മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ഈ വര്‍ഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെന്ന് നിലേഷ് ഷാ

Mail This Article
നിക്ഷേപ കാര്യങ്ങളില്‍ സംഭവബഹുലമായിരിക്കും ഈ വര്‍ഷം എന്നാണ് പൊതുവെ വിലയിരുത്തല്‍. ഓഹരി വിപണിയെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന നിരവധി സംഭവങ്ങളാണ് വരാനിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിയിലെ അതികായനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും കോട്ടക് മ്യൂച്വല്‍ ഫണ്ട് മാനേജിങ് ഡയറക്ടറുമായ നിലേഷ് ഷാ. അഭിമുഖം നടത്തുന്നത് പെഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനായ കെ.കെ ജയകുമാറാണ്.
∙സംഭവ ബഹുലമായ ഒരു വര്‍ഷമായിരിക്കും 2023 എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആഗോള തലത്തിലും ദേശീയതലത്തിലും പല മാറ്റങ്ങള്‍ക്കും കളമൊരുങ്ങുന്നു. ഊഹാപോഹങ്ങളും പ്രതീക്ഷകളും നിരവധിയാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരെ സംഭവിച്ചിടത്തോളം ഈ വര്‍ഷം എങ്ങനെയായിരിക്കുമെന്നാണ് താങ്കളുടെ ധാരണ?
ഈ വര്‍ഷം ഉറപ്പായും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് ശോഭനമായ ഭാവിയായിരിക്കും എന്നാണ് എന്റെ പ്രതീക്ഷ. താങ്കള്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ആഗോള സംഭവ വികാസങ്ങള്‍ വളരെ നിര്‍ണായകം തന്നെയായിരിക്കും ഈ വര്‍ഷം. റഷ്യ-യുക്രെയ്ന്‍ യുദ്ധം, അമേരിക്കന്‍ പലിശ നിരക്കിലെ ചാഞ്ചാട്ടം, ഇന്ധന വിലയിലെ കുതിപ്പും കിതപ്പും ഇന്ത്യയിലെ കേന്ദ്ര ബജറ്റ്, ആളുകളുടെ വരുമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍, പൊതുതിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രതീക്ഷകള്‍ എല്ലാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും ഓഹരി വിപണിയിലും മാറ്റങ്ങള്‍ ഉണ്ടാക്കും. ഒരു രാജ്യം എന്ന നിലയില്‍ എല്ലാ ജനവിഭാഗങ്ങളുടെയും വളര്‍ച്ച ലക്ഷ്യമിടുന്ന നയങ്ങളിലാണ് മുഖ്യശ്രദ്ധ നല്‍കേണ്ടത്. അടുത്ത 20-30 വര്‍ഷക്കാലത്തേക്ക് ദ്രുതവളര്‍ച്ച ലക്ഷ്യമിടുന്ന നയങ്ങളും സമീപനങ്ങളുമാണ് വേണ്ടത്. അതിലൂടെ ഇടത്തരം വരുമാനക്കാരുടെ ഒരു രാജ്യമായി മാറാന്‍ കഴിയും. ഓരോ ഭാരതീയനും വളര്‍ച്ചയുടെ സദ്ഫലങ്ങള്‍ ലഭ്യമാക്കുന്ന വിധത്തിലുള്ള ഇന്‍ക്ലൂസീവ് ഗ്രോത്ത് ലക്ഷ്യമിടാന്‍ കഴിയണം.
∙ഈ വര്‍ഷം ഏതുതരം നിക്ഷേപമാര്‍ഗങ്ങളിലാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.ഓഹരിയിലോ കടപ്പത്രങ്ങളിലോ അതോ രണ്ടും ചേര്‍ന്ന ഹൈബ്രിഡ് ഫണ്ടുകളിലോ?
∙ഏതെങ്കിലും ഒരു മാര്‍ഗത്തില്‍ മാത്രമായി നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
∙നിക്ഷേപ പോര്‍ട് ഫോളിയോയില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങളെ ഉള്‍പ്പെടുത്തണം.
∙ഒരോരുത്തരുടെയും റിസ്‌ക് താങ്ങാനുള്ള ശേഷി അനുസരിച്ച് ഓഹരിയും കടപ്പത്രങ്ങളും സ്വര്‍ണവും റിയില്‍ എസ്റ്റേറ്റുമൊക്കെ ഈ വര്‍ഷം നിക്ഷേപത്തിനായി പ്രയോജനപ്പെടുത്താം.
∙ദീര്‍ഘകാല നിക്ഷേപ ലക്ഷ്യമുള്ളവര്‍ക്ക് ഓഹരി നിക്ഷേപമാകാം. ഇപ്പോഴത്തെ ഓഹരിവിപണിയുടെ നിലയും വാല്യുവേഷനും അനുസരിച്ചും റിസ്‌ക് റിട്ടേണ്‍ സാധ്യത പ്രകാരവും ദീര്‍ഘകാല ലക്ഷ്യത്തോടെ ഓഹരികളിലും മറ്റ് മാര്‍ഗങ്ങള്‍ക്കൊപ്പം നിക്ഷേപിക്കുന്നതില്‍ തെറ്റില്ല.
∙ഓഹരി വിപണിയുടെ ഓരോ വിലയിടിവിലും ആകര്‍ഷകങ്ങളായ ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും വാങ്ങാനുള്ള മികച്ച അവസരങ്ങള്‍ ധാരാളമായി ലഭിക്കുന്ന വര്‍ഷമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍.
∙സ്‌മോള്‍ കാപ്, മിഡ് കാപ് ഓഹരികളേക്കാള്‍ ലാര്‍ജ് കാപ് ഓഹരികളോ ലാര്‍ജ് കാപ് ഇക്വിറ്റി ഫണ്ടുകളോ വാങ്ങുന്നതാണ് അഭികാമ്യം.
∙കടപ്പത്രങ്ങളുടെയും ഡെറ്റ് ഫണ്ടുകളുടെയും കാര്യത്തില്‍ ഹ്രസ്വകാല, ദീര്‍ഘകാല ഡെറ്റ് ഫണ്ടുകളെക്കാളും മീഡിയം ടേം ഫണ്ടുകളായിരിക്കും അഭികാമ്യം.
∙നിക്ഷേപ പോര്‍ട് ഫോളിയോയില്‍ സ്വര്‍ണം, വെള്ളി തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതുമാണ്
മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ഈ വര്‍ഷം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയാണ്?
നിക്ഷേപ കാര്യങ്ങളിലെ അടിസ്ഥാന തത്വങ്ങള്‍ക്ക് മാറ്റമില്ല. അത് എല്ലാവര്‍ഷവും ഒരേപോലെ തുടരും. നഷ്ടവും ലാഭവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. സാമ്പത്തിക സ്വാതന്ത്രം നേടാന്‍ മൂന്നു നിയമങ്ങള്‍ നിക്ഷേപകര്‍ പാലിക്കണം.
1. ചെറുതുള്ളി വെള്ളം ചേര്‍ന്നാണ് സമുദ്രങ്ങള്‍ ഉണ്ടായത്. അതുപോലെ ചെറിയ ചെറിയ സമ്പാദ്യങ്ങളാണ് വലിയ സമ്പത്തുണ്ടാക്കുന്നത്.
2.മിച്ചം പിടിക്കുന്ന പണം എല്ലാം ഏതെങ്കിലും ഒരു മാര്‍ഗത്തില്‍ മാത്രമായി നിക്ഷേപിക്കരുത്.
3. ഓഹരി, കടപ്പത്രങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം തുടങ്ങിയ വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളില്‍ നിക്ഷേപം ഉണ്ടാകണം.
ഉയരുന്ന നാണ്യപ്പെരുപ്പവും വിലക്കയറ്റവും ഇടത്തരക്കാരന്റെ സമ്പാദ്യത്തെയും നിക്ഷേപത്തെയും എങ്ങനെയാണ് ബാധിക്കുക.
നാണ്യപ്പെരുപ്പം നിശബ്ദ ഘാതകനാണ്. ദരിദ്രരെയാണ് അത് കൂടുതല്‍ ബാധിക്കുക. ഇന്നത്തെ കാലത്ത് നാണ്യപ്പെരുപ്പം അനിവാര്യവുമാണ്. നമുക്കതിനെ നിയന്ത്രിക്കാനാവില്ല. പക്ഷേ നാണ്യപ്പെരുപ്പത്തെ അതിജീവിക്കുന്ന നേട്ടം തരാന്‍ കഴിയുന്ന മാര്‍ഗങ്ങളില്‍ നമുക്ക് നിക്ഷേപിക്കാന്‍ കഴിയും.
English Summary : Tips for Mutual Fund Investors from Nilesh Shah