ADVERTISEMENT

അമേരിക്കൻ, യൂറോപ്യൻ വിപണിയുടെ ഇന്നലത്തെ നേരിയ നേട്ടത്തോടെയുള്ള ക്ളോസിങ്ങിന് പിന്നാലെ ഏഷ്യൻ വിപണികളും നേട്ടത്തോടെ ആരംഭിച്ചെങ്കിലും ‘ഫ്ലാറ്റ് ലെവലിൽ’ വ്യാപാരം തുടരുന്നു. അമേരിക്കൻ ഫ്യൂച്ചറുകളും നേരിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്നലെ 18000 കടന്ന എസ്ജിഎക്സ് നിഫ്റ്റി 17970 പോയിന്റിൽ വ്യാപാരം തുടരുന്നു.

ഡൗ ജോൺസ്‌ അഞ്ചാം ദിനവും നേട്ടത്തിൽ 

സെമി കണ്ടക്റ്റർ, എനർജി ഓഹരികളുടെ പിന്തുണയിൽ അമേരിക്കൻ വിപണി ഇന്നലെയും ഒരു പോസിറ്റീവ് ക്ലോസിങ് സ്വന്തമാക്കി. ക്രൂഡിന്റെ തിരിച്ചു വരവും, ചിപ്പ് ഓഹരിയായ വുൾഫ് സ്പീഡിന്റെ  റിസൾട്ടും അനുകൂലമായി. അമേരിക്കൻ മാനുഫാക്ച്ചറിങ് കണക്കുകൾ മെച്ചപ്പെട്ടപ്പോൾ  തൊഴിൽ-ഭവന  വില്പന കണക്കുകൾ വിപണി പ്രതീക്ഷക്കൊപ്പം തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടു. അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം ഫെഡ് വിഭാവനം ചെയ്ത കണക്കുകൾക്കുള്ളിൽ തന്നെ നിൽക്കുന്നത് ഫെഡ് നിരക്ക് വർദ്ധനവിന് അനുകൂലമാകുമെന്ന് വിപണി കരുതുന്നു. യൂറോ സോൺ പണപ്പെരുപ്പ വർദ്ധനവിന് പുറമെ ജപ്പാനും റെക്കോർഡ് പണപ്പെരുപ്പം റിപ്പോർട്ട് ചെയ്‍തത് ലോക വിപണിക്ക് ക്ഷീണമാണ്. ബ്രിട്ടീഷ് കൺസ്യൂമർ സെന്റിമെൻറ്സും റെക്കോർഡ് വീഴ്ചയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

ബ്രിട്ടീഷ് റീറ്റെയ്ൽ വില്പന കണക്കുകളും, ജർമൻ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്‌സും ഇന്ന് യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കയുടെ അടുത്ത ആഴ്ചയിലെ പിസിഇ ഇൻഫ്‌ളേഷൻ കണക്കുകളും, പിഎംഐ,  ജിഡിപി കണക്കുകളും വിപണിക്ക് പ്രധാനമാണ്.

നിഫ്റ്റി 

ഇന്നലെ ഇന്ത്യൻ വിപണി നേട്ടത്തിൽ തന്നെ വ്യാപാരമവസാനിപ്പിച്ചു. ബാങ്കിങ്, ഫിനാൻഷ്യൽ, റിയൽറ്റി മെറ്റൽ, ഇൻഫ്രാ, എഫ്എംസി ജി സെക്ടറുകൾ മുന്നേറിയപ്പോൾ ഐടി, ഓട്ടോ, ഫാർമ സെക്ടറുകൾ ലാഭമെടുക്കലിൽ വീണു.17956 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 17850 പോയിന്റിൽ ആദ്യ പിന്തുണ പ്രതീക്ഷിക്കുന്നു. 17770 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ. 18000 പോയിന്റ് കടന്നാൽ 18060 പോയിന്റിൽ തന്നെയാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസ്. 

ഇന്നും ബാങ്കിങ്, ഫിനാൻഷ്യൽ, ഇൻഫ്രാ, പവർ, റിയൽറ്റി, ഹോസ്പിറ്റാലിറ്റി, ലിക്കർ  സെക്ടറുകൾക്കൊപ്പം ഐടി, എനർജി, ഓട്ടോ സെക്ടറുകളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, കോട്ടക്ക് മഹിന്ദ്ര ബാങ്ക്, റിലയൻസ്, ഓഎൻജിസി, ഓയിൽ ഇന്ത്യ, അദാനി എന്റർപ്രൈസസ്, ടെക് മഹിന്ദ്ര, എച്ച്എഎൽ, എബിബി, ഡിക്‌സൺ, അദാനി പവർ, ടാറ്റ പവർ, പവർ ഗ്രിഡ്, എൻടിപിസി, അശോക് ലെയ്‌ലാൻഡ്, ഗ്രീൻ പാനൽ ഇൻഡസ്ട്രീസ് മുതലായ ഓഹരികൾ മുന്നേറ്റം നേടിയേക്കാം. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 194 പോയിന്റ് മുന്നേറി 39656 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 39330 പോയിന്റിലും 39090 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 39800 പോയിന്റിലും 40000 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

വിൻഡ്‌ഫോൾ ടാക്സ് 

ക്രൂഡ് ഓയിൽ വില കുറയുന്ന സാഹചര്യത്തിൽ തുടർച്ചയായ രണ്ടാം തവണയും കേന്ദ്ര സർക്കാർ ക്രൂഡ് ഓയിലിന്മേലുള്ള ‘’വിൻഡ് ഫോൾ’’ നികുതി കുറച്ചു. ടണ്ണിന് 17750 രൂപയിൽ നിന്നും 13000 രൂപയിലേക്ക് ക്രൂഡിന്റെ അധിക നികുതി കുറച്ചത് ഓഎൻജിസി, ഓയിൽ ഇന്ത്യ, റിലയൻസ്, വേദാന്ത മുതലായ ഓഹരികൾക്കനുകൂലമാണ്. 

ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും അധിക നികുതികൾ ഈരണ്ട് രൂപ വീതം വർധിപ്പിക്കുകയും ചെയ്തു. പെട്രോൾ കയറ്റുമതിക്ക് മേൽ ‘’വിൻഡ് ഫോൾ’’ നികുതിയില്ല. 

ക്രൂഡ് ഓയിൽ 

വിവിധ കാരണങ്ങളാൽ വീണു പോയ ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ എണ്ണക്ക് ആവശ്യകത വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ തിരികെ കയറി. ക്രൂഡിനും ഗ്യാസിനും മറ്റെല്ലാ കമ്മോഡിറ്റികൾക്കും 2022ൽ തന്നെ വലിയ വില മുന്നേറ്റം വരുന്നു എന്ന വിപണി ചിന്തയും ക്രൂഡിന് അനുകൂലമായേക്കാം. ചൈനയിലെ ആവശ്യകത വർദ്ധനയും, ഇറാൻ ന്യൂക്ലിയർ ഡീലുമാണ് ക്രൂഡിന്റെ നിർണായക വില നിർണയ ഘടകങ്ങൾ. 

സ്വർണം 

ബോണ്ട് യീൽഡ് വീഴാതെ നിന്നതും, ഓഹരി വിപണിയിലെ ഉത്സാഹവും സ്വർണത്തിന് വീണ്ടും വീഴ്ച നൽകി. 1730 ഡോളറിൽ സ്വർണം പിന്തുണ പ്രതീക്ഷിക്കുന്നു. 1800 ഡോളർ സ്വർണത്തിന് ഇനി ശക്തമായ കടമ്പയാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com