അനിൽ അംബാനിയെപ്പോലെ തകരുമോ മസ്ക്; എല്ലാം ഞാണിന്മേൽ കളി, നഷ്ടം ശതകോടികൾ
Mail This Article
‘മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’ ജ്ഞാനപ്പാനയിൽ പൂന്താനം എഴുതിയ വരികൾ ഇന്നും പ്രസക്തമാകുകയാണോ? ലോകത്തെ പല കോടീശ്വരന്മാരുടെയും സമ്പത്തിന്റെ കണക്കു നോക്കുമ്പോഴാണ് പൂന്താനത്തിന്റെ വാക്കുകൾ കിറുകൃത്യമാകുന്നത്. അടുത്തിടെ ലോക കോടീശ്വരൻ ഇലോൺ മസ്ക് ഗിന്നസ് ബുക്കിൽ ഒരു റെക്കോർഡ് കൂടി ഇട്ടു. വ്യക്തിഗത സമ്പത്തിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടതിനുള്ള ഗിന്നസ് റെക്കോർഡ് ആണ് ഇലോൺ മസ്ക് ദിവസങ്ങൾക്കു മുൻപ് തകർത്തത്. 2021 നവംബറിൽ മസ്കിന്റെ സ്വത്ത് 320 ബില്യൻ ഡോളറായിരുന്നു. (ഏകദേശം 25 ലക്ഷം കോടി രൂപ). ഏതാനും ദിവസങ്ങൾക്കു മുൻപ് അത് 138 ബില്യൻ ഡോളറായി ഇടിഞ്ഞു. അതായത് 182 ബില്യൻ ഡോളറിന്റെ (ഏകദേശം 14 ലക്ഷം കോടി രൂപ) നഷ്ടം. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ മസ്കിന്റെ ഇപ്പോഴത്തെ സമ്പത്ത് ഏകദേശം 11 ലക്ഷം കോടി രൂപയാണ്. അതായത് സമ്പത്ത് പകുതിയിലും താഴെയെത്തിയിരിക്കുന്നു. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ എന്നു പറഞ്ഞതു പോലെയായി മസ്കിന്റെ കാര്യം. ഇതു മസ്കിന്റെ മാത്രം കാര്യമല്ല. പല കോടീശ്വരന്മാരുടെയും അവസ്ഥ ഇങ്ങനെത്തന്നെയാണ്. പക്ഷേ പണം വേറെയും ഉള്ളതിനാൽ തോളിൽ മാറാപ്പു കയറുന്നില്ലെന്നു മാത്രം. ഇതോടെ ഒരു ചോദ്യം ഉയരുന്നു. തൊട്ടാൽ പൊട്ടുന്ന കുമിളയാണോ ശതകോടീശ്വരന്മാരുടെ സമ്പത്ത്? എന്തു കൊണ്ടാണ് സമ്പത്ത് ഒറ്റയടിക്ക് ഉയരുന്നത്? അതുപോലെത്തന്നെ ഇടിയുന്നത്?