ജെട്ടിക്കമ്പനീലാണോ നിക്ഷേപം? പരിഹാസം പടിക്കു പുറത്ത്, ജോക്കി വിശ്വാസം കാത്തു

HIGHLIGHTS
  • വാങ്ങിയ പേജിന്‍റെ ഒരു ഓഹരി പോലും 15 നീണ്ട വർഷത്തിനിടയില്‍ വിറ്റില്ല
sooraj
SHARE

കഴിഞ്ഞ ദിവസം പേജ് ഇന്‍ഡസ്ട്രീസ് എന്ന ഇന്നർവെയർ കമ്പനിയുടെ ഓഹരിവില ഒരെണ്ണത്തിന് 50,000 രൂപ കടന്നു. 2007 ലാണ് വെറും 350 രൂപയ്ക്ക് പേജ് ഓഹരിവിപണിയില്‍ കാലെടുത്ത് വച്ചത്. പേജ് ഇന്‍ഡസ്ട്രീസ് എന്ന് പറഞ്ഞാല്‍ അറിയണമെന്നില്ല. പക്ഷേ, ജോക്കി ബ്രാൻഡ് ഇന്നർവെയർ നിർമിക്കുന്ന കമ്പനിയാണ് ബംഗളൂരു ആസ്ഥാനമായുള്ള പേജ് എന്നു പറഞ്ഞാല്‍ എളുപ്പം മനസിലാവും. 

പേജിൽ നേട്ടം വാരിക്കൂട്ടിയ മലയാളി

പേജ് വിപണിയില്‍ വന്ന കാലം മുതലേ ആ ഓഹരി വാങ്ങി വലിയ നേട്ടം സൃഷ്ടിച്ച ഒരു മലയാളിയുണ്ട്. കൊച്ചി സ്വദേശി സൂരജ് നായർ. 350 ന്‍റെ നിലവാരം മുതല്‍ വില മുകളിലേക്ക് പോയപ്പോഴല്ലാം സൂരജ് പേജ് വാങ്ങിക്കൂട്ടി. താഴേക്ക് ആവറേജ് ചെയ്യുന്ന ബഹുഭൂരിപക്ഷം നിക്ഷേപകർക്കിടയില്‍ അങ്ങനെയും സൂരജ് വ്യത്യസ്തനായി.

പേജ് 50,000 കടന്നുവെന്ന വാർത്ത പ്രതീക്ഷിച്ചത് തന്നെയന്ന മട്ടിലാണ് സൂരജ്. വാങ്ങിയ പേജിന്‍റെ ഒരു ഓഹരി പോലും ഇക്കണ്ട 15 നിണ്ട വർഷങ്ങള്‍ക്കിടയില്‍ വിറ്റില്ല. കമ്പനിയുടെ വാർഷിക പൊതുയോഗങ്ങളില്‍ സംബന്ധിച്ചു. ആന്വല്‍ റിപ്പോർട്ടുകള്‍ പഠിച്ചു. നിരന്തരം മികച്ച റിസള്‍ട്ടുകള്‍ തരുന്ന കമ്പനിയുടെ ഓഹരിയെന്തിനാണ് വില്‍ക്കുന്നതെന്ന് ചിന്തിച്ചു. അതുകൊണ്ട് പേജ് അവിടെക്കിടക്കട്ടെയെന്നു കരുതിയെന്ന് പറഞ്ഞ് വിനയാന്വിതനാവുകയാണ് അദ്ദേഹം. 

സൂരജ് നായർ അടിസ്ഥാനപരമായി എന്‍ജിനിയറാണ്. പക്ഷേ, സ്റ്റോക്ക് മാർക്കറ്റാണ് മനസ് നിറയെ. അങ്ങനെ, കൊച്ചിയിലുള്ള ഒരു പോർട്ട് ഫോളിയോ കമ്പനിയില്‍ വൈസ് പ്രസിഡന്‍റ് ആയി ജോലി ചെയ്തു.  പിന്നെ, തനിയെ പോർട്ട്ഫോളിയോ കമ്പനി തുടങ്ങണമെന്നായി. അടുത്ത കൂട്ടുകാരെയും കൂട്ടി 2012 ല്‍ കൊച്ചി ആസ്ഥാനമാക്കി മോട്ട് ഫിനാന്‍ഷ്യല്‍ സർവീസസ് തുടങ്ങി. അപ്പോഴെല്ലാം ബന്ധുക്കളോടും കൂട്ടുകാരോടും പേജ് വാങ്ങാന്‍ നിർദ്ദേശിക്കുകയും ചെയ്തു. പലരും വാങ്ങി. പക്ഷേ, വില 10,000 എത്തിയപ്പോള്‍ എല്ലാവരും വിറ്റ് ലാഭമെടുത്തു. സൂരജ് പക്ഷേ, പേജില്‍ തുടർന്നു. ഇന്നും തുടരുന്നു. 

എന്തുകൊണ്ട് പേജ്?

ജട്ടിക്കമ്പനിയിലാണോ നീ പണമുണ്ടാക്കുന്നതെന്ന് പലരും പരിഹസിച്ചു. പരിഹസിക്കുന്നവരെ കുറ്റം പറയാനാവില്ലെന്നും സൂരജ് പറയുന്നു. കാരണം, സ്വന്തം ഫ്ളാറ്റ് വിറ്റാണ് സൂരജ് പേജ് വാങ്ങിയത്. ഫ്ളാറ്റ് വിറ്റ് ഭൂമിയോ കെട്ടിടമോ വാങ്ങാതെ ഓഹരി വാങ്ങിയതിന് നന്നായി പഴി കേട്ടു. (അന്ന് കൂടെ വാങ്ങിയ മറ്റൊരു കമ്പനിയാണ് ഐഷർ മോട്ടോഴ്സ്. അതും പടർന്നു പന്തലിച്ച് നില്‍ക്കുന്നു. ഐഷറും സൂരജ് ഇതുവരെ വിറ്റിട്ടില്ല)

എന്തുകൊണ്ടാണ് പേജ് അന്ന് വാങ്ങിയത്. 50,000 വരെ എത്തിയ സ്ഥിതിക്ക് ഇനി വില്‍ക്കുമോ.....ഉത്തരം വളരെ ലളിതമാണെന്ന് സൂരജ് പറയുന്നു. 

ഭാര്യ വിമിയാണ് സത്യത്തില്‍ ഈ സ്റ്റോക്ക് ഐഡിയയിലേക്കുള്ള പാത തുറന്നത്. പണ്ട്, ഒരു മേയ് മാസത്തില്‍ മഹാരാജാസിന്‍റെയടുത്തുള്ള ജോക്കി ഷോറുമില്‍ പോയി നാലഞ്ച് ജോക്കി ഞാന്‍ വാങ്ങി. വീട്ടിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഫെബ്രുവരി മാസത്തിലോ മറ്റോ വാങ്ങി എവിടെയോ മറന്നു വച്ച നാലഞ്ച് ജോക്കി കൂട് സഹിതം എടുത്തു കൊണ്ട് വന്ന് ഭാര്യ ചോദിക്കുകയാണ്, നിങ്ങളിതിന്‍റെ കച്ചവടം തുടങ്ങിയോയെന്ന്...

അന്നേരം, യാദൃശ്ചികമായി മറ്റൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടു. ആദ്യം വാങ്ങിയ ജോക്കിയെക്കാള്‍ 20 രൂപ കൂടുതലാണ് രണ്ടാമത് വാങ്ങിയ ജോക്കിയുടെ വില. അപ്പോള്‍ തന്നെ ഷോറുമില്‍ പോയി ഇതെന്താ ഇങ്ങനെയെന്ന് ചോദിച്ചു. പരുത്തിയുടെ വില കൂടുന്നതിന് അനുസരിച്ച് വില കൂട്ടിയതാണെന്ന് മറുപടി കിട്ടി. പക്ഷേ, പരുത്തിയുടെ വില വെറും അഞ്ചു ശതമാനമേ കൂടിയിട്ടുള്ളൂ. പക്ഷേ, ജോക്കിയുടെ വില കമ്പനി കൂട്ടിയത് 15 ശതമാനമാണ്. ഇത്രയധികം വില കൂട്ടിയിട്ടും ഉല്‍പ്പന്നത്തിന്‍റെ വില്‍പ്പന ഓരോ നാലുമാസത്തിലും കുതിച്ചുകയറുകയാണെന്നും ഷോറുമിലുള്ളവർ പറഞ്ഞു. പിന്നെ, നോക്കിയില്ല കമ്പനി സെക്രട്ടറിക്കെഴുതി. ബാംഗ്ളൂർ പോയി കമ്പനി സന്ദർശിച്ചു. പ്രമോട്ടർമാരായ ജെനോമല്‍ ഗ്രൂപ്പിനെ പഠിച്ചു. വിശ്വാസം വന്നു. പിന്നെ, തിരിഞ്ഞുനോക്കിയില്ല. 

വാങ്ങിയത് ഓഹരിയല്ല. സെയില്‍സ്!

ഞാനന്നു വാങ്ങിയത് ഓഹരിയല്ല. സെയില്‍സാണ്. അന്ന് 250 കോടിയാണ് പേജിന്‍റെ വിറ്റുവരവ്. അത് 1000 കോടിയാവുക എന്നതായിരുന്നു എന്‍റെ ടാർഗറ്റ്. ഓഹരി വില അതിനനുസരിച്ച് കയറിക്കൊള്ളുമെന്ന് എനിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. ഇപ്പോള്‍ പേജിന്‍റെ വിറ്റുവരവ് 3800 കോടിയാണ്. അത് 5000 കോടിയാവുമെന്നാണ് എന്‍റെ പ്രതീക്ഷ. ഓഹരിവിലയെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. ഉടനെ പേജ് ഓഹരി വില്‍ക്കാനും പോവുന്നില്ല. 

English Summary : Success Story of an Investor who Invested in Page Industries, Manufactures of Jockey 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}