ADVERTISEMENT

കിട്ടുന്ന ശമ്പളമെല്ലാം കൊണ്ട് അടിച്ചുപൊളിച്ച് ജീവിക്കും. നാളെക്കായി ഒന്നും മാറ്റിവെക്കില്ല...പൊതുവില്‍ ശമ്പളക്കാരായ യുവാക്കളെ കുറിച്ച് മുതിര്‍ന്നവര്‍ പറയുന്ന പരാതിയാണിത്. എന്നാല്‍ ഈ പ്രവണതയില്‍ ഇപ്പോള്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കയാണ്. പ്രത്യേകിച്ചും കോവിഡ് മഹാമാരിക്ക് ശേഷം. ആരോഗ്യത്തിനായും ഭാവിക്കായുമെല്ലാം നിക്ഷേപിക്കേണ്ട ആവശ്യകതയെക്കുറിച്ച് കോവിഡ് കാലം യുവതലമുറയെ നന്നായി പഠിപ്പിച്ചു. മികച്ച ശമ്പളത്തോടെയുള്ള ജോലി പൊടുന്നനെ പലര്‍ക്കും നഷ്ടമായതും ഭാവി അനിശ്ചിതത്വത്തിലായതുമെല്ലാം നാളെക്കായുള്ള മാറ്റിവെക്കലിന്റെ പ്രസക്തി അവരെ ഓര്‍മിപ്പിച്ചു. അതുപോലെ ആരോഗ്യം പോലുള്ള കാര്യങ്ങള്‍ക്കായി നടത്തേണ്ട നിക്ഷേപത്തെക്കുറിച്ചും.

മില്ലേനിയല്‍സിന്റെ നിക്ഷേപ ശീലം

girl5

1982നും 2004നും ഇടയില്‍ ജനിച്ചവരെയാണ് പൊതുവെ മിലേനിയല്‍സ് വിഭാഗത്തില്‍ പെടുത്തുന്നത്. ഇവരാണ് ഇന്ത്യന്‍ ജനസംഖ്യുടെ മൂന്നിലൊന്നും വരുന്നത്. രാജ്യത്തിന്റെ തൊഴില്‍ ശക്തിയുടെ 46 ശതമാനവും ഇവര്‍ തന്നെ. അതുകൊണ്ടെല്ലാമാണ് ഇന്ത്യന്‍ സാമ്പത്തിക കുതിപ്പില്‍ യുവതലമുറയ്ക്ക് എപ്പോഴും വലിയ പങ്കുണ്ടെന്ന് വിലയിരുത്തപ്പെടുന്നത്. 

മില്ലേനിയല്‍സിന്റെ സാമ്പത്തിക തീരുമാനങ്ങളാണ് വന്‍കിട കമ്പനികളും ബ്രാന്‍ഡുകളുമെല്ലാം ഉറ്റുനോക്കുന്നത്. ഇക്കൂട്ടരിലെ ശമ്പളക്കാരില്‍ സമ്പാദ്യശീലം വളരെ കുറവാണെന്നത് പഴയ പല്ലവിയായി മാറിക്കഴിഞ്ഞു. കോവിഡിന് ശേഷം യുവതലമുറയുടെ നിക്ഷേപ ശീലങ്ങളിലും വ്യക്തമായ മാറ്റങ്ങള്‍ വന്നു. 2022ലും അതാണ് തുടര്‍ന്നുപോന്നത്. ഇന്ന് 80 ശതമാനം മിലേനിയല്‍സിനും സമ്പത്തുണ്ടാക്കുകയെന്നത് മുഖ്യ ലക്ഷ്യമായി മാറി. സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ ഇഷ്ടപ്പെടുന്ന ഇവരുടെ ശീലങ്ങള്‍ക്കനുസരിച്ചാണ് പല നിക്ഷേപ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തുന്നത് തന്നെ. 

happy-3-

പോയ വര്‍ഷം മില്ലേനിയല്‍സിനിടയിലെ ശക്തമായ 5 മാറ്റങ്ങള്‍ ഇവയാണ്

സ്വതന്ത്ര തീരുമാനങ്ങള്‍

സാമ്പത്തികം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ യുവതലമുറ ഇഷ്ടപ്പെടുന്നു. 2008ലെ സാമ്പത്തിക മാന്ദ്യവും കോവിഡ് മഹാമാരിയും പോലുള്ള ദുരന്തങ്ങളാണ് അത്തരമൊരു മാറ്റം യുവതലമുറയില്‍ ശക്തമാക്കിയത്.

office4

ഓഹരി വിപണിയില്‍ വിശ്വാസം കൂടുന്നു

യുവാക്കള്‍ക്ക് ഓഹരി വിപണിയില്‍ വിശ്വാസം കൂടിവരുന്നു. കോവിഡ് മഹാമാരിക്ക് ശേഷമാണ് ഈ പ്രവണത ശക്തമായിത്തുടങ്ങിയത്. 2022ലും അത് തുടരുന്നതിന്റെ സൂചനയാണ് കണ്ടത്. 2020ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 5 മില്യണ്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളാണ് തുറന്നത്. അതിന് മുമ്പുള്ള അഞ്ച് വര്‍ഷം കൊണ്ട് തുറന്ന മൊത്തം അക്കൗണ്ടുകളുടെ പകുതിയോളം വരുമത്. ഈ ട്രെന്‍ഡ് 2022ലും ദൃശ്യമായി. ഇതില്‍ ശ്രദ്ധേയമായ കാര്യം ഓഹരി വിപണിയുടെ റിസ്‌കിനെ കുറിച്ച് വ്യക്തമായ ധാരണയോട് കൂടിയാണ് യുവതലമുറയില്‍ നല്ലൊരു ശതമാനവും നിക്ഷേപം നടത്തുന്നത് എന്നതാണ്. 

ടെക്സാവി തലമുറ

സ്മാര്‍ട് ഫോണുകളുടെ ജനകീയതയും ഡാറ്റയുടെ ജനാധിപത്യവല്‍ക്കരണവും സ്റ്റോക്ക് മാര്‍ക്കറ്റ്, മ്യൂച്ച്വല്‍ ഫണ്ട്, എഫ്ഡി പോലുള്ള നിരവധി നിക്ഷേപ മാര്‍ഗങ്ങളെ കൂടുതല്‍ ഉദാരമാക്കി. അതിവേഗം മൊബൈല്‍ ഫോണിലെ ആപ്പുകളിലൂടെ നിക്ഷേപവും ഇന്‍ഷുറന്‍സ് പോളിസിയും മ്യൂച്ച്വല്‍ ഫണ്ടുമെല്ലാം എടുക്കുന്നത് ട്രെന്‍ഡായി മാറിക്കഴിഞ്ഞു. 

card-money

വ്യക്തിഗതമാകുന്ന സേവനങ്ങള്‍

കോവിഡ് മഹാമാരി പോലുള്ള ദുരന്തങ്ങള്‍ പലര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതിനാല്‍ ഓരോരുത്തരുടെയും സാമ്പത്തിക ചുറ്റുപാടുകള്‍ അറിഞ്ഞുള്ള നിക്ഷേപ തന്ത്രങ്ങളാണ് ഭാവിയില്‍ വേണ്ടത്. ഇത് യുവാക്കള്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞുവരികയാണ്. വെല്‍ത്ത് അഡ്വൈസറി സേവനങ്ങള്‍ നല്‍കുന്ന പല കമ്പനികളും വെളിപ്പെടുത്തുന്നത് അവരുടെ സേവനങ്ങള്‍ കൂടുതല്‍ വ്യക്തിഗതമായി മാറുന്നു എന്നതാണ്. എല്ലാവരെയും ലക്ഷ്യമിട്ട് ഒറ്റ സേവനമെന്ന രീതി നിക്ഷേപ ഉപദേശ സ്ഥാപനങ്ങള്‍ മാറ്റിത്തുടങ്ങി. റെഫിനിറ്റിവ് പുറത്തുവിട്ട ഗ്ലോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് മില്ലേനിയില്‍സ് വിഭാഗത്തില്‍ വരുന്ന 64 ശതമാനം പേരും വ്യക്തിഗത നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി കൂടുതല്‍ പണം മുടക്കാന്‍ തയാറാണ്. 

സമാന്തര നിക്ഷേപ മാര്‍ഗങ്ങള്‍

എഫ്ഡി, റിയാല്‍റ്റി, ഗോള്‍ഡ് തുടങ്ങിയ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍ക്കും ഓഹരി, മ്യൂച്ച്വല്‍ ഫണ്ട് പോലുള്ള നവതലമുറ നിക്ഷേപ മാര്‍ഗങ്ങള്‍ക്കും അപ്പുറമുള്ള ഡിജിറ്റല്‍ പദ്ധതികളോടും യുവാക്കള്‍ക്ക് താല്‍പ്പര്യമേറുന്നുണ്ട്. ക്രിപ്‌റ്റോകറന്‍സികള്‍, എന്‍എഫ്ടി, വിദേശങ്ങളില്‍ സജീവമാകുന്ന സുസ്ഥിര നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ യുവാക്കള്‍ക്ക് താല്‍പ്പര്യമേറുന്നത് 2022ല്‍ വന്ന പ്രകടമായ മാറ്റമാണ്. ക്രിപ്‌റ്റോകറന്‍സി കുമിളയാണെന്ന് പരക്കെ വിലയിരുത്തപ്പെടുമ്പോഴും പെട്ടെന്ന് കാശുണ്ടാക്കാനുള്ള മാര്‍ഗമായി നിരവധി യുവാക്കള്‍ അതിനെ കാണുന്നു.

English Summary : The Changing Investment Habits of Millennials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com