ADVERTISEMENT

ഓഹരി വിപണിയിൽ ചിലര്‍ ലാഭമുണ്ടാക്കുന്നു, ഒരു പാടു പേര്‍ക്ക് നഷ്ടം സംഭവിക്കന്നു. എന്ത്, എവിടെ എങ്ങനെ നിക്ഷേപിക്കണം എന്ന ആശയക്കുഴപ്പം നിക്ഷേപകരിലും ട്രേഡര്‍മാരിലും പ്രകടമാണ്. ഇന്ത്യന്‍ വിപണി ഏറ്റവും മോശമായ ഘട്ടം പിന്നിട്ടു എന്ന പ്രതീക്ഷയിലാണ്. വിലക്കയറ്റം അതിന്റെ പാരമ്യത്തിലെത്തിയതായാണ് നിഗമനം. ഈ സാഹചര്യത്തില്‍ വിലക്കയറ്റവും പലിശ നിരക്കിന്റെ കെടുതികളും കുറച്ചനുഭവിച്ച മേഖലകള്‍ തെരഞ്ഞെടുക്കാനാണ് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത്. 

∙കൂടിയ ഡിമാന്റും ചടുലമായ പ്രവര്‍ത്തന മികവും കൈമുതലായുള്ള മേഖലകളില്‍ നിക്ഷേപക്കാം.  ഉദാഹരണത്തിന് അതിവേഗം വിറ്റഴിയുന്ന ഉല്‍പന്നങ്ങള്‍ക്ക്  (എഫ്എംസിജി) കൂടിയ ഡിമാന്റു കാരണം വിലയിലെ മാറ്റങ്ങളും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും  ഉല്‍പാദനവുമെല്ലാം ഇതിനനുസരിച്ച് ക്രമീകരിക്കാനാകും.

∙ആഗോള ഭീമന്‍മാരില്‍ നിന്നുള്ള സ്ഥിരതയാര്‍ന്ന ഡിമാന്റും കൂടിയ തോതിലുള്ള വളര്‍ച്ചാ നിരക്കും ഇന്ത്യന്‍ കെമിക്കല്‍ മേഖലയ്ക്ക് സുരക്ഷിതത്വം നല്‍കുന്നു. അസംസ്‌കൃത രാസ വസ്തുക്കളുടേയും എണ്ണ വിലയുടേയും പ്രശ്‌നങ്ങള്‍ ഹ്രസ്വകാലത്തേക്ക് സ്വാധീനിക്കുമെങ്കിലും ഇതിനെ അതിജീവിക്കന്‍ ഈ മേഖലയ്ക്ക് കഴിയും.

∙ശക്തമായ ഉല്‍പന്ന നിരയും, ഉറച്ച വില ഘടനയും, കൂടിയ ഡിമാന്റും കൈമുതലായുള്ള ഉല്‍പന്നങ്ങള്‍ക്ക് വിലക്കയറ്റത്തിന്റെ തിരിച്ചടികളെ മറികടക്കാന്‍ കഴിയും. 

∙സേവന മേഖലയിലുള്ള കമ്പനികളും ഐ ടി അനുബന്ധ മേഖലകളും വിലക്കയറ്റവും പലിശ നിരക്കു വര്‍ധനയും പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്.

∙കൂടിയ ഓഹരി വിലകളും കുറഞ്ഞ പണംവരവുമുള്ള പുതു തലമുറ ടെക് കമ്പനികളുള്‍പ്പടെയുള്ളവയ്ക്ക് ഹ്രസ്വകാലത്തേക്ക് അസ്ഥിരത അിമുഖീകരിക്കേണ്ടി വരാമെങ്കിലും പിന്നീട് അതിജീവിക്കും. എന്നാല്‍ മിതമായ നിരക്കും സുശക്തമായ ബാലന്‍സ് ഷീറ്റുമുള്ള, വിവര സാങ്കേതിക വിദ്യാ രംഗത്തെ വമ്പന്‍മാരായ ഇന്‍ഫോസിസ്, ടിസിഎസ്, ടെക്മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നിക്ഷേപത്തിന് അനുയോജ്യമായിരിക്കും. 

∙താരതമ്യേന പലിശ നിരക്കുകള്‍ കുറച്ചു മാത്രം ബാധിക്കുന്ന കമ്പനികള്‍ മികച്ച പ്രകടനം നടത്തുമെന്നാണ് വിലയിരുത്തല്‍. കടമില്ലാത്തതോ കടം കുറഞ്ഞതോ ആയ, യഥേഷ്ടം പണമുള്ളതോ പണം സ്വരൂപിക്കാന്‍ കെല്‍പുള്ളതോ ആയ കമ്പനികള്‍ തുടങ്ങിയവ വിപണിയില്‍ മികച്ച പ്രകടനം കാഴ്്ച വെക്കും. 

∙പിഎല്‍ഐ പദ്ധതികള്‍ പോലെ സര്‍ക്കാരിന്റെ നിര്‍മ്മാണ പരിഷ്‌കരണരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍, ഹരിത വാതക സംരംഭങ്ങള്‍, 5 ജി, എത്തനോള്‍, പ്രതിരോധ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മികച്ച സാധ്യതയുണ്ട്. 

∙ചാക്രിക സ്വഭാവമുള്ള ലോഹ മേഖല, അടിസ്ഥാന സൗകര്യ മേഖല, എണ്ണ, ഖനന മേഖലകള്‍, രാജ്യാന്തര വ്യാപാര രംഗവുമായി കൂടുതല്‍ ബന്ധമുള്ള സ്ഥാപനങ്ങള്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. പ്രതിരോധ ശേഷിയുള്ള ആഭ്യന്തര സമ്പദ് വ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള കമ്പനികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.  

∙ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ വികസിത, വികസ്വര വിപണികള്‍ കൂടുതല്‍ കാര്യക്ഷമമായിക്കൊണ്ടിരിക്കുന്നതിനാല്‍ ഹൃസ്വകാലം മുതല്‍ ഇടക്കാലം മുതല്‍  ഇന്ത്യന്‍ വിപണിയുടെ ആകര്‍ഷണിയതയ്ക്കു മങ്ങലേല്‍ക്കാം. മൂല്യാധിഷ്ടിത വാങ്ങലുകള്‍, വില കുറയുന്ന തക്കം നോക്കിയുള്ള ഇടപാടുകള്‍ എന്നിവയ്്ക്കാണ് വിപണിയില്‍ മുന്‍ഗണന നല്‍കേണ്ടത്. 

സമ്പദ് വ്യവസ്ഥ മന്ദഗതിയിലാവുകയും പലിശ നേട്ടം ആകര്‍ഷകമാവുകയും ചെയ്യുന്ന വേളയില്‍, ഓഹരികളും കടപ്പത്രങ്ങളും 60 ശതമാനം, 40 ശതമാനം എന്ന ക്രമത്തില്‍ വാങ്ങുന്നതാണ് ശരാശരി റിസ്‌കിനു കെല്‍പുള്ള നിക്ഷേപകന് ഗുണകരം.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഗവേഷണ വിഭാഗം മേധാവിയാണ്

English Summary : How to Select Investment Sectors in an Uncertain Market Situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com