അമേരിക്കൻ വിപണി വെള്ളിയാഴ്ച മിക്സഡ് ക്ലോസിങ് നേടിയതിന് പിന്നാലെ ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകളും നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളും നഷ്ടത്തുടക്കം നടത്തി. ജാപ്പനീസ് വിപണിയുടെ റിക്കവറി ശ്രമങ്ങൾ പ്രതീക്ഷയാണ്. എസ്ജിഎക്സ് നിഫ്റ്റി 17370 പോയിന്റിന് മുകളിൽ വ്യാപാരം തുടരുന്നു.
വീണ്ടും ശക്തിപ്പെടുന്ന ഡോളർ
വെള്ളിയാഴ്ച പുറത്ത് വന്ന നോൺ ഫാം പേ റോൾ കണക്കുകൾ പ്രകാരം ജൂലൈയിൽ വിപണി പ്രതീക്ഷിച്ചതിലും ഇരട്ടി തൊഴിലവസരങ്ങൾ അമേരിക്കയിൽ സൃഷ്ടിക്കപ്പെട്ടു. ഇത് സെപ്റ്റംബറിലും ഫെഡിന് 0.75% നിരക്കുയർത്തലിന് സഹായകമാകും എന്ന വിപണി ചിന്ത ടെക്ക് ഓഹരികളിൽ വാരാന്ത്യ ലാഭമെടുക്കലിന് കാരണമായി. ബോണ്ട് യീൽഡ് 2.8%ന് മുകളിൽ കയറിയപ്പോൾ നാസ്ഡാക് വെള്ളിയാഴ്ച 0.5% നഷ്ടം നേരിട്ടു.
ഈയാഴ്ചയിലും തുടരുന്ന അമേരിക്കൻ ഏണിങ് റിപ്പോർട്ടുകളും വിപണിക്ക് പ്രധാനമാണ്. ചൈനയുടെ തായ്‌വാൻ കടലിലെ നാല് ദിവസത്തെ മിലിറ്ററി 'ഡ്രിൽ' അവസാനിക്കുന്നതും വിപണിക്ക് അനുകൂലമാണ്.
ബുധനാഴ്ച പുറത്ത് വരാനിരിക്കുന്ന ജൂലായിലെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകളിലാണ് ഇനി ലോക വിപണിയുടെ ശ്രദ്ധ. ജൂണിൽ 1981 ന് ശേഷമുള്ള റെക്കോർഡ് നിരക്കായ 9.1% വരെ ഉയർന്ന അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പം 8.8%നും താഴേക്ക് ഇറങ്ങുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. അല്ലാത്ത പക്ഷം വിപണി വീണ്ടും വീണേക്കാം.
നിഫ്റ്റി
വെള്ളിയാഴ്ച ഇന്ത്യൻ വിപണി പോസിറ്റീവ് ക്ലോസിങ് സ്വന്തമാക്കി. ബാങ്കിങ്, ഐടി സെക്ടറുകൾ മുന്നേറ്റം നേടിയപ്പോൾ എനർജി, ഓട്ടോ, ഫാർമ സെക്ടറുകൾ റിലയൻസിനൊപ്പം വീണു. നേട്ടത്തോടെ തന്നെ വ്യാപാരം തുടങ്ങിയ ശേഷം 15 പോയിന്റ് നേട്ടത്തിൽ 17397 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 17340 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 17280 പോയിന്റിലും 17230 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17480 പോയിന്റും 17550 പോയിന്റും ഇന്ന് വീണ്ടും നിഫ്റ്റിയുടെ പ്രധാന റെസിസ്റ്റൻസുകളായേക്കും.
നാളെ ഇന്ത്യൻ വിപണിക്ക് അവധിയായതിനാലും ബുധനാഴ്ച അമേരിക്കയും ജപ്പാനും ചൈനയുമടക്കമുള്ള രാജ്യങ്ങളുടെ പണപ്പെരുപ്പ കണക്കുകൾ വരാനുള്ളതിനാലും ഫണ്ട് മാനേജർമാർ ഇന്ന് കൂടുതൽ ശ്രദ്ധാലുക്കളായേക്കാം. ഐടി, ബാങ്കിങ്, ഓട്ടോ, റിയൽറ്റി, എൻബിഎഫ്സി സെക്ടറുകളിലെ തിരുത്തലുകൾ വാങ്ങൽ അവസരങ്ങളാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, വിപ്രോ, ഐടിസി, അംബുജ സിമന്റ്, സൺ ഫാർമ, ഗെയിൽ, എൻഎംഡിസി, ക്രോമ്പ്ടൺ ഗ്രീവ്സ്, വരുൺ ബീവറേജ്‌സ്, ബിഇഎൽ, പിവിആർ മുതലായ ഓഹരികൾ മുന്നേറ്റം നേടിയേക്കാം.
ബാങ്ക് നിഫ്റ്റി
165 പോയിന്റ് മുന്നേറി 37920 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 3777 പോയിന്റിൽ ആദ്യ പിന്തുണ പ്രതീക്ഷിക്കുന്നു. 37500 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത സപ്പോർട്ട്. 38150 പോയിന്റിലും 38350 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
ആർബിഐ നിരക്കുയർത്തൽ
വിപണി പ്രതീക്ഷിച്ചത് പോലെ തന്നെ ആർബിഐ റിപ്പോ നിരക്ക് അര ശതമാനം വർദ്ധിപ്പിച്ച് കോവിഡിന് മുൻപുള്ള 5.4%ൽ തന്നെ എത്തിച്ചു. അമേരിക്കൻ ഫെഡിന്റെ തുടർച്ചയായ നിരക്കുയർത്തലിലൂടെ ശക്തിപ്പെടുന്ന ഡോളറിനെതിരെ രൂപയുടെ മൂല്യം ഇനിയും കുറയാതിരിക്കാൻ പലിശ നിരക്കുയർത്തൽ ഗുണം ചെയ്തേക്കാം. പണപ്പെരുപ്പം 6%ൽ എത്തിക്കുന്നതിനൊപ്പം 80 രൂപയിലെത്തിയ ഡോളർ വില 78 ഡോളറിലേക്കെത്തിക്കാനും ആർബിഐ ലക്ഷ്യമിടുന്നു.
ക്രൂഡ് ഓയിൽ
അമേരിക്കൻ എണ്ണ ശേഖരത്തിൽ വർദ്ധനവുണ്ടാകുന്നതും, ഒപെക് ഉല്പാദന വർദ്ധനവിന് തയ്യാറായതും ക്രൂഡ് ഓയിലിന് ക്ഷീണമായി. ക്രൂഡ് ഓയിൽശേഖര കണക്കുകളും, ഒപെകിന്റെ മിനുട്സും ഈ ആഴ്ച ക്രൂഡിന് പ്രധാനമാണ്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡിന്റെ വീഴ്ചയും, ചൈനീസ്-തായ്‌വാൻ സഘർഷ സാധ്യതകളും മുന്നേറ്റം നൽകിയ സ്വർണത്തിന് ഡോളറും അമേരിക്കൻ ബോണ്ട് യീൽഡും തിരിച്ചു കയറുന്നത് ക്ഷീണമാണ്. 1800 ഡോളറിൽ സ്വർണം ശക്തമായ വില്പന പ്രതീക്ഷിക്കുന്നു
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക