ADVERTISEMENT

ഇന്നലെ അമേരിക്കൻ വിപണി വീണ്ടും മുന്നേറ്റം കുറിച്ചെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തോടെ തുടങ്ങി. പണപ്പെരുപ്പം വീണ്ടും വർധിച്ചതിനെ തുടർന്ന് ജാപ്പനീസ് വിപണിയും ഇന്ന് ഫ്ലാറ്റ് തുടക്കം നേടി.

അമേരിക്കൻ ജിഡിപി മുന്നേറ്റം 

വിപണി പ്രതീക്ഷയ്ക്കപ്പുറം പോയ മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ ടെസ്‌ല 160 ഡോളറിലേക്ക് പറന്ന് കയറിയത് ഇന്നലെ അമേരിക്കാൻ ടെക്ക് സെക്ടറിന് നൽകിയ മുന്നേറ്റം നാസ്ഡാക്കിന് 176%  നേട്ടം നൽകി. അമേരിക്കൻ ബോണ്ട് യീൽഡ് 3.50%ലേക്ക് കയറിയിട്ടും എസ്&പി 1.10%വും ഡൗ ജോൺസ്‌ 61%വും വീതം മുന്നേറ്റവും ഇന്നലെ നേടി. 2022ലെ അവസാന പാദത്തിലെ അമേരിക്കയുടെ ആഭ്യന്തര ഉത്പാദനം വിപണി പ്രതീക്ഷയായ 2.6%വും കടന്ന് 2.9% വളർച്ച കുറിച്ചതും ഇന്നലെ അമേരിക്കൻ വിപണിക്ക് പിന്തുണ നൽകി. മൂന്നാം പാദത്തിലെ 3.2%ൽ നിന്നും ജിഡിപി വളർച്ച കുറഞ്ഞത് ഫെഡ് പലിശ നിരക്ക് വർദ്ധനയുടെ സ്വാധീനമാണെന്നും വിപണി കരുതുന്നു. ഇന്നലെ അമേരിക്കൻ വിപണി സമയത്തിന് ശേഷം വന്ന ഇന്റലിന്റെ അവസാന പാദ ഫലം ലക്‌ഷ്യം തെറ്റിയത് അമേരിക്കൻ ഫ്യൂച്ചറുകൾക്ക് ഇന്ന് നഷ്ട തുടക്കം നൽകി. 

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഫെഡ് നയപ്രഖ്യാപനങ്ങളെ സ്വാധീനിക്കുന്ന പിസിഇ പണപ്പെരുപ്പ കണക്കുകൾ ഇന്ന് വരാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക്  പ്രധാനമാണ്. ഷെവറോൺ, അമേരിക്കൻ എക്സ്പ്രസ്, കോൾഗേറ്റ് പാമോലിവ് മുതലായ കമ്പനികളുടെ ഫലങ്ങളും ഇന്ന് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

റിപ്പബ്ലിക് അവധി പ്രമാണിച്ച് ഒരു ദിവസം മുന്നേ എഫ്&ഓ ക്ലോസിങ് വന്ന ബുധനാഴ്ച ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് വിദേശ ഫണ്ടുകളുടെ വില്പന ഇന്ത്യൻ വിപണിക്ക് വൻ വീഴ്ച നൽകി. അദാനി ഓഹരികൾക്കൊപ്പം ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികളും ശക്തമായ വില്പന സമ്മർദ്ദം നേരിട്ടു. മികച്ച റിസൾട്ടുകളുടെ പിൻബലത്തിൽ ഓട്ടോ സെക്ടറും, ഒപ്പം മെറ്റൽ, എഫ്എംസി ജി സെക്ടറും വീഴ്ച ഒഴിവാക്കി. മിഡ്, സ്‌മോൾ ക്യാപ് സെക്ടറുകളും 1%ൽ കൂടുതൽ വീണു. 

ബുധനാഴ്ച 226 പോയിന്റുകൾ നഷ്ടമായി 17892 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 17846 പോയിന്റിൽ തന്നെ ഇന്നും ആദ്യ പിന്തുണ പ്രത്യാശിക്കുന്നു. 17770 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന പിന്തുണ. 18050 പോയിന്റിലും 18100 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ റെസിസ്റ്റൻസുകൾ. 

ബാങ്ക് നിഫ്റ്റി 

ബുധനാഴ്ച 2.5% തകർന്ന് 41647 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 41500 പോയിന്റിലും 41200 പോയിന്റിലും പിന്തുണ നേടിയേക്കാം. 42420 പോയിന്റിലും 42750 പോയിന്റ് മേഖലയിലുമാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത വില്പന സമ്മർദ്ദമേഖലകൾ.  

ഒരു ലക്ഷം കോടി നഷ്ടമായി അദാനി 

അമേരിക്കൻ കോർപ്പറേറ്റ് അന്വേഷണ ഏജൻസിയായ ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾ ബുധനാഴ്ച അദാനി ഓഹരികൾക്ക് മാത്രം ഒരു ലക്ഷം കോടി രൂപയ്ക്കടുത്ത് നഷ്‌ടമായി. ഇന്ത്യൻ ബാങ്കിങ് സെക്ടറിലും ഭീമമായ വില്പന സമ്മർദ്ദം പ്രകടമായി. അദാനി ആരോപണങ്ങൾ നിഷേധിച്ചെങ്കിലും അമേരിക്കയിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ അദാനിയെ വെല്ലുവിളിച്ച ഹിൻഡൻബർഗ് ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നത് വിപണിക്ക് ആശങ്കയാണ്. 

ടാറ്റ മോട്ടോഴ്‌സ് ലാഭത്തിൽ 

വരുമാനത്തിലും, ലാഭത്തിലും, മാർജിനിലും വൻ മുന്നേറ്റം നടത്തിയ ടാറ്റ മോട്ടോഴ്‌സ് രണ്ട് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ പാദത്തിൽ വീണ്ടും ലാഭം കുറിച്ചു. ബ്രിട്ടനിലും, ചൈനയിലും വിപണി സാഹചര്യങ്ങൾ മോശമായ കഴിഞ്ഞ പാദത്തിൽ ജെഎൽആർ വില്പന ലക്‌ഷ്യം നേടിയതാണ് ടാറ്റ മോട്ടോഴ്സിന് അനുകൂലമായത്. 88489 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കിയ ടാറ്റ മോട്ടോഴ്‌സ് 3043 കോടി രൂപയുടെ അറ്റാദായവും സ്വന്തമാക്കി.  

ഇന്നത്തെ റിസൾട്ടുകൾ

ബജാജ് ഫിനാൻസ്, വേദാന്ത, ഗ്ലെൻമാർക്, ആരതി ഡ്രാഗ്, സ്റ്റെർലൈറ്റ് ടെക്ക്, ആദിത്യ ബിർള സൺലൈഫ്, ഗോഡ്ഫ്രേയ് ഫിലിപ്സ്, എഐഎ എൻജിനിയറിങ് പൊന്നി ഈറോഡ്, അനുപം രാസായൻ, താജ് ജിവികെ മുതലായ കമ്പനികൾ ഇന്നും  എൻടിപിസി, ബിഇഎൽ, കെയർ റേറ്റിങ്, ഡിസിബി ബാങ്ക്, ഗുജറാത്ത് അംബുജ എക്സ്പോര്ട്സ്, ഹെറാൻബാ, കജാരിയാ, വേദാന്ത് ഫാഷൻസ് മുതലായ കമ്പനികൾ നാളെയും റിസൾട്ടകൾ പ്രഖ്യാപിക്കുന്നു.  

ക്രൂഡ് ഓയിൽ

അമേരിക്കയുടെ ജിഡിപി വളർച്ചയും, ചൈനയുടെ റീഓപ്പണിങ് പ്രതീക്ഷകളും ഇന്നലെ ക്രൂഡ് ഓയിലിന് വീണ്ടും മുന്നേറ്റം നൽകി. 

സ്വർണം  

അമേരിക്കൻ ബോണ്ട് യീൽഡ് ഇന്നലെ മുന്നേറിയത് സ്വർണത്തിന് തിരുത്തൽ നൽകി. 1950 ഡോളറിനടുത്ത് നിന്നും 1932 ഡോളറിലേക്കിറങ്ങിയ രാജ്യാന്തര സ്വർണ വിലക്ക് ഇന്നത്തെ അമേരിക്കൻ പിസിഇ ഡേറ്റയും നിർണായകമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com