ADVERTISEMENT

ജനകീയമായ ബ്രാന്‍ഡാണ് കുർത്തകളിലൂടെ നമ്മളറിയുന്ന ഫാബ് ഇന്ത്യ. കുറെ നാളായി ഫാബ് ഇന്ത്യ വിപണിയിലേക്ക് വരുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഒടുവില്‍, വരുന്ന കാര്യം ഏകദേശം തീരുമാനമായിരിക്കുകയാണ്. 4000 കോടിയുടെ ഐ.പി.ഒക്ക് സെബി അനുമതി നല്‍കി കഴിഞ്ഞിരിക്കുന്നു. കമ്പനി പ്രവർത്തനമാരംഭിച്ചിട്ട് 62 വർഷമായി. ബിഗ് ലീഗിലേക്ക് കയറിയിരിക്കാന്‍, പ്രത്യേകിച്ച് ഇന്ത്യന്‍ തനത് ഉല്‍പ്പന്നങ്ങള്‍ ലോകവിപണിക്ക് പരിചയപ്പെടുത്തലുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായിയെന്ന് കമ്പനി വിലയിരുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് വിപണിയില്‍ ഐ.പി.ഒ അവതരിപ്പിക്കാന്‍ ഫാബ് തീരുമാനിക്കുന്നത്. 

ദേശിവസ്ത്രങ്ങള്‍, ജൈവഭക്ഷ്യോല്‍പ്പന്നങ്ങള്‍, ഇങ്ങനെ തികച്ചും മൗലികവും ഭാരതീയവുമായ വസ്തുക്കളാണ് ഫാബ് ഇന്ത്യ അവതരിപ്പിക്കുന്നത്. ഗ്രാമീണമേഖലയുടെ സാധ്യതകളെ ഉണർത്തുന്ന കൈത്തറി, ചണം, പരുത്തി, തുന്നല്‍, മണ്‍കലം, കരകൗശലം, ഫർണിച്ചർ, പെഴ്സണല്‍ കെയർ തുടങ്ങി വിശാലമായ ഒരു റേഞ്ചിലാണ് ഇവരുടെ പ്രവർത്തനം. 

ഗ്രാമീണമേഖലയിലെ തൊഴില്‍ദാതാക്കൾ

ഒരു ലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ ബൃഹത് വിപണിയാണ് ഇന്ത്യന്‍ കൈത്തറി മേഖലയിലുള്ളത്. ഇത് ഇനിയും കൂടും. ഐ.പി.ഒക്ക് വിപണിയിലും നല്ല സ്വീകരണം കിട്ടിയാല്‍ ബ്രാന്‍ഡ് എന്ന നിലയ്ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ ഫാബിന് വളരാനാവും. ഗ്രാമീണമേഖലയില്‍ തൊഴില്‍ദാതാക്കളായ ഫാബിന്‍റെ വളർച്ച സാമൂഹികപുരോഗതിയുടെ ആംഗിളിലും കാണാവുന്നതാണ്. കമ്പനിയുടെ ഭാഗമായി മാറിയ കർഷകർക്കും നെയ്ത്തുകാർക്കും അനുബന്ധമേഖലയിലെ ജോലിക്കാർക്കുമെല്ലാം ഓഹരി നല്‍കാനും കമ്പനിക്ക് പദ്ധതിയുണ്ട്. അത് പ്രമോട്ടർമാരായ ബിമല നന്ദ ബിസ്സലും മധുകർ ഖേരയും അവരുടെ ഓഹരികളില്‍ നിന്നുമാണ് നല്‍കുക. ഇത് തികച്ചും അഭിനന്ദനമർഹിക്കുന്നു. ഇതിലൂടെ ഒരു ലോകമാതൃക തന്നെ നിർമിക്കപ്പെടുകയാണ്. ആഗോളതലത്തില്‍ ഫാബ് ശ്രദ്ധിക്കപ്പെടാന്‍ ഈ ഒരു കാരണം തന്നെ ധാരാളം. 

2022 മാർച്ചില്‍ അവസാനിച്ച സാമ്പത്തികവർഷം ഫാബ് ഇന്ത്യയുടെ വരുമാനം 1392 കോടി രൂപയുടേതാണ്. 39 കോടി നഷ്ടം. കോവിഡ് സമയത്ത് ഇതിലുമേറെ നഷ്ടം കാണിച്ചിരുന്നു. പക്ഷേ, കോവിഡ് ഏകദേശം കഴിഞ്ഞ ലക്ഷണമായതിനാല്‍ കമ്പനി നല്ല പ്രതീക്ഷയിലാണ്. ഇനിയങ്ങോട്ട് പറന്നുകയറാം എന്നാണ് വിലയിരുത്തല്‍. 

1960 ല്‍ അമേരിക്കക്കാരനായ ജോണ്‍ ബിസ്സലാണ് ഫാബ് ഇന്ത്യ തുടങ്ങിയത്. ദല്‍ഹിയാണ് ആസ്ഥാനം ഫോർഡ് ഫൗണ്ടേഷന്‍റെ ഗ്രാമീണോന്നമനം ലക്ഷ്യമിടുന്ന ജോലിക്കാണ് ബിസ്സല്‍ ഇന്ത്യയില്‍ വരുന്നത്. ബിമല നന്ദ എന്ന പഞ്ചാബി സ്വദേശിയെ വിവാഹം കഴിച്ച് അദ്ദേഹം പിന്നെ ഇവിടെത്തന്നെ തുടർന്നു. 1998 ല്‍ ബിസ്സല്‍ അന്തരിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പുത്രന്‍ വില്യം നന്ദ ബിസ്സലാണ് ഫാബ് ഇന്ത്യയുടെ അമരക്കാരന്‍. വിപ്രോയുടെ സാരഥി അസിം പ്രേംജിയും കമ്പനിക്ക് പിന്നിലുണ്ട്. 

English Summary : Fab India's IPO soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com