ADVERTISEMENT

വൈദ്യുതിക്കും ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടറിനും വേണ്ടി പണം ചെലവഴിച്ച് ബ്ലോക്ക് സൃഷ്ടിച്ച മൈനർക്ക് എന്താണ് ലാഭം?  ഇവിടെ ഇവർക്ക്  ലഭിക്കുന്നത് ബിറ്റ്കോയിൻ ആണ്, ഇതാണ് ബ്ലോക്ക് റിവാർഡ്. കൂടാതെ ഇടപാട് നടത്തുന്നവർ നൽകുന്ന ഫീസും. തുടക്കത്തിൽ ഒരു ബ്ലോക്കിന് 50 ബിറ്റ്കോയിൻ ആയിരുന്നു റിവാർഡ്. ഓരോ നാലുവർഷം കഴിയുമ്പോഴും  ഇത് പകുതിയാകുന്നു. ഇപ്പോൾ ലഭിക്കുന്നത് 6.25 ബിറ്റ്കോയിൻ (ഇപ്പോഴത്തെ വിലയിൽ ഏതാണ്ട് ഒരു കോടി രൂപ). ഇങ്ങനെയാണ് ബിറ്റ്കോയിൻ ലഭ്യത കൂടാനുള്ള ഒരേയൊരു വഴി. 

സമ്മാനമായി കിട്ടുന്ന ബിറ്റ്കോയിൻ ആണ് ചെലവേറിയ മൈനിങ്ങിൽ ഏർപ്പെടാൻ മൈനർമാരെ പ്രേരിപ്പിക്കുന്നത്. പലതവണ പരാജയപ്പെട്ടാലും ഒരു മൈനർ ഒരിക്കൽ വിജയിക്കുമ്പോൾ കിട്ടുന്നതിന്റെ മൂല്യം അതുവരെ മൊത്തം ചെലവായതിനേക്കാൾ  കൂടുതലായിരിക്കും. സൃഷ്ടിക്കുന്ന ബ്ലോക്കുകൾ 51 ശതമാനത്തിൽ കുറയാത്ത നോഡുകളല്ലോ അംഗീകരിക്കുന്നത്. എല്ലാ നോഡുകളിലും ഇടപാടുകളുടെ പൂർണ്ണ വിവരമുള്ളതുകൊണ്ട് ഏതെങ്കിലും ഒരു നോഡിന്  കുഴപ്പം സംഭവിച്ചാലും മറ്റുള്ളവ പ്രവർത്തനക്ഷമമായിരിക്കും. ഒരു ലാപ്ടോപ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ പോലും ഒരു നോഡ് പ്രവർത്തിപ്പിക്കാം; സ്വാഭാവികമായും ആയിരക്കണക്കിന് നോഡുകൾ ലോകമാകമാനം എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കും.

ബിറ്റ്കോയിൻ ഉടമസ്ഥർ കൈകെട്ടി ഇരുന്നാൽ മതി

ഇത്രയും സുതാര്യവും ജനകീയവും ജനാധിപത്യപരവുമായ, പണപ്പെരുപ്പം തീരെ കുറഞ്ഞ ബിറ്റ്കോയിനിൽ ആകൃഷ്ടരായി ലോകം മുഴുവൻ ഇതു വാങ്ങുന്നു; ലഭ്യത പരിമിതമായതുകൊണ്ട് ആവശ്യക്കാർ വർധിക്കുന്തോറും വില വർധിക്കുന്നു. ബ്ലോക്ക് റിവാർഡ് കുറയുമ്പോഴും അതിനെ കവച്ചുവെക്കുന്ന വിലവർധന മൈനർമാരെ  ആകർഷിക്കുന്നു. ബിറ്റ്കോയിൻ ഉടമസ്ഥർ ഒന്നും ചെയ്യാതെ തന്നെ ഉയർന്ന വിലയിലൂടെ സമ്പന്നരാകുന്നു, സ്ഥലവില കൂടുമ്പോൾ ഉടമ സമ്പന്നരാകുന്നതുപോലെ.

ക്രമേണ ലോകം മുഴുവൻ എല്ലാ ഇടപാടുകൾക്കും ബിറ്റ്കോയിൻ ഉപയോഗിക്കും. മറ്റുള്ള കറൻസികൾ ഇല്ലാതാകും. - ഇതായിരുന്നു ബിറ്റ്കോയിൻ സ്രഷ്ടാവായ സതോഷി നകോമോട്ടോ എന്ന അജ്ഞാതന്റെ പ്രതീക്ഷ; രണ്ടു പശുക്കൾ നൂറാക്കുന്ന, മലർപ്പൊടിക്കാരന്റെ  സ്വപ്നം പോലെ, കാറും വീടും സ്വന്തമാക്കുന്ന  നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും പോലെ!

ഇത് പക്ഷേ നടന്നില്ല. മാത്രമല്ല വില കുറയുന്നത് ഈ സംവിധാനത്തെ  അപകടപ്പെടുത്തും എന്ന ആശങ്കയാണ് ഇപ്പോൾ.  ബിറ്റ്കോയിൻ സംവിധാനത്തിന്റെ  നിലനിൽപ്പ് എപ്പോഴും ഉയരുന്ന  വിലയെ അടിസ്ഥാനമാക്കിയാണ്.എപ്പോഴാണോ വില കുറയുന്നത് അപ്പോൾ മുതൽ ഈ സംവിധാനം ദുർബലപ്പെട്ടു തുടങ്ങും. 

നട്ടുച്ചനേരത്ത് അർദ്ധരാത്രിയോ?

ഇത്തരം ബ്ലോക്ക് ചെയിനുകളിലെ സമവായ അംഗീകാര രീതി സവിശേഷമാണ്. കേവല ഭൂരിപക്ഷം ശരിയെന്ന് പറയുന്നതാണ് ഇവിടെ അംഗീകരിക്കപ്പെടുന്നത്; അത് സത്യമാകണമെന്ന് നിർബന്ധമില്ല. നട്ടുച്ചനേരത്ത് 51% നോഡുകളും ഇപ്പോൾ അർദ്ധരാത്രിയാണ് എന്നുപറഞ്ഞാൽ ബ്ലോക്ക് ചെയിനിൽ ആ സമയം അർദ്ധരാത്രി ആയി രേഖപ്പെടുത്തും.  അതായത് സ്വതന്ത്ര പരിശോധനയല്ല ബ്ലോക്ക് ചെയിൻ ഉപയോഗിക്കുന്നത്; ഭൂരിപക്ഷ അഭിപ്രായം മാത്രമാണ്. 

ഇവിടെ സ്വതന്ത്ര പരിശോധന നടത്തേണ്ട മൂന്നാംകക്ഷി  നോഡുകളാണ്. ലോകത്താകമാനം പല ദേശങ്ങളിൽ പല സമയങ്ങളിൽ വ്യാപിച്ചുകിടക്കുന്നവർ. പരസ്പരം അറിയാത്ത  കാണാത്ത മൈനർമാരും നോഡുകളുടെ ആഗോള കൂട്ടായ്മയിലെ കേവല ഭൂരിപക്ഷവും  ഡബിൾ സ്പെൻഡ്‌ ഇടപാടുകൾക്ക് അംഗീകാരം നൽകില്ല. ഇവരിൽ ഭൂരിപക്ഷവും ബിറ്റ് കോയിൻ ഉടമസ്ഥരാണ്; തങ്ങളുടെ കൈവശമുള്ള ഒരു ആസ്തിയുടെ മൂല്യശോഷണത്തിന് ആരും കൂട്ടുനിൽക്കില്ലല്ലോ?

 എന്നാൽ 51 ശതമാനം നോഡുകളും ഏതെങ്കിലും ഒരു ഹാക്കർ ഗ്രൂപ്പിന്റെ കയ്യിൽ എത്തിയാലോ? അഥവാ നിലവിൽ 49000 നോഡുകൾ ഉണ്ടെന്ന് കരുതുക. ഒരു ഹാക്കർ ഗ്രൂപ്പ് പുതിയ 51,000 നോഡുകൾ കൊണ്ടുവരുന്നു. ഈ 51,000 നോഡുകൾ മൊത്തം നോഡുകളുടെ 51% ആണ്. അപ്പോൾ അവർ അംഗീകരിക്കുന്ന ഇടപാടുകൾ മാത്രമേ ബ്ലോക്കുകളായി ബ്ലോക്ക് ചെയിനിൽ വരികയുള്ളൂ! ഇതാണ് 51% ആക്രമണം (51% attack). പിന്നീട് അവർക്ക്  ഡബിൾ സ്പെൻഡ്‌  ഇടപാടുകൾക്കും അംഗീകാരം നൽകാം. ഇവിടെയാണ് വിശ്വസിക്കാവുന്ന മൂന്നാം കക്ഷി ഇല്ലാതിരിക്കുന്നത് ശക്തിയിൽ നിന്നും ദൗർബല്യമായി മാറുന്നത്.

എന്തിന് ഹാക്ക് ചെയ്യണം? 

വില ഉയർന്നു നിൽക്കുമ്പോൾ ഹാക്ക് ചെയ്യാൻ ഉയർന്ന കമ്പ്യൂട്ടിങ് ശേഷിയും വൻതോതിലുള്ള വൈദ്യുതിയും വേണം. ഇതിനുള്ള ചെലവ് ഭീമമാണ്. ഈ ഉയർന്ന ചെലവ് ആണ് ഇതുവരെ ഹാക്കർമാരെ അകറ്റി നിർത്തിയിരുന്നത്. ഇതു ബിറ്റ്കോയിൻ സംവിധാനം സുരക്ഷിതമാക്കുകയും ചെയ്തു.  മാത്രമല്ല കൂടുതൽ സമയത്തേക്ക്  ഹാക്ക് ചെയ്താലേ ലാഭകരമായി  കൃത്രിമം  കാണിക്കാൻ കഴിയൂ. ചുരുക്കിപ്പറഞ്ഞാൽ ഹാക്ക് ചെയ്യാനുള്ള  സാധ്യത വളരെ കുറവാണ്. വിലവർധന ബിറ്റ്കോയിൻ ഉടമസ്ഥരെ സമ്പന്നരാക്കുന്നു; കുറച്ചുപേർക്ക്  ഇതിനേക്കാൾ ലാഭം കിട്ടുന്നത് മൈനിങ്ങിൽ വിജയിക്കുമ്പോഴാണ്. ഇങ്ങനെ രണ്ടു രീതിയിൽ ലാഭം നേടാൻ കഴിയുമ്പോൾ എന്തിന് ഹാക്ക് ചെയ്യണം? 

ശരാശരി ഓരോ 10 മിനിറ്റിലുമാണ് ഒരു പുതിയ ബ്ലോക്ക് സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ ഹാഷ് വാല്യു കണ്ടുപിടിക്കുന്നതിന്റെ  വേഗത കൂടിയാൽ  കുറഞ്ഞ സമയത്തിൽ ബ്ലോക്കുകൾ വന്നുകൂടെ? ഇവിടെയാണ് മൈനിങ് കാഠിന്യം (mining difficulty) എന്ന ആശയം വരുന്നത്. മൈനിങ്ങിൽ ചെയ്യുന്നവരുടെ  എണ്ണത്തിനനുസരിച്ച് ഗണിത പ്രശ്നത്തിന്റെ  കാഠിന്യം കൂടിയും കുറഞ്ഞുമിരിക്കും. കൂടുതൽ പേരുള്ളപ്പോൾ  ഗണിതത്തിന്റെ. കാഠിന്യം കൂട്ടുന്നു.അല്ലെങ്കിൽ  കുറയും. അങ്ങനെ ശരാശരി 10 മിനിറ്റ് എന്ന സമയം പാലിക്കുന്നു.

51% ആക്രമണം

crypto-bitcoin

വില കുറയുമ്പോൾ മൈനിങ്ങിലെ  ലാഭം കുറയും, അനാകർഷകമാകും. ഇത്  ആളുകളുടെ എണ്ണം കുറയ്ക്കും. മൈനർമാരുടെ എണ്ണം കുറയുന്നത് ആക്രമണ സാധ്യത കൂട്ടുന്നു. ഗണിതത്തിന്റെ കാഠിന്യം കുറഞ്ഞാൽ ആക്രമണത്തിന് താരതമ്യേന കുറഞ്ഞ കമ്പ്യൂട്ടർ ശേഷി മതിയാകും. ആക്രമണത്തിനുള്ള ചെലവ് കുറയും. കേവല ഭൂരിപക്ഷം ഉള്ളതുകൊണ്ട് ഡബിൾ സ്‌പെൻഡ് ഇടപാടുകൾക്ക് അംഗീകാരം നൽകാം (10 ലക്ഷം രൂപ ബാലൻസ് ഉണ്ടായിരുന്ന നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പിന്നീട് ഇടപാടുകൾ ഒന്നും നടക്കാതെ തന്നെ ബാലൻസ് പൂജ്യം ആയാലോ? ഡബിൾ സ്പെൻഡിങ് നടന്നാൽ ഏതാണ്ട് ഇതുപോലിരിക്കും). ഇതോടെ  ഇതിലുള്ള വിശ്വാസം നഷ്ടപ്പെടും, ഇടപാടു  നടത്താൻ കഴിയാതാകും; ബിറ്റ് കോയിൻ ഉപയോഗശൂന്യമാകും. വില തകരും. ഇങ്ങനെ മൂല്യമില്ലാത്ത, ഉപയോഗശൂന്യമാകുന്ന ബിറ്റ്കോയിൻ മോഷ്ടിച്ചിട്ട് ഹാക്കർമാർക്ക് എന്തുകാര്യം? ശ്രദ്ധിക്കേണ്ടത്, 51% ആക്രമണം നടന്നു എന്നറിയുന്നത് പലപ്പോഴും പല മണിക്കൂറുകൾ കഴിഞ്ഞാകും. ഈ വാർത്ത പുറത്തു വരുമ്പോഴാകും വില തകർച്ച നടക്കുന്നത്.  ഈ സമയത്തിനുള്ളിൽ ഹാക്കർമാർ മോഷ്ടിച്ച ബിറ്റ്കോയിൻ വിൽപ്പന നടത്തി പണമാക്കി മാറ്റിയിരിക്കും. 

വില വർധിക്കുമ്പോൾ ബിറ്റ് കോയിൻ കയ്യിലുള്ളവരും മൈനർമാരും വിൽക്കാനുള്ള സാധ്യത കുറവാണ്. കാരണം നാളെ കൂടുതൽ വില ലഭിക്കും. എന്നാൽ കുറയുമ്പോഴോ? എത്രയും പെട്ടെന്ന് വിൽക്കും. വിൽപ്പന കൂടുന്നത് വില കുറയാൻ കാരണമാകും.

സതോഷി ബിറ്റ് കോയിൻ വിറ്റഴിച്ചാലോ   

ഏറ്റവും കൂടുതൽ ബിറ്റ് കോയിൻ സ്രഷ്ടാവായ സതോഷിയുടെ കൈയിലാണ് - 10 ലക്ഷം (1.60 ലക്ഷം കോടി രൂപ മൂല്യം, മൊത്തം ലഭ്യതയുടെ 5.26%). തുടർച്ചയായ വിലവർധന എന്ന പ്രതീക്ഷ തെറ്റിയതോടെ  സതോഷി  നിലവിലെ സാഹചര്യത്തിൽ അത് വിറ്റഴിച്ചാൽ? വിപണിയിൽ ലഭ്യത കൂടും; വില കുറയും. സ്രഷ്ടാവ് തന്നെ വൻതോതിൽ വിൽപ്പന നടത്തിയാൽ മറ്റുള്ളവർക്ക് ഇതിലുള്ള ആത്മവിശ്വാസം തകരും, വില വീണ്ടും കുറയും

ഫീസിന്റെ കൂടുന്ന പ്രാധാന്യം 

ബ്ലോക്ക് റിവാർഡിനു പുറമേ ഫീസും മൈനർമാർക്ക് ലഭിക്കുന്നു. ഒരു ബ്ലോക്കിന്റെ പരമാവധി വലുപ്പം ഒരു എംബി ആയി ബിറ്റ്കോയിൻ പ്രോട്ടോക്കോൾ പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് ഒരു ബ്ലോക്കിൽ ഉൾക്കൊള്ളിക്കാവുന്ന ഇടപാടുകൾക്ക് ഒരു പരിധിയുണ്ട്. ഇതിലും കൂടുതലാണ് അംഗീകരിക്കപ്പെടാൻ കാത്തുനിൽക്കുന്ന ഇടപാടുകളുടെ എണ്ണമെങ്കിലോ? കൂടുതൽ ഫീസ് നൽകുന്ന  ഇടപാടുകൾ തെരഞ്ഞെടുത്ത് അംഗീകരിക്കും. വില കുറഞ്ഞു നിൽക്കുമ്പോൾ  ഫീസ് വർധിച്ചില്ലെങ്കിൽ മൈനർമാരുടെ താല്പര്യം കുറയും. മാത്രമല്ല ഫീസ് കുറഞ്ഞവ തിരക്ക് കുറഞ്ഞ സമയങ്ങളിലേ മൈനർമാർ അംഗീകരിക്കുകയുള്ളൂ. അഥവാ ഈ ഇടപാടുകൾ എപ്പോൾ അംഗീകരിക്കപ്പെടുമെന്നതിന്  ഉറപ്പില്ല; ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞേക്കാം. ആ സമയത്തിനുള്ളിൽ വിലയിൽ ചാഞ്ചാട്ടം വന്നാലോ? ഇക്കാര്യങ്ങൾ ബിറ്റ് കോയിന്റെ സ്വീകാര്യത കുറയ്ക്കും - ഉടമസ്ഥർക്കും മൈനർമാർക്കും. 

ഇതെല്ലാം സംഭവിച്ചാൽ ബിറ്റ് കോയിന്റെ മൂല്യം പൂജ്യത്തിൽ എത്തുമോ? സാധ്യത ഇല്ലാതില്ല. 

English Summary : The Resons for Bitcoin to Come down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com