ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്

HIGHLIGHTS
  • വെള്ളിയാഴ്ച ഇന്ത്യൻ വിപണി വിദേശ ഫണ്ടുകളുടെ വില്പന കുറഞ്ഞതിനെ തുടർന്ന് മുന്നേറി
us-share1
SHARE

വെള്ളിയാഴ്ച അമേരിക്കൻ വിപണി നഷ്ടം കുറിച്ചതിന് ശേഷം അമേരിക്കൻ ഫ്യൂച്ചറുകളും ഈയാഴ്ച്ച നഷ്ടത്തോടെ തുടങ്ങി. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.56%ലേക്ക് മുന്നേറിയതും വിപണിക്ക് വിനയാണ്. ജാപ്പനീസ് വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങി. എസ്ജിഎക്സ് നിഫ്റ്റി 17800 പോയിന്റിൽ ഇന്ന് വ്യാപാരം ആരംഭിച്ചു. 

ഫെഡ് ചെയർമാൻ നാളെ സംസാരിക്കും. 

വെള്ളിയാഴ്ച പുറത്ത് വന്ന അമേരിക്കയുടെ ജനുവരിയിലെ അഭൂതപൂർവമായ തൊഴിൽ വളർച്ചയിൽ ഡോളറും, ബോണ്ട് യീൽഡും വീണ്ടും മുന്നേറിയതും, ബിഗ് ടെക്കുകളുടെ മോശം റിസൾട്ടുകളും അമേരിക്കൻ വിപണി മുന്നേറ്റത്തിന് തടയിട്ടു. വിപണി പ്രതീക്ഷക്കും മൂന്നിരട്ടി വളർന്ന നോൺ ഫാം പേ റോൾ കണക്കുകൾ അമേരിക്കൻ ഫെഡിന് വീണ്ടും ചിന്താവിഷയമാകുന്നതിനാൽ തന്നെ നാളത്തെ ഫെഡ് ചെയർമാന്റെ പൊതു പരിപാടിയും വിപണിക്ക് പ്രധാനമാണ്. തൊഴിൽ വിപണി ശക്തമാകുന്നത് അമേരിക്കക്കാരുടെ ക്രയവിക്രയ ശേഷിയോടൊപ്പം  പണപ്പെരുപ്പവും വർദ്ധിപ്പിക്കുമെന്നത് ഫെഡ് നിരക്ക് വർദ്ധന തുടരാനും, ദീർഘ കാലത്തേക്ക് നിലനിർത്താനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നതും വിപണിക്ക് നിർണായകമാണ്. വ്യാഴാഴ്ചത്തെ ജോബ് ഡേറ്റയും, അടുത്ത തിങ്കളാഴ്ച വരുന്ന അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും വിപണിക്ക് പ്രധാനമാണ്. 

യൂറോ സോണിന്റെ ഡിസംബറിലെ റീറ്റെയ്ൽ വില്പന കണക്കുകളും, യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ലെഗാർദെയുടെ പ്രസംഗവും ഇന്ന് യൂറോപ്യൻ വിപണിക്കും പ്രധാനമാണ്.  

നിഫ്റ്റി 

രാജ്യാന്തര വിപണികൾക്കൊപ്പം വെള്ളിയാഴ്ച നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി വിദേശ ഫണ്ടുകളുടെ വില്പനയുടെ തോത് കുറഞ്ഞതിനെ തുടർന്ന് മുന്നേറ്റം കുറിച്ചു. അദാനി ഓഹരികൾ തിരിച്ചു വരവ് നടത്തിയതിനോനൊപ്പം ബാങ്കിങ്, ഓട്ടോ, ഇൻഫ്രാ സെക്ടറുകളുടെ മുന്നേറ്റവും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. അമേരിക്കൻ ടെക്ക് മേഖലയിലെ തിരുത്തൽ വെള്ളിയാഴ്ച്ച ഇന്ത്യൻ ഐടി യേയും ബാധിച്ചു. ഇന്നും ഐടി വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു. 

വെള്ളിയാഴ്ച വീണ്ടും 200 ഇഎംഎ ആയ 18550 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 243 പോയിന്റുകൾ മുന്നേറി പ്രധാന കടമ്പയായിരുന്ന 18000 പോയിന്റ് കടന്ന് ക്ളോസ് ചെയ്തത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.17770 പോയിന്റിലെ പിന്തുണ നിലനിർത്താനായില്ലെങ്കിൽ 17650 പോയിന്റിലും, 17580 പോയിന്റിലുമാണ് നിഫ്റ്റിയുടെ പിന്തുണകൾ. 17900 പോയിന്റ് പിന്നിട്ടാൽ 17960 മേഖലയിലും 18060 പോയിന്റിലും നിഫ്റ്റിക്ക് വില്പന സമ്മർദ്ദ സാധ്യതകളുണ്ട്. 

ബാങ്ക് നിഫ്റ്റി 

വെള്ളിയാഴ്ച ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ച ബാങ്ക് നിഫ്റ്റി 2% മുന്നേറി 41499 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 41000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 40800 പോയിന്റിലും 40600 പോയിന്റിലുമാണ് നിഫ്റ്റിയുടെ പിന്തുണകൾ. 42800 പോയിന്റിലും  42600 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ. 

ആർബിഐ നയാവലോകന യോഗം ഇന്ന് മുതൽ 

ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ 2023ലെ ആദ്യ നയാവലോകന യോഗം ഫെബ്രുവരി എട്ട് ബുധനാഴ്ച്ച റിപ്പോ നിരക്ക് വർദ്ധന പ്രഖ്യാപിക്കാനിരിക്കുന്നത് ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, റിയൽറ്റി, ഹൗസിങ് സെക്ടറുകൾക്ക് പ്രധാനമാണ്. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ സാമ്പത്തിക വളർച്ച കൂടി പരിഗണിച്ച് ആർബിഐ റിപ്പോ നിരക്ക് 0.25%ൽ കൂടുതൽ വർദ്ധിപ്പിച്ചേക്കില്ലെന്നത് വിപണിക്ക് പ്രതീക്ഷയാണ്.   

അദാനിക്ക് ഫിച്ചിന്റെ  പിന്തുണ 

ഹിൻഡൻബെർഗ് ആരോപണങ്ങളിലെ വീഴ്ച അദാനി ഓഹരികളുടെ റേറ്റിങ്ങിനെ പെട്ടെന്ന് സ്വാധീനിച്ചേക്കില്ല എന്ന റേറ്റിങ് ഏജൻസിയായ ഫിച്ചിന്റെ പ്രസ്താവന അദാനി ഓഹരികൾക്ക് താത്കാലിക പിടിവള്ളിയായി. അദാനി ഓഹരികൾക്ക് മാർജിൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഷോർട്ട് സെല്ലിങ്ങിന് തീവ്രത കുറച്ചേക്കാവുന്നതും അദാനി ഓഹരികൾക്ക് ഇന്നും തുണയായേക്കാം.

റിസൾട്ടുകൾ 

ടാറ്റ സ്റ്റീൽ, വി മാർട്ട്, ബാലാജി അമിൻസ്, എൽഐസി ഹൗസിങ്, മുത്തൂറ്റ് ഫിനാൻസ്, ജെകെ പേപ്പർ, വരുൺ ബീവറേജ്‌സ്, ഈസി ട്രിപ്പ്, ആക്ഷൻ കൺസ്ട്രക്ഷൻ എക്വിപ്പ്‌മെന്റ്സ്, റെജസ് നെറ്റ് വർക്ക്, കോൾടെ പാട്ടീൽ, കോഹിനൂർ, കെപിആർ മിൽസ്, ത്രിൽ, ഓൺമൊബൈൽ, എസ്ജെവിഎൻ, ടേസ്റ്റി ബൈറ്റ്സ്, ബിഎൽഎസ്, എസ്ജെവിഎൻ മുതലായ കമ്പനികൾ ഇന്ന്  റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ  നോൺ ഫാം പേറോൾ കണക്കിലെ വളർച്ച വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഓയിലിനെ വീണ്ടും 80 ഡോളറിൽ താഴെ എത്തിച്ചു. റഷ്യൻ പെട്രോളിന് വില പരിധി നിശ്ചയിച്ച  ജി7 രാജ്യങ്ങളുടെ നടപടിക്ക് യൂറോപ്യൻ യൂണിയൻ പിന്തുണ നൽകിയതും, ഡോളറിന്റെ മുന്നേറ്റവും ക്രൂഡ് ഓയിലിന്റെ വീഴ്ചയിൽ  നിർണായകമായി. 

സ്വർണം  

വിപണിയിൽ വീണ്ടും പണപ്പെരുപ്പ ഭയം കൊണ്ട് വന്ന അമേരിക്കയുടെ തൊഴിൽകണക്കുകളിലെ വളർച്ച അമേരിക്കൻ ബോണ്ട് യീൽഡിനെ 3.50%ൽ മുകളിലെത്തിച്ചത് സ്വർണത്തിന് വെള്ളിയാഴ്ച വൻ തകർച്ച നൽകി. റിക്കവറി സാധ്യതയുണ്ടെങ്കിലും അടുത്ത തിങ്കളാഴ്ചത്തെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ വരെ സ്വർണത്തിന് സമ്മർദ്ദ സാധ്യത കൂടുതലാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS