പല്ല് തേക്കുമ്പോൾ എന്തിനാണ് ഓഹരിയെ ക്കുറിച്ച് ഓർക്കുന്നത്?

HIGHLIGHTS
  • പല്ല് തേയ്പ്പിലെ നിക്ഷേപസാധ്യതകള്‍ അറിയുക
dental-care-tips-for-children
Representative image. Photo Credits; Stasique/ Shutterstock.com
SHARE

ഒരു ദിവസം പോലും മുടങ്ങാത്ത  പ്രവർത്തി....മാന്ദ്യം വന്നാലും, കയ്യില്‍ പൈസയില്ലെങ്കിലും ഒഴിവാക്കാത്ത കാര്യം....അത് പല്ല് തേയ്പ്പാണ്. 

നിങ്ങള്‍ കുട്ടിക്കാലം മുതല്‍ ഇന്നു വരെ എത്ര ട്യൂബ് ടൂത്ത് പേസ്റ്റ് വാങ്ങി പല്ല് തേച്ചിട്ടുണ്ടാവും? എത്ര പണമാവും ഇതു വരെ ടൂത്ത് പേസ്റ്റിനത്തില്‍ മാത്രം മുടക്കിയിട്ടുണ്ടാവുക. ആലോചിച്ചു നോക്കുക. ആ പണം ടൂത്ത്പേസ്റ്റില്‍ തന്നെ നിക്ഷേപിച്ചു തിരികെപിടിക്കാന്‍ പറ്റുമോയെന്ന ചോദ്യം കൌതുകകരമാണ്. 

അതെ, ടൂത്ത് പേസ്റ്റിലും മികച്ച നിക്ഷേപസാധ്യതകളുണ്ട്. നമ്മുക്ക് കോള്‍ഗേറ്റിന്‍റെ കാര്യം തന്നെ പരിശോധിക്കാം.  

12000 കോടി രൂപയുടെ ദന്തശുദ്ധി വിപണി

പറയുമ്പോള്‍ ചില്ലറക്കാര്യമായിട്ടാവും തോന്നുക, പക്ഷേ, ഇന്ത്യയുടെ ദന്തശുദ്ധിയുടെ വാണിജ്യസാധ്യതകള്‍ പരിശോധിച്ചാല്‍ അത് 12,000 കോടിയുടെ മാർക്കറ്റാണ്. മാർക്കറ്റ് ഷെയറിന്‍റെ ഏകദേശം 50 ശതമാനവും കയ്യാളുന്ന കോള്‍ഗേറ്റ് പാമൊലിവ് ഇന്ന് ഇന്ത്യന്‍ ഓഹരിവിപണിയിലുണ്ട്. കോള്‍ഗേറ്റ് 48.3 ശതമാനം, ഹിന്ദുസ്ഥാന്‍ യൂണിലിവർ 16, ഡാബർ 13.4, പതഞ്ജലി 9.2, ജി.എസ്.കെ 7.9 ശതമാനം എന്നിങ്ങനെയാണ് ഏകദേശകണക്കുകള്‍. കോള്‍ഗേറ്റ് ഉപയോഗിക്കുന്ന പലരും അറിയുന്നില്ലെങ്കിലും ഈ കമ്പനി ഏറ്റവുമൊടുവിലായി 21 രൂപയാണ് ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് നല്‍കിയത്.

പരിഷ്കാരികളുടെ പരിപാടി

1937 ലാണ് ഇന്ത്യാക്കാരെ പല്ലുതേയ്പ്പിക്കാനായി അമേരിക്കന്‍ കമ്പനിയായ കോള്‍ഗേറ്റ് വരുന്നത്. പൊതുവെ വേപ്പിന്‍റെ കമ്പും മാവിലയും ഉമ്മിക്കരിയുമൊക്കെയായിരുന്നു ഇവിടെ ഉപയോഗിച്ചിരുന്നത്. അദ്യകാലത്ത് പേസ്റ്റ് പരിഷ്കാരികളുടെ പരിപാടിയായി പോലും കണ്ടിരുന്നു. 

അറുപതുകളില്‍ ഫോർഹാന്‍സൊക്കെയുണ്ടായിരുന്നെങ്കിലും കോള്‍ഗേറ്റ് ക്രമേണ കളം പിടിച്ചു. സിബാക്കയെ 1994 ല്‍ ഏറ്റെടുത്തതോടെ പിന്നീട് കോള്‍ഗേറ്റിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തട്ടുകേട് കിട്ടിയത് കഴിഞ്ഞ കുറച്ച് വർഷങ്ങളിലാണ്. പതഞ്ജലി ആയുർവേദിക് ഹെർബല്‍ ഓറല്‍ കെയർ ഉല്‍പ്പന്നങ്ങളുമായി വന്നപ്പോള്‍ കോള്‍ഗേറ്റ് ഒന്ന് പകച്ചു. പതഞ്ജലി ആ സെഗ്മെന്‍റില്‍ അടിച്ചു കയറി. പുതിയ മേധാവിയെ കണ്ടെത്തി അധികം താമസിയാതെ കോള്‍ഗേറ്റ് നഷ്ടപ്പെട്ട മാർക്കറ്റ് ഷെയർ തിരിച്ചുപിടിച്ചു. പോരാത്തതിന്, ഡയബറ്റിക്സ് ഉള്‍പ്പെടെയുള്ള മേഖലയിലേക്ക് പുതിയ ഓറല്‍ കെയർ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ഡയബറ്റിക്സ് ഉള്ളവർക്ക് മോണരോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇതിന് ക്രിക്കറ്റ് താരം അശ്വിനെയും അദ്ദേഹത്തിന്‍റെ അച്ഛനെയും ചേർത്ത് വിപണിയില്‍ അവതരിപ്പിച്ചു. അങ്ങനെ ഡയബറ്റിക്സ് ബ്രാന്‍റും കളം പിടിച്ചു. കുട്ടികള്‍ക്കുള്ള സെഗ്മെന്‍റ്, മൗത്ത് വാഷ്, ഇന്‍സ്റ്റന്‍റ് വൈറ്റ്നിങ് തുടങ്ങി വിവിധ മേഖലകളില്‍ കരുത്ത് കൂട്ടുകയും ചെയ്തു. ഇതോടെ ഷെയർ വിലയും കയറി തുടങ്ങി. 1600 ന്‍റെ പരിസരങ്ങളിലാണ് ഇപ്പോള്‍ കോള്‍ഗേറ്റ് ഓഹരിയുടെ വില.  

smile-emoji

വളർച്ചാ സാധ്യത

ഇന്ന് കോക്കക്കോള കഴിഞ്ഞാല്‍ ലോകത്തിലെമ്പാടും ഏറ്റവുമധികം വിതരണം ചെയ്യപ്പെടുന്ന ഉല്‍പ്പന്നമാണ് കോള്‍ഗേറ്റ് ടൂത്ത്പേസ്റ്റ്. പാമൊലിവ് എന്ന പേരിലുള്ളത് പേഴ്സണല്‍ കെയർ സെഗ്മെന്‍റാണ്. കമ്പനിയുടെ ആഗോളവില്‍പ്പനയില്‍ കോള്‍ഗേറ്റിന്‍റെ പേരിലുള്ള ഓറല്‍ കെയറിന്‍റെ സംഭാവന 44 ശതമാനമാണ്. ബാക്കി മുഴുവന്‍ ഷേവിങ് ഉള്‍പ്പെടെയുള്ള ഇതര ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് വരുന്നത്. എന്നാല്‍ ഇന്ത്യയില്‍ കമ്പനി അടവുനയം പുറത്തെടുത്തു. ഊന്നല്‍ ഓറല്‍ കെയറില്‍ മാത്രമാക്കി. മറ്റു ഉല്‍പ്പന്നങ്ങളൊക്കെയുണ്ടെങ്കിലും പേസ്റ്റ്, ബ്രഷ്, മൗത്ത് വാഷ് തുടങ്ങിയവയിലാണ് ശ്രദ്ധ കൂടുതല്‍. അതിന്‍റെ കാരണം ഇത്രയും കാലം നമ്മളെ പല്ലു തേയ്പ്പിച്ചിട്ടും ഇനിയും ഇവിടെ പല്ലുതേയ്പ്പിനുള്ള വളർച്ചാ സാധ്യതകള്‍ അനന്തമാണെന്നതാണ്. 

ഇന്ത്യയില്‍ എല്ലാവരും പല്ലു തേയ്ക്കുന്നില്ല എന്നതാണ് വസ്തുത. ഇന്ത്യന്‍ ജനതയില്‍ മൂന്നിലൊന്നു പേർ ഇപ്പോഴും ഓറല്‍ കെയർ ഉല്‍പ്പന്നങ്ങളുടെ പരിധിയിലേക്ക് വന്നിട്ടില്ല. അതു തന്നെയാണ് കോള്‍ഗേറ്റിന്‍റെ പ്രധാന സാധ്യതയും. ആഴ്ചയില്‍ അഞ്ചു തവണ മാത്രമേ പല്ലു തേയ്പ്പുള്ളൂ എന്നതാണ് പ്രധാന കണ്ടെത്തല്‍. ഗ്രാമങ്ങളിലാവട്ടെ ഇത് രണ്ടു മുതല്‍ മൂന്നു തവണ മാത്രമേ ഉള്ളൂ. രണ്ടു നേരം പല്ലു തേയ്ക്കുന്നവർ വെറും 15 ശതമാനത്തില്‍ താഴെ. ഇന്ത്യയില്‍ പ്രതിശീർഷ ഉപഭോഗം തന്നെ വെറും 200 ഗ്രാമാണ്. വളരുന്ന രാജ്യങ്ങളില്‍ പ്രധാനി ആയ ബ്രസീലില്‍ ഇത് 700 ഗ്രാമാണ്. കൂട്ടത്തില്‍ പറയട്ടെ, ചൈനയും അത്ര കേമന്മാരല്ല, വെറും 250 ഗ്രാമേ ഉള്ളൂ.

smile design
Photo Credit: Africa Studio/ Shutterstock.com

ജനസംഖ്യ കൂടുന്നതിന്‍റെ പ്രയോജനം

ചുരുക്കി പറഞ്ഞാല്‍ ഇന്ത്യ അപാരസാധ്യതകളാണ് കോള്‍ഗേറ്റിന് നല്‍കുന്നത്. ക്ളോസ് അപ്പുമായി ഹിന്ദുസ്ഥാന്‍ യൂണിലിവറും പിന്നെ ഡാബറും പല്ല് പുളിപ്പിന്‍റെ സെഗ്മെന്‍റില്‍ ജി.എസ്.കെയുടെ സെന്‍സോഡിനുമൊക്കെ ഉണ്ടെങ്കിലും കോള്‍ഗേറ്റിന് തല്‍ക്കാലം വെല്ലുവിളികളില്ല. നമ്മള്‍ കടയില്‍ പോയി പേസ്റ്റ് തരാനല്ലല്ലോ പറയുന്നത്, കോള്‍ഗേറ്റ് തരാനല്ലേ പറയുന്നത്. എപ്പോഴൊക്കെ, ഉല്‍പ്പന്നത്തിന്‍റെ ബ്രാന്‍റ് നെയിം ഉല്‍പ്പന്നത്തിന്‍റെ പര്യായമായിട്ടുണ്ടോ അപ്പോഴൊക്കെ ആ കമ്പനിയുടെ ഓഹരി വിലയും മുന്നേറി നില്‍ക്കുമെന്നത് ആഗോള പ്രതിഭാസമാണ്. ഇവിടെത്തന്നെ, ജോക്കി ഇന്നർവെയറിന് പകരം ജനം പറഞ്ഞുതുടങ്ങിയപ്പോഴാണ് പേജ് ഇന്‍ഡസ്ട്രീസിന്‍റെ വില കുതിച്ചുകയറിയതെന്ന് ഓർമിക്കാം. 

ജനസംഖ്യ കൂടുന്നതിന്‍റെ പ്രയോജനം എന്നും കിട്ടുന്ന സെക്ടറിലാണ് കോള്‍ഗേറ്റ് പ്രവർത്തിക്കുന്നത്. കുത്തകകമ്പനിയായതിനാല്‍ നേട്ടം ഉണ്ടാവുന്നതിന്‍റെ അളവ് കൂടാനാണ് സാധ്യത. അതായത്, കോള്‍ഗേറ്റ് പല്ലു തേയ്പ്പുള്ളിടത്തോളം കാലം നേട്ടംകൊയ്യും. 

(Disclaimer : ഇത് തികച്ചും അറിവ് പകരാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ഈ കമ്പനിയില്‍ ലേഖകന് നിക്ഷേപമില്ല. ഓഹരിവിപണിയില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവർ സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.) 

English Summary : Investment Possibilities in Oral care Products

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA