ADVERTISEMENT

തടസങ്ങളെ മറികടന്ന് മുന്നേറാനുള്ള ഓഹരി വിപണിയുടെ കഴിവ് പ്രസിദ്ധമാണ്. ഇപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ സംഭവിക്കുന്നതും ഇതാണ്. ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രകടനം മികച്ചതാണ്. സെപ്റ്റംബര്‍ 9 ലെ കണക്കനുസരിച്ച് എസ് ആൻഡ് പി 500 ഈ കലണ്ടര്‍ വര്‍ഷം 16.5 ശതമാനം താഴ്ന്നപ്പോള്‍  നിഫ്റ്റി 3 ശതമാനം ഉയര്‍ന്നു. ഈ പ്രകടന മികവ് നാം എങ്ങനെയാണ് വിശദീകരിക്കുക?

ആഗോള വിപണിയിലെ അവസ്ഥ

ആഗോള സാമ്പത്തിക സ്ഥിതി ഓഹരികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലാണ്. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ മൂന്നു ചാലക ശക്തികളായ യുഎസ്, ചൈന, യൂറോ മേഖല എന്നിവിടങ്ങളില്‍ വളര്‍ച്ച ഗണ്യമായി കുറയുകയാണ്. മുമ്പൊന്നും അഭിമുഖീകരിച്ചിട്ടില്ലാത്ത ഇന്ധന പ്രതിസന്ധിയില്‍ പെട്ടുഴലുന്ന യൂറോപ്  മാന്ദ്യത്തിന്റെ വക്കിലെത്തിയിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ആഴമേറിയ പ്രതിസന്ധിയും വ്യാപകമായ കോവിഡ് ലോക്ഡൗണുകളും ചേര്‍ന്നു സൃഷ്ടിച്ച ആഘാതം ചൈനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. തൊഴില്‍ വിപണി സജീവമായതിനാല്‍ യുഎസ് സമ്പദ് വ്യവസ്ഥ ശക്തമായിത്തന്നെ തുടരുന്നുണ്ടെങ്കിലും സാമ്പത്തിക വളര്‍ച്ച കുറഞ്ഞു വരുന്നതിന്റെ വ്യക്തമായ സൂചനകളുണ്ട്. തൊഴിലില്ലായ്മ 3.5 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. യുഎസ് മാന്ദ്യത്തിലേക്കു വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. വര്‍ധിക്കുന്ന പലിശ നിരക്ക് കുടുംബങ്ങളേയും വ്യാപാരങ്ങളേയും ബുദ്ധിമുട്ടിച്ചേക്കുമെന്ന് ഫെഡ് മേധാവി മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. മിക്കവാറും കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കു വര്‍ധിപ്പിച്ചുകൊണ്ടിരിക്കയാണ്. ബോണ്ടുകളുടെ പലിശ  കുതിച്ചുയരുന്നു. ആഗോള സാമ്പത്തിക വളര്‍ച്ച 2023 ല്‍ ഈ വര്‍ഷത്തേക്കാള്‍ കുറവായിരിക്കും. വികസിത രാജ്യങ്ങളില്‍ വിലക്കയറ്റം ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. വിപണിയില്‍ കുതിപ്പിന് ഒട്ടും അനുയോജ്യമായ സാമ്പത്തിക സ്ഥിതിയല്ല ഇത്. എന്നാല്‍ ഇന്ത്യയില്‍ വിപണി കുതിക്കുകയാണ്.

വിപണിയെ പിന്തുണയ്ക്കുന്നത് ചെറുകിട നിക്ഷേപകര്‍

വെല്ലുവിളികള്‍ നിറഞ്ഞ ഈ പരിസ്ഥിതിയില്‍ വിപണിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് ഇന്ത്യയിലെ ചെറുകിട നിക്ഷേപകരാണ്. നേരിട്ടും മ്യൂച്വല്‍ ഫണ്ടിലൂടെയും നിക്ഷേപം നടത്തുന്ന ചെറുകിട നിക്ഷേപകരാണ് വിദേശ പോര്‍ട്‌ഫോളിയോ  നിക്ഷേപകരുടെ വിറ്റഴിക്കലിനെ നേരിടാന്‍ വിപണിക്കു കെല്‍പു നല്‍കിയത്. 2021 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍  വിദേശ നിക്ഷേപകര്‍ 409,221 കോടി രൂപയുടെ ഓഹരികളാണ് സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളിലൂടെ വിറ്റഴിച്ചത്. ഇതേ കാലയളവില്‍ അഭ്യന്തര സ്ഥാപനങ്ങള്‍ 328,493 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതു കൊണ്ടാണ് വലിയ ആഘാതം വിപണിയില്‍ അനുഭവപ്പെടാതിരുന്നത്. ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2020 മാര്‍ച്ചിലെ 40.9 മില്യണില്‍ നിന്ന് 2022 ഓഗസ്റ്റ് ആയതോടെ 100 മില്യണു മുകളിലായിത്തീര്‍ന്നത് ചെറുകിട നിക്ഷേപകരുടെ വര്‍ധിച്ച ആവേശമാണ് കാണിക്കുന്നത്. വിപണിയെ ഭദ്രമായി നിലനിര്‍ത്താന്‍ ഇതു സഹായിച്ചിട്ടുണ്ട്.

ഇപ്പോള്‍ വിപണിയിലെ ഏറ്റവും ശക്തരായ കളിക്കാര്‍ ചെറുകിട നിക്ഷേപകര്‍ അഥവാ അഭ്യന്തര നിക്ഷേപകരാണ് എന്നകാര്യം മനസിലാക്കേണ്ടത് പ്രധാനമാണ്. പ്രതിദിന കാഷ് മാര്‍ക്കറ്റില്‍ ചെറുകിട നിക്ഷേപകര്‍, അഭ്യന്തര സ്ഥാപന നിക്ഷേപകര്‍, വിദേശ പോര്‍്ട്‌ഫോളിയോ  നിക്ഷേപകര്‍ എന്നിവരുടെ പങ്കാളിത്തം യഥാക്രമം 52 ശതമാനം, 29 ശതമാനം, 19 ശതമാനം എന്ന ക്രമത്തിലാണ്. മുന്‍പൊക്കെ വിദേശ ഫോര്ട്‌ഫോളിയോ നിക്ഷേപകര്‍ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതിനു പകരം ഇപ്പോള്‍ ചെറുകിട നിക്ഷേപകരും അഭ്യന്തര നിക്ഷേപകരുമാണ് നിര്‍ണായകമായ നിലപാടുകളെടുക്കുന്നത്. വിപണിയിലുണ്ടാകുന്ന ഓരോ താഴ്ചയിലും ചെറുകിട നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുകയും വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരുടെ വന്‍ വിറ്റഴിക്കലിന്റെ ആഘാതം അഭ്യന്തര നിക്ഷേപകരുടെ വന്‍തോതിലുള്ള വാങ്ങലിലൂടെ പരിഹരിക്കപ്പെടുകയുമാണ് ചെയ്യുന്നത്. വിപണിയിലെ ഈ പുതിയ അടിസ്ഥാനമാറ്റം കളിയുടെ നിയമങ്ങള്‍ തന്നെ മാറ്റിയിരിക്കുന്നു.

 വിദേശനിക്ഷേപകര്‍ 

ഇന്ത്യന്‍ വിപണിയില്‍ നിന്നു വിറ്റു പുറത്തു കടക്കാന്‍ എളുപ്പമെങ്കിലും അകത്തു പ്രവേശിക്കുക പ്രയാസകരവും ചിലവേറിയതുമാണെന്ന് വിദേശ നിക്ഷേപകര്‍ മനസിലാക്കിക്കഴിഞ്ഞു. വിറ്റഴിച്ച ഓഹരികളുടെ 5 ശതമാനം തിരിച്ചു വാങ്ങാന്‍ വിദേശ നിക്ഷേപകര്‍ ശ്രമിക്കുമ്പോള്‍ കാണുന്നത് വിപണിയിലേക്കുള്ള തിരിച്ചുവരവ് ശ്രമകരമാക്കും വിധം വിലകള്‍ ഉയരുന്നതാണ്. വലിയ സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് മികച്ച വളര്‍ച്ച ഉറപ്പാണ്. യുഎസിന്റെ 10 വര്‍ഷ ബോണ്ട് യീല്‍ഡ് 3.2 ശതമാനമായി ഉയരുകയും ഡോളര്‍ സൂചിക 110 ആയി ഉയരുകയും ചെയ്തിട്ടും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങുന്നത് അതുകൊണ്ടാണ്.

ഉയര്‍ന്ന വാല്യുവേഷന്‍ ഹ്രസ്വകാല വെല്ലുവിളി

എന്നാൽ മറ്റു രാജ്യങ്ങളുമായി  താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഓഹരി വാല്യുവേഷന്‍സ് കൂടുതലാണ്. ഇത് അസ്വസ്ഥത ഉളവാക്കുന്നുണ്ട്. വാല്യുവേഷന്‍സ് കൂടി നിലനില്‍ക്കുമ്പോള്‍ വിപണിയില്‍  തിരുത്തലിന് സാധ്യത കൂടുതലാണ്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വാല്യൂവേഷന്‍സിനെ സാധൂകരിക്കാന്‍ കഴിയുമെങ്കിലും ഹ്രസ്വ കാലയളവില്‍ വിപണിയെ വിപരീതമായി ബാധിച്ചേക്കാവുന്ന സാഹചര്യങ്ങള്‍ ഉണ്ടാവാം. അതിനാല്‍  ശുഭാപ്തി വിശ്വാസം പുലര്‍ത്തുമ്പോഴും നിക്ഷേപകര്‍ ജാഗ്രത കൈവിടരുത്. 

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary : Share Market Going Up in India

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com