മികച്ച മുന്നേറ്റങ്ങൾക്ക് ശേഷം ഇന്നലെ അമേരിക്കൻ വിപണി നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. അമേരിക്കാൻ ഫ്യൂച്ചറുകൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 18420 പോയിന്റിൽ വ്യാപാരം തുടരുന്നു.
ഡോളറിനെ രക്ഷിക്കാൻ ഫെഡ്
ഡോളറിന് വീണ്ടും മുന്നേറ്റം നൽകാനുള്ള ഫെഡ് അംഗങ്ങളുടെ ശ്രമങ്ങൾ തിരിച്ചടിയായി. ഫെഡ് നിരക്കുയർത്തൽ പതിയെ ആക്കാനുള്ള അവസരമായെങ്കിലും ഉയരുന്ന പണപ്പെരുപ്പത്തിന് മേൽ ഇനിയും നടപടികൾ എടുക്കാനുണ്ടെന്ന ഫെഡ് വൈസ് ചെയറിന്റെ പ്രസ്താവന അമേരിക്കൻ വിപണിക്ക് ഇന്നലെ തിരുത്തൽ നൽകി. ടെക്, എനർജി, ഫിനാൻഷ്യൽ സെക്ടറുകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഫാർമ സെക്ടർ മുന്നേറ്റം കുറിച്ചു.
ചൈനീസ്-യൂറോ സോൺ ഇക്കണോമിക് ഡേറ്റകളും, അമേരിക്കൻ പ്രൊഡ്യൂസഴ്സ് പ്രൈസ് ഇൻഡക്‌സും ഇന്ന് വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ റീറ്റെയ്ൽ കമ്പനികളുടെ റിസൾട്ടുകളും, നാളത്തെ അമേരിക്കൻ റീറ്റെയ്ൽ വില്പന കണക്കുകളും, വ്യാവസായികോല്പാദന കണക്കുകളും, ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും അമേരിക്കൻ വിപണിക്ക് ഈ ആഴ്ചയിൽ നിർണായകമാണ്.
നിഫ്റ്റി
രാജ്യാന്തര വിപണി പിന്തുണയിൽ ഇന്ത്യൻ വിപണിയും ഇന്നലെ നേട്ടത്തിൽ തന്നെ വ്യാപാരം ആരംഭിച്ചെങ്കിലും ലാഭമെടുക്കലിൽ നഷ്ടത്തിൽ ക്ലോസ് ചെയ്തു. മെറ്റൽ, റിയൽ എസ്റ്റേറ്റ്, ഐടി സെക്ടറുകൾ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്കിങ്, എഫ്എംസിജി സെക്ടറുകൾ ഇന്നലെയും നേട്ടം നഷ്ടം കുറിച്ചു. ഇന്നലെ 18329 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 18240 പോയിന്റിലും 18160 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18440 പോയിന്റിലും, 18520 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
നാസ്ഡാകിലെ ലാഭമെടുക്കൽ ഇന്ന് ഇന്ത്യൻ ഐടി സെക്ടറിൽ വാങ്ങൽ അവസരം നൽകിയേക്കും. ഡിഫൻസ്, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളും നിക്ഷേപത്തിന് പരിഗണിക്കാം.
ബാങ്ക് നിഫ്റ്റി
ഇന്നലെ 60 പോയിന്റുൾ നഷ്ടമായി 42076 ഓയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 41900 പോയിന്റിലും 41750 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 42200 പോയിന്റിലും 42350 പോയിന്റിലും ബാങ്ക് നിഫ്റ്റി ഇന്ന് റെസിസ്റ്റൻസും നേരിട്ടേക്കാം.
ഇന്ത്യൻ പണപ്പെരുപ്പം
ഇന്ത്യയുടെ മൊത്ത വിലക്കയറ്റത്തിന് പിന്നാലെ റീറ്റെയ്ൽ പണപ്പെരുപ്പവും ഒക്ടോബറിൽ കുറവ് കാണിച്ചത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. സെപ്റ്റംബറിൽ 7.41%ലേക്ക് കയറിയ ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പം ഒക്ടോബറിൽ 6.77%ലേക്ക് വീണപ്പോൾ മൊത്തവിലക്കയറ്റം വിപണി പ്രതീക്ഷക്കുമപ്പുറം സെപ്റ്റംബറിലെ 10.70%ൽ നിന്നും 8.39%ലേക്ക് കുറഞ്ഞു. ഭക്ഷ്യ, ഇന്ധന വിലകളും കുറഞ്ഞു നിന്നതാണ് പണപ്പെരുപ്പം കുറയാനിടനിടയാക്കിയത്.
റിസൾട്ടുകൾ
രാജേഷ് എക്സ്പോര്‍ട്സ്, അഡ്വാൻസ് സിന്റക്സ്, ബന്ദേരി ഇൻഫ്രാകോൺ, കൺസ്ട്രോണിക്സ് ഇൻഫ്രാ, ഹാൻമാൻ ഫിറ്റ്, എംആർ അഗ്രോടെക്ക്, ഋദ്ധി സ്റ്റീൽ, ഷാഹ്‌ലോൺ സിൽക്ക്, ലീ & നീ സോഫ്ട്‍വെയർ, വെഞ്ചുറ ടെക്‌സ്‌റ്റൈൽസ് മുതലായ കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
രാജ്യാന്തര എണ്ണ ഉപഭോഗം കുറയാനിടയുണ്ടെന്ന ഒപെക് പ്രസ്താവന ഇന്നലെ ക്രൂഡ് ഓയിലിന് മുന്നേറ്റം നിഷേധിച്ചു. ചൈനയുടെ കോവിഡ് നിയന്ത്രണ ഇളവുകൾ ക്രൂഡ് ഓയിലിന് അനുകൂലമായേക്കാം.
സ്വർണം
രാജ്യാന്തര സ്വർണ വില ബോണ്ട് യീൽഡിനൊപ്പം ഇന്നലെ ക്രമപ്പെട്ടെങ്കിലും ഡോളറിന്റെ വീഴ്ച തടയാനായി ഫെഡ് അംഗങ്ങൾ രംഗത്തിറങ്ങുന്നത് ബോണ്ട് യീൽഡിന് അനുകൂലമായേക്കാമെന്നത് സ്വർണത്തിന് ക്ഷീണമായേക്കാം.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക