അമേരിക്കൻ വിപണിയുടെ മുന്നേറ്റം ഇന്ന് ഏഷ്യൻ വിപണികൾക്കും അനുകൂലമാണ്. അമേരിക്കൻ-യൂറോപ്യൻ ഫ്യൂച്ചറുകളും നേട്ടത്തിൽ തുടരുന്നു. എസ്ജിഎക്സ് നിഫ്റ്റി 17700 പോയിന്റിനും മുകളിലാണ് വ്യാപാരം തുടരുന്നത്.
പണപ്പെരുപ്പം കുറയുന്നു
ജൂണിൽ 40 വർഷത്തെ റെക്കോർഡ് നിരക്കിലെത്തിയ അമേരിക്കൻ പണപ്പെരുപ്പം ജൂലൈയിൽ 8.5%ലേക്കിറങ്ങിയത് അമേരിക്കൻ വിപണിക്കിന്നലെ വൻ കുതിപ്പ് നൽകി. ഇത് ടെക്ക് സെക്ടറിൽ ആവേശം അഴിച്ചു വിട്ടു. ബോണ്ട് വരുമാനം വീണപ്പോൾ നാസ്ഡാക് 2.89%വും എസ്&പി 2.13%വും മുന്നേറ്റം സ്വന്തമാക്കി. ജാപ്പനീസ്, ജർമൻ, ഇറ്റാലിയൻ പണപ്പെരുപ്പ കണക്കുകളിലെ വളർച്ചാശോഷണവും വിപണിക്ക് അനുകൂലമാണ്. വിപണിയുടെ അടിത്തറ ശക്തമാകുകയാണെന്നും മുന്നേറ്റം തുടരുമെന്നും കരുതുമ്പോഴും ക്രൂഡ് ഓയിൽ വീണ്ടും തിരികെ കയറിയാൽ പണപ്പെരുപ്പവും വളരുമെന്ന ഭയവും വിപണിയിൽ ശക്തമാണ്.
ഇന്നത്തെ അമേരിക്കൻ ജോബ് ഡേറ്റയും, മൊത്ത വിലക്കയറ്റകണക്കുകളും, ഒപെക് മിനുട്സും പ്രധാനമാണ്. സിംഗപ്പൂർ ജിഡിപി കണക്കുകൾ മെച്ചപ്പെട്ടതും, നാളത്തെ ബ്രിട്ടീഷ് ജിഡിപി കണക്കുകളും ശ്രദ്ധിക്കുക.
നിഫ്റ്റി
ആരംഭത്തിലെ ലാഭമെടുക്കൽ സമ്മർദ്ദങ്ങൾ മറികടന്ന് ഇന്നലെയും ഒരു പോസിറ്റീവ് ക്ലോസിങ് സ്വന്തമാക്കാൻ വിദേശ ഫണ്ടുകളുടെ വാങ്ങലും ഇന്ത്യൻ വിപണിക്ക് സഹായകമായി. റിലയൻസിലെയും, ഐസിഐസിഐ ബാങ്കിലെയും, എച്ച്ഡിഎഫ്സി ബാങ്കിലെയും വാങ്ങൽ വിപണിക്ക് താങ്ങായി. ഇന്ന് ഗ്യാപ് അപ് ഓപ്പണിങ് പ്രതീക്ഷിക്കുന്ന നിഫ്റ്റി 17450 പോയിന്റിലും 17380 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. ഇന്നലെ 17534 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 17660 കടന്നാൽ 17800 പോയിന്റിൽ ശക്തമായ വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു.
ഐടി, ബാങ്കിങ് സെക്ടറുകൾ തന്നെയാകും ഇന്നും ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിക്കുക. നാസ്ഡാക്കിന്റെ മുന്നേറ്റം ഇന്ന് ഐടി സെക്ടറിന് അനുകൂലമാണ്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, മൈൻഡ് ട്രീ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, കോൾ ഇന്ത്യ, ഓഎൻജിസി, ഐആർസിടിസി മുതലായ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
ആഭ്യന്തര കണക്കുകൾ
നാളെ ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകൾക്കൊപ്പം വ്യവസായികോല്പാദന കണക്കുകളും, ഇറക്കുമതി-കയറ്റുമതി കണക്കുകളും കൂടി പുറത്ത് വരുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.
റിസൾട്ടുകൾ
ട്രെന്റ്, ബാറ്റ, അപ്പോളോ ഹോസ്പിറ്റൽ, ഫീനിക്സ് മിൽസ്, ഭാരത് ഫോർജ്, ഗുജറാത്ത് അംബുജ, ഗാർഡൻ റീച് ഷിപ് ബിൽഡേഴ്‌സ്, കെഎൻആർ കൺസ്ട്രക്ഷൻസ്, സ്‌പെൻസേഴ്സ് റീറ്റെയ്ൽ, പുറവങ്കര, സൺടെക്ക് റിയൽറ്റി, ശില്പ മെഡികെയർ, വിപുൽ ഓർഗാനിക്സ്, വണ്ടർലാ, ആസ്റ്റർ മുതലായ കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
അമേരിക്കൻ എണ്ണ ശേഖരത്തിലെ വർദ്ധനവ് ക്രൂഡിന് ക്ഷീണമാണെങ്കിലും അമേരിക്കൻ പണപ്പെരുപ്പം കുറഞ്ഞു തുടങ്ങിയതും കേന്ദ്ര ബാങ്കുകൾ നിയന്ത്രണം കുറച്ചേക്കാവുന്നതും ക്രൂഡിന് അനുകൂലമാണ്. ക്രൂഡ് വില വീണ്ടും 90 ഡോളറിൽ പിന്തുണ ഉറപ്പിച്ചു.
സ്വർണം
പണപ്പെരുപ്പത്തിനൊപ്പം ബോണ്ടും വീഴുന്നത് സ്വർണത്തിന് അനുകൂലമാണ്. 1800 ഡോളറിലെ പിന്തുണ നഷ്ടമായാൽ സ്വർണം താഴേക്കിറങ്ങിയേക്കാം.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക