ADVERTISEMENT

സ്മോൾ ക്യാപ് അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് ചാഞ്ചാട്ടങ്ങളെ മറികടക്കാനുള്ള മികച്ച മാര്‍ഗമാണ്.  

സാധാരണ നിക്ഷേപകര്‍ക്ക് വിപണിമൂല്യം അനുസരിച്ച് ലാര്‍ജ് ക്യാപ് സ്‌റ്റോക്കുകളോ മിഡ് ക്യാപ് സ്റ്റോക്കുകളോ സ്മോൾ ക്യാപ് ഓഹരികളോ തിരഞ്ഞെടുക്കാം. ഇവയുടെ മിശ്രിതവും നിക്ഷേപത്തിനു പരിഗണിക്കാവുന്നതാണ്. 

വളരെ ഗംഭീര ബാലന്‍സ് ഷീറ്റുള്ള വ്യവസ്ഥാപിത കമ്പനികളുടെ ഓഹരികളാണ് ലാര്‍ജ് ക്യാപ്പിൽ വരുന്നത്. ഭാവിയില്‍ ലാര്‍ജ് ക്യാപ്പാകാൻ സാധ്യതയുള്ളവയാണ് മിഡ്, സ്മോള്‍ വിഭാഗങ്ങളില്‍ ഉള്ളത്. അതിനാല്‍ ചെറുകിട, ഇടത്തരം ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ വന്‍കിട ഓഹരികളില്‍ നിക്ഷേപിക്കുന്നതിലും റിസ്‌ക് കൂടുതലാണ്. ഇതില്‍ത്തന്നെ ഏറ്റവും റിസ്കുള്ളത് സ്മോള്‍ ക്യാപ്പുകളിലാണ്. 

ചെറുകിട നിക്ഷേപം മൂല്യവത്താണോ?

ഈ ചോദ്യത്തിന് ഒറ്റ ഉത്തരം നല്‍കുന്നത് ശരിയാകില്ല. ഹ്രസ്വ, ഇടക്കാല നിക്ഷേപ ലക്ഷ്യങ്ങളാണ് നിങ്ങള്‍ക്കെങ്കില്‍ സ്മോള്‍ ക്യാപ് ഓഹരികളില്‍നിന്നു മാറിനടക്കുന്നതാണു നല്ലത്. അതേസമയം, 10 വര്‍ഷത്തിലധികം നീളുന്ന നിക്ഷേപമാണ് നിങ്ങളുടേതെങ്കില്‍ തീര്‍ച്ചയായും സ്മോള്‍ ക്യാപ് പരിഗണിക്കാം.ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപണികള്‍ പല ചക്രങ്ങള്‍ താണ്ടും. അതിനാല്‍ത്തന്നെ നിക്ഷേപകനു മികച്ച നേട്ടം ലഭിക്കാനാണു സാധ്യത. നിക്ഷേപത്തിനു മുൻപ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ചാഞ്ചാട്ടം പ്രകടമാകും

വിപണിയില്‍ ചാഞ്ചാട്ടമുണ്ടായാൽ അതു പെട്ടെന്നു പ്രതിഫലിക്കുക ചെറുകിട ഓഹരികളിലാകും. വിപണി സമ്മര്‍ദത്തിലാകുമ്പോഴും തിരുത്തലുകളുണ്ടാകുമ്പോഴും ആഗോള, ആഭ്യന്തര വെല്ലുവിളികള്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുമ്പോഴുമെല്ലാം വലിയ ആഘാതം ഇത്തരം ഓഹരികൾക്കുണ്ടാകാം. ഈ അനിശ്ചിതത്വങ്ങള്‍ മറികടക്കാന്‍ എസ്‌ഐപി പോലുള്ള മാര്‍ഗങ്ങളിലൂടെ നിക്ഷേപം നടത്തുന്നതായിരിക്കും ഉചിതം. 

വലിയ നേട്ടങ്ങൾക്കു ക്ഷമ വേണം

ഉയര്‍ന്ന റിസ്‌ക് എടുക്കുമ്പോള്‍ ഉയര്‍ന്ന നേട്ടവും ലഭിക്കുന്നു. സ്മോള്‍ ക്യാപ് ഓഹരികളുടെ കാര്യത്തിലും ഇതു സത്യമാണ്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാല്‍ സ്മോള്‍ ക്യാപ് ഓഹരികള്‍ പലമടങ്ങ് നേട്ടം നല്‍കിയതായി കാണാന്‍ സാധിക്കും. എന്നാല്‍, നിക്ഷേപകര്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ടായിരുന്നു. 

വിപണി ഒരേ ദിശയില്‍ മുകളിലേക്കു പോയിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന പ്രതീക്ഷയില്‍ സ്മോള്‍ ക്യാപ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നവരുണ്ട്. അവര്‍ക്ക് ഒരു പക്ഷേ, കയ്പേറിയ അനുഭവമുണ്ടായേക്കാം. വിപണി ചാഞ്ചാടുമ്പോള്‍ സ്മോള്‍ ക്യാപ് ഓഹരികളുടെ കുതിപ്പാകും ആദ്യം കിതപ്പായി മാറുന്നത്. 

അതിനാല്‍, നിക്ഷേപയോഗ്യമായ സ്മോള്‍ ക്യാപ് ഓഹരികളെ തിരിച്ചറിയുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗം ക്വാളിഫൈഡ് ഫണ്ട് മാനേജരുടെ സഹായം തേടുകയെന്നതാണ്. ഈ വിഭാഗത്തില്‍ സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ സ്മോള്‍ ക്യാപ് ഫണ്ട്        

ലേഖകൻ എ.എം. വെല്‍ത്ത് മാനേജ്‌മെന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മാനേജിങ് ഡയറക്ടറാണ്

English Summary: Know the Investment Possibilities of Small Cap Mutual Funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com