അമേരിക്കൻ വിപണി ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിൽ ആരംഭിച്ചത് വിപണിക്ക് പ്രതീക്ഷയാണ്. ജാപ്പനീസ് വിപണിയും ഇന്ന് നേട്ടത്തോടെ തന്നെ തുടങ്ങി. എസ്ജിഎക്സ് നിഫ്റ്റി 18300 പോയിന്റിലേക്ക് കയറി.
ചൈന ലോക്ക് ഡൗൺ
കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ വ്യാപകമാകുന്നതും, ഫെഡ് മിനുട്സിനെക്കുറിച്ചുള്ള ആശങ്കകളും ഇന്നലെ അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകി. ചൈനീസ് ലോക്കഡൗൺ ഭീതിയിൽ എനർജി, കൺസ്യൂമർ ഓഹരികൾ വലിയ തിരുത്തൽ നേരിട്ടു.. ടെസ്‌ല 7%വും, ആപ്പിൾ 2%വും തകർച്ച നേരിട്ടത് നാസ്ഡാക്കിന് 1% വീഴ്ച നൽകി. അമേരിക്കൻ ബോണ്ട് യീൽഡ് 3.80%ന് മുകളിൽ ക്രമപ്പെടുന്നു. ഫെഡ് റിസേർവ് 50 ബേസിസ് പോയിന്റ് നിരക്കുയർത്തൽ നടത്തുമെന്ന് തന്നെ വിപണി വിശ്വസിക്കുമ്പോളും കൂടുതൽ വ്യക്തതക്കായി നാളെ പുറത്ത് വരുന്ന ഫെഡ് മിനുട്സിനായി കാത്തിരിക്കുകയാണ് വിപണി. വ്യാഴ്ചത്തെ അവധിയും, ബ്ലാക്ക് ഫ്രൈഡേയും അമേരിക്കൻ വിപണി പങ്കാളിത്തം കുറച്ചേക്കാമെന്നതും വിപണിക്ക് ഭീഷണിയാണ്.
ചൈനീസ് കോവിഡ് ഭീതിയും, ജെയിംസ് ബല്ലാർഡ് അടക്കമുള്ള ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും വിപണിക്ക് ഇന്ന് പ്രധാനമാണ്. യൂറോ സോൺ കൺസ്യൂമർ കോൺഫിഡൻസ് ഡേറ്റയും യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്.
നിഫ്റ്റി
ചൈനീസ് കോവിഡ് ഭീതിയിൽ വീണ ഏഷ്യൻ വിപണികൾക്കൊപ്പം നഷ്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി വിദേശ ഫണ്ടുകളുടെ കൂടി വില്പന സമ്മർദ്ദത്തിൽ തുടർച്ചയായ മൂന്നാം ദിനവും നഷ്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. പൊതുമേഖല ബാങ്കുകളും, നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയുമൊഴികെ മറ്റെല്ലാ സെക്ടറുകളും ഇന്നലെയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 1.6% നഷ്ടം നേരിട്ട ഐടി സെക്ടറാണ് ഇന്നലെ കൂടുതൽ വീണത്.
ഇന്നലെ 18133 പോയിന്റിൽ പിന്തുണ നേടി 18159 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 18100 പോയിന്റിലും 18030 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18230 പോയിന്റ് പിന്നിട്ടാൽ 18300 പോയിന്റിലും 18380 പോയിന്റിലുമാണ് നിഫ്റ്റിയുടെ പ്രധാന കടമ്പകൾ.
ബാങ്ക് നിഫ്റ്റി
പൊതുമേഖല ബാങ്കുകൾ മുന്നേറിയിട്ടും 90 പോയിന്റുകൾ നഷ്ടമാക്കി 42346 പോയിന്റിൽ വ്യാപാരമസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 42200 പോയിന്റിലും, 42060 പോയിന്റിലും പിന്തുണ നേടിയേക്കാം. 42400 പോയിന്റ് കടന്നാൽ 42500 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസ്.
വിദേശ ഫണ്ടുകളുടെ വില്പനയിൽ എച്ച്ഡിഎഫ്സി ബാങ്ക് 1% വീണതാണ് ഇന്നലെ ബാങ്ക് നിഫ്റ്റിക്ക് വീഴ്ച നൽകിയത്. ആക്സിസ് ബാങ്ക് 1.3% നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സ്റ്റീൽ
ഒക്ടോബറിലെ ഇന്ത്യൻ കയറ്റുമതി 30 ബില്യൺ ഡോളറിനും താഴെ വന്നതിന് പിന്നാലെ സ്റ്റീൽ കയറ്റുമതിക്ക് മേൽ ചുമത്തിയിരുന്ന 15% അധിക കയറ്റുമതി ചുങ്കം ഒഴിവാക്കിയത് ഇന്ത്യൻ സ്റ്റീൽ ഓഹരികൾക്ക് അനുകൂലമാണ്. ചൈനയിൽ ലോക്ക് ഡൗൺ വ്യാപകമാകുന്നത് സ്റ്റീലിന് ഭീഷണിയാണ്.
ക്രൂഡ് ഓയിൽ
ചൈനീസ് കോവിഡ് ഭീതിയിൽ വലിയ വീഴ്ചയോടെ തുടങ്ങിയെങ്കിലും ഒപെക് ഉൽപ്പാദനം കൂട്ടുന്നില്ല എന്ന സൗദി എനർജി മന്ത്രി പ്രസ്താവിച്ചതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ 87 ഡോളറിലേക്ക് തിരികെ കയറി. അമേരിക്കൻ എണ്ണ 76 ഡോളറിലേക്ക് വീണ ശേഷം തിരികെ 80 ഡോളറിലേക്കും തിരികെ കയറി.
സ്വർണം
അമേരിക്കൻ ഫെഡ് മിനുട്സ് നാളെ വരാനിരിക്കെ ഫെഡ് ഒഫീഷ്യലുകളുടെ ഇടപെടലുകൾ ബോണ്ട് യീൽഡിന് പിന്തുണ നൽകിയത് സ്വർണത്തിനും വില്പന സമ്മർദ്ദം നൽകി. ഫെഡ് മിനുട്സിന് മുന്നോടിയായി ഇന്ന് ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും സ്വർണത്തിന് പ്രധാനമാണ്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക