സ്വർണവും എണ്ണയും ചേർന്ന് രൂപയെ രക്ഷിക്കുമോ?

HIGHLIGHTS
  • ആദ്യമായി അംബാനിയെ അടിക്കാൻ വടിയോങ്ങി കേന്ദ്രസർക്കാർ
rupee (8)
SHARE

ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിലേക്കെത്തിയ രൂപയെ എങ്ങനെയും രക്ഷിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. വിദേശ സ്ഥാപക നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണികളിൽ നിന്നും പണം പിൻവലിക്കുന്ന പ്രവണതക്ക് കുറവില്ലാത്തതും, ഇനിയും ഓഹരി വിപണി താഴാം എന്ന് ചിന്തിച്ച് ഇന്ത്യൻ മ്യൂച്ചൽ ഫണ്ടുകളും ചെറുകിട നിക്ഷേപകരും ഭയന്നു മാറി നിൽക്കുന്നതും വീണ്ടും രൂപയുടെ മൂല്യം ഇടിയാൻ പരോക്ഷമായി കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വർണത്തിന്റെയും പെട്രോൾ, ഡീസൽ എന്നിവയുടെയും കയറ്റുമതി–ഇറക്കുമതി  തീരുവകളിൽ വ്യത്യാസം വരുത്തിയാണ് രൂപയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 

സ്വർണം 

gold-market

സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 12.5 ആയി കേന്ദ്ര സർക്കാർ ഇന്നലെ  ഉയർത്തിയിരുന്നു. ഇന്ത്യയിലെ ഉപഭോഗത്തിനുള്ള ഭൂരിഭാഗം സ്വർണവും ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി തീരുവ ഉയർത്തിയതോടെ സ്വർണ വില ഇന്ത്യയിൽ ഇനിയും കൂടുകയും ആളുകൾ സ്വർണം വാങ്ങാൻ മടിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇത് സ്വര്‍ണാവശ്യകതയും ഇറക്കുമതിയും കുറയ്ക്കുമെന്നാണ് സർക്കാരിന്റെ പക്ഷം. എന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞിരിക്കുമ്പോൾ ഇന്ത്യയിൽ വളരെ കൂടുതൽ വില കൊടുക്കേണ്ടി വരുന്ന ഈ സാഹചര്യത്തിൽ കള്ളക്കടത്ത് പെരുകാൻ സാധ്യതയുണ്ട്. ഇറക്കുമതി തീരുവ കൂട്ടിയത് മാത്രമല്ല ഡോളറിന്റെ ശക്തിപ്പെടലും ആഭ്യന്തര സ്വർണവിലയെ രാജ്യാന്തര വിലയോട് ആനുപാതികമല്ലാത്ത നിലവാരത്തിലേക്കെത്തിക്കുമെന്നതിൽ സംശയമില്ല. സ്വർണമില്ലാതെ ഒരു ആഘോഷവുമില്ല എന്ന കാര്യത്തിൽ കടുംപിടുത്തം പിടിക്കുന്ന ഇന്ത്യക്കാരുടെ പോക്കറ്റ് ഇതോടെ കൂടുതൽ ചോരുമെന്നല്ലാതെ ആരെങ്കിലും ആഭരണം വാങ്ങാതെയിരിക്കുമോ? 

ശുദ്ധീകരിച്ച ഇന്ധനം 

അസംസ്കൃത ഇന്ധനം ഇറക്കുമതി ചെയ്തു അത് ശുദ്ധീകരിച്ച് വീണ്ടും കയറ്റുമതി ചെയ്യുന്ന ഓയിൽ റിഫൈനറികളുടെ ലാഭത്തിൻമേലാണ് ഈ  പ്രാവിശ്യം കേന്ദ്ര സർക്കാർ കൈവച്ചിരിക്കുന്നത്. ശുദ്ധീകരിച്ച ഇന്ധന കയറ്റുമതി കുറക്കാനും, ആഭ്യന്തര ഇന്ധന  വിതരണം കൂട്ടാനും ഉദ്ദേശിച്ചാണ് പെട്രോളിന്റെയും, ഡീസലിന്റെയും, വ്യോമയാന ഇന്ധനത്തിന്റെയും കയറ്റുമതി  തീരുവ കൂട്ടിയിരിക്കുന്നത്. സാധാരണ വമ്പൻ കമ്പനികളെ കൊഞ്ചിക്കുന്ന നിലപാട് മാത്രമെടുക്കാറുള്ള കേന്ദ്ര സർക്കാർ വേറെ ഒരു  നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ് ഇത്തവണ ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്. അവസരം മുതലെടുത്ത് രാജ്യാന്തര  ഇന്ധനവില ഉയർന്നുനിന്ന കാലത്തെല്ലാം ഓയിൽ റിഫൈനിങ് കമ്പനികൾ ആഭ്യന്തര വിതരണം പോലും കുറച്ചു കയറ്റുമതിയിൽ ശ്രദ്ധയൂന്നി വൻ ലാഭം ഉണ്ടാക്കിയിരുന്നു. ശുദ്ധീകരിച്ച ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ഉയർത്തിയതുമൂലം ഇന്നലെ ഓയിൽ റിഫൈനറികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 

Rupee down
Representative Image. Photo credit : LeoWolfert/ Shutterstock.com

ചുരുക്കി പറഞ്ഞാൽ കയറ്റുമതി എങ്ങനെയും നിയന്ത്രിക്കുക, അതുപോലെ ഇറക്കുമതി എങ്ങനെയും കുറക്കുക ഈ രണ്ടു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി, രൂപയെ കൂടുതൽ വീഴ്ചയിൽനിന്നും കര കയറ്റാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതുകൊണ്ടാണ്  കയറ്റുമതിയിൽ മുൻപന്തിയിൽ  നിൽക്കുന്ന ഇന്ധനങ്ങളെയും, ഇറക്കുമതിയിൽ മുന്നിലുള്ള സ്വർണത്തെയും കൂട്ടുപിടിച്ച് രൂപയെ രക്ഷിക്കാൻ നോക്കുന്നത്. സാധാരണ ഗതിയിൽ റിസർവ് ബാങ്കിന്റെ ഇടപെടലിൽ തന്നെ രൂപ വീഴ്ചകളെ അതിജീവിക്കാറുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ റിസർവ് ബാങ്ക് കിണഞ്ഞു പരിശ്രമിച്ചിട്ടും രൂപയെ കരകയറ്റാൻ പറ്റാത്തതുകൊണ്ടാണ് കേന്ദ്ര സർക്കാർ നേരിട്ട് ഇടപെടുന്നത്. ഈ ഒരു കാര്യം വിജയിച്ചാൽ ഇന്ത്യയിലെ ആഭ്യന്തര ഇന്ധന വിതരണ സംവിധാനം മെച്ചപ്പെടുത്താനും  ഇന്ധനവില കുറക്കുവാനും, പണപ്പെരുപ്പത്തിന് തടയിടുവാനും കേന്ദ്ര സർക്കാരിന് സാധിക്കും.

Engilsh Summary : Is Gold and Refined Oil Can Help Rupee from Devaluation?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS