ADVERTISEMENT

മലയാളത്തിലെ ആദ്യ പെഴ്സണൽ ഫിനാൻസ് മാഗസിനായ സമ്പാദ്യത്തിന്റെ റീ ലോഞ്ചിങ് ഇഷ്യുവിന് പറ്റിയ ഒരു എക്സക്ലൂസിവ് അഭിമുഖത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ അത് ആരുമായിട്ടായിരിക്കണം എന്ന കാര്യത്തിൽ സംശയമൊന്നുമില്ലായിരുന്നു. ഒന്നുകിൽ സാക്ഷാൽ വാറൻ ബഫറ്റ് അല്ലെങ്കിൽ ഇന്ത്യൻ വാറൻ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാല.  പെട്ടെന്ന് കിട്ടുക ജുൻജുൻവാലയെ ആയതിനാൽ അദ്ദേഹത്തെ ബന്ധപ്പെട്ട് അനുമതി വാങ്ങി. അദ്ദേഹത്തെ ആരെക്കൊണ്ട് അഭിമുഖം ചെയ്യിക്കണം എന്നതായിരുന്നു അടുത്ത ചിന്ത. നിക്ഷേപ രംഗത്തെ കുലപതിയാണ് രാകേഷ് എങ്കിൽ നിക്ഷേപകർക്ക് നിക്ഷേപത്തിന് സൗകര്യമൊരുക്കുന്ന മറ്റൊരു കുലപതിയെ തന്നെ അതിനായി നിയോഗിച്ചു. സാക്ഷാൽ സി.ജെ ജോർജിനെ തന്നെ. ജിയോജിത്തിന്റെ സ്ഥാപകൻ.

ഓഹരി വിപണിയിലെ ആ സമയത്തെ സാധ്യതകളെ വിശകലനം ചെയ്യാനായി ഇന്ത്യൻ ഓഹരിവിപണിയിലെ രണ്ട് അതികായന്മാരെ മലയാള പ്രസിദ്ധീകരണ ചരിത്രത്തിൽ ആദ്യമായി സമ്പാദ്യത്തിനായി അന്ന്  ഒന്നിപ്പിച്ചു.  ഒരാൾ ഓഹരി വിപണിയിലെ സാധ്യതകൾ കണ്ടെത്തി അതിലെ ഓഹരികൾ വാങ്ങി നേട്ടമുണ്ടാക്കുന്നയാൾ. മറ്റെയാൾ ഇങ്ങനെ ഓഹരി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് വേണ്ട സേവനം നൽകി ഇന്ത്യയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നയാൾ. അഭിമുഖം സൂപ്പർഹിറ്റായി. സമ്പാദ്യത്തിന്റെ റീ ലോഞ്ച് ഇഷ്യു റീ പ്രിൻറായി. രാകേഷ് ജുൻജുൻവാലയുമായുള്ള അടുത്ത ബന്ധം പിന്നെയും തുടർന്നു. പിന്നീടുള്ള ലക്കങ്ങളിൽ വായനക്കാരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നൽകാൻ പോലും അദ്ദേഹം തയ്യാറായിരുന്നു.

മലയാളികൾക്കും ഓഹരിയിലൂടെ ധനികരാകാനാകുമോ?

ദീർഘകാലത്തേക്ക് ഏറ്റവും കൂടുതൽ നേട്ടം തരുന്ന ലോകത്തെ ഏറ്റവും മികച്ച നിക്ഷേപമാർഗമായിട്ടാണ് ഓഹരി വിപണി കാണപ്പെടുന്നത്. എന്നിട്ടും മലയാളിക്ക് കൈപൊള്ളുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് മലയാളികൾക്കും ഓഹരിയിലൂടെ ധനികരാകാൻ കഴിയുക. ഇക്കാര്യത്തിൽ ഏറ്റവും മികച്ച മാർഗദർശനം അന്ന്  ഓഹരി നിക്ഷേപത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായി മാറിയ രാകേഷ് ജുൻ ജുൻവാല മലയാളികൾക്ക് നൽകി.

ഓഹരി വിപണിയിലെ പല ധാരണകളെയും അതേ വരെയുള്ള ശക്തമായ വിശ്വാസങ്ങളെയും തകർത്തെറിഞ്ഞുകൊണ്ടാണ് അദ്ദേഹം ഓഹരി വിപണിയിലേക്ക് കാലെടുത്തുവെച്ചതുതന്നെ. കടം വാങ്ങിയ പണം ഓഹരിയിൽ നിക്ഷേപിക്കരുത് എന്നത് ഇപ്പോഴും തുടരുന്ന പ്രമാണം.

എന്നാൽ  കടം വാങ്ങിയ 5000 രൂപകൊണ്ടാണ് അദ്ദേഹം ഓഹരി നിക്ഷേപം ആരംഭിച്ചത്. അതിൽ നിന്ന് അദ്ദേഹം 5000 കോടിയിലേറെ  രൂപയുടെ ആസ്തി ഉണ്ടാക്കി.

ഇന്ത്യയിലെ ഏറ്റവും ധനികരായവരുടെ പട്ടികയിൽ രാകേഷ് മുൻനിര സ്ഥാനം തന്നെ നേടിയെടുക്കുകയും ചെയ്തു. രാകേഷിന് താഴെയുള്ള ഇന്ത്യൻ ധനികരിൽ പലരുടെയും കമ്പനികളിൽ രാകേഷിന് ഗണ്യമായ ഓഹരി പങ്കാളിത്തമുണ്ടായിരുന്നു എന്നത് വളരെ കൗതുകുമുള്ള കാര്യമായിരുന്നു. ഈ കമ്പനികളിൽ പണം നിക്ഷേപിച്ചശേഷം കയ്യും കെട്ടിയിരുന്ന് രാകേഷ് ജീവിതം ആസ്വദിക്കുമ്പോൾ മറ്റു ധനികർ രാകേഷിനായി പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു എന്ന് ചുരുക്കം.

അപൂർവ അനുഭവം

Rakesh-Junjunwala

ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻറിലുള്ള രാകേഷിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തുമ്പോൾ സമയം 10.30. ഇന്ത്യയിലെ സാമ്പത്തിക നിക്ഷേപ രംഗങ്ങളിലുള്ള പലരുമായും ഇതിനു മുമ്പും സുദീർഘമായ സംഭാഷണത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഒരു പത്രപ്രവർത്തകന്റെ വേഷത്തിൽ സി.ജെ ജോർജ് ഇതാദ്യമായിരുന്നു.

രാകേഷിന്റെ ഓഫീസിൽ ആദ്യമായി എത്തുന്ന ഒരാളുടെ കണ്ണിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുക വിവിധ ചുവരുകളിലായി ആലേഖനം ചെയ്തുവെച്ചിരിക്കുന്ന ചില വരികളാണ്. അവിടെ അദ്ദേഹത്തിന്റെ വിശ്വാസം, ലക്ഷ്യം, പ്രാര്‍ത്ഥന തുടങ്ങിയവ രേഖപ്പെടുത്തി വെച്ചിരിക്കുന്നു.  അദ്ദേഹത്തിന്റെ മതം മൂലധനത്തിന്റെ പരിപൂർണ സുരക്ഷ എന്നതാണ്. മുടക്കുമതലിൽ നിന്നുള്ള പരിപൂർണ നേട്ടം എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അഭിനിവേശവും. അദ്ദേഹം രാജ്യത്തെ ഏറ്റവും വലിയ ധനികനായതിൽ അതിശയമൊന്നും ഇല്ല. ഒട്ടേറെ സംഘട്ടനങ്ങളിൽ തോറ്റാലും എല്ലാ യൂദ്ധങ്ങളിലും വിജയിക്കുവാനാണ് രാകേഷ് ലക്ഷ്യം വെക്കുന്നത്. ഓഹരി വിപണിയിലെ ഒരു കളിക്കാരൻ മാത്രമായിരുന്നോ രാകേഷ്? ആണെന്നാണ് പലരും കരുതുന്നത്. കളിക്കാരൻ എന്നതിലുപരി ഒരു തത്വജ്ഞാനികൂടി ആയിരന്നു അദ്ദേഹം.

ലളിതം സുതാര്യം ഈ നിക്ഷേപതന്ത്രം

ഒരു നിക്ഷേപകൻ എന്ന നിലയില്‍ രാകേഷിന്റെ ഏറ്റവും വലിയ വിജയരഹസ്യം വളരെ ലളിതമായ ഒരുകാര്യമായിരുന്നു. വളർച്ച സാധ്യതയുള്ള കമ്പനികളെ കണ്ടെത്തി അതിന്റെ കഴിയാവുന്നത്ര ഓഹരികൾ വാങ്ങിക്കൂട്ടുക. എങ്ങനെയതിന് സാധിക്കും? അവിടെയാണ് അദ്ദേഹം മറ്റ് ഓഹരി നിക്ഷേപകരിൽ നിന്നും ഫണ്ട് മാനജർമാരിൽ നിന്നും പോർട് ഫോളിയോ വിദഗ്ധരിൽ നിന്നും വ്യത്യാസ്തനാകുന്നത്.

രാകേഷ് കണ്ടെത്തിയ വളർച്ചാ സാധ്യതയുള്ള കമ്പനികളുടെ കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള ഒരു കമ്പനിയും ഉണ്ടായിരുന്നു-ജിയോജിത് സെക്യൂരിറ്റീസ്.

2005ലാണ് അദ്ദേഹം ജിയോജിതിന്റെ ഒമ്പത് ശതമാനം ഓഹരികൾ വാങ്ങുന്നത്. ജിയോജിതിന്റെ ഓഹരികൾ വാങ്ങുന്നതിനു മുമ്പ് അദ്ദേഹം അതിന്റെ സ്ഥാപകൻ സി.ജെ ജോർജിനോട് ഒരു മണിക്കൂറോളം നേരം സംസാരിച്ചു. അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. ജിയോജിതിന്റെ കർമ രംഗമായ ഇന്ത്യയിൽ ഓഹരി ബ്രോക്കിങിന് കാര്യമായ വളർച്ചാ സാധ്യത ഉണ്ടോ? ഉണ്ടെങ്കിൽ ആ സാധ്യത മുതലെടുക്കാനുള്ള വൈഭവം ജിയോജിതിന്റെ മാനേജ്മെന്റിന് ഉണ്ടോ? സി.ജെ ജോർജിനോടുള്ള അന്നത്തെ സംഭാഷണത്തിൽ നിന്ന് അദ്ദേഹം അന്വേഷിച്ചത് ഇക്കാര്യമാണ്. സംസാരത്തിന് ഒടുവിൽ ജിയോജിതിന്റെ ഓഹരികളിൽ താൽപ്പര്യമുണ്ട് എന്ത് വില വേണം എന്ന് ചോദിച്ചു.

ഒരു ഓഹരിക്ക്  70 രൂപ വീതം വേണമെന്ന് സി.ജെ ജോർജ് പറഞ്ഞു. ഒരു വിലപേശലിന് പോലും മുതിരാതെ അദ്ദേഹം സമ്മതിച്ചു.

ഏതു കമ്പനിയുടെ ഓഹരി വാങ്ങും മുമ്പും അദ്ദേഹം പിന്തുടരുന്ന രീതി ഇതാണ്. കമ്പനികളെ പറ്റി വിശദമായി പഠിക്കും. വളർച്ചാ സാധ്യതകളെ കൃത്യമായി മനസിലാക്കും. ആ സാധ്യതകളെ മുതലെടുക്കാനുള്ള കഴിവ് അപ്പോഴത്തെ മാനേജ്മെൻറിന് ഉണ്ടോ എന്ന് നോക്കും. എല്ലാം ഒത്തുവന്നാൽ വാങ്ങും. സാധ്യത ഉണ്ടെങ്കിലും മാനേജ്മെൻറിന് കഴിവ് ഇല്ലെങ്കൽ അദ്ദേഹം വാങ്ങില്ല. വാങ്ങാനാഗ്രഹിച്ചിട്ട് ഇക്കാരണത്താൽ വിറ്റുകളഞ്ഞ ഓഹരികൾ നിരവധിയാണ്.

Rakesh Jhunjhunwala REUTERS

നിക്ഷേപത്തിലൂടെ ധനികരാകാനുള്ള 10 വഴികളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ അന്നത്തെ ഉത്തരം ഇതായിരുന്നു

∙ആദ്യം നിങ്ങളെക്കൊണ്ട് ഇതിന് കഴിയും എന്ന ശുഭാപ്തി വിശ്വാസം ഉണ്ടാകണം. യുക്തിക്ക് നിരക്കുന്ന ലാഭം മാത്രം പ്രതീക്ഷിക്കുക.

∙ഒരുപാട് നേടണം എന്ന അത്യാഗ്രഹത്തെയും ഉള്ളതെല്ലാം പോകുമോ എന്ന അകാരണമായ ഭയത്തെയും നിയന്ത്രിക്കണം. രണ്ടും അപകടമാണ്.

∙വിപലുമായ പല ഘടകങ്ങളെ പരിഗണിച്ചുമാത്രം ഒരു കമ്പനി ഓഹരിയിൽ നിക്ഷേപിക്കുക. അല്ലാതെ എതെങ്കിലും ഒന്നിനെ മാത്രം ആശ്രയിച്ച് നിക്ഷേപ തീരുമാനം എടുക്കരുത്. തീരുമാനം ബുദ്ധികൊണ്ടല്ല അറിവ് കൊണ്ട് എടുക്കുക.

∙റിസ്ക് എന്ന വാക്ക് മറക്കരുത്. ഒരു സാധനം വാങ്ങുമ്പോൾ അതിന്റെ നേട്ടവും കോട്ടവും മനസിലാക്കിയിരിക്കേണ്ട ബാധ്യത അത് വാങ്ങുന്നയാൾക്ക് മാത്രമാണ്.

∙ഓഹരി നിക്ഷേപകർക്ക് നല്ല അച്ചടക്കം വേണം. വ്യക്തമായ ഒരു നിക്ഷേപ തന്ത്രവും ഉണ്ടാകണം. ചിലപ്പോൾ നിക്ഷേപ തീരുമാനങ്ങൾ തെറ്റിയേക്കാം. പക്ഷേ പിടിവാശിയും കടുംപിടുത്തവും കാണിക്കരുത്. തിരുത്തേണ്ടപ്പോൾ തിരുത്തണം.

∙ഏത് ഓഹരിയാണ് വാങ്ങുന്നത് എന്നപോലെ ഏതു വിലയ്ക്കാണ് വാങ്ങുന്നത് എന്നതും പ്രധാനപ്പെട്ടതാണ്.

∙വസ്തുതകൾ ബോധ്യപ്പെട്ടിരിക്കണം. ക്ഷമയും വേണം. ക്ഷമ അനുദിനം പരീക്ഷിക്കപ്പെടാം.

∙നിങ്ങളുടെ ബോധ്യപ്പെടലാണ് നിങ്ങൾക്ക് നേട്ടം ഉണ്ടാക്കിത്തരുന്നത്.

∙ഒരു ഓഹരിയെക്കുറിച്ചുള്ള പ്രതീക്ഷ തെറ്റിയാൽ അത് വിറ്റൊഴിയാം. പക്ഷേ ആ തീരുമാനം നിങ്ങൾ എടുക്കുന്നത് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കണം.

∙എടുക്കുന്ന തീരുമാനം സ്വതന്ത്രവുമായിരിക്കണം. ലാഭം നഷ്ടം തുടങ്ങിയവയെ ആശ്രയിച്ചായിരിക്കരുത് അത്തരം തീരുമാനങ്ങൾ.

ആകെ ചോദിച്ചത് 10 കാര്യങ്ങളാണ്. അദ്ദേഹവും 10 കാര്യങ്ങളേ പറഞ്ഞുള്ളൂ. പക്ഷേ അതിൽ നൂറല്ല ഒരായിരം കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. ഓഹരി വിപണിയെക്കുറിച്ച് ഇതിൽ കൂടുതലൊന്നും പറയാനില്ല. ഇതിലുള്ളതിനെക്കുറിച്ച് പറയാൻ പലർക്കും പലതും ഉണ്ടായിരിക്കും. എന്നാൽ ഇതിലിൽ ഇല്ലാത്തതിനെക്കുറിച്ച് പറയാൻ ആർക്കും ഒന്നും ഉണ്ടാകില്ല. അതായിരുന്നു രാകേഷ് ജുൻജുൻവാല. അതുതന്നെയായിരിക്കുംഓഹരി നിക്ഷേപർക്ക് രാകേഷ് ജുൻജുൻവാല ഇനിയും.

മനോരമയിലെ മുൻ ജേണലിസ്റ്റായ ലേഖകൻ ഇൻഫർമേഷൻ പബ്ലിക് റിലേഷൻ സ് വകുപ്പിൽ കോ ഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്ററാണ്. ഇ മെയ്ൽ jayakumarkk8@gmail.com

English Summary : Rakesh Jhunjhunwala Shared His Investment Lessons for Malayalees through Sampadyam Magazine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com