അദാനിക്ക് അടിപതറുന്നു? നിക്ഷേപകരുടെ നഷ്ടം 10 ലക്ഷം കോടിയായി

HIGHLIGHTS
  • അമേരിക്കയിലെ ഡൗ ജോൺസ്‌ ഓഹരി സൂചിക ഫെബ്രുവരി 7 മുതൽ അദാനി എന്റർപ്രൈസിന്റെ ഓഹരികളെ സുസ്ഥിര സൂചികകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് പറഞ്ഞത് അദാനി ഓഹരികൾക്ക് തിരിച്ചടിയായി
INDIA-ECONOMY
ഗൗതം അദാനി. ചിത്രം: INDRANIL MUKHERJEE / AFP
SHARE

കുറെ ദിവസങ്ങളായി ഓഹരി വിപണിയിലെ എല്ലാ വാർത്തകളും അദാനി ഓഹരികൾ എങ്ങോട്ടു പോകും എന്നുള്ളതിനെ ചൊല്ലിയായിരുന്നു. യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  അദാനിയുടെ കമ്പനികളുടെ ഓഹരികൾ കുത്തനെ താഴുന്നത്. അദാനി ഓഹരികളിൽ ഇത്രമാത്രം ഇൻട്രാ ഡേ തകർച്ച വരുന്നതും ആദ്യമായാണ്. അദാനി ഓഹരികൾ ആരെയൊക്കെ കരയിക്കും ? വിശദമായി പരിശോധിക്കാം. 

അമേരിക്കയിൽ നിന്നും അടി 

ഹിൻഡൻബർഗ് പോലുള്ള ചെറിയൊരു കമ്പനിക്ക് അദാനിയെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞാലും, അമേരിക്കയിലെ ഡൗ ജോൺസ്‌ ഓഹരി സൂചിക ഫെബ്രുവരി 7 മുതൽ അദാനി എന്റർപ്രൈസിന്റെ ഓഹരികളെ അതിന്റെ സുസ്ഥിര സൂചികകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് പറഞ്ഞിട്ടുള്ളത് അദാനി ഓഹരികൾക്ക് തിരിച്ചടിയായി.

നിങ്ങളുടെ മ്യൂച്ചൽ ഫണ്ട് അദാനി ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ടോ?

റിപ്പോർട്ടുകളനുസരിച്ച് 26,388 കോടി രൂപയുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപമാണ് അദാനി ഓഹരികളിൽ ഉള്ളത്. ഇന്ത്യയിലെ  മ്യൂച്ചൽ ഫണ്ട് വ്യവസായത്തിന്റെ വലുപ്പം വച്ച് നോക്കുമ്പോൾ മ്യൂച്ചൽ ഫണ്ടുകളുടെ അദാനിയിലെ നിക്ഷേപം വലിയൊരു തുകയായി കാണാനാകില്ലെങ്കിലും ബാങ്കുകൾക്കും മറ്റും അദാനി ഗ്രൂപ് ഓഹരികളുടെ തളർച്ച മൂലമുണ്ടാകുന്ന നഷ്ടവും പരോക്ഷമായി മ്യൂച്ചൽ ഫണ്ടുകളെ  മോശമായി ബാധിക്കാൻ ഇടയുണ്ട്. കൂടാതെ ഇന്ത്യൻ ഓഹരി വിപണി അദാനിയുടെ പേരിൽ വീഴുകയാണെങ്കിൽ അതും മ്യൂച്ചൽ ഫണ്ട് ഹൗസുകളെ  ബാധിക്കും. 

അദാനി ഓഹരികളിൽ നിക്ഷേപിച്ചിരിക്കുന്ന മ്യൂച്ചൽ ഫണ്ടുകൾക്കും ഇപ്പോൾ കഷ്ടകാലമാണ്. ക്വാണ്ട് മ്യൂച്ചൽ ഫണ്ടാണ് അദാനി ഓഹരികളിൽ ഏറ്റവുമധികം നിക്ഷേപിച്ചിരിക്കുന്നത്. എസ് ബി ഐ, കൊട്ടക് മ്യൂച്ചൽ ഫണ്ടുകൾക്കും അദാനി ഓഹരികളിൽ നിക്ഷേപമുണ്ട്. ഏറ്റവുമധികം നിക്ഷേപമുള്ള മ്യൂച്ചൽ ഫണ്ടുകൾ താഴെ കൊടുത്തിരിക്കുന്നു.

table-adani

ഇന്ത്യയിലെ ബാങ്കുകളുടെ കാര്യം പരുങ്ങലിലാകുമോ?

അദാനി കമ്പനികൾ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും, വിദേശത്തുനിന്നും കടമെടുത്തിട്ടുണ്ട്. അദാനി കമ്പനികളുടെ മൊത്തമുള്ള 30 ബില്യൺ ഡോളർ കടത്തിൽ 9 ബില്യൺ ഡോളർ ഇന്ത്യൻ ബാങ്കുകളിൽ നിന്നും വായ്പയെടുത്തിട്ടുള്ളതാണ്. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ആസ്തിയുടെ 6 ശതമാനത്തോളം വരും ഈ കടം.എസ് ബി ഐ 21000 കോടി രൂപയാണ് അദാനിക്ക് കടം കൊടുത്തിരിക്കുന്നത്. എൽ ഐ സി ക്കും അദാനി ഓഹരികളിൽ നല്ല നിക്ഷേപമുണ്ട്. എന്നാൽ ഇപ്പോഴുള്ള ഓഹരികളുടെ വിറ്റൊഴിക്കലിൽ എൽ ഐ സി, അദാനി ഓഹരികൾ ഒന്നും തന്നെ വിറ്റിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എൽ ഐ സി യുടെ ഓഹരികളും അദാനി വാർത്തകൾ പുറത്തു വന്നതിൽ പിന്നെ തളർച്ചയിലാണ്. 

എൻ എസ് ഇയുടെ കരുതൽ 

അതിനിടക്ക്  പൂർണമായും സബ്സ്ക്രൈബ് ചെയ്ത  ഫോളോ-ഓൺ പബ്ലിക് ഓഫർ പിൻവലിച്ച അദാനി നിക്ഷേപകരുടെ സമ്പത്തിനെ ഏറ്റവും അധികം വിലമതിക്കുന്നുണ്ടെന്ന് പറഞ്ഞു.

കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിൽ, അദാനി എന്റർപ്രൈസസ് ഓഹരികൾ 61 ശതമാനത്തിലധികം തകർന്നപ്പോൾ അദാനി പോർട്ട്സ്, ട്രാൻസ്മിഷൻ എന്നിവയുടെ ഓഹരികൾ യഥാക്രമം 35 ശതമാനവും 21 ശതമാനവും ഇടിഞ്ഞു.ഇതിനിടക്ക്  ഏതൊക്കെ ബാങ്കുകൾ അദാനി കമ്പനികൾക്ക് കടം കൊടുത്തിട്ടുണ്ടെന്ന കൃത്യമായ കണക്കു സമർപ്പിക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. അദാനി ഓഹരികളുടെ വിൽപ്പന സമ്മർദ്ദം കുറക്കാൻ 3  ഓഹരികളിൽ  മാർജിൻ ട്രേഡിങ്ങ് നിർത്തിവെക്കുന്ന കാര്യവും ഇന്ന് മുതൽ എൻ എസ് ഇ  പ്രാബല്യത്തിലായിട്ടുണ്ട്.  ഇൻട്രാഡേ ട്രേഡിംഗിന് 100 ശതമാനം  മുൻകൂർ മാർജിൻ വേണമെന്നുള്ളത് ഈ ഓഹരികളുടെ  ഊഹക്കച്ചവടങ്ങളും ഷോർട്ട് സെല്ലിംഗും തടയുമെന്നു കരുതിയാണ് ഇത്തരമൊരു രീതി കൊണ്ടുവന്നിരിക്കുന്നത്.എൽ ഐ സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ അദാനി ഓഹരികൾ വിറ്റൊഴിക്കാതെയും, എൻ എസ് ഇ 100 ശതമാനം മാർജിൻ ട്രേഡിങ് ചില അദാനി ഓഹരികളിൽ കൊണ്ടുവന്നും  അദാനി ഗ്രൂപ്പിനെ സഹായിക്കുന്നുണ്ടെങ്കിലും, വില്പ്പന സമ്മർദ്ദത്തിൽ നിന്നും അദാനി കരകയറുമോയെന്ന്  അടുത്ത വാരത്തിൽ കാത്തിരുന്നു  കാണാം.

English Summary : Adani Group Share Investors Facing Huge Loss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS