ADVERTISEMENT

വെള്ളിയാഴ്ച നഷ്ടത്തിൽ ആരംഭിച്ച അമേരിക്കൻ വിപണി ഒരു മിക്സഡ് ക്ളോസിങ് നടത്തി. അമേരിക്കൻ സൂചിക ഫ്യൂച്ചറുകൾ വീണ്ടും നഷ്ടത്തുടക്കം കുറിച്ചു. 

പിഎംഐ ഡേറ്റ ഇന്ന് 

ഐഎസ്എം മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ 50ൽ താഴെ വന്നത് വ്യാഴാഴ്ച അമേരിക്കൻ വിപണിയിൽ വീണ്ടും മാന്ദ്യ ഭയം കൊണ്ട് വന്നെങ്കിൽ വെള്ളിയാഴ്ച വന്ന നവംബറിലെ മികച്ച തൊഴിൽ വിവര കണക്കുകൾ ഫെഡിന് അനുകൂലമാണെന്നത് അമേരിക്കൻ വിപണിക്ക് തകർച്ചയോടെയുള്ള തുടക്കം നൽകി. എങ്കിലും തിരിച്ചു കയറിയ അമേരിക്കൻ സൂചികകൾ വെള്ളിയാഴ്ച വീണ്ടും ഒരു മിക്സഡ് ക്ലോസിങ് നടത്തി. അമേരിക്കൻ ഫെഡ് ചെയർമാൻ ഈ മാസം മുതൽ ഫെഡ് നിരക്ക് വർധനയുടെ തോത് കുറയ്ക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അടുത്ത ആഴ്ചയിലെ അമേരിക്കൻ പണപ്പെരുപ്പകണക്കുകൾ വിപണിക്ക് വളരെ പ്രധാനമാണ്. നോൺ ഫാം പേറോൾ കണക്കുകൾ പ്രകാരം നവംബറിൽ 263000 പുതിയ  തൊഴിലുകൾ ലഭ്യമായതും, തൊഴിലില്ലായ്മ വർദ്ധന 3.7%ൽ ക്രമപ്പെട്ടതും ഫെഡിന് നിരക്ക് വർധനക്ക് അനുകൂലമാണെന്നതും വിപണിക്ക് ക്ഷീണമാണ്.  

ഇന്ന് വരുന്ന യൂറോ സോൺ, ബ്രിട്ടീഷ്, ജർമൻ, ഫ്രഞ്ച് പിഎംഐ കണക്കുകളും  അമേരിക്കൻ, ഇന്ത്യൻ , ജാപ്പനീസ് മുതലായ രാജ്യങ്ങളുടെ സർവീസ് പിഎംഐ കണക്കുകളും വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ച പുറത്ത് വരുന്ന ചൈനീസ് പണപ്പെരുപ്പകണക്കുകളും, അമേരിക്കൻ പ്രൊഡ്യൂസഴ്സ് പ്രൈസ് ഇൻഡെക്‌സും  വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

എട്ട് ദിവസത്തെ മുന്നേറ്റത്തിനൊടുവിൽ വിദേശ ഫണ്ടുകളുടെ വാങ്ങലിനിടയിലും വെള്ളിയാഴ്ച ഇന്ത്യൻ വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഓട്ടോ, എനർജി, എഫ്എംസിജി, സെക്ടറുകൾക്കൊപ്പം ബാങ്കിങ്, ഐടി സെക്ടറിലെയും ലാഭമെടുക്കൽ വിപണിക്ക് ക്ഷീണമായി. 

18888 പോയിന്റിൽ പുതിയ റെക്കോർഡ് കുറിച്ച നിഫ്റ്റിക്ക് ഇനി 18900 പോയിന്റ് പുതിയ കടമ്പയാണ്.  വെള്ളിയാഴ്ച 18696 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന്  18780 പോയിന്റിലും 18840 പോയിന്റിലും  ആദ്യ റെസിസ്റ്റൻസുകൾ പ്രതീക്ഷിക്കുന്നു. 18640 പോയിന്റിലും, 18600 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ ആദ്യ പിന്തുണകൾ. 18400 പോയിന്റിലാണ് നിഫ്റ്റിയുടെ പ്രധാന പിന്തുണ. 

ബാങ്ക് നിഫ്റ്റി 

വെള്ളിയാഴ്ച 157 പോയിന്റുകൾ വീണ്  43104 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 42930 പോയിന്റിലും, 42800 പോയിന്റിലും ആദ്യ പിന്തുണകൾ നേടിയേക്കാം. 43200 പോയിന്റിലും, 43300 പോയിന്റിലും ബാങ്ക് നിഫ്റ്റി റെസിസ്റ്റൻസ് പ്രതീക്ഷിക്കുന്നു. 

റിസർവ് ബാങ്ക് നയാവലോകന യോഗം 

ഇന്ന് ആരംഭിച്ച് ബുധനാഴ്ച പുതിയ പണനയവും, അടിസ്ഥാന കേന്ദ്ര ബാങ്ക് നിരക്കുകളും പ്രഖ്യാപിക്കുന്ന ഭാരതീയ കേന്ദ്ര ബാങ്കിന്റെ നയാവലോകന യോഗം വിപണിയെ സ്വാധീനിച്ചേക്കും. ബാങ്കിങ്, ഫിനാൻസ്, ഓട്ടോ, റിയൽ എസ്റ്റേറ്റ് മുതലായ സെക്ടറുകൾ ശ്രദ്ധിക്കുക. സെപ്റ്റംബറിൽ ആർബിഐ റിപോ നിരക്ക് അര ശതമാനം വർദ്ധിപ്പിച്ച് 5.90%ൽ എത്തിച്ചിരുന്നു.  

ക്രൂഡ് ഓയിൽ 

ശനിയാഴ്ചയും, ഞായറാഴ്ചയുമായി നടന്ന ഒപെക്, ഒപെക് പ്ലസ് യോഗങ്ങൾ എണ്ണ ഉല്പാദന നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത് ക്രൂഡ് ഓയിലിന് അനുകൂലമാണ്. ഒപെക് പ്ലസ് ഒക്ടോബറിൽ നവംബർ മുതൽ 2023 അവസാനം വരെ ദിവസേന 2 ദശലക്ഷം ബാരലിന്റെ അഛവാ ആഗോള ഉപഭോഗത്തിന്റെ 2% കുറവ് വരുത്താൻ തീരുമാനിച്ചിരുന്നു. 

ചൈനയുടെ എണ്ണ ആവശ്യകത കൂടി പരിഗണിച്ചായിരിക്കും ഇനി  ഫെബ്രുവരി ഒന്നിലെ ഒപെക് മന്ത്രി തല യോഗത്തിലോ, ജൂൺ 3-4 തീയതികളിൽ നടക്കുന്ന ഒപെക് ജനറൽ ബോഡിയിലോ എണ്ണ ഉല്പാദന നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുക. ജി-7ന്റെ പരമാവധി വില തീരുമാനങ്ങൾക്കെതിരെ റഷ്യയും എണ്ണ ഉത്പാദനം കുറയ്ക്കുന്നതും ക്രൂഡ് ഓയിൽ വില വർദ്ധിപ്പിച്ചേക്കാം. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് വീഴ്ചയിൽ 1800 ഡോളർ കടന്ന് പോയ രാജ്യാന്തര സ്വർണ വിലയെ ഇന്നും ബോണ്ട് യീൽഡിന്റെ ചലനങ്ങൾ തന്നെയാകും നിയന്ത്രിക്കുക. മാന്ദ്യഭയത്തിൽ വീണ അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.5%ത്തിന് മുകളിലേക്ക് വീണ്ടും കയറി.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com