ADVERTISEMENT

2021 നവംബറിൽ 49.95 ലക്ഷമെന്ന സർവകാല റെക്കോർഡിട്ട ബിറ്റ് കോയിൻ ആറുമാസം കൊണ്ട് 53% ഇടിഞ്ഞ് 23.27 ലക്ഷമായി. 40 ദിവസത്തിൽ വീണ്ടും 30% ഇടിഞ്ഞ് ഇപ്പോൾ 16 ലക്ഷത്തിലെത്തി നിൽക്കുന്നു. ഇവിടെ ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാകും. യഥാർഥത്തിൽ ബിറ്റ് കോയിന്റെ മൂല്യം എത്രയാണ്.?  

സാമ്പത്തികശാസ്ത്രപ്രകാരം ക്രിപ്റ്റോ കറൻസികളുടെ മൂല്യം പൂജ്യമാണെന്ന്  ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി രബിശങ്കർ പറഞ്ഞിട്ടുണ്ട്. വില തുടർച്ചയായി ഉയർന്നുകൊണ്ടേയിരിക്കും എന്ന അനുമാനത്തിൽ രൂപകൽപന ചെയ്തതാണ് ബിറ്റ് കോയിൻ. എന്നാൽ വില ക്രമാതീതമായി കുറയുമ്പോൾ ബിറ്റ് കോയിൻ നിലനിൽക്കുന്ന വികേന്ദ്രീകൃത ബ്ലോക്ക് ചെയിൻ സംവിധാനം തന്നെ തകരുകയും അങ്ങനെ മൂല്യം പൂജ്യത്തിൽ എത്തുകയും ചെയ്യാം. ഇതു മനസ്സിലാക്കാൻ ബിറ്റ് കോയിൻ സംവിധാനത്തെ കുറിച്ച് അറിയണം.

എന്താണ് ബിറ്റ് കോയിൻ സംവിധാനം?

BC

സ്പർശനീയമായ അതായത്, കൈകൊണ്ട് എടുക്കാവുന്ന കറൻസിയല്ല ബിറ്റ് കോയിൻ. ഉടമസ്ഥന്റെ  ഡിജിറ്റൽ വാലറ്റിലോ  ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിലെ അക്കൗണ്ടിലോ ആണ് ഇവ സൂക്ഷിക്കപ്പെടുന്നത്. ഡിജിറ്റൽ കറൻസിയായതിനാൽ  ആരുടെ പേരിൽ  എത്ര എണ്ണം ഉണ്ടെന്നതിന് കണക്ക് സൂക്ഷിക്കണം. ഈ കണക്കു പുസ്തകമാണ് ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ അധിഷ്ഠിതമായ വികേന്ദ്രീകൃത ലെഡ്ജർ (decentralised ledger)

ബാങ്കിലും നിക്ഷേപകരുടെയും വായ്പ എടുത്തവരുടെയും കണക്കുകൾ സൂക്ഷിക്കുന്നതും ഒരു ലെഡ്ജർ അഥവാ ഡാറ്റാബേസ് ആണ്.  ഇതൊരു   കേന്ദ്രീകൃത ലഡ്ജറാണ്. ബാങ്കിന്റെ  സർവറിൽ സ്ഥിതി ചെയ്യുന്ന  ഇതു  കൈകാര്യം ചെയ്യുന്നത് ബാങ്ക് ഉദ്യോഗസ്ഥരും.. ഇവിടെ ബാങ്ക് വിശ്വസിക്കാവുന്ന മൂന്നാം കക്ഷിയാണ്.  അതായത്  ഒരു ഇടപാടിലെ മുഖ്യ രണ്ട് കക്ഷികൾ ഇടപാടിന്റെ സുഗമമായ നടത്തിപ്പിന്  ആശ്രയിക്കുന്ന  മൂന്നാം കക്ഷി ആണ് ബാങ്ക്. 

ഇടനിലക്കാരില്ലാതെ

ക്രിപ്റ്റോകറൻസികള്‍ ലക്ഷ്യമിടുന്നത് തന്നെ ഇത്തരം  ഇടനിലക്കാരെ ഒഴിവാക്കാനാണ്.  ഇവയുടെ  പ്രത്യയശാസ്ത്രം ഇങ്ങനെ സംഗ്രഹിക്കാം. ബാങ്ക്,  സർക്കാർ  തുടങ്ങിയ മൂന്നാം കക്ഷികൾ വിശ്വസിക്കാവുന്നവരല്ല. ബാങ്കുകൾ കിട്ടാക്കടത്തിലൂടെ പൊളിഞ്ഞു പോകാം,  നിക്ഷേപകരുടെ പണം  നഷ്ടപ്പെട്ടേക്കാം. കേന്ദ്ര ബാങ്കുകളും സർക്കാരുകളും  വേണ്ടപ്പെട്ടവർക്കായി  അനിയന്ത്രിതമായി പണലഭ്യത വർധിപ്പിച്ചാൽ നമ്മുടെ കൈവശമുള്ള പണത്തിന്റെ  മൂല്യം വൻതോതിൽ കുറയാം, കറൻസികളുടെയും ബാങ്ക് നിക്ഷേപങ്ങളുടെയും മൂല്യം നഷ്ടപ്പെടാം. 

വികേന്ദ്രീകൃത രീതിയിൽ ബിറ്റ് കോയിൻ കൈവശം വെച്ചാൽ കൈമാറ്റം നടത്താം, ലഭ്യത പരിമിതപ്പെടുത്താം, കൈവശം വയ്ക്കുന്നവർക്കുതന്നെ  ഡാറ്റാബേസ് നിലനിർത്താം. അതുകൊണ്ടാണ് ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസറും ലോകപ്രശസ്ത കോർപ്പറേറ്റ് ഫൈനാൻസ് വിദഗ്ധനുമായ അശ്വത് ദാമോദരൻ  സംശയരോഗികൾക്ക് വേണ്ടി സംശയരോഗികളാൽ സൃഷ്ടിക്കപ്പെട്ടതാണ് ബിറ്റ് കോയിൻ എന്നു പറഞ്ഞത്. 

ഇവിടെ മറ്റു ചില ചോദ്യങ്ങളുണ്ട്. കേന്ദ്രീകൃത സംവിധാനം ഇല്ലാതെ ഇടപാടുകൾ നടക്കുമ്പോൾ ഉടമസ്ഥാവകാശത്തിലെ  മാറ്റം എങ്ങനെ രേഖപ്പെടുത്തുന്നു? ബിറ്റ് കോയിൻ ആര്, എന്തടിസ്ഥാനത്തിൽ  സൃഷ്ടിക്കുന്നു?

ഓരോ രാജ്യത്തും പണലഭ്യത നിയന്ത്രിക്കുന്നത് അവിടത്തെ കേന്ദ്ര ബാങ്ക് ആണ്. കേന്ദ്ര ബാങ്കുകൾക്ക് പണലഭ്യത കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. എന്നാൽ ദീർഘകാലയളവിൽ പണലഭ്യത ലോകത്തൊട്ടാകെ വർദ്ധിച്ചുകൊണ്ടിരിക്കും.  ഇതു തന്നെയാണു സ്ഥായിയായ പണപ്പെരുപ്പത്തിന് കാരണം. 

എന്നാൽ ബിറ്റ് കോയിന്റെ  പരമാവധി ലഭ്യത 2.1 കോടിയാണ്. അതിൽ  1.9 കോടിയും നിലവിൽ വന്നു കഴിഞ്ഞു. ഇനിയുള്ള 20 ലക്ഷം ബിറ്റ് കോയിൻ അടുത്ത 118 വർഷം കൊണ്ടേ പുറത്തിറങ്ങുകയുള്ളൂ.  അതായത് ഔദ്യോഗിക കറൻസികളെ പോലെ ലഭ്യതയിലെ വളർച്ച ഇതിൽ ഉണ്ടാകില്ല.. ഇതിലൂടെ പണപ്പെരുപ്പം ഇല്ലാതാക്കാം. എണ്ണം പരിമിതമായതിനാൽ  കൂടുതൽ ഇടപാടുകളും കൂടുതലാളുകളും കൂടുതൽ സ്ഥാപനങ്ങളും ബിറ്റ് കോയിൻ സ്വീകരിക്കുമ്പോൾ ഇതിന്റെ വില വൻതോതിൽ വർദ്ധിക്കുകയും ചെയ്യും.  

കേന്ദ്ര ബാങ്കിന്റെ  നിയന്ത്രണത്തിലുള്ള വാണിജ്യ ബാങ്കുകളിലാണ് കറൻസി അല്ലാത്ത നിക്ഷേപങ്ങളും അവയുടെ കണക്കും സൂക്ഷിക്കുന്നത്.  ബാങ്ക് ഇടപാടുകളിൽ ഒരേ ബാലൻസ് ഒന്നിൽ കൂടുതൽ തവണ  ഉപയോഗിക്കൽ, അഥവാ ഇരട്ട വ്യയം (double spending) സാധ്യമല്ല.  ബിറ്റ്കോയിനിൽ ഖനനവും (mining) നോഡുകൾ (nodes) വഴിയുള്ള സമവായ അംഗീകാരവും (consensus approval) വഴിയാണ്  ഇരട്ട വ്യയം തടയുന്നത്. നോഡുകൾ പ്രവർത്തിപ്പിക്കുന്നത് ബിറ്റ് കോയിൻ ഉടമസ്ഥർ ആകും, ലോകത്തെമ്പാടും  പല രാജ്യത്ത്, പല സമയത്ത്  വ്യാപിച്ചുകിടക്കുന്നവർ. 51% നോഡുകളെങ്കിലും അംഗീകരിക്കുന്ന ഇടപാടുകളാണ് ബ്ലോക്ക് ചെയിനിന്റെ ഭാഗമാകുന്നത്. ഇവർ തന്നെയാണ് ഇരട്ട വ്യയം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നത്. അതിനാൽ ബിറ്റ് കോയിൻ സംവിധാനത്തെ ഒരു ആഗോള വികേന്ദ്രീകൃത  സ്വയം സഹായ കൂട്ടായ്മ എന്ന് വിളിക്കാം 

ഒരു ബിറ്റ് കോയിൻ കൈമാറ്റം നടന്നാൽ ഉടൻ തന്നെയത് അംഗീകരിക്കപ്പെടില്ല. ഒരു 10 മിനിറ്റിലേയും കൈമാറ്റങ്ങൾ ഒന്നിച്ചു ഒരു പുതിയ ബ്ലോക്ക് സൃഷ്ടിക്കുന്നു. ബ്ലോക്കുകൾ സൃഷ്ടിക്കുന്നത് മൈനർമാരും ഇവ പരിശോധിച്ച് അംഗീകാരം നൽകുന്നത്‌ നോഡുകളും (nodes) ആണ്. ഇങ്ങനെ ഭൂരിപക്ഷ അംഗീകാരം ലഭിക്കുമ്പോൾ ഈ പുതിയ ബ്ലോക്ക് അതുവരെയുള്ള ഇടപാടുകൾ രേഖപ്പെടുത്തിയ ബ്ലോക്ക് ചെയിനിന്റെ അറ്റത്ത് ഘടിപ്പിക്കപ്പെടുന്നു.  

ബിറ്റ് കോയിൻ സംവിധാനം പ്രവർത്തിക്കുന്നതെങ്ങനെ?

ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും സന്ദേശങ്ങളുടെ ഒരേ ഫീഡാണ് ലഭിക്കുന്നത്. ഇതുപോലെ ബിറ്റ് കോയിൻ ഇടപാടുകളുടെ ഒരു പതിപ്പ് ഈ ശൃംഖലയിൽ അംഗങ്ങളായ ഓരോ നോഡുകൾക്കും ലഭ്യമാണ്. ഡിലീറ്റ് ബട്ടണും അഡ്മിനും ഇല്ലാത്ത ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്  ഉണ്ടെങ്കിലോ? ഒരിക്കൽ പോസ്റ്റ് ചെയ്ത മെസ്സേജുകൾ ഡിലീറ്റ് ചെയ്യാൻ കഴിയില്ല; ഗ്രൂപ്പിൽ പ്രവേശിക്കാൻ ആരുടെയും അനുവാദം വേണ്ട, ആരും പുറത്താക്കുകയുമില്ല. ഏതാണ്ട് ഇതുപോലെയാണ് ബിറ്റ് കോയിൻ സംവിധാനത്തിലെ നോഡുകൾ. ബിറ്റ് കോയിൻ നിലനിൽക്കുന്നത് ഒരു അനുവാദരഹിത (permission less) ബ്ലോക്ക് ചെയിനിൽ ആണ്, തടയാൻ ആരുമില്ല.  ഏതൊരാൾക്കും മൈനറോ  നോഡോ ആകാം. ബിറ്റ് കോയിൻ സൃഷ്ടിച്ചതു മുതൽ ഇതുവരെയുള്ള എല്ലാ ഇടപാടുകളുടെയും ബ്ലോക്ക് ചെയിൻ ഏതാണ്ട് 415 ജിബി മാത്രം വരുന്ന ഒരു ഫയൽ ആണ്. മാത്രമല്ല ഇതൊരു സുതാര്യമായ ഡാറ്റാബേസ് ആണ്; ആർക്കും ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാം. പുതിയ  ഇടപാടുകൾ നടക്കുമ്പോൾ ഈ ഡാറ്റാബേസ് പുതുക്കപ്പെടുന്നു.  (തൽസമയ ഇടപാടുകൾ ഈ സൈറ്റിൽ കാണാം - https://www.blockchain.com/explorer) 

ഇത്രയും അയഞ്ഞ ഒരു സംവിധാനം ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഇല്ലേ? ആ സാധ്യത ഇല്ലാതാക്കുന്നതാണ് മൈനിങ് എന്ന പ്രക്രിയ.  ബിറ്റ് കോയിൻ ശൃംഖലയിൽ നൂറുകണക്കിന് മൈനർമാരും അതിലും കൂടുതൽ നോഡുകളും ഉണ്ടാകും. പുതിയ ഒരു ബ്ലോക്ക് സൃഷ്ടിക്കുന്നതിന് ഈ മൈനർമാർ തമ്മിൽ മത്സരമാണ്. ഇവർക്ക് കണ്ടെത്താനായി ഒരു ക്രിപ്റ്റോഗ്രാഫിക് ഹാഷ് (cryptographic hash) അധിഷ്ഠിതമായ ഗണിത പ്രശ്നം (math puzzle) നൽകിയിരിക്കും 

(ഇതിൽ നിന്നാണ് ക്രിപ്റ്റോകറൻസി എന്ന പേരു വരുന്നത്). ഈ ഗണിത പ്രശ്നത്തിനുള്ള ഉത്തരം ഒരു നിർദ്ദിഷ്ഠ മൂല്യത്തിൽ കുറഞ്ഞ ഹാഷ് വാല്യൂ ആണ്.  ഇതാരാണോ ആദ്യം കണ്ടെത്തുന്നത് അവർക്ക് ആ 10 മിനിട്ടിൽ നടന്ന  ഇടപാടുകൾ പുതിയ  ബ്ലോക്ക് ആക്കി ബ്ലോക്ക് ചെയിനിൽ ചേർക്കാം. 

ഉയർന്ന ശേഷിയുള്ള ഒരു കമ്പ്യൂട്ടറിനേ  ഈ ഗണിത പ്രശ്നത്തിന് ഉത്തരം കണ്ടെത്താനാകൂ. ഉദാഹരണത്തിന് നമ്പർ ലോക്ക് ഉള്ള ഒരു സ്യൂട്ട്കേസ്, ഏതാണ് തുറക്കുന്ന നമ്പർ എന്നറിയില്ല. ഓരോ നമ്പർ മാറ്റി ഓരോ പ്രാവശ്യവും തുറന്നു നോക്കുക മാത്രമാണ് ചെയ്യാവുന്നത്. ഇതുപോലെ  ഒന്നിനുപുറകെ ഒന്നായി പല ഇൻപുട്ടുകൾ ഇതിനുള്ള പ്രോഗ്രാമിൽ പ്രയോഗിച്ച് ഹാഷ് വാല്യൂ  എത്ര വരുന്നുവെന്ന് നോക്കുക മാത്രമാണ് ഉത്തരത്തിലേക്കുള്ള  വഴി. ഇതുകൊണ്ടാണ് ബിറ്റ് കോയിൻ ഖനനത്തിന് ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടറും വൻതോതിൽ വൈദ്യുതിയും ആവശ്യം വരുന്നത്. 

BC4

ഇങ്ങനെ ഏതെങ്കിലും ഒരു മൈനർ നിർദ്ദിഷ്ഠ മൂല്യത്തിൽ കുറഞ്ഞ ഹാഷ് വാല്യൂ കണ്ടുപിടിച്ചാൽ ഉടനെ അത് ബിറ്റ് കോയിൻ നെറ്റ്‌വർക്കിൽ പ്രസിദ്ധീകരിക്കും. ആ സമയത്ത് നെറ്റ്‌വർക്കിൽ ഉള്ള  നോഡുകൾക്ക് ഇത് കാണാം, പരിശോധിക്കാം. ആ സമയത്തുള്ള നോഡുകളുടെ 51% പേരെങ്കിലും അംഗീകാരം നൽകുമ്പോൾ ആ ബ്ലോക്ക്, ബ്ലോക്ക് ചെയിനിന്റെ ഭാഗമാകുന്നു. ഹാഷ് വാല്യൂ കണ്ടുപിടിക്കുന്നത് സങ്കീർണ്ണവും ചെലവേറിയതുമാണെങ്കിൽ പുതിയ ബ്ലോക്കും അതിലെ ഇടപാടും  ക്രമക്കേടില്ലാത്തതാണെന്ന് ഉറപ്പാക്കി അംഗീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനം വേണ്ടാത്ത, ക്ഷണനേരം കൊണ്ട് ചെയ്യാവുന്ന ലളിതമായൊരു പ്രക്രിയയാണ്  

വൈദ്യുതിക്കും ഉയർന്ന കമ്പ്യൂട്ടിങ് ശേഷിക്കും പണം ചെലവഴിച്ച വിജയിയായ മൈനർക്ക് എന്താണ് ലാഭം? വില കുറയുന്നത് ഈ സംവിധാനത്തെ എങ്ങനെ അപകടപ്പെടുത്തുന്നു? 

ലേഖകൻ ഫിനാൻസ്–ബാങ്കിങ് ഫാക്കൽറ്റിയാണ്. അഭിപ്രായങ്ങൾ വ്യക്തിപരം

ഇതിനുള്ള ഉത്തരം വായിക്കാം നാളെ രണ്ടാം ഭാഗത്തിൽ.

English Summary : Know More about Bitcoin - Part 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com