ADVERTISEMENT

വെള്ളിയാഴ്ച വീണ്ടും തകർന്ന അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. അമേരിക്കൻ ബോണ്ട് യീൽഡ് 3.74% വരെ മുന്നേറിയ ശേഷം 3.71%ൽ ക്രമപ്പെടുമ്പോൾ, അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 17200 പോയിന്റിലേക്ക് വീണു.   

പവൽ, ബല്ലാർഡ്, ബോണ്ട് യീൽഡ് 

ഫെഡ് റിസേർവ് 75 ബേസിസ് പോയിന്റ് നിരക്കുയർത്തൽ നടത്തിയതും, കൂടുതൽ നിരക്കുയർത്തൽ സാധ്യത സൂചന നൽകിയതും കഴിഞ്ഞ ആഴ്ച അമേരിക്കൻ വിപണിയെ നിർണായക നിരക്കുകളിലേക്ക് ഇറക്കി. കഴിഞ്ഞ രണ്ട് ആഴ്ചകളിലും നാസ്ഡാക് 5%ൽ കൂടുതൽ നഷ്ടം നേരിട്ടു. ഇന്ന് ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും, ചൊവ്വാഴ്ചയും ബുധനാഴ്ചയും  ഫെഡ് ചെയർമാൻ ജെറോം പവലും, ഫെഡ് അംഗം ജെയിംസ് ബല്ലാർഡും സംസാരിക്കുന്നതിനും മുന്നോടിയായി അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് വീണ്ടും മുന്നേറുന്നത് അമേരിക്കൻ സൂചികകൾക്ക് വീണ്ടും ക്ഷീണമായേക്കാം. വെള്ളിയാഴ്ച യൂറോ സോൺ പണപ്പെരുപ്പ കണക്കുകൾ പുറത്ത് വരുന്നതിന് മുന്നോടിയായി ഇസിബി പ്രസിഡന്റ് ക്രിസ്റ്റീൻ ലെഗാർദെ ഇന്ന് ഇക്കണോമിക് & മോണിറ്ററി അഫയേഴ്‌സ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകുന്നതും ലോക വിപണിക്ക് പ്രധാനമാണ്. 

ഫെഡ് നിരക്കുകൾക്ക് അടിസ്ഥാനമായ പിസിഇ പ്രൈസ് ഇൻഡക്‌സും, പേഴ്‌സണൽ ഇൻകം-എക്സ്പെൻഡിച്ചർ കണക്കുകളും, അമേരിക്കൻ ജിഡിപി കണക്കുകളും ഈയാഴ്ച വിപണിയെ സ്വാധീനിക്കും. കൺസ്യൂമർ കോൺഫിഡൻസ്, ഭവന വില്പന കണക്കുകളും പ്രധാനമാണ്.  അമേരിക്കൻ ബോണ്ട് യീൽഡിന്റെ ചാഞ്ചാട്ടങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്നും ലോക വിപണിയുടെ സഞ്ചാരങ്ങളെ സ്വാധീനിക്കും. 

നിഫ്റ്റി 

രാജ്യാന്തര വിപണി സമ്മർദ്ദത്തിലും വിദേശ ഫണ്ടുവുകളുടെ വിൽപ്പനയിലും വെള്ളിയാഴ്ച ഇന്ത്യൻ വിപണി വീണ്ടും വില്പന സമ്മർദ്ദത്തിൽ വീണു. കഴിഞ്ഞ ആഴ്ചയിലെ അവസാന രണ്ട് ദിവസങ്ങളിൽ മാത്രം വിദേശ ഫണ്ടുകൾ 5000 കോടി രൂപയിലേറെ വില്പന നടത്തിയത് നിഫ്റ്റിയെ വീണ്ടും 17300 പോയിന്റിലേക്കിറക്കി. ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ സെക്ടറുകൾക്കൊപ്പം റിലയൻസും വീണതാണ് വെള്ളിയാഴ്ച ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക് കാരണമായത്. ആർബിഐ നിരക്കുയർത്തൽ ഈയാഴ്ച വരാനിരിക്കുന്നതും, ആർബിഐ എം&എം ഫിനാൻസിന്റെ മേൽ റിക്കവറി നിരോധനം കൊണ്ട് വന്നതും ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾക്ക് സമ്മർദ്ധമേറ്റി. 

വെള്ളിയാഴ്ച 17327 പോയിന്റിലേക്ക് വീണ നിഫ്റ്റി 17200 പോയിന്റിലും 17070 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17550 പോയിന്റിലും, 17777 പോയിന്റിലുമാണ് നിഫ്റ്റിയുടെ പ്രധാന റെസിസ്റ്റൻസുകൾ.

ബാങ്ക് നിഫ്റ്റി 

വെള്ളിയാഴ്ച 1200 പോയിന്റിന് മേൽ വീണ ശേഷം 39546 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 39100 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 40240 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസ്. 

ആർബിഐ നയപ്രഖ്യാപനം 

അടുത്ത ബുധനാഴ്ച യോഗം ആരംഭിച്ച് വെള്ളിയാഴ്ച പുതിയ നയപ്രഖ്യാപനം നടത്തുന്ന മോണിറ്ററി പോളിസി കമ്മിറ്റി പണപ്പെരുപ്പത്തേക്കാൾ ഫെഡ് നിരക്കുയർത്തലിൽ തകർന്ന രൂപയുടെ മൂല്യം തിരിച്ചു പിടിക്കുന്നതിന് പ്രാധാന്യം നൽകിയേക്കാം. 5.40%ൽ നിൽക്കുന്ന  റിപ്പോ നിരക്ക് ഇത്തവണയും അര ശതമാനം വർദ്ധിപ്പിച്ചേക്കാം. റിവേഴ്‌സ് റിപ്പോ നിരക്ക് 3.25%വും, ക്യാഷ് റിസേർവ് റേഷ്യോ 4.50%വുമാണ്.

ക്രൂഡ് ഓയിൽ 

ഫെഡ് നിരക്കുയർത്തലിന് പിന്നാലെ ഡോളർ ശക്തമായതും, മാന്ദ്യ ഭയവും ക്രൂഡ് ഓയിലിനെ കഴിഞ്ഞ ആഴ്ച വീണ്ടും വീഴ്ത്തിക്കളഞ്ഞു. ബ്രെന്റ് ക്രൂഡിന് 90 ഡോളറിൽ ശക്തമായ റെസിസ്റ്റൻസ് പ്രതീക്ഷിക്കുന്നു.  

സ്വർണം 

ഡോളറിനൊപ്പം അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറുന്നത് സ്വർണത്തിനും ക്ഷീണമാണ്. 1640 ഡോളറിലെത്തിയ രാജ്യാന്തര സ്വർണ വില 1620 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു. ബോണ്ട് യീൽഡ് മുന്നേറ്റം ക്രമപ്പെട്ടാൽ സ്വർണം തിരിച്ചു കയറ്റം ആരംഭിച്ചേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com