അദാനിയുടെ ആപ്പ് വരുന്നു, വെള്ളം കുടിക്കുമോ ഇ-കൊമേഴ്‌സ് ഭീമന്മാര്‍?

HIGHLIGHTS
  • പേമെന്റ് ഇടപാടുകള്‍ ഉള്‍പ്പടെ സകലമാന സേവനങ്ങളും ലഭ്യം
woman-mobile
Image Credit∙ Inside Creative House/ Istock
SHARE

ആമസോണ്‍ തളരുമ്പോള്‍, പേടിഎം കിതയ്ക്കുമ്പോള്‍ ഡിജിറ്റല്‍ മേഖലയിലേക്ക് സൂപ്പര്‍ ആപ്പുമായി എത്തുകയാണ് ഗൗതം അദാനി. വരുന്ന 3-6 മാസങ്ങള്‍ക്കുള്ളില്‍ ലോകത്തെ ഏറ്റവും ലാഭക്ഷമതയുള്ള സൂപ്പര്‍ ആപ്പ് പുറത്തിറക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. എന്താണ് സൂപ്പര്‍ ആപ്പ് എന്നല്ലേ? പേമെന്റ് ഇടപാടുകള്‍ ഉള്‍പ്പടെ സകലമാന സേവനങ്ങളും ലഭ്യമാക്കുന്ന ഒരു സമഗ്ര ഡിജിറ്റല്‍ ആപ്പെന്ന തലത്തിലാണ് ഇപ്പോഴും പേരിട്ടിട്ടില്ലാത്ത പ്ലാറ്റ്‌ഫോമിന്റെ വികസനം. തുടക്കഘട്ടത്തില്‍ അദാനി ഗ്രൂപ്പ് പ്രവര്‍ത്തിപ്പിക്കുന്ന വിമാനത്താവളങ്ങളിലെ യാത്രക്കാരെ ഉന്നമിട്ടാകും ആപ്പിന്റെ പ്രവര്‍ത്തനം. നിലവില്‍ രാജ്യത്തെ ഏഴ് വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്നത് അദാനിയായതിനാല്‍ ആപ്പിന്റെ ഡൗണ്‍ലോഡുകള്‍ കുത്തനെ കൂടാന്‍ വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ മൊത്തം വിമാനയാത്രികരില്‍ 20 ശതമാനവും 'അദാനി' പ്രവര്‍ത്തിപ്പിക്കുന്ന എയര്‍പോര്‍ട്ടുകളിലൂടെയാണ് കടന്നുപോകുന്നതെന്നതും ഓര്‍ക്കുക. 

ഇതൊരു ബിസിനസ് അവസരമാണോ?

കോവിഡ് മഹാമാരിയുടെ മൂര്‍ധന്യാവസ്ഥയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് വലിയ സാധ്യതയായിരുന്നു. ആ സമയത്തൊന്നും കാലെടുത്തുവെക്കാതെ ഇപ്പോള്‍ ഡിജിറ്റല്‍ മേഖലയില്‍ ഒരു വമ്പന്‍ ചുവടുവെപ്പിനാണ് അദാനി ഒരുങ്ങുന്നത്. നിലവിലെ സാഹചര്യം അല്‍പ്പം പ്രക്ഷുബ്ധമാണ് താനും. 

ലാഭകരമായ ബിസിനസ് മോഡലായി ഇതുവരെ മാറിയിട്ടില്ലെങ്കില്‍ കൂടിയും ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗം വളരുക തന്നെയാണ്. അതിനെ നിയന്ത്രിക്കുന്നത് ബഹുരാഷ്ട്ര ഭീമന്മാരായ വാള്‍മാര്‍ട്ടിന് കീഴിലുള്ള ഫ്‌ളിപ്കാര്‍ട്ടും ജെഫ് ബെസോസിന്റെ ആമസോണുമാണ്. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലുള്ള ഉപഭോക്താക്കള്‍ കൂടുതലായും ഇപ്പോള്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെത്തുന്നുണ്ട്. എന്നാല്‍ ലാഭക്ഷമതയുള്ള ബിസിനസെന്ന തലത്തിലേക്ക് ഇതിപ്പോഴും വളര്‍ന്നിട്ടില്ല.

ഡിജിറ്റല്‍ പരിവര്‍ത്തനം

കോവിഡ് തുറന്നിട്ട ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ വിദ്യാഭ്യാസം, ബ്യൂട്ടി, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ ഓണ്‍ലൈനില്‍ പുതിയ വഴിത്താരകള്‍ വെട്ടിത്തുറന്നിരുന്നു. പക്ഷേ അത് താല്‍ക്കാലികം മാത്രമായിരുന്നു. ആമസോണ്‍ തങ്ങളുടെ വിദ്യാഭ്യാസ ടെക്‌നോളജി ബിസിനസ് പൂട്ടി, ഫുഡ് ഡെലിവറിയും നിര്‍ത്തി. പേടിഎമ്മിനെ പോലുള്ള വന്‍കിട ഡിജിറ്റല്‍ പേമെന്റ് സേവനദാതാവിന് കുറച്ചുകാലമായി തിരിച്ചടിയുടെ കഥകള്‍ മാത്രമാണുള്ളത്.

പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് ശേഷം 75 ശതമാനമാണ് പേടിഎമ്മിന്റെ ഓഹരിയില്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിനെയും ആമസോണിനെയും ബിഗ് ബാസ്‌ക്കറ്റിനെയും ഒഴിച്ചുനിര്‍ത്തിയാല്‍ ഡിജിറ്റല്‍ മേഖലയിലെ കുതിപ്പ് കിതപ്പാണോയെന്ന് പോലും സംശയിക്കേണ്ടി വരും. നവതലമുറ ഡിജിറ്റല്‍ കമ്പനികളെല്ലാം തന്നെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയുമാണ്. ഈ സാഹചര്യത്തിലാണ് ഇവരെയെല്ലാം തോല്‍പ്പിക്കാനെന്ന മട്ടില്‍ പുതിയ സൂപ്പര്‍ ആപ്പുമായി അദാനിയുടെ വരവ്.

Mobile App

അദാനിയുടെ എതിരാളികള്‍

തിരിച്ചടികളും മല്‍സരവും കൂടുന്ന ഇന്ത്യന്‍ ഡിജിറ്റല്‍ ആവാസവ്യവസ്ഥയില്‍ അദാനിയുടെ ഇടം എവിടെയായിരിക്കും എന്നതാണ് നിര്‍ണായകമായ ചോദ്യം. ഷോപ്പിങ്, പണമിടപാട്, വിനോദം, സിനിമ, സോഷ്യല്‍ മീഡിയ, ധനകാര്യസേവനങ്ങള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന മോഡലാകും അദാനി പരീക്ഷിക്കുകയെന്ന് അനുമാനിക്കുന്നവര്‍ ഏറെയാണ്. അങ്ങനെയാണെങ്കില്‍ പോലും വ്യത്യസ്തത ഇല്ലെങ്കില്‍ സൂപ്പര്‍ ആപ്പ് സൂപ്പറാകാന്‍ സാധ്യത കുറവാണ്. 

വിമാനത്താവളങ്ങള്‍, ഊര്‍ജം, സിറ്റി ഗ്യാസ് വിതരണം, ഭക്ഷ്യ എണ്ണകള്‍ തുടങ്ങിയ ഉപഭോക്തൃകേന്ദ്രീകൃത മേഖലകള്‍ മാറ്റി നിര്‍ത്തിയാല്‍ അദാനിയുടെ ശക്തി മൈനിങ്, ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യം പോലുള്ള മേഖലകളിലാണ്. ഒരു ഡിജിറ്റല്‍ ആപ്പിന് അത്ര വലിയ സാധ്യതകളില്ലാത്ത മേഖലകളായാണ് ഇതിനെ ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയും കാര്‍ തൊട്ട് വിമാനം വരെയുമുള്ള മേഖലകളില്‍ സജീവമായ ടാറ്റ ഗ്രൂപ്പ് ഒരു സൂപ്പര്‍ ആപ്പ് പുറത്തിറക്കിയിട്ട് അത്ര വലിയ വിപ്ലവംകൊണ്ടുവരാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ടാറ്റയും ജിയോയും

ടാറ്റ ന്യൂ എന്ന സൂപ്പര്‍ ആപ്പ് ഇതുവരെ 15 മില്യണ്‍ തവണയാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. 2026ല്‍ ഒരു ബില്യണ്‍ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു രാജ്യത്ത് ഈ 15 മില്യണ്‍ എന്നത് അത്ര ഗംഭീര സംഖ്യയല്ല. എങ്കിലും ടാറ്റ ഈ മേഖലയില്‍ ഭാവി കാണുന്നുണ്ട്. അദാനിയുടെ എതിരാളിയായി രംഗത്തുണ്ടാകുക ടാറ്റ മാത്രമല്ല. മറ്റൊരു ശതകോടീശ്വര സംരംഭകനായ മുകേഷ് അംബാനിയെയും അദാനിക്ക് നേരിടേണ്ടി വരും.

ജിയോമാര്‍ട്ടിനെ കേന്ദ്രീകരിച്ച് വലിയൊരു ഡിജിറ്റല്‍ ആവാസവ്യവസ്ഥ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സ് റീട്ടെയ്‌ലിന് കീഴിലുള്ള സ്റ്റോറുകളും ജിയോയുടെ ടെക്‌നോളജിയും ചേരുമ്പോള്‍ ഈ രംഗത്ത് സമഗ്രാധിപത്യം സ്ഥാപിക്കാമെന്നാണ് അംബാനിയുടെ ചിന്ത. ജിയോ മൊബൈല്‍ ശൃംഖലയിലൂടെ 428 മില്യണ്‍ ടെലികോം ഉപയോക്താക്കളിലേക്ക് അംബാനിക്ക് വളരെ നിഷ്പ്രയാസം എത്തിച്ചേരാന്‍ സാധിക്കും. 

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഈ സൂപ്പര്‍ ആപ്പ് ബിസിനസ് ലാഭകരമായി മാറണമെങ്കില്‍ കാലം കുറച്ചെടുക്കാനാണ് സാധ്യത. ധനകാര്യ സേവനമുള്‍പ്പടെ ഈ ആപ്പുമായി ബന്ധപ്പെടുത്തുന്ന അനേകം സേവനങ്ങള്‍ തടസങ്ങളില്ലാതെ സ്ഥിരതയോടെ ലഭ്യമാക്കിയാല്‍ മാത്രമേ മികച്ച ബിസിനസ് മോഡലായി ഇത് മാറൂ. ധനകാര്യസേവനമേഖലയില്‍ സജീവമാകാനുള്ള മുകേഷ് അംബാനിയുടെ ശ്രമമെല്ലാം ഈ സൂപ്പര്‍ ആപ്പ് ബിസിനസിന്റെ സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് തന്നെയാണ്.

English Summary : Adni Group Introducing Supre App

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS