ADVERTISEMENT

അമേരിക്കൻ വിപണി വെള്ളിയാഴ്ചയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ജാപ്പനീസ് നിക്കായിയും ഫ്ലാറ്റ് തുടക്കം സ്വന്തമാക്കി. ഒരാഴ്ച നീണ്ട അവധിക്ക് ശേഷം ചൈനീസ് വിപണി തുറക്കുന്നതും ഏഷ്യൻ വിപണികൾക്കും പ്രധാനമാണ്.

കേന്ദ്ര ബാങ്ക് നിരക്കുകളും, ബിഗ് ടെക്ക് റിസൾട്ടുകളും 

തുടർച്ചയായ ദിനങ്ങളിൽ ടെസ്‌ലയുടെ ചുമലിലേറി മുന്നേറ്റം കുറിച്ച നാസ്ഡാക് ജനുവരിയിലിത് വരെ വൻ കുതിപ്പാണ് നടത്തിയത്. ഡൗ ജോൺസ്‌ ഫ്ലാറ്റ് ക്ലോസിങ് സ്വന്തമാക്കിയ വെള്ളിയാഴ്ച എസ്&പിയും 0.25% മുന്നേറ്റം കുറിച്ചു. അടുത്ത ആഴ്ചയിൽ അമേരിക്കൻ ഫെഡ് റിസർവും, യൂറോപ്യൻ സെൻട്രൽ ബാങ്കും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്ക് വർദ്ധനകൾ പ്രഖ്യാപിക്കാനിരിക്കുന്നതും, ആപ്പിളും, ആമസോണും, അൽഫബെറ്റും, ഫേസ്ബുക്കും റിസൾട്ടുകൾ അവതരിപ്പിക്കാനിരിക്കുന്നതും ലോക വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് തന്നെ കാരണമായേക്കാം. ഫെഡ് റിസർവ് നിരക്ക് വർദ്ധനയുടെ തോത് 0.25%ലേക്ക് വീണ്ടും കുറക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ഇസിബിയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും അര ശതമാനം നിരക്ക് വർദ്ധന നടത്തിയേക്കാമെന്നും വിപണി പ്രതീക്ഷിക്കുന്നു. ജർമൻ ജിഡിപി കണക്കുകളും, സ്പാനിഷ് പണപ്പെരുപ്പ കണക്കുകളും ഇന്ന്  യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. 

നിഫ്റ്റി 

അവധി ദിവസങ്ങൾക്കിടയിൽ വന്ന വെള്ളിയാഴ്ച ഹിൻഡൻബർഗ് വെളിപ്പെടുത്തലിന്റെ സ്വാധീനത്തിൽ വിദേശ ഫണ്ടുകൾ വൻ വിറ്റഴിക്കൽ നടത്തിയത് ഇന്ത്യൻ വിപണിയുടെ വീഴ്ചയുടെ വ്യാപ്തി വർദ്ധിപ്പിച്ചു. അദാനി ഓഹരികൾക്കൊപ്പം ബാങ്കിങ്, മെറ്റൽ, എനർജി, ഇൻഫ്രാ, സിമന്റ്  സെക്ടറുകളും വലിയ നഷ്ടം കുറിച്ചപ്പോൾ ഓട്ടോ, ഫാർമ, എഫ്എംസിജി സെക്ടറുകൾ വെള്ളിയാഴ്ച നേട്ടം കുറിച്ചു. 

വെള്ളിയാഴ്ച 17770 പോയിന്റിലെ പിന്തുണ നഷ്‌ടമായ ശേഷം 17500 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 17604 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസമായി 17750 പോയിന്റിനും, 17250 പോയിന്റിനുമിടയിൽ സഞ്ചരിച്ച നിഫ്റ്റിയുടെ 17500 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 17300 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന പിന്തുണ. പ്രധാന റെസിസ്റ്റൻസ് ആയി മാറിയ 17800 പോയിന്റ് പിന്നിട്ടാൽ 17900 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ്. 

ഹിൻഡൻബർഗിന്റെ ചോദ്യങ്ങളും അദാനിയുടെ മറുപടിയും 

ഹിൻഡൻബർഗ് വെളിപ്പെടുത്തൽ നടത്താൻ തെരെഞ്ഞെടുത്ത സമയം വളരെ കൃത്യമായിരുന്നു. അദാനി എന്റർപ്രൈസസിന്റെ എഫ് പിഓ ആരംഭിക്കുന്നതിന് തൊട്ട് മുൻപ് അമേരിക്കൻ ഷോർട് സെല്ലർ പുറത്ത് വിട്ട അദാനിയെക്കുറിച്ചുള്ള 88 ചോദ്യങ്ങൾ ഇന്ത്യൻ വിപണിക്ക് തന്നെ വലിയ ക്ഷീണമായി. എങ്കിലും ഇന്നലെ അദാനി ഹിൻഡൻബർഗിന്റെ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നല്കി. അദാനിയുടെ മറുപടി വൈകിയതും നിക്ഷേപകരിൽ സംശയമുണർത്തിയിരുന്നു. 

അദാനി എന്റർപ്രൈസസിന്റെ വിപണി വില എഫ് പി ഓ നിരക്കിനേക്കാൾ താഴെ പോയെങ്കിലും 20000 കോടി രൂപയുടെ ധനസമാഹരണത്തിന് ആങ്കർ നിക്ഷേപകരുടെ പിന്തുണ നിർണായകമാണ്.  ദീർഘകാല നിക്ഷേപകർക്ക് ഈ തിരുത്തൽ അവസരമാണ്. 

ബജറ്റ് 2024

ഫെബ്രുവരി ഒന്നിന് ഇന്ത്യയുടെ യൂണിയൻ ബജറ്റും, അമേരിക്കയുടെ ഫെഡ് നിരക്ക് പ്രഖ്യാപനങ്ങളും ഒരുമിച്ച് വരുന്നത് വിപണിയുടെ സമ്മർദ്ദം വർദ്ധിപ്പിച്ചേക്കാം. വെള്ളിയാഴ്ച വലിയ നഷ്ടം കുറിച്ച ഇൻഫ്രാ, സിമന്റ്, മെറ്റൽ ഓഹരികൾ ബജറ്റ് പ്രതീക്ഷയിൽ റിക്കവറി പ്രതീക്ഷിക്കുന്നു. 

റിസൾട്ടുകൾ 

ഗെയിൽ, ബിപിസിഎൽ, ആർഇസി, പിഎൻബി, എൽ&ടി, ടെക്ക് മഹിന്ദ്ര, ബജാജ് ഫിൻസെർവ്, ബജാജ് ഹോൾഡിങ്‌സ്, മാസഗോൺ ഡോക്ക്സ്, നിപ്പോൺ ലൈഫ്, എസ്ആർഎഫ്, ട്രൈഡന്റ്, വെൽസ്പൺ, എക്സൈഡ്, എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ്, ഐനോക്‌സ് ലെഷർ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ അവതരിപ്പിക്കുന്നു. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ ജിഡിപി വളർച്ച കണക്കുകളും ചൈനീസ് പ്രതീക്ഷകളും  ക്രൂഡിന് കഴിഞ്ഞ വാരം മുന്നേറ്റം നൽകി. ചൈനീസ് വിപണി ഇന്ന് തുറക്കുന്നതും, അമേരിക്കൻ ഫെഡ് തീരുമാനങ്ങളും ക്രൂഡിന് നിർണായകമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 88 ഡോളറിൽ താഴെയാണ്. 

സ്വർണം 

1850 ഡോളറിനടുത്ത് വ്യാപാരം തുടരുന്ന രാജ്യാന്തര സ്വർണ വിലക്ക് അമേരിക്കൻ ബോണ്ട് ചലനങ്ങൾ ഇന്ന് പ്രധാനമാണ്. അമേരിക്കൻ ഫെഡ് തീരുമാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ബോണ്ട് യീൽഡ് മുന്നേറ്റം പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com