ADVERTISEMENT

നമ്മുടെ നിത്യജീവിതത്തില്‍ പരിചിതമായ രണ്ടു ബ്രാന്‍ഡുകളാണ് സൊമാറ്റോയും പേടിഎമ്മും. നമ്മള്‍ സൊമാറ്റോയില്‍ ഭക്ഷണം ഓർഡർ ചെയ്ത് പേടിഎമ്മിലൂടെ അതിന്‍റെ ബില്‍ പേ ചെയ്യാറുമുണ്ട്. അങ്ങനെ, ജീവിതത്തെ അത്യാവശ്യം സഹായിക്കുന്ന രണ്ട് ആപ്പുകളാണിവ.

എന്നാല്‍, ഓഹരിവിപണിയില്‍ രണ്ടിന്‍റെയും കാര്യം ഇപ്പോള്‍ കഷ്ടത്തിലാണ്. വിപണിയില്‍ അവതരിപ്പിച്ച വിലയേക്കാള്‍ ഏറെ താഴ്ന്നാണ് ഇരു കമ്പനികളുടേയും ഓഹരികളില്‍ ഇപ്പോള്‍ ഇടപാട് നടക്കുന്നത്. പൊതുവെ, ഈയിടെ ലിസ്റ്റ് ചെയ്ത ന്യൂ ജനറേഷന്‍ കമ്പനികളില്‍ ഒന്നോ രണ്ടോ എണ്ണം ഒഴികെ ബാക്കിയെല്ലാം വിപണിയില്‍ അവതരിപ്പിച്ച വിലയേക്കാള്‍ ഗണ്യമായി ഇടിഞ്ഞിട്ടുണ്ടല്ലോയെന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷേ, സൊമാറ്റോയും പേടിഎമ്മും നമ്മുടെ ജീവിതവുമായി നേരിട്ട് ബന്ധമുള്ളവയായതിനാല്‍ സൃഷ്ടിക്കുന്ന കൗതുകം വലുതാണ്. 

പേടിഎം 

Paytm-2-

2021 നവംബർ 18 ന് പേടിഎം ലിസ്റ്റ് ചെയ്തു. ഐ.പി.ഒ വില 2150 രൂപ. ഈ വില വളരെ ഉയർന്നതാണെന്ന് അന്നേ പല അനലിസ്റ്റുകളും മുന്നറിയിപ്പ് കൊടുത്തിരുന്നു. വിപണിയിലെ ആദ്യ ദിനം ആരംഭിച്ചത് 1955 രൂപയിലേക്ക് ഇടിഞ്ഞ്. പിന്നീടങ്ങോട്ട്, 72 ശതമാനത്തോളം ഇടിഞ്ഞു. വില 511 രൂപ വരെ താഴ്ന്നു. ഒരിക്കല്‍ പോലും 2150 രൂപയുടെ പ്രാരംഭവിലയിലേക്ക് തിരികെവരാന്‍ കഴിഞ്ഞില്ല. ഇന്നലെ ഓഗസ്റ്റ് 5 ന് പേടിഎം ഓഹരിയുടെ വില 778 രൂപ ആണ്.

ശ്രദ്ധേയമായ രണ്ട് കാര്യങ്ങള്‍ മാനേജ്മെന്‍റ് ഇതിനിടയില്‍ ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 327 കോടിയുടെ സ്പോണ്‍സർഷിപ്പ് കരാർ കാലാവധി കഴിയും മുന്‍പ് തന്നെ പേടിഎം നിർത്തി. സ്റ്റാർട്ടപ്പുകള്‍ക്ക് പൊതുവെ ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ പരസ്യച്ചെലവ് കുറയ്ക്കുകയെന്ന മാർഗമാണ് കമ്പനികള്‍ ഈയിടെയായി സ്വീകരിക്കുന്നത്. അതിലൊന്നായി ഈ നീക്കത്തെയും വിലയിരുത്തപ്പെട്ടു. 

കമ്പനി അടിസ്ഥാന ബിസിനസിൽ ശ്രദ്ധകൂടുതൽ നൽകുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. ഇതിനെ സാധൂകരിക്കുന്ന വിധമാണ് പ്രമോട്ടറുടെ കഴിഞ്ഞ ദിവസം വന്ന പ്രസ്താവന. വണ്‍ 97 കമ്യൂണിക്കേഷന്‍റെ (പേടിഎമ്മിന്‍റെ മാതൃകമ്പനി) സി.ഇ.ഒ വിജയ്ശേഖർ ശർമ കമ്പനി അടുത്ത സാമ്പത്തികവർഷം പകുതിയോടെ ലാഭത്തിലേക്ക് വരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബൈ നൗ, പേ ലേറ്റർ എന്ന പേടിഎമ്മിന്‍റെ സേവനം ഹിറ്റാണെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. പെട്ടെന്ന് നല്‍കാനാവുന്ന വ്യക്തിഗത വായ്പ മുതല്‍ കച്ചവടക്കാർക്കുള്ള പദ്ധതികള്‍ വരെ ഇനിയങ്ങോട്ട് കാര്യങ്ങള്‍ തകർക്കുമെന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. വളരെ ചെറിയ വായ്പകള്‍ നല്‍കാനാവുമെന്നതാണ് ഹൈലെറ്റ് എന്നും കമ്പനി പറയുന്നു. 

2022 സാമ്പത്തികവർഷം ഇതുവരെ പേടിഎമ്മിന്‍റെ പാർട്ട്ണർമാരായ വിവിധ ധനകാര്യസ്ഥാപനങ്ങള്‍ വഴി ഒരു കോടി 52 ലക്ഷം വായ്പകള്‍ കൊടുത്തു. ഇത് മുന്‍ വർഷത്തെ അപേക്ഷിച്ച് 478 ശതമാനത്തിന്‍റെ അതിഗംഭീര വളർച്ചയാണെന്നും വിജയ്ശേഖർ ചൂണ്ടിക്കാട്ടുന്നു. പേടിഎം ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം എട്ടു കോടിയിലേക്ക് അടുക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ചില ബ്രോക്കിങ് സ്ഥാപനങ്ങള്‍ പേടിഎമ്മിന് കൂടുതല്‍ വ്യക്തത കൈവന്നിരിക്കുന്നുവെന്ന് പറയുന്നുണ്ട്. പക്ഷെ മറ്റു ചിലർ, ലാഭം ഉണ്ടാക്കി തുടങ്ങട്ടെ, നഷ്ടത്തിലോടുന്ന കമ്പനിയെ എന്തിനാണ് ഇപ്പോഴേ ഇത്രയും വില കൊടുത്ത് വാങ്ങുന്നതെന്ന ചിന്താഗതിക്കാരാണ്. 

സൊമാറ്റോ

Zomato-3

2021 ജൂലൈ 23ന് ഗംഭീര വരവായിരുന്നു വിപണിയിലേക്ക്. 76 രൂപയ്ക്ക് വന്ന ഐ.പി.ഒ ആദ്യ ദിനം ലിസ്റ്റ് ചെയ്തത് തന്നെ 115 രൂപയില്‍. പിന്നീട്, 169 രൂപ വരെ ഉയർന്നു. പിന്നീടാണ്, നഷ്ടത്തിലോടുന്ന കമ്പനിക്ക് എന്തിനാണ് ഇത്രയും വില കൊടുക്കുന്നതെന്ന തോന്നല്‍ വിപണിക്ക് ഉണ്ടായത്. ഇതോടെ, സൊമാറ്റോയും വീണു. പിന്നെ, അസാധാരണമാംവിധം ഉള്ള ഓഹരികളുടെ എണ്ണം, ഏകദേശം, 790 കോടിയിലേറെ ഓഹരികള്‍, ഇതും ചിന്തിക്കുന്ന നിക്ഷേപകനെ സൊമാറ്റോയില്‍ നിന്നും അകറ്റി. 

ഇതിനിടയില്‍ പോയി ബ്ളിങ്കിറ്റ് എന്ന സമാനസ്വഭാവമുള്ള കമ്പനിയെ 4447 കോടി രൂപക്ക് വാങ്ങി. അതോടെ, ഉടനെയെങ്ങും ലാഭം കാണിക്കാനാവില്ലെന്ന സ്ഥിതിയായി. പിന്നെ, ആദ്യകാല ഓഹരിയുടമകളുടെ ലോക്ക് ഇന്‍ കാലാവധിയും അവസാനിച്ചു. അതുവഴി, അവരുടെ കൈവശമുള്ള ഓഹരികള്‍ കൂടി വിപണിയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ഇതോടെ വില 41 വരെയെത്തി. 

ലോകമെങ്ങും അറിയപ്പെടുന്ന സാമ്പത്തികവിദഗ്ധന്‍ അശ്വത് ദാമോദരനും സൊമാറ്റൊയെക്കുറിച്ച് പരാമർശം നടത്തി. 34 രൂപയുടെ പരിസരത്തേക്ക് വന്നാല്‍ താന്‍ സൊമാറ്റോ വാങ്ങുമെന്നായിരുന്നു അതിനെ തലങ്ങും വിലങ്ങും പഠിച്ച അശ്വതിന്‍റെ കമന്‍റ്.

കഴിഞ്ഞ ദിവസം, പുറത്തു വന്ന കഴിഞ്ഞ മൂന്നുമാസത്തെ കണക്ക് പ്രകാരം, നഷ്ടം 359 കോടിയില്‍ നിന്ന് പകുതിയോളം കുറച്ച് 186 കോടിയാക്കി. ഇതിനിടയില്‍, ഓഹരി 44 രൂപ വരെ താഴെപോയിരുന്നു. പക്ഷേ, നഷ്ടം കുറച്ച വാർത്ത വന്നതോടെ കഴിഞ്ഞ ദിവസം വില 55 രൂപയിലേക്കെത്തി. 

സൊമാറ്റോ ഇവിടെനിന്നും താല്‍ക്കാലികമായെങ്കിലും മുന്നേറിയേക്കുമെന്നാണ് ബ്രോക്കിങ് കമ്പനികളുടെ വിലയിരുത്തല്‍. പ്രത്യേകിച്ചും, സ്വിഗി മാത്രമേ കാര്യമായ വെല്ലുവിളി ഉയർത്താനുള്ളൂ എന്ന സാഹചര്യത്തില്‍ സൊമാറ്റൊക്ക് നേരെ ചൊവ്വെ പോയാല്‍ നേട്ടമുണ്ടാക്കാനാവും എന്ന തിരിച്ചറിവും അവർക്കുണ്ട്. ഗോള്‍ഡ്മാന്‍ സാക്സ് വാങ്ങാമെന്നും 100 രൂപ ടാർഗറ്റ് എന്നും പറയുന്നുണ്ട്. യു.ബി.എസിന്‍റെ വിലയിരുത്തലില്‍ 95 രൂപ എത്തുമെന്ന് പറയുന്നുണ്ട്. ഇതിനിടെ ഫേസ്ബുക്ക് സൊമാറ്റോയിലുള്ള ഓഹരികളില്‍ അല്‍പ്പം വില്‍ക്കുന്നുവെന്ന വാർത്തയുമെത്തി. ചുരുക്കിപ്പറഞ്ഞാല്‍ എന്നും ആക്ഷനുള്ള കൗണ്ടർ ആയി സൊമാറ്റോ മാറുകയാണ്. 

സൊമാറ്റോയും പേടിഎമ്മും ഇപ്പോഴും കാടു വെട്ടിത്തെളിച്ചു കൊണ്ടിരിക്കുകയാണ്. വഴി ക്രമേണ തെളിഞ്ഞുവരട്ടെ. എന്നിട്ട് മതി നിക്ഷേപം എന്നാണ് കേരളത്തില്‍ നിന്നുള്ള മൂന്ന് വിപണിനിരീക്ഷകരോട് ചോദിച്ചപ്പോള്‍ മൂവരും ഏകസ്വരത്തില്‍ നല്‍കിയ ഉത്തരം. 

ചുരുക്കി പറഞ്ഞാല്‍ യഥാർത്ഥ മൂല്യത്തിനെ വലിച്ചു നീട്ടി വളരെ ഉയരത്തില്‍ കൊണ്ടുപോയി ലിസ്റ്റ് ചെയ്തതിനെ വിപണി ശിക്ഷിച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ പറയാം. ഒരു തരത്തില്‍ പറഞ്ഞാല്‍ അതിലൊരു വലിയ നീതികേടുണ്ട് താനും. എന്തായാലും, ഈ രണ്ടു കമ്പനികളുടെയും വിപണിയിലെ പ്രകടനം ഇനി വരാനിരിക്കുന്ന, ടെക്നോളജി ആസ്പദമാക്കി പ്രവർത്തിക്കുന്ന ആപ്പ് കമ്പനികള്‍ക്കെല്ലാം ഒരു പാഠമായിരിക്കും. 

(ഡിസ്ക്ളോഷർ: ഇത് തികച്ചും അറിവ് പകരാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ഇരു കമ്പനികളിലും ലേഖകന് നിക്ഷേപമില്ല. ഓഹരിവിപണിയില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവർ സർട്ടിഫൈയ്ഡ് ഫിനാന്‍ഷ്യല്‍ പ്ലാനറെ സമീപിക്കുക.)

English Summary : What Happaened in Paytm and Zomato Shares?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com