ADVERTISEMENT

ഫെഡ് ഭീഷണികൾ അവഗണിച്ച് വെള്ളിയാഴ്ച അമേരിക്കൻ വിപണി പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കിയെങ്കിലും ഫെഡ് മിനുട്സ് വരാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ചൈനയിലെ കോവിഡ് വ്യാപനം ഏഷ്യൻ വിപണികൾക്കും ഇന്ന് തിരുത്തലോടെയുള്ള തുടക്കം നൽകി. എസ്ജിഎക്സ് നിഫ്റ്റി 18300 പോയിന്റിന് താഴെയാണ് വ്യാപാരം തുടരുന്നത്. 

ഫെഡ് മിനുട്സ് & ബ്ലാക്ക് ഫ്രൈഡേ 

അമേരിക്കൻ വിപണി വെള്ളിയാഴ്ച വീഴ്ച ഒഴിവാക്കിയത് ഈ ആഴ്ചയിൽ വിപണിക്ക് പ്രതീക്ഷയാണ്. വ്യാഴാഴ്ച അവധിയും, ബ്ലാക്ക് ഫ്രൈഡേയിൽ പകുതി ദിനം അവധിയുമായ അമേരിക്കൻ വിപണിയിൽ ബുധനാഴ്ചത്തെ ഡേറ്റ പ്രളയം ചലനങ്ങൾ സൃഷ്ടിച്ചേക്കാം. പിഎംഐ ഡേറ്റകളും, ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും, അമേരിക്കൻ ജോബ് ഡേറ്റയും ഈ ആഴ്ച വിപണിക്ക് പ്രധാനമാണ്. നവംബര് 25ലെ ബ്ലാക്ക് ഫ്രൈഡേ വില്പന അമേരിക്കൻ റീറ്റെയ്ൽ രംഗത്തിന് പുതിയ ഉണർവ് നൽകിയേക്കാവുന്നതും ഈയാഴ്ച വിപണി കണക്കിലെടുത്തേക്കാം. ലോക കപ്പ് ഫുട്‍ബോൾ ശ്രദ്ധ കവരുന്നത് വിപണിയിലും പങ്കാളിത്തം കുറച്ചേക്കാവുന്നതും ഇനിയുള്ള ദിനങ്ങളിൽ പ്രധാനമാണ്. 

ബുധനാഴ്ച പുറത്ത് വരുന്ന അമേരിക്കൻ ഫെഡിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനുട്സ് ഡിസംബറിലെ നിരക്കുയർത്തൽ സാധ്യതകളെക്കുറിച്ച് ധാരണ തരുമെന്നതും പ്രധാനമാണ്. ഇത് വരെ 75 ബേസിസ് പോയിന്റുകൾ വീതം നിരക്കുയർത്തൽ നടത്തി വന്ന അമേരിക്കൻ ഫെഡ് ഇത്തവണ 50 ബേസിസ് പോയിന്റുകൾ മാത്രം നിരക്കുയർത്തൽ നടത്തൂ എന്ന പ്രതീക്ഷയിലാണ് വിപണി. 

നിഫ്റ്റി 

വെള്ളിയാഴ്ച ഇന്ത്യൻ വിപണി അമേരിക്കൻ സൂചികകൾക്കൊപ്പം തിരിച്ചു വരവ് നടത്തി നഷ്ടം കുറച്ചത് ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകാരായപ്പോൾ വിദേശ ഫണ്ടുകൾ  ഇന്ത്യൻ വിപണിയിൽ വില്പന തുടരുകയാണ്. പൊതുമേഖല ബാങ്കുകൾ ഒഴികെ മറ്റെല്ലാ മേഖലകളും വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

വെള്ളിയാഴ്ച 18382 പോയിന്റിൽ ആരംഭിച്ച ശേഷം 18400 കടക്കാനാകാതെ 18209 പോയിന്റിലേക്ക് വീണ നിഫ്റ്റി തിരികെ കയറി 36 പോയിന്റ് നഷ്ടത്തിൽ 18307 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 18222 പോയിന്റിലും, 18111 പോയിന്റിലും നിഫ്റ്റി ഇന്ന് പിന്തുണ നേടിയേക്കാം. 18380 പോയിന്റിലും 18460 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. ഇന്ത്യൻ സൂചികകൾ വെള്ളിയാഴ്ച  ക്രമപ്പെട്ടത് വിപണിയിൽ വാങ്ങൽ വരുന്നതിന്റെ ലക്ഷണമായും വിലയിരുത്തപ്പെടുന്നു. 

ബാങ്ക് നിഫ്റ്റി 

വെള്ളിയാഴ്ച 21 പോയിന്റുകൾ നഷ്ടമായി 42437 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 42222 പോയിന്റിലെ  പിന്തുണ നഷ്ടമായാൽ 42000 പോയിന്റിലും 41500 പോയിന്റിലും പിന്തുണ നേടിയേക്കാം. 42700 പോയിന്റ് കടന്നാൽ 43000 പോയിന്റിൽ ബാങ്ക് നിഫ്റ്റി കനത്ത വില്പന സമ്മർദ്ദം നേരിട്ടേക്കാം. നിഫ്റ്റി ഫ്യൂച്ചർ കഴിഞ്ഞ ആഴ്ച 67 പോയിന്റ് പ്രീമിയത്തിൽ ക്ളോസ് ചെയ്തു.

ടാറ്റ മോട്ടോഴ്‌സ് 

ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസിന് പകരമായി ടാറ്റ മോട്ടോഴ്സിനെ സെൻസെക്സിൽ ഉൾപെടുത്തുന്നതോടെ സൺ ഫാർമ മാത്രമായിരിക്കും സെൻസെക്സിലെ ഏക ഫാർമ പ്രതിനിധി. ഡിസംബർ 19 മുതൽ മാറ്റം നിലവിൽ വരും. അദാനി ടോട്ടൽ ഗ്യാസിനും, ഹിന്ദ് പെട്രോക്കും പകരമായി അദാനി പവറും, ഇന്ത്യൻ ഹോട്ടലും ബിഎസ്ഇ 100 സൂചികയിലും ഇടം പിടിക്കും.  

ക്രൂഡ് ഓയിൽ 

ചൈനയിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ എണ്ണയുടെ ആഗോള ഉപഭോഗം കുറയുമെന്ന സൂചനകളും, പോളണ്ടിൽ വീണ ബോംബ് സംഘർഷത്തിലേക്ക് നീങ്ങാതിരുന്നതും കഴിഞ്ഞ ആഴ്ച ക്രൂഡ് ഓയിലിന്റെ  വീഴ്ചക്ക് കാരണമായി. സൗദിയുടെ കയറ്റുമതി നിയന്ത്രണ പ്രഖ്യാപനവും, ഒപെക് വിപണിയിൽ ഇടപെട്ടേക്കാവുന്നതും ക്രൂഡിന് പ്രതീക്ഷയാണ്. അമേരിക്കാൻ എണ്ണ 80 ഡോളറിലും ബ്രെന്റ് ക്രൂഡ് 88 ഡോളറിൽ താഴെയും വ്യാപാരം അവസാനിപ്പിച്ചു.  

സ്വർണം 

കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളിൽ ഫെഡ് ഭീഷണികളിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും മുന്നേറിയത്  സ്വർണ വില വീണ്ടും 1751 ഡോളറിലേക്കിറക്കി. ഇന്ത്യയിൽ ഉത്സവ-വിവാഹ സീസൺ ആരംഭിച്ചതും, സ്വർണത്തിന് പ്രതീക്ഷയാണ്. അടുത്ത ഫെഡ് നിരക്ക് ഉയർത്തൽ തോത് ബോണ്ട് യീൽഡ് ചലനങ്ങളെ സ്വാധീനിക്കുന്നത് സ്വർണത്തിനും നിർണായകമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com