേരിക്കൻ വിപണിക്ക് അവധിയായായിരുന്ന ഇന്നലെ ലോക വിപണിക്ക് അനുകൂലമായി. യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ പ്രസിഡന്റ് ഇന്നലെ യൂറോപ്യൻ പാർലമെന്റിൽ ജൂലായിലും സെപ്റ്റംബറിലും 25 ബേസിസ് പോയിന്റ് വീതം നിരക്കുയർത്തൽ സാധ്യത വീണ്ടും പ്രഖ്യാപിച്ചത്  ഡോളറിനെതിരെ യൂറോയെ ശക്തിപ്പെടുത്തും. നാളെ സംയുക്ത സാമ്പത്തിക സമിതിക്ക് മുന്നിൽ ഹാജരാകുന്ന അമേരിക്കൻ ഫെഡ് പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് ലോക വിപണി. 

ഇന്നത്തെ അമേരിക്കൻ ഭവന വില്പന കണക്കുകളും, ഇസിബി-ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും ഇന്ന് വിപണിക്ക് പ്രധാനമാണ്.  ക്രൂഡ് ഓയിൽ വീണ്ടും തിരിച്ചു കയറുകയാണ്. 

നിഫ്റ്റി 

വൻ വില്പനക്ക് ശേഷം വിദേശ ഫണ്ടുകൾ 1217 കോടി രൂപയുടെ മാത്രം അധിക വില്പന നടത്തിയ ഇന്നലെ ഇന്ത്യൻ വിപണി മുന്നേറ്റം കുറിച്ചെങ്കിലും റീറ്റെയ്ൽ-എച്ച്എൻഐ നിക്ഷേപകരുടെ വില്പന നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയ്ക്ക് 2.3 %വും, മിഡ് ക്യാപ് സൂചികക്ക് 3.2 %വും വീഴ്ച നൽകി. മുൻനിര ഐടി, ബാങ്കിങ്, ഫിനാൻഷ്യൽ, ഫാർമ, എഫ്എംസിജി ഓഹരികൾ ഇന്നലെ മുന്നേറ്റം നേടിയത് ആദ്യ പാദ ഫല പ്രഖ്യാപനം മുന്നിൽ കണ്ട് വിദേശ ഫണ്ടുകൾ വാങ്ങൽ ആരംഭിച്ചതിന്റെ ലക്ഷണമാണെന്ന് കരുതുന്നു. ചൈനയിലെ സ്റ്റീൽ വില വീഴ്ച ഇന്നലെ ഇന്ത്യൻ മെറ്റൽ സെക്ടറിന് 4% വീഴ്ച നൽകി. 

ഇന്നലെ 15350 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 15200 പോയിന്റിലും 15100 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 15430 പോയിന്റിലും 15500 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു. 14800 പോയിന്റിലാണ് നിഫ്റ്റിയുടെ ആദ്യ പ്രധാന പിന്തുണ. എഫ്എംസിജി, ഐടി, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ മുന്നേറിയേക്കാം. ഇന്നലെ  വീണു  പോയ പൊതു മേഖല സെക്ടറും, ഡിഫൻസ്, ടെക്സറ്റൈൽ, ഇൻഫ്രാ സെക്ടറുകളും നിക്ഷേപത്തിന് പരിഗണിച്ചു തുടങ്ങാം. എച്ച്ഡിഎഫ്സി , ഐടിസി, ഇൻഫോസിസ്, കൊട്ടക് ബാങ്ക്, അശോക് ലെയ്‌ലാൻഡ്, ക്രോമ്പ്ടൺ ഗ്രീവ്സ്, വിപ്രോ, ബിഇഎംഎൽ, ബിഇഎൽ മുതലായ ഓഹരികൾക്ക് മുന്നേറ്റ പ്രതീക്ഷയുണ്ട്. 

ബാങ്ക് നിഫ്റ്റി 

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇന്നലെ 58 പോയിന്റുകൾ മാത്രം നഷ്ടത്തിൽ 32685 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 32400 പോയിന്റിലും 32150 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 32950 പോയിന്റിലും 33200 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

ക്രൂഡ് ഓയിൽ 

ഫെഡ് സ്വാധീനത്തിൽ വീണ ക്രൂഡ് ഓയിൽ വളരുന്ന എണ്ണ ആവശ്യകത മുൻനിർത്തി ഇന്നലെ വീണ്ടും തിരിച്ചു കയറി. എണ്ണ വിതരണത്തിലെ താളപ്പിഴകൾ ക്രൂഡിന് ഇനിയും അനുകൂലമായേക്കാം. 

അമേരിക്കൻ-യൂറോപ്യൻ ഉപരോധങ്ങൾ നിലനിൽക്കെ കഴിഞ്ഞ ആഴ്ച യൂറോപ്പിലേക്കുള്ള റഷ്യൻ എണ്ണ കയറ്റുമതി വീണ്ടും വർദ്ധിച്ചു. ഇന്ത്യൻ, ചൈനീസ് എണ്ണ വാങ്ങലുകളുടെ കൂടി പശ്ചാത്തലത്തിൽ കഴിഞ്ഞ ആഴ്ച റഷ്യയുടെ എക്സ്പോർട്ട് ഡ്യൂട്ടി വരുമാനം 6% വർധന നേടിയത് റഷ്യൻ എണ്ണ വിപണിയിലേക്ക് തിരികെ വരുന്നതിന്റെ സൂചനയാണ്.  

സ്വർണം 

1840  ഡോളറിൽ ക്രമപ്പെടുന്ന രാജ്യാന്തര സ്വർണ വില പതിയെ മുന്നേറിയേക്കാം. ബോണ്ട് യീൽഡ് 3.2%ൽ തന്നെ ക്രമപ്പെടുന്നത് സ്വർണത്തിന് അനുകൂലമാണ്. 

ഗോൾഡ് ബോണ്ട് 

ആർബിഐയുടെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യ സോവറിൻ ഗോൾഡ് ബോണ്ട് സ്കീമിന് ഇന്നലെ തുടക്കമായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 10 ശ്രേണികളിലായി 27 ടൺ സ്വർണത്തിനനുപാതികമായ ബോണ്ടുകൾ വിറ്റ ആർബിഐ എസ്ജിബി സ്കീമിന്റെ അടുത്ത ശ്രേണി ഓഗസ്റ്റ് അവസാന വാരത്തിലാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com