പലിശയുടെ പടികയറ്റത്തിന് നാളെയോടെ അവസാനമോ?

HIGHLIGHTS
  • വ്യക്തികൾക്കോ വ്യവസായ, വാണിജ്യ മേഖലകൾക്കോ കനത്ത ബാധ്യത സൃഷ്ടിച്ചേക്കില്ല
interst
SHARE

പലിശ നിരക്കുകളുടെ തുടർച്ചയായ പടികയറ്റത്തിനു നാളെയോടെ അവസാനമായേക്കും. മൂന്നു ദിവസത്തെ പണനയ സമിതി (എംപിസി) യോഗത്തിന്റെ അവസാനദിനമായ നാളെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നടത്തുന്ന ഏതു പ്രഖ്യാപനവും മുൻ യോഗതീരുമാനങ്ങളിൽനിന്നു വ്യത്യസ്തമായി, വ്യക്തികൾക്കോ വ്യവസായ, വാണിജ്യ മേഖലകൾക്കോ കനത്ത ബാധ്യത സൃഷ്ടിക്കുന്നതായിരിക്കില്ല. പ്രഖ്യാപനവുമായി ബന്ധപ്പെട്ടു രണ്ട് സാധ്യതകളാണു പ്രതീക്ഷിക്കാവുന്നത്:

1. വായ്പ നിരക്കുകളിൽ ഒരു മാറ്റവും ഇല്ലാതെ നിലവിലെ സ്ഥിതിയുടെ തുടർച്ച.

2.  വായ്പ നിരക്കിൽ 0.25 – 0.35 ശതമാനത്തിന്റെ വർധന.

സാമ്പത്തിക വിദഗ്ധരിൽ ബഹുഭൂരിപക്ഷത്തിന്റെയും അനുമാനം 0.25 – 0.35 ശതമാനത്തിന്റെ വർധനയാണ്. എന്നാൽ തൽസ്ഥിതി തുടരാൻ തീരുമാനിച്ച് അതിശയിപ്പിക്കാൻ ആർബിഐ തയാറായേക്കും എന്നു ചിന്തിക്കുന്ന ന്യൂനപക്ഷവും ബാങ്കിങ് മേഖലയിലുണ്ട്. അപൂർവമായെങ്കിലും ആർബിഐ അത്തരം അതിശയ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ള ചരിത്രമുണ്ട്.

ജനപ്രീതി വീണ്ടെടുക്കാം

തുടർച്ചയായ പലിശ വർധനയെക്കുറിച്ചുള്ള പരിഭവം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തൽസ്ഥിതി തുടരാൻ തീരുമാനിക്കുന്നതുകൊണ്ട് ആർബിഐക്കു ജനപ്രീതി വീണ്ടെടുക്കാം. ബാങ്കുകളുടെ വായ്പ വളർച്ച ക്രമേണ മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിൽ ആ പ്രവണതയ്ക്കു പ്രതിബന്ധമാകേണ്ട എന്ന നിലപാടു സ്വീകരിക്കുകയുമായി. തുടർച്ചയായ പ്രഖ്യാപനങ്ങളിലൂടെ  വായ്പ നിരക്കിൽ രണ്ടു ശതമാനത്തോളമാണു വർധനയുണ്ടായിരിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ വായ്പ നിരക്കുകളിലെ വർധനയുടെ കാര്യത്തിൽ മെല്ലെപ്പോക്കിനു തയാറാകുകയാണ്. 

ഫെഡ് റിസർവിന്റെ പണ നയ സമിതി അടുത്ത ആഴ്ച ചേരുന്നുമുണ്ട്. ഈ സാഹചര്യവും തൽക്കാലം തൽസ്ഥിതി തുടരാൻ ആർബിഐയെ പ്രേരിപ്പിച്ചേക്കാം. അതേസമയം, യുഎസിലെ വായ്പ നിരക്കും ഇന്ത്യയിലെ നിരക്കും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരുന്നതിന് ആർബിഐ ശ്രമം നടത്തേണ്ടതുണ്ട്. പണപ്പെരുപ്പം നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കെ വലിയ തോതിലുള്ള നിരക്കു വർധന സാധ്യവുമല്ല. 0.25 – 0.35% വർധന പ്രഖ്യാപിക്കാനുള്ള സാധ്യത നിലനിൽക്കുന്നത് ഇക്കാരണങ്ങളാലാണ്. എന്തായാലും പണപ്പെരുപ്പ നിയന്ത്രണത്തിനോ, സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനോ മുൻഗണന നൽകേണ്ടത് എന്നു തീരുമാനിക്കേണ്ട പ്രയാസമേറിയ ബാധ്യതയാണ് ഇത്തവണ ആർബിഐക്കുള്ളത്.

English Summary : Shall We Expecy a Surprise Move from RBI Tomorrow?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS