ADVERTISEMENT

അദാനിയുടെ അന്തകനാകുമോ ഹിന്‍ഡന്‍ബര്‍ഗ് എന്ന സംശയത്തോടനുബന്ധിച്ച് നിരവധി ചോദ്യങ്ങൾ പലർക്കുമുണ്ട്. അവയ്ക്കുള്ള  ചില ഉത്തരങ്ങള്‍ ഇന്നലെ നൽകിയിരുന്നു, 1മുതൽ 7 വരെയുള്ള ആ ചോദ്യങ്ങൾക്ക് ഒന്നാം ഭാഗം കാണുക.

8. വളർച്ചയ്ക്ക് വൻതോതിൽ കടമെടുത്തവരല്ലേ അദാനി ഗ്രൂപ്പ് കമ്പനികൾ; ഇവർക്ക് കടംകൊടുത്ത പൊതുമേഖല / സ്വകാര്യബാങ്കുകൾ പ്രതിസന്ധിയിലാകില്ലേ?

ബാങ്ക് വായ്പകൾ ഓഹരി വിലയെ അടിസ്ഥാനപ്പെടുത്തിയല്ല നൽകുന്നത്. കമ്പനികളുടെ പ്രവർത്തനം, പ്രതീക്ഷിക്കുന്ന വരുമാനം, ലാഭം എന്നിവയാണ് ബാങ്കുകൾ പരിഗണിക്കുന്നത്. അതിനാൽ ഓഹരി വിലത്തകർച്ച ഇപ്പോഴുള്ള വായ്പകൾക്ക് ഭീഷണിയല്ല. വായ്പ തിരിച്ചടവ് ശേഷിയുടെ ഒരു മാനദണ്ഡം പ്രവർത്തന ലാഭത്തിന്റെ എത്ര മടങ്ങാണ്  മൊത്തം വായ്പ എന്നതാണ്. ഇത് കുറയുന്നത് മെച്ചപ്പെടുന്ന തിരിച്ചടവ് ശേഷിയെ സൂചിപ്പിക്കുന്നു. അദാനി ഗ്രൂപ്പ് കമ്പനികളുടെ കാര്യത്തിലും ഈ സൂചകം മുമ്പുള്ളതിനേക്കാൾ കുറവാണ് (ഓഹരി പണയപ്പെടുത്തിയും അദാനി വായ്പ എടുത്തിട്ടുണ്ട്; പക്ഷേ അത് ബാങ്കുകളിൽ നിന്നല്ല) എന്നാൽ ഓഹരി വില്പന നടക്കാതെ പോകുന്നത് അദാനി എൻറെർപ്രൈസസിന്റെ ഭാവി വളർച്ചയ്ക്ക് തടസ്സമാകും. ഇതു പക്ഷേ ഓഹരി നിക്ഷേപകരെയാണ് ബാധിക്കുന്നത്

9. എന്നാൽ ഹിൻഡൻബർഗ് ആരോപിച്ച കൃത്രിമങ്ങൾ ശരിയാണെന്ന് തെളിഞ്ഞാലോ? 

ആരോപണങ്ങൾ ശരിയെങ്കിൽ നിലവിലുള്ള ബാങ്ക് വായ്പകളെയും ബാധിച്ചേക്കാം. നിലവിൽ രണ്ട് ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിൻറെ കടം. ഇതിൽ ഏതാണ്ട് 80,000 കോടി രൂപയാണ് ഇന്ത്യൻ ബാങ്കുകളിൽ നിന്നുള്ളത് - പൊതുമേഖല ബാങ്കുകളുടെത് 50000 കോടി,  സ്വകാര്യ ബാങ്കുകളുടെത് 30000 കോടി. ബാക്കി കടപ്പത്രങ്ങൾ, വിദേശ/ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ എന്നിവയാണ്. ഇന്ത്യൻ ബാങ്കുകളുടെ മൊത്തം വായ്പ 130 ലക്ഷം കോടി രൂപയാണ്. ഇതിന്റെ 0.61% മാത്രമാണ് അദാനി ഗ്രൂപ്പിന്റ വായ്പ. സെപ്തംബര് 2022ലെ കണക്കുകൾ പ്രകാരം ഇന്ത്യൻ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം  വായ്പകളുടെ 5% മാത്രമാണ് - കഴിഞ്ഞ ഏഴുവർഷത്തെ താഴ്ന്നനിലയിൽ. അഥവാ അദാനി ഗ്രൂപ്പിന്റെ വായ്പകൾ പൂർണമായി കിട്ടാക്കടമായാൽപ്പോലും ഈ അനുപാതം 5.61%  മാത്രമേ ആകുന്നുള്ളൂ. അഥവാ ഈ ഗ്രൂപ്പ് പൂർണ്ണമായി നിലംപതിക്കുകയാണെങ്കിൽ പോലും ബാങ്കിങ് മേഖലയ്ക്ക് കാര്യമായ പരുക്ക് ഏൽക്കുന്നില്ല. ഒന്നുകൂടി വ്യക്തമാക്കിയാൽ മറ്റുള്ളവർക്ക് നഷ്ടം സംഭവിക്കാതിരിക്കാൻ വേണ്ടി അദാനിയെ രക്ഷിച്ചെടുക്കേണ്ട കാര്യമില്ല; അദാനി "ടൂ ബിഗ് ടു ഫെയിൽ" (too big to fail) അല്ല

10. എൽഐസിയുടെ അദാനി ഗ്രൂപ്പ് ഓഹരി നിക്ഷേപങ്ങൾ വൻ നഷ്ടത്തിൽ ആകില്ലേ?

എൽഐസി യുടെ അദാനി ഗ്രൂപ്പ് ഓഹരികളിലുള്ള മൊത്തം നിക്ഷേപം 28400 കോടിയാണ്. ഈ റിപ്പോർട്ട് പുറത്തുവരുന്നതിനുമുമ്പുള്ള ഇവയുടെ മൂല്യം 72200 കോടിയും. ഇതിന്റെ വെള്ളിയാഴ്ചത്തെ മൂല്യമാണ് 557,00 കോടി. അഥവാ എൽഐസി നഷ്ടം നേരിടുന്നത് ഓഹരിവില ഇനിയും പകുതിയായാൽ മാത്രമാണ്  

11. ഊതി വീർപ്പിച്ച മൂല്യമാണ് അദാനി കമ്പനികളുടേത് എന്നത് ശരിയാണോ? 

കമ്പനികളുടെ മൂല്യം കണക്കാക്കുന്നതിനും താരതമ്യം ചെയ്യുന്നതിനുമുള്ള ഒരു മാർഗം വാർഷിക  ലാഭത്തിന്റെ എത്ര മടങ്ങാണ് വിപണി മൂല്യം എന്ന കണക്കാണ് - പിഇ അനുപാതം (price to earnings ratio or PE multiple). ഒരു കമ്പനിയുടെ 100% ഓഹരികളും ഇപ്പോഴത്തെ മാർക്കറ്റ് വിലയിൽ വാങ്ങാൻ ലഭ്യമാകുന്നതാണ് വിപണി മൂല്യം - അഥവാ വിപണിമൂല്യം കൊടുത്താൽ അയാൾക്ക് ആ കമ്പനിയുടെ പരിപൂർണ്ണ ഉടമസ്ഥനാകാം; ആ കമ്പനിയുടെ ലാഭം പൂർണ്ണമായും അയാൾക്കുള്ളതാണ്, മറ്റാരുമായും പങ്കുവെക്കേണ്ട. അദാനി ഗ്രൂപ്പിലെ ഏറ്റവും ഉയർന്ന വിപണി മൂല്യം അദാനി ടോട്ടൽ ഗ്യാസ് കമ്പനിയുടേതാണ്. വാർഷിക ലാഭത്തിന്റെ 831 മടങ്ങാണ്  വിപണി മൂല്യം (വിലത്തകർച്ചക്കുമുമ്പ്). സമാന ബിസിനസ് നടത്തുന്ന മറ്റു കമ്പനികളുടെ വിപണി മൂല്യം വാർഷിക ലാഭത്തിന്റെ 20 മടങ്ങ് മാത്രമാണ്! സാമ്പത്തിക വർഷം 2021 - 22 ൽ ഇവരുടെ ലാഭം 505 കോടിയായിരുന്നു. മുകളിൽ പറഞ്ഞ തോതിൽ ഈ കമ്പനിയുടെ പൂർണ ഉടമസ്ഥരാകാൻ 4.19 ലക്ഷം കോടി രൂപ  വേണം. എന്നാൽ ഇതേ ലാഭമുള്ള മറ്റൊരു സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനിയെ 10100 കോടി രൂപയ്ക്ക്പൂർണമായും വാങ്ങാം, അഥവാ 97.60% വിലക്കിഴിവിൽ! ഇവിടെയും ഒരു കാര്യം ശ്രദ്ധിക്കണം - ഓഹരി വില ഭാവിയെ സൂചിപ്പിക്കുന്നു. വരുംവർഷങ്ങളിൽ പ്രതീക്ഷിക്കുന്ന ലാഭമാണ് ഓഹരിവിലയുടെയും വിപണിമൂല്യത്തിന്റെയും മാനദണ്ഡം; ഇത്രയും കാലം നേടിയ ലാഭമല്ല. പലപ്പോഴും ഒരേ ബിസിനസ് നടത്തുന്ന രണ്ട് കമ്പനികൾ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കും. ഒരു കമ്പനി സുസ്ഥിര വളർച്ചയുടെ ഘട്ടത്തിലാണെങ്കിൽ മറ്റൊരു കമ്പനി ത്വരിതവളർച്ചയുടെ ഘട്ടത്തിലായിരിക്കും.

സ്വാഭാവികമായും ത്വരിതവളർച്ച പ്രതീക്ഷിക്കുന്ന കമ്പനിയുടെ പിഇ അനുപാതം കൂടുതലായിരിക്കും. ഇതുകൂടി കണക്കിലെടുത്ത് അദാനി ടോട്ടൽ ഗ്യാസിന് 100 എന്ന പിഇ അനുപാതം കൊടുത്താലോ? ന്യായമായ വിപണിമൂല്യം 10100  കോടിക്ക് പകരം 5 ഇരട്ടി വർധിച്ച് 50500 കോടിയാകുന്നു. അപ്പോഴും 4,19,000 കോടി എന്നത് ന്യായമായ മൂല്യത്തിന്റെ 8 മടങ്ങാണ്! സാധാരണഗതിയിൽ ഉയർന്ന പിഇ അനുപാതം വൻ വളർച്ച പ്രതീക്ഷിക്കുന്ന, നൂതനാശയങ്ങളും നൂതന ഉൽപ്പന്നങ്ങളുമുള്ള, പരമ്പരാഗത വ്യവസായങ്ങളെ തകിടം മറിക്കുന്ന (innovative and disruptive) ടെക്നോളജി കമ്പനികൾക്കാണ് ലഭിക്കുന്നത് - ടെസ്‌ല, ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലെയുള്ളവ. അദാനി ഗ്രൂപ്പ് കമ്പനികൾ ഒന്നും തന്നെ ടെക്നോളജി കമ്പനികളല്ല.

പിന്നെ എന്തുകൊണ്ട് ഇത്രയും ഉയർന്ന മൂല്യം? എന്തുകൊണ്ട് ഒരു കമ്പനിയുടെ ഓഹരിയിൽ നിക്ഷേപിക്കുന്നു എന്നത് കാര്യകാരണസഹിതം രേഖപ്പെടുത്തിയതിനു ശേഷമാണ് ഇൻഷുറൻസ് കമ്പനിയും പെൻഷൻ ഫണ്ടും നിക്ഷേപങ്ങൾ നടത്തുന്നത്. സമാനമായ മറ്റൊരു കമ്പനിയുടെ വിപണി മൂല്യത്തിൻറെ 42 മടങ്ങ് മൂല്യമുള്ള അദാനി എന്റർപ്രൈസസ് ഓഹരിയിൽ എന്ത് മൂല്യമാണ് ഇവർ കണ്ടതെന്ന് ഈ രേഖകൾ പരിശോധിച്ചാലേ വ്യക്തമാവൂ. മണിക്കൂറുകൾക്കുമുമ്പാണ് ആരോപണങ്ങൾക്കുള്ള 413 പേജ് മറുപടി പുറത്തിറങ്ങിയത്. ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം ന്യായമെന്ന് സ്ഥാപിക്കുന്ന ഒരു വരി പോലും ഈ 413 പേജുകളിലില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം - തങ്ങളുടെ വിപണി മൂല്യം ഊതിവീർപ്പിച്ചതാണെന്ന് അദാനി തന്നെ പറയാതെ പറയുകയാണോ?!

12. കൃത്രിമം നടത്തി എന്ന ആരോപണങ്ങൾ എത്രത്തോളം ശരിയാണ്?

ആരോപണങ്ങൾക്കും ഹിൻഡൻബർഗിന്റെ 88 ചോദ്യങ്ങൾക്കും മറുപടിയായി 413 പേജുകളുള്ള അദാനിയുടെ മറുപടി മണിക്കൂറുകൾക്കുമുമ്പാണ് പുറത്തിറങ്ങിയത്. ഇപ്പോൾ പന്ത് ഹിൻഡൻബർഗിന്റെ കോർട്ടിലാണ്. ആദ്യ റിപ്പോർട്ടിൽ പുറത്തുവിട്ടതിനുപുറമേ പുതിയ തെളിവുകൾ വല്ലതും അവരുടെ കൈയിലുണ്ടോയെന്നത് ഓഹരിവില്പന അവസാനിക്കുന്ന ചൊവ്വാഴ്ചക്കുള്ളിൽ അറിയാം. ഓഹരിവില്പന വിജയിച്ചാൽ ആദ്യ റൗണ്ട്‌ ജയം അദാനിയുടേതാകും; ഇല്ലെങ്കിൽ എതിരാളികളുടേതും. രണ്ടുപേർക്കും ഇതൊരു അഭിമാനപ്രശ്നമാണ്. ഇതിലെ അന്തിമവിജയികൾ നിക്ഷേപകരും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുമാണ് - ഷോർട്ട്സെല്ലറുടെ ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിലൂടെ കമ്പനികൾ കൂടുതൽ സുതാര്യമാകുന്നു; ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ നിക്ഷേപസൗഹൃദമാക്കും. 

English Summary: Adani Hindenburg War and Common Man's Doubt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com