ADVERTISEMENT

ഫെഡ് ഭീതിയിൽ ഇന്നലെയും അമേരിക്കൻ വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. നഷ്ടത്തിൽ ആരംഭിച്ച ഏഷ്യൻ വിപണികളും തിരിച്ചു വരവിന് ശ്രമിക്കുന്നത് പ്രതീക്ഷയാണ്. എസ്ജിഎക്സ് നിഫ്റ്റി 18730 പോയിന്റിൽ വ്യാപാരം തുടരുന്നു. 

ഫെഡ് ഭീതിയിൽ അമേരിക്ക 

മികച്ച തൊഴിൽ, സർവീസസ് പിഎംഐ ഡേറ്റകൾ ഫെഡ് റിസർവിനെ വീണ്ടും 75 ബേസിസ് പോയിന്റ് നിരക്കുയർത്തലിന് പ്രേരിപ്പിച്ചേക്കാവുന്നത് മാന്ദ്യ കാരണമാകുമെന്ന ഭയത്തിൽ ഇന്നലെയും അമേരിക്കൻ വിപണി വീഴ്ച നേരിട്ടു. 6% തകർന്ന മെറ്റാ പ്ലാറ്റ്ഫോമിന്റെ നേതൃത്വത്തിൽ ടെക് ഓഹരികളും, 4% തകർന്ന ബാങ്ക് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ഫിനാൻഷ്യൽ ഓഹരികളും, 2.6% തകർന്ന എക്സൺ മൊബീലിന്റെ നേതൃത്വത്തിൽ എനർജി ഓഹരികളും വീണപ്പോൾ നാസ്ഡാക് 2%വും, എസ്&പി 1.44%വും വീണു. 

യൂറോ സോൺ ജിഡിപി കണക്കുകളും, ഇസിബി അംഗങ്ങളുടെ പ്രസംഗങ്ങളും ഇന്ന് യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. മാന്ദ്യ ഭയം അടുത്ത ചൊവ്വാഴ്ച റീറ്റെയ്ൽ പണപ്പെരുപ്പ കണക്കുകൾ വരും വരെ അമേരിക്കൻ വിപണിയെ നിയന്ത്രിച്ചേക്കാം. 

നിഫ്റ്റി 

ഇന്നലെയും നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ മുന്നേറ്റ ശ്രമത്തിൽ നഷ്ടവ്യാപ്തി കുറച്ചു. നാസ്ഡാകിന്റെ വീഴ്ച ഇന്ത്യൻ ഐടി സെക്ടറിന് 1.5% വീഴ്ച നൽകിയതും, മുൻനിര ബാങ്കുകളുടെ വീഴ്ചയിൽ ബാങ്കിങ് സെക്ടർ അര ശതമാനം വീഴ്ച നേരിട്ടതും, ഫാർമ, മെറ്റൽ , റിയൽറ്റി സെക്ടറുകളുടെ വീഴ്ചയും ഇന്നലെ ഇന്ത്യൻ വിപണിക്കും നഷ്ടം നൽകി. ഇൻഫ്രാ, സിമന്റ്, മെറ്റൽ, ഡിഫൻസ്, ഹോസ്പിറ്റാലിറ്റി, എഫ്എംസിജി, മിഡ് ക്യാപ് ഐടി സെക്ടറുകൾ ഈ ഇറക്കത്തിൽ നിക്ഷേപത്തിന് പരിഗണിക്കാം. 

ഇന്നലെ 18577 പോയിന്റ് വരെ ഇറങ്ങിയ ശേഷം 18642 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 18580 പോയിന്റിലും 18530 പോയിന്റിലും ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 18655 പോയിന്റ് പിന്നിട്ടാൽ 18700 പോയിന്റിലും, 19760 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.   

ബാങ്ക് നിഫ്റ്റി 

എസ്ബിഐ ഒഴികെയുള്ള പൊതുമേഖല ഓഹരികൾ മുഴുവൻ മികച്ച മുന്നേറ്റം നേടിയ ഇന്നലെ ബാങ്ക് നിഫ്റ്റിയുടെ നഷ്ടം അര ശതമാനത്തിൽ ഒതുങ്ങി. 194 പോയിന്റുകൾ നഷ്ടത്തിൽ 43138 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 43000 പോയിന്റിലും,  42850 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 43300 പോയിന്റിലും 43430 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ. 

ആർബിഐ നയപ്രഖ്യാപനം ഇന്ന് 

രണ്ട് ദിവസത്തെ യോഗത്തിനൊടുവിൽ ആർബിഐ ഇന്ന് പുതുക്കിയ റീപോ, റിവേഴ്‌സ് റീപോ, റിസർവ്  നിരക്കുകളും, പുതിയ ആർബിഐ നയവും പ്രഖ്യാപിക്കുന്നു. തുടർച്ചയായ നിരക്കുയർത്തലിൽ 5.90% എത്തിയ റീപോ നിരക്ക് വർദ്ധന 40 ബേസിസ് പോയിന്റിൽ താഴെയായിരിക്കുമെന്ന് വിപണി കരുതുന്നു.    

ക്രൂഡ് ഓയിൽ 

അമേരിക്കൻ ഫെഡ് നിരക്ക് വർദ്ധന ഭീതി ക്രൂഡ് ഓയിലിന് വീണ്ടും വീഴ്ച നൽകി. ഇന്ന് പുറത്ത് വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ഇൻവെന്ററി കണക്കുകളും, യൂറോ സോൺ ജിഡിപി കണക്കുകളും ഇന്ന് ക്രൂഡ് ഓയിലിന് വളരെ പ്രധാനമാണ്. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം കുറിച്ചത് ഇന്നലെ സ്വർണത്തിനും തിരുത്തൽ നൽകി. ബോണ്ട് യീൽഡ് 3.6%ൽ താഴെ ക്രമപ്പെടുന്നത് സ്വർണത്തിന് പ്രതീക്ഷയാണ്. 1800 ഡോളറിലാണ് സ്വർണത്തിന്റെ പ്രധാന റെസിസ്റ്റൻസ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com