ADVERTISEMENT

അദാനിയുടെ അന്തകനാകുമോ ഹിന്‍ഡന്‍ബര്‍ഗ് എന്ന സംശയത്തോടനുബന്ധിച്ച് നിരവധി ചോദ്യങ്ങൾ പലർക്കുമുണ്ട്. അവയ്ക്കുള്ള ഉത്തരങ്ങളിതാ:

1. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഫോളോഓണ്‍ പബ്ലിക് ഓഫര്‍ തുടങ്ങുന്ന ദിവസം തന്നെ പുറത്തിറക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിനെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലേ? 

ഒരിക്കലുമല്ല. ഓഡിറ്റര്‍മാരും മറ്റ് നിയന്ത്രകരും കണ്ടെത്താത്ത പല കാര്യങ്ങളും ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തി തട്ടിപ്പ് വീരന്മാരെ കെട്ടുകെട്ടിച്ച ചരിത്രമുണ്ട്. ഹിന്‍ഡണ്‍ബര്‍ഗ് തന്നെ നിക്കോള എന്ന  വൈദ്യുതി വാഹന നിര്‍മ്മാണ കമ്പനിയുടെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നതാണ്. ഇനി തട്ടിപ്പുകാരന്‍ ഹിന്‍ഡന്‍ബര്‍ഗ് ആണെങ്കില്‍ അവര്‍ക്ക് ധനനഷ്ടം മാത്രമല്ല നിയമനടപടികളും നേരിടേണ്ടി വരും.  ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഷോര്‍ട്ട് സെല്ലിങ് നടത്തുന്ന ഒരു ഫോറന്‍സിക് ധനകാര്യ ഗവേഷണ സ്ഥാപനമാണ്. കമ്പനികള്‍ മറച്ചു വച്ചിരിക്കുന്ന തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരിക, തല്‍ഫലമായി ഉണ്ടാകുന്ന ഓഹരി വിലത്തകര്‍ച്ചയില്‍ നിന്നും ലാഭം നേടുക -ഇതാണവരുടെ ലക്ഷ്യം. പ്രതീക്ഷിച്ചപോലെ വില തകരുമ്പോള്‍ ഷോര്‍ട്ട് സെല്ലര്‍ ലാഭത്തില്‍; പകരം വില ഉയരുകയാണെങ്കില്‍ നഷ്ടത്തിലും

2. എന്താണ് ഷോര്‍ട്ട് സെല്ലിങ്?

കുറഞ്ഞ വിലയ്ക്ക് വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുകയാണ് ഷോര്‍ട്ട് സെല്ലിങ്ങില്‍ ചെയ്യുന്നത്. എന്നാല്‍ ആദ്യം കൂടിയ വിലയ്ക്ക് വില്‍ക്കുന്നു; പിന്നീട് വില തകരുമ്പോള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നു. പക്ഷേ ഇല്ലാത്ത ഓഹരി എങ്ങനെ വില്‍ക്കും? കമ്പനിയുടെ നിലവിലെ ഓഹരി ഉടമസ്ഥരില്‍ നിന്നും ഷോര്‍ട്ട് സെല്ലര്‍ ഓഹരികള്‍ കടം വാങ്ങുന്നു. വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വില്‍ക്കുന്നു. പിന്നീട് വില തകര്‍ന്നാല്‍ കടം വാങ്ങിയ അത്രയും ഓഹരികള്‍ താഴ്ന്ന വിലയ്ക്ക് വാങ്ങുന്നു.  അവ കടം നല്‍കിയ ഓഹരി ഉടമയ്ക്ക് തിരിച്ചു നല്‍കുന്നു. വില്പന വിലയും വാങ്ങിയ വിലയും തമ്മിലുള്ള വ്യത്യാസമാണ് ഷോര്‍ട്ട്‌സെല്ലറുടെ ലാഭം. ഉദാഹരണത്തിന് 100 ഓഹരികള്‍ കടം വാങ്ങി 100 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ഷോര്‍ട്ട് സെല്ലര്‍ക്ക് 10,000 രൂപ ലഭിക്കുന്നു. പിന്നീട് വില 50 രൂപയാകുമ്പോള്‍ 100 ഓഹരികള്‍ തിരിച്ചു വാങ്ങുന്നു -  5000 രൂപ മാത്രം കൊടുത്ത്. ആ100 ഓഹരികള്‍ കടം നല്‍കിയ ഉടമയ്ക്ക് തിരിച്ചു കൊടുക്കുന്നു. 5000 രൂപ ഷോര്‍ട്ട് സെല്ലറുടെ ലാഭം. എന്നാല്‍ വില ഉയര്‍ന്നാലോ? അപ്പോള്‍ ഷോര്‍ട്ട് സെല്ലര്‍ കൂടിയ വിലയ്ക്ക് ഓഹരികള്‍ വാങ്ങി കടം നല്‍കിയ ഓഹരി ഉടമയ്ക്ക് തിരിച്ച് നല്‍കണം. ഇവിടെ ഷോര്‍ട്ട് സെല്ലര്‍ നഷ്ടത്തിലാകും. ഷോര്‍ട്ട് സെല്ലിങ്ങിനുള്ള മറ്റൊരു വഴി അവധി വ്യാപാര കരാറുകളാണ്. ഹിന്‍ഡന്‍ബര്‍ഗ് ഈ വഴിയാണ് ഉപയോഗിച്ചത്. പക്ഷേ വിദേശ വിപണിയിലാണെന്ന് മാത്രം.

3. ഈ റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ട് വ്യാപാര ദിനങ്ങളില്‍ തന്നെ അദാനി ഓഹരികളുടെ വിപണിമൂല്യത്തില്‍ 20 ശതമാനത്തോളം ഇടിവ് വന്നു. ഇപ്പോള്‍തന്നെ ഹിന്‍ഡന്‍ബര്‍ഗിന് ഓഹരികള്‍ തിരിച്ചു വാങ്ങി ലാഭം കൊയ്തുകൂടെ?  ഈ ആരോപണങ്ങള്‍  തെറ്റാണെന്ന് തെളിഞ്ഞാലോ? ഇത് കമ്പനിയോടും മറ്റ് ഓഹരി ഉടമകളോടും ചെയ്യുന്ന അനീതിയല്ലേ?

ഇവര്‍ പ്രതീക്ഷിച്ചത് 20% ലാഭമാണെങ്കില്‍ ഇപ്പോള്‍ തന്നെ ലാഭമെടുക്കാവുന്നതാണ്. പക്ഷേ ആരോപണങ്ങള്‍ അസത്യമാണെങ്കില്‍ അമേരിക്കന്‍ നിയമവ്യവസ്ഥ പ്രകാരമുള്ള നടപടികള്‍ നേരിടാന്‍ ഹിന്‍ഡന്‍ബെര്‍ഗ് ബാധ്യസ്ഥരാണ്. മാത്രമല്ല ലോകത്തില്‍ എവിടെ വെച്ചും നിയമനടപടികള്‍ നടത്താന്‍ കെല്‍പ്പുള്ള  ഒരു ശതകോടീശ്വരനെയാണ് ഹിന്‍ഡന്‍ബെര്‍ഗ് വെല്ലുവിളിച്ചിരിക്കുന്നത്. ഈ ആരോപണങ്ങള്‍ ശരിയാണെങ്കില്‍ എപ്പോഴായാലും ഓഹരി ഉടമകള്‍ക്ക് നഷ്ടം സംഭവിക്കും. ഇതിന്റെ മികച്ച ഉദാഹരണമാണ് യെസ് ബാങ്കിന്റെ പതനം. തട്ടിപ്പ് നടത്തിയവര്‍ എത്രയും പെട്ടെന്ന് പിടിക്കപ്പെടുകയല്ലേ വേണ്ടത്. നിക്ഷേപകരുടെ മൂലധനം സത്യസന്ധമായി ബിസിനസ് നടത്തുന്നവര്‍ക്കല്ലേ ലഭിക്കേണ്ടത്. ഇത്തരം റിപോര്‍ട്ടുകള്‍ ഭാവിയില്‍ തട്ടിപ്പുകള്‍ നടക്കാനുള്ള സാധ്യത കുറയ്ക്കുന്നു. അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങളും ഹിന്‍ഡന്‍ബെര്‍ഗ് ഷോര്‍ട്ട് സെല്ലിങ് നടത്തിയിരിക്കുന്നു. കമ്പനി ഒന്നാന്തരം പ്രകടനം കാഴ്ചവയ്ക്കുമ്പോഴും ഓഹരിവില ഊതി വീര്‍പ്പിച്ചതാണെങ്കില്‍ വില തകരാം. ടെസ്ല കമ്പനി തന്നെ ഉദാഹരണം - കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അവരുടെ ലാഭം ഇരട്ടിയായപ്പോള്‍ ഓഹരി വില പകുതിയായി. ഓഹരി പോലെയല്ല കടപ്പത്രങ്ങള്‍. അവയുടെ വില തകരണമെങ്കില്‍ കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടണം. 

4. ഒരു വിദേശ നിക്ഷേപ സ്ഥാപനത്തിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമല്ലേ?

അതിശക്തനാണ് അദാനി. ഇന്ത്യയിലെ ഏതെങ്കിലും ഗവേഷണ സ്ഥാപനമോ മാധ്യമമോ ആണ് ഇത്തരം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നതെങ്കില്‍ പ്രലോഭനം, ഭീഷണി എന്നിവ വഴി അദാനിക്കവരെ സ്വാധീനിക്കാം. ഹിന‍്‍ഡന്‍ബര്‍ഗിന്റെ പ്രലോഭനം ഷോര്‍ട്ട്‌സെല്ലിങ്ങിലൂടെയുള്ള ലാഭമാണ്. അങ്ങനെ നോക്കുമ്പോള്‍ പലതട്ടിപ്പുകളും പുറത്തുകൊണ്ടുവരാന്‍ ഏറ്റവും അനുയോജ്യര്‍ തദ്ദേശ സ്വാധീനത്തിനു പുറത്തുള്ള വിദേശികളാണ്.

5. എന്തൊക്കെയാണ് ഗവേഷണ റിപ്പോര്‍ട്ടിലെ പ്രധാന ആരോപണങ്ങള്‍?

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില ഉയര്‍ത്തി നിര്‍ത്താന്‍ നടത്തിയ കൃത്രിമങ്ങള്‍, ഓഡിറ്റ് ചെയ്ത കണക്കുകളിലെ കൃത്രിമങ്ങള്‍  എന്നിവയാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ കണ്ടെത്തലുകളെ പൂര്‍ണമായി അവഗണിച്ച്  ഓഡിറ്റ് ചെയ്ത കണക്കുകള്‍ പൂര്‍ണ്ണമായി ശരിയെന്ന് കരുതിയാലും അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം സമാന ബിസിനസ് നടത്തുന്ന,  സമാന തോതില്‍ ലാഭം നേടുന്ന മറ്റു കമ്പനികളെക്കാള്‍ അഞ്ചര ഇരട്ടിയോളം കൂടുതലാണെന്നാണ്  മറ്റൊരാരോപണം. അഥവാ റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുമ്പുള്ള മൂല്യത്തില്‍ നിന്നും 85 ശതമാനം ഇടിവ് കൃത്രിമങ്ങള്‍ ഒന്നും നടന്നില്ലെങ്കില്‍ പോലും സംഭവിക്കുമെന്നാണ് ഹിന്‍ഡന്‍ബെര്‍ഗ് പറയുന്നത്. 

6. ഊതി വീര്‍പ്പിച്ചതാണ് അദാനി  എന്റര്‍പ്രൈസസിന്റെ  വിപണിമൂല്യമെങ്കില്‍ വിദേശനിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള ആങ്കര്‍ നിക്ഷേപകര്‍ എന്തുകൊണ്ട് ഉയര്‍ന്ന വിലയ്ക്ക് ഓഹരി  വാങ്ങി?

ഓഹരിയുടെ പ്രിയം കൂട്ടാനാണ് വിദഗ്ധരായ നിക്ഷേപകര്‍ തുടക്കത്തില്‍ ആങ്കര്‍ നിക്ഷേപകരായി രംഗത്ത് വരുന്നത്. എന്നാല്‍ ആങ്കര്‍ നിക്ഷേപകര്‍ പലപ്പോഴും വന്‍നഷ്ടം നേരിട്ട ചരിത്രവുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയായ പേടിഎം ഓഹരികളില്‍3 5% നഷ്ടമാണ് ഇവര്‍ക്കുണ്ടായത്

7. എല്‍ഐസി, എസ്ബിഐ എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട് തുടങ്ങിയ ആങ്കര്‍ നിക്ഷേപകര്‍ വന്‍ നഷ്ടമല്ലേ നേരിടുന്നത്?

 എല്‍ഐസി, എസ്ബിഐ തുടങ്ങിയ വമ്പന്മാർ ജീവനക്കാർ വിരമിക്കുമ്പോൾ അവർക്ക് നൽകേണ്ട പെൻഷൻ ഫണ്ട് ഇത്തരം ഉയർന്ന റിസ്കുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളിയായേ കാണാനാകൂ. ഇവിടെ  മൊത്തം ഓഹരിയുടെ 90 ശതമാനത്തില്‍ കുറവ് ഓഹരികള്‍ക്കേ ആവശ്യക്കാരുള്ളൂവെങ്കില്‍ ഓഹരി വില്പന റദ്ദാവും. ആങ്കര്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കും. 

English Summary: Adani and Hindenburg War and Common Man's Doubt

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com