അമേരിക്കൻ വിപണിയുടെ മിക്സഡ് ക്ലോസിങ്ങിന് പിന്നാലെ അമേരിക്കൻ- യൂറോപ്യൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിൽ ആരംഭിച്ചു. ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എസ്ജിഎക്സ് നിഫ്റ്റി 17450 പോയിന്റിൽ വ്യാപാരം തുടരുന്നു.
അമേരിക്കൻ ടെക് മുന്നേറ്റം
അൺഎംപ്ലോയ്‌മെന്റ് ക്ലെയിമിനായി അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ കണക്ക് കഴിഞ്ഞ ആഴ്ച 260,000 കടന്നത് ഇന്ന് പുറത്ത് വരുന്ന നോൺ ഫാം പേ റോൾ കണക്കുകളെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചു. ഇത് ഇന്നലെ അമേരിക്കൻ വിപണിക്ക് ക്ഷീണമായി. എനർജി, ബാങ്കിങ്, ഫാർമ, ട്രാവൽ സെക്ടറുകളിൽ വില്പന നടന്നപ്പോളും ആമസോണും, ടെസ്‌ലയും അടക്കമുള്ള കൺസ്യൂമർ ഓഹരികളും സെമികണ്ടക്ടർ അടക്കമുള്ള ടെക്ക് സെക്ടറും മുന്നേറിയത് നാസ്ഡാക്കിന് ഇന്നലെയും പോസിറ്റീവ് ക്ലോസിങ് നൽകി. ഡൗ ജോൺസും, എസ്&പിയും ഇന്നലെ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നാൻസി പെലോസിയുടെ സന്ദർശന ശേഷം തായ്‌വാന് സമീപം ചൈന തുടരുന്ന സൈനിക അഭ്യാസവും ഇന്നലെ ലോക വിപണിയുടെ മുന്നേറ്റത്തിന് വിഘാതമായി.
ഇന്ന് പുറത്ത് വരുന്ന കഴിഞ്ഞ മാസത്തെ അമേരിക്കൻ തൊഴിൽക്കണക്കുകളും, ചൈനീസ് സൈനികാഭ്യാസവും, ടെസ്‌ലയുടെ ഓഹരി ചലനങ്ങളും വിപണിക്ക് പ്രധാനമാണ്.
നിഫ്റ്റി
ഇന്നലെയും വാങ്ങൽ തുടർന്ന വിദേശ ഫണ്ടുകളുടെ പിൻബലത്തിൽ ചൈന തായ്‌വാനെ ആക്രമിച്ചു എന്ന വ്യാജ വാർത്തയിൽ വീണ ഇന്ത്യൻ വിപണി തിരികെക്കയറി ഒരു ഫ്ലാറ്റ് ക്ലോസിങ് സ്വന്തമാക്കി. ആർബിഐയുടെ പോളിസി ഇന്ന് പുറത്ത് വരാനിരിക്കെ ബാങ്കിങ്, ഫിനാൻഷ്യൽ, റിയൽറ്റി, ഓട്ടോ സെക്ടറുകൾ വില്പന നേരിട്ടപ്പോൾ ഐടി സെക്ടറിന്റെ മുന്നേറ്റം വിപണിക്ക് തുണയായി. ആറു പോയിന്റുകൾ മാത്രം നഷ്ടത്തിൽ 17382 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 17220 പോയിന്റിലും 17050 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17530 പോയിന്റിലും 17660 പോയിന്റിലുമാണ് നിഫ്റ്റിലൂടെ അടുത്ത പ്രധാന റെസിസ്റ്റൻസുകൾ.
ഐടി, ഫാർമ, എഫ്എംസിജി സെക്ടറുകൾ ഇന്നും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ആർബിഐയുടെ നയ പ്രഖ്യാപന ശേഷം ബാങ്കിങ്, ഫിനാൻഷ്യൽ, റിയൽറ്റി, ഓട്ടോ സെക്ടറുകളിൽ വാങ്ങൽ പ്രതീക്ഷിക്കാം.
ബാങ്ക് നിഫ്റ്റി
ഇന്നലെ 234 പോയിന്റ് വീണ് 37755 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 37300 പോയിന്റിലും 36800 പോയിന്റിലും പിന്തുണ നേടിയേക്കാം. 38300 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ പ്രധാന കടമ്പ.
ആർബിഐ നയപ്രഖ്യാപനം
രണ്ടു ദിവസത്തെ നയാവലോകന യോഗ ശേഷം ഇന്ന് 10 മണിക്ക് ആർബിഐ ഗവർണർ നടത്താനിരിക്കുന്ന നയപ്രഖ്യാപനത്തിലായിരിക്കും ഇന്ത്യൻ വിപണിയുടെ ശ്രദ്ധ. കഴിഞ്ഞ രണ്ടു യോഗങ്ങളിലും നടത്തിയ വർധനകൾ പിന്തുടർന്ന് ആർബിഐ ഇന്നും റിപ്പോ നിരക്ക് 0.25%ൽ കൂടുതൽ വർദ്ധിപ്പിച്ചേക്കാമെന്ന് വിപണി കരുതുന്നു. അര ശതമാനം വർധനവ് റിപ്പോ നിരക്കിനെ വീണ്ടും കോവിഡിന് മുൻപുള്ള 5.40%ലേക്ക് എത്തിക്കും.
ആർബിഐ പലിശ നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഇടിഞ്ഞേക്കാം.
റിസൾട്ടുകൾ
എൻഎംഡിസി, മഹിന്ദ്ര, ടൈറ്റാൻ, നൈക, ഐആർബി ഇൻഫ്രാ, പെട്രോനെറ്റ്, എബിഎഫ്ആർഎൽ, റെയ്മണ്ട്, മൈന്‍ഡാ കോർപറേഷൻ, ഇൻഡിഗോ പെയ്ന്റ്സ്, ഫൈസർ, ഷിപ്പിങ് കോർപറേഷൻ, ഫോർട്ടിസ് ഹെൽത്ത്, ടാൽബ്രോസ് മുതലായ കമ്പനികൾ ഇന്നും. എസ്ബിഐ, ബിപിസിഎൽ, ഹിന്ദ് പെട്രോ, മാരികോ, അഫ്‌ളെ, എംജിഎൽ, അമര രാജ മുതലായ കമ്പനികൾ നാളെയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായി 90 ഡോളറിൽ താഴെ പോയ അമേരിക്കൻ എണ്ണ വില 90 ഡോളറിൽ ക്രമപ്പെട്ടേക്കാമെന്ന് കരുതുന്നു. അമേരിക്കൻ എണ്ണ ഉല്പാദന വർദ്ധനവും ചൈന ജിസിസിയില്‍ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് കുറയുന്നതും ബ്രെന്റ് ക്രൂഡിനെയും താഴെയിറക്കിയേക്കാം.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് 2.7%ൽ ക്രമപ്പെടുന്നതും, ചൈനയുടെ തായ്‌വാൻ അധിനിവേശ ഭീതിയും സ്വർണത്തിന് അനുകൂലമാണ്. 1800 ഡോളർ കടന്ന രാജ്യാന്തര സ്വർണ വിലയുടെ അടുത്ത റെസിസ്റ്റൻസ് 1818 ഡോളറിലാണ്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക