ഫെഡ് നിരക്കുകൾ 75 ബേസിസ് പോയിന്റുകൾ വർധിപ്പിച്ച ഇന്നലെ മികച്ച ടെക് റിസൾട്ടുകളുടെ പിൻബലത്തിൽ അമേരിക്കൻ വിപണി മുന്നേറ്റം നേടി. അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിൽ വ്യാപാരം തുടരുന്നു. മികച്ച തുടക്കത്തിന് ശേഷം ലാഭമെടുക്കൽ പ്രകടമാണെങ്കിലും ഏഷ്യൻ വിപണികളും നേട്ടത്തിലാണ് തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 16800 മറികടന്ന ശേഷം 16770 പോയിന്റിലാണ് വ്യാപാരം തുടരുന്നത്.
ഫെഡ് റേറ്റ് @ 2.50%
മൈക്രോസോസ്ഫ്റ്റിന്റെയും, ആൽഫബെറ്റിന്റെയും റിസൾട്ടുകൾ ഇന്നലെ അമേരിക്കൻ വിപണിക്ക് തന്നെ വലിയ ആത്മ വിശ്വാസം നൽകി. ഫെഡ് റിസർവ് ഇത്തവണയും 0.75% മാത്രം നിരക്കുയർത്തൽ നടത്തിയതും അടുത്ത ഫെഡ് മീറ്റിങ്ങുകളിൽ നിരക്കുയർത്തലിന്റെ തോത് ഇനിയും കുറയുമെന്ന് സൂചിപ്പിച്ചതും ഇന്നലെ അമേരിക്കൻ ടെക്ക് റാലിക്ക് കാരണമായി. നാസ്ഡാക് 4% മുന്നേറിയപ്പോൾ എസ്&പി 2.62%വും ഡൗ ജോൺസ് 1.37%വും മുന്നേറ്റം നേടി. വിപണി സമയത്തിന് ശേഷം വന്ന ഫേസ്ബുക്കിന്റെ ഏണിങ് ലക്ഷ്യം തെറ്റിയത് അമേരിക്കൻ ഫ്യൂച്ചറിന് നേരിയ തിരുത്തൽ നൽകി.
ഇന്നത്തെ യൂറോപ്യൻ കൺസ്യൂമർ കോൺഫിൻസും ജർമൻ പണപ്പെരുപ്പക്കണക്കുകളും, അമേരിക്കൻ ജിഡിപി കണക്കുകളും വിപണിക്ക് പ്രധാനമാണ്. ആപ്പിൾ, ആമസോൺ, ഇന്റൽ എന്നീ ടെക്ക് ഭീമന്മാരുടെ റിസൾട്ടുകളും ഇന്ന് വിപണിയുടെ ഗതി നിയന്ത്രിക്കും.
നിഫ്റ്റി
ഇന്നലെ ഇന്ത്യൻ വിപണി ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടി. ബാങ്കിങ്, ഫിനാൻസ്, ഐടി, ഫാർമ സെക്ടറുകൾ ഇന്നലെ വിപണിയെ മുന്നിൽ നിന്നും നയിച്ചു. 16641 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16580 പോയിന്റിലും 16500 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 16700 പോയിന്റ് കടന്നാൽ 16800 പോയിന്റിലും 16880 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
ഐടി സെക്ടർ ഇന്ന് ഇന്ത്യൻ വിപണിയെയും മുന്നിൽ നിന്നും നയിച്ചേക്കും. ഫിനാൻഷ്യൽ ബാങ്കിങ്, ഫാർമ, മെറ്റൽ, എനർജി, കൺസ്യൂമർ ഡ്യൂറബിൾ സെക്ടറുകളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ടിസിഎസ് ഇൻഫോസിസ്, എച്ച്സിഎൽ ടെക്ക്, ബജാജ് ഫിനാൻസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ് ഇന്ഡ് ബാങ്ക്, എൽ&ടി, അൾട്രാ ടെക്ക് മുതലായ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
റിസൾട്ടുകൾ
ഡോക്ടർ റെഡ്ഡിസ്, നെസ്ലെ, പിഎൻബി,എസ്ബിഐ ലൈഫ്, ശ്രീ സിമന്റ്, ബജാജ് ഫിൻസേർവ്, ലാൽപത് ലാബ്സ്, ടിവിഎസ് മോട്ടോർസ്, ജൂബിലന്റ് ഫുഡ്, എസ്ബിഐ കാർഡ്സ്, എം &എം ഫിനാൻസ്, വേദാന്ത, ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ്, ഷാലെറ്റ് ഹോട്ടൽ, ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, മോട്ടിലാൽ ഒസ്വാൾ, ഇന്റലെക്ട് ഡിസൈൻ, നോസിൽ, റൈറ്റ്സ്, ടിടികെ പ്രസ്റ്റീജ് മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
അമേരിക്കൻ ഫെഡ് നിരക്ക് വർദ്ധന പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൂഡ് ഓയിലും മുന്നേറ്റം നേടി. യൂറോപ്പിന് മേൽ റഷ്യയുടെ ഊർജ സമ്മർദ്ദവും ക്രൂഡിന് അനുകൂലമാണ്.
സ്വർണം
ഫെഡ് നിരക്ക് വര്ധനവ് ഇനി വരുന്ന പോളിസി മീറ്റിങ്ങുകളിൽ കുറയുമെന്ന ജെറോം പവലിന്റെ സൂചന അമേരിക്കൻ ബോണ്ട് യീൽഡിന് മുന്നേറ്റം നിഷേധിച്ചത് സ്വർണത്തിന് അനുകൂലമായി. ഫെഡ് പ്രഖ്യാപനങ്ങൾക്ക് ശേഷം സ്വർണം മുന്നേറ്റം നേടി.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക