അമേരിക്കൻ വിപണി ഇന്നലെ പോസിറ്റീവ് ക്ളോസിങ് സ്വന്തമാക്കിയെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ ഫ്ലാറ്റ് തുടക്കം നേടി. ജാപ്പനീസ് വിപണി അവധിയായ ഇന്ന് ഏഷ്യൻ വിപണികൾ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. എസ്ജിഎക്സ് നിഫ്റ്റി 18350 പോയിന്റിൽ വ്യാപാരം തുടരുന്നു.
ഫെഡ് മിനുട്സ് ഇന്ന്, നാളെ അവധി
അമേരിക്കൻ ബോണ്ട് യീൽഡ് വീണതിനെ തുടർന്ന് മികച്ച നിരക്കുകളിൽ ടെക് - ചിപ്പ് ഓഹരികളിൽ വാങ്ങൽ വന്നതും, മികച്ച റീറ്റെയ്ൽ റിസൾട്ടുകളുടെ പിൻബലത്തിൽ കൺസ്യൂമർ ഓഹരികളിൽ വാങ്ങൽ വന്നതും ഇന്നലെ അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകി. ക്രൂഡ് ഓയിലിന്റെ മുന്നേറ്റം എനർജി സെക്ടറിനും മുന്നേറ്റം നൽകിയത് ഡൗ ജോൺസിനും എസ്&പിക്കും അനുകൂലമായി. എസ്&പിയും, നാസ്ഡാക്കും 1.36% വീതം മുന്നേറിയപ്പോൾ ഡൗ ജോൺസ് ഇന്നലെ 1.18% മുന്നേറ്റം സ്വന്തമാക്കി. ഫെഡ് നിരക്കുയർത്തൽ കുറഞ്ഞ നിരക്കിലായിരിക്കുമെന്ന ആത്മവിശ്വാസവും വിപണിക്ക് അനുകൂലമാണ്.
നാളെ താങ്ക്സ് ഗിവിങ് ഡേയും, മറ്റന്നാൾ ബ്ലാക്ക് ഫ്രൈഡേയും ആഘോഷിക്കുന്ന അമേരിക്കൻ വിപണിക്ക് ഇന്ന് പുറത്ത് വരുന്ന ഫെഡ് മിനുട്സും, പിഎംഐ ഡേറ്റകളും, ജോബ് ഡേറ്റയും വളരെ പ്രധാനമാണ്. ഫെഡ് മിനുട്സ് നിരക്കുയർത്തലിനെ സംബന്ധിച്ച ഫെഡ് അംഗങ്ങളുടെ മനസിലിരുപ്പ് ഇന്നറിയാം.
നിഫ്റ്റി
രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ തന്നെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ത്യ-ഓസ്‌ട്രേലിയ സ്വതന്ത്ര വ്യാപാര കരാർ ഓസ്‌ട്രേലിയൻ പാർലമെന്റിൽ പാസായത്തിന്റെ കൂടി പിൻബലത്തിൽ ഇന്നലെ പോസിറ്റീവ് ക്ലോസിങ് സ്വന്തമാക്കി. എനർജി ഒഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ഇന്നലെ ഐടി സെക്ടർ ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചു. നാസ്ഡാക്കിന്റെ ഇന്നലത്തെ പോസിറ്റീവ് ക്ലോസിങ് ഐടി സെക്ടറിന് ഇന്നും പ്രതീക്ഷയാണ്.
വീണ്ടും 18130 പോയിന്റിലെ പിന്തുണ നേടി ഇന്നലെ 18244 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 18150 പോയിന്റിലും 18050 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18340 പോയിന്റിലും 18400 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ.
ബാങ്ക് നിഫ്റ്റി
പൊതു മേഖല ബാങ്കുകളുടെ കൂടി പിൻബലത്തിൽ 110 പോയിന്റുകൾ മുന്നേറി 42457 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 42350 പോയിന്റിലും 42250 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 42500 പോയിന്റ് കടന്നാൽ 42600 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ്.
ഇൻഡോ-ഓസി ഫ്രീ ട്രേഡ്
ചൈനയിൽ നിന്നും ‘സാമ്പത്തിക’ മോചനം ലഭ്യമാക്കുന്നതിന് വേണ്ടി ഓസ്‌ട്രേലിയൻ പാർലമെന്റ് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് അനുമതി നൽകിയത് ഇരു രാഷ്ട്രങ്ങൾക്കും അനുകൂലമാണ്. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുമുള്ള ഉത്പന്ന കയറ്റുമതിക്ക് നികുതിയിളവുകൾ ലഭ്യമാകുമ്പോൾ, ഓസ്‌ട്രേലിയയിൽ നിന്നുമുള്ള കൽക്കരി അടക്കമുള്ളവയുടെ ഇറക്കുമതിയും ലാഭകരമാകുന്നത് ഇന്ത്യൻ ഉല്പാദന മേഖലക്കും അനുകൂലമാണ്.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ ഉത്പാദനം വർദ്ധിപ്പിക്കില്ലെന്ന ഒപെകിന്റെയും, സൗദിയുടെയും നിലപാട് ഇന്നലെ ക്രൂഡിന് മുന്നേറ്റം നൽകി. അമേരിക്കൻ ക്രൂഡ് ഓയിൽ ഇൻവെന്ററിയിൽ പ്രതീക്ഷിച്ചതിലും വലിയ വീഴ്ച വന്നതും ഇന്ന് ക്രൂഡിന് അനുകൂലമാണ്. എന്നാൽ ചൈനയുടെ പ്രധാന നഗരങ്ങളിലെ ലോക്ക് ഡൗണും, ആഗോള ആവശ്യകതയിൽ കുറവ് വന്നേക്കുമോ എന്ന ഭയവും ക്രൂഡിന് ഭീഷണിയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 88 ഡോളറിൽ വ്യാപാരം തുടരുന്നു.
സ്വർണം
ബോണ്ട് യീൽഡിലെ തിരുത്തൽ ഇന്ന് സ്വർണത്തിന് പ്രതീക്ഷയാണ്. ഇന്ന് വരാനിരിക്കുന്ന ഫെഡ് മിനുട്സ് ബോണ്ട് യീൽഡിനും, ഡോളറിനും നൽകുന്ന ചലനങ്ങൾ സ്വർണത്തിന് വളരെ പ്രധാനമാണ്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക