ADVERTISEMENT

അമേരിക്കൻ വിപണിയുടെ വെള്ളിയാഴ്ചത്തെ തിരിച്ചു കയറ്റം ഏഷ്യൻ വിപണികൾക്ക് ഇന്ന് പ്രതീക്ഷയാണ്. 

നെറ്റ്ഫ്ലിക്സ് പിന്തുണയിൽ തിരിച്ചു കയറി അമേരിക്ക 

കഴിഞ്ഞ ആദ്യ ആഴ്ചയിലെ ആദ്യ ദിവങ്ങളിൽ മാന്ദ്യഭയത്തിലും, ഫെഡ് പേടിയിലും വീണ അമേരിക്കൻ വിപണി വെള്ളിയാഴ്ച നെറ്റ്ഫ്ലിക്സിന്റെ മികച്ച ഗൈഡൻസിന്റെ പിന്തുണയിൽ തിരിച്ചു കയറി നഷ്ടം നികത്തി. അമേരിക്കൻ ബോണ്ട് യീൽഡും തിരിച്ചു കയറി 3.48%ൽ എത്തിയ വെള്ളിയാഴ്ച നാസ്ഡാക് 2.66%വും, എസ്&പി 1.89%വും മുന്നേറിയപ്പോൾ ഡൗ ജോൺസ്‌ 1% നേട്ടം കുറിച്ചു. വെള്ളിയാഴ്ച നെറ്റ്ഫ്ലിക്സ് 8% ൽ കൂടുതൽ മുന്നേറിയപ്പോൾ ടെസ്‌ലയും, ആപ്പിളും ,ഗൂഗിളും, മൈക്രോ സോഫ്‌റ്റും അടക്കമുള്ള ബിഗ് ടെക്കുകളും മുന്നേറ്റം കുറിച്ചത് അമേരിക്കൻ വിപണി മുന്നേറ്റത്തിന് വഴി വെച്ചു. അടുത്ത ആഴ്ചയിലെ ടെസ്ല, മൈക്രോ സോഫ്റ്റ്, ഇന്റല്‍, എക്സൺ മൊബീല്‍ എന്നിവയുടെ  റിസൾട്ടുകളും, ചൊവ്വാഴ്ച പുറത്ത് വരുന്ന യൂറോപ്യൻ രാജ്യങ്ങളുടെയും , അമേരിക്കയുടെയും  പിഎംഐ ഡേറ്റകളും വിപണിക്ക് പ്രധാനമാണ്.

ഫെബ്രുവരി ഒന്നിനുള്ള ഫെഡ്  തീരുമാനങ്ങളെ സ്വാധീനിക്കുന്ന ജോബ് ഡേറ്റ വ്യാഴാഴ്ചയും, പിസിഇ പണപ്പെരുപ്പക്കണക്കുകൾ വെള്ളിയാഴ്ചയും പുറത്ത് വരുന്നത് അമേരിക്കൻ ബോണ്ട് യീൽഡിനും, അമേരിക്കൻ വിപണിക്കും സുപ്രധാനമാണ്. ചൈനീസ് പുതു വത്സര ആഘോഷങ്ങൾക്കായി ചൈനീസ് വിപണിയുടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന അവധി ഇന്ത്യൻ വിപണിക്ക് അനുകൂലമായേക്കാം. 

നിഫ്റ്റി 

വ്യാഴാഴ്ചത്തെ വിപണി വീഴ്ചയുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി വിദേശ ഫണ്ടുകളുടെ വില്പന സമ്മർദ്ദത്തിൽ തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.  ബാങ്കിങ് സെക്ടറൊഴികെ മറ്റെല്ലാം വെള്ളിയാഴ്ച നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മെറ്റൽ , ഫാർമ, എഫ്എംസിജി, ഓട്ടോ  സെക്ടറുകൾ കൂടുതൽ വീഴ്ച നേരിട്ടു. 

വെള്ളിയാഴ്ച 80 പോയിന്റ് നഷ്ടത്തിൽ 18027 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്നും 18014 പോയിന്റിലും 17980 പോയിന്റിലും  ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 17900 പോയിന്റിലാണ് നിഫ്റ്റിയുടെ ഡീപ് സപ്പോർട്ട്. 18080 പോയിന്റ് പിന്നിട്ടാൽ 18150 പോയിന്റിലും 18200 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന റെസിസ്റ്റൻസുകൾ.  

ബാങ്ക് നിഫ്റ്റി 

വെള്ളിയാഴ്ച 177 പോയിന്റുകൾ മുന്നേറി 42506 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിക്ക് ഇന്നും എച്ച്ഡിഎഫ്സി ബാങ്കിന്റെ ചലനങ്ങൾ വളരെ പ്രധാനമാണ്. 42360 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 42200 പോയിന്റിലാണ് നിഫ്റ്റിയുടെ താത്കാലിക പിന്തുണ. വെള്ളിയാഴ്ച 42700 പോയിന്റ് വരെ മുന്നേറിയ ബാങ്ക് നിഫ്റ്റി 42730 പോയിന്റ് പിന്നിട്ടാൽ 42900 പോയിന്റിൽ വില്പന സമ്മർദ്ദം നേരിട്ടേക്കാം. 

റിലയൻസ് 

സെപ്റ്റംബറിലാവസാനിച്ച പാദത്തിൽ 2.3 ലക്ഷം കോടി രൂപയുടെ വരുമാനവും 15512 കോടി രൂപയുടെ അറ്റാദായവും നേടിയ കമ്പനി 2.17 ലക്ഷം കോടി രൂപയുടെ വരുമാനവും 17806 കോടി രൂപയുടെ അറ്റാദായവും കഴിഞ്ഞ പാദത്തിൽ സ്വന്തമാക്കി. റിഫൈനിങ് മാർജിൻ വർദ്ധിച്ചതും, റീറ്റെയ്ൽ ബിസിനസ് റെക്കോർഡ് വരുമാനം സ്വന്തമാക്കിയതും റിലയൻസിന് അനുകൂലമായി. വരിക്കാരിൽ നിന്നുമുള്ള ജിയോയുടെ പ്രതിശീർഷ വരുമാനം രണ്ടാം പാദത്തിലെ 151 രൂപയിൽ നിന്നും കഴിഞ്ഞ പാദത്തിൽ 178 രൂപ. കടന്നു. ‘’വിൻഡ് ഫോൾ’’ നികുതികൾ റിലയൻസിന് ലാഭവർദ്ധന നിഷേധിച്ചു. അടുത്ത തിരുത്തൽ ഓഹരിയിൽ അവസരമാണ്. 

റിസൾട്ടുകൾ 

ആക്സിസ് ബാങ്ക്, കാനറാ ബാങ്ക്, ഐഡിബിഐ ബാങ്ക്, ജെ&കെ ബാങ്ക്, കണ്ടെയ്നർ കോർപറേഷൻ, ഗ്ലാൻഡ് ഫാർമ, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ജിൻഡാൽ സ്റ്റെയിൻലെസ്, ബട്ടർഫ്‌ളൈ, ക്രാഫ്ട്സ്മാൻ ഓട്ടോമേഷൻ, ആംബർ, പൂനവാല ഫിൻകോർപ്പ്, റൂട്ട് മൊബൈൽ, സെൻസാർ ടെക്ക് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

ബ്രെന്റ് ക്രൂഡ് ഓയിൽ വെള്ളിയാഴ്ച വീണ്ടും 88 ഡോളറിനടുത്തേക്ക് മുന്നേറി. ഡോളറിന്റെ ചലനങ്ങളും, ചൈനീസ്, ഇന്ത്യൻ ഉപഭോഗ വർദ്ധന സാധ്യതകളും തന്നെയാകും അമേരിക്കൻ ക്രൂഡ് ഇൻവെന്ററി കണക്കുകൾ വരുന്നത് വരെ ക്രൂഡ് ഓയിലിന്റെ ഗതി നിർണയിക്കുക. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് 3.48%ലേക്ക് മുന്നേറിയത് രാജ്യാന്തര സ്വർണ വിലക്ക് വെള്ളിയാഴ്ച മുന്നേറ്റം നിഷേധിച്ചു. 1926 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ച സ്വർണം 1900 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു. മാന്ദ്യഭയം സ്വർണമടക്കമുള്ള നിക്ഷേപ ലോഹങ്ങൾക്ക് അനുകൂലമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com