ADVERTISEMENT

ലോക ബാങ്കിങ് സമ്മർദ്ദങ്ങളുടെ പ്രഭവ കേന്ദ്രമായ അമേരിക്കൻ – യൂറോപ്യൻ വിപണികളേക്കാൾ കഴിഞ്ഞ ആഴ്ച നഷ്ടം കുറിച്ചത് ഇന്ത്യൻ വിപണിയാണ്. അമേരിക്കയുടെ ജനറൽ സൂചികയായ ഡൗ ജോൺസ്‌ കഴിഞ്ഞ വാരത്തിൽ ഫ്ലാറ്റ് ക്ലോസിങ് നടത്തിയപ്പോൾ എസ്&പിയും, നാസ്ഡാകും യഥാക്രമം രണ്ടും അഞ്ചും വീതം ശതമാനം മുന്നേറ്റമാണ് കഴിഞ്ഞ ആഴ്ചയിൽ സ്വന്തമാക്കിയത്. എന്നാൽ വെള്ളിയാഴ്ച അതി വിൽപ്പന മേഖലയിൽ നിന്നും ബാങ്കിങ് സെക്ടറിന്റെ പിന്തുണയോടെ പോസിറ്റീവ് ക്ലോസിങ് നേടിയത് ഇന്ത്യൻ വിപണിക്ക് പ്രതീക്ഷ നൽകുന്നു. 

ഐടി, ബാങ്കിങ് സെക്ടറുകളുടെ 2%ൽ കവിഞ്ഞ നഷ്ടത്തിനൊപ്പം റിലയൻസിന്റെ ക്രമാനുഗതമായ വീഴ്ചയും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിക്ക് നിർണായകമായി. പൊതുമേഖല ബാങ്കുകൾ നാലര ശതമാനത്തോളവും ഓട്ടോ സെക്ടർ നാല് ശതമാനത്തിനടുത്തും വീഴ്ച കുറിച്ചപ്പോൾ റിയൽറ്റി സെക്ടർ മാത്രമാണ് ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ വാരം പോസിറ്റീവ് ക്ളോസിങ് നേടിയത്. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ 2%ൽ കൂടുതൽ നഷ്ടം കഴിഞ്ഞ ആഴ്ചയിൽ കുറിച്ചു. വരുന്ന ആഴ്ചയിലെ വിപണിയുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് കൊച്ചിയിലെ ബഡ്സിങ് പോർട്‍‌ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ. 

പണപ്പെരുപ്പം പിന്നാലെയുണ്ട്  

ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിതമായതിനെ തുടർന്ന് ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം ഫെബ്രുവരിയിൽ 6.44% മാത്രമാണ് വളർന്നതെങ്കിലും ഇന്ത്യൻ പണപ്പെരുപ്പം കൂടുതൽ മോശമായ നില പ്രാപിക്കാനിരിക്കുന്നതേയുള്ളുവെന്ന് ആർബിഐ ഗവർണർ വെള്ളിയാഴ്ച പ്രതിപാദിച്ചത് റിപ്പോ നിരക്ക് വര്‍ധനയുടെ സൂചനയായാണ് വിപണി കരുതുന്നത്.

go-high

ഇറക്കുമതിയിലെ കുറവ് ഇന്ത്യയുടെ ഫെബ്രുവരിയിലെ വ്യാപാരക്കമ്മിയും കുറച്ചു. 17.43 ബില്യൺ ഡോളറിന്റേതാണ് ഇന്ത്യയുടെ ഫെബ്രുവരിയിലെ വ്യാപാരക്കമ്മി.  

ഫെഡ് നിരക്ക് വർദ്ധന ബുധനാഴ്ച 

മുൻതീരുമാനപ്രകാരം യൂറോപ്യൻ സെൻട്രൽ ബാങ്ക് റീഫിനാൻസിങ് നിരക്ക് ശതമാനം ഉയർത്തി 3.50%ൽ എത്തിച്ചതിനാൽ അമേരിക്കൻ ഫെഡ് റിസർവും പലിശ നിരക്ക് ഇത്തവണ 0.25% ഉയർത്തുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. എന്നാൽ ജെറോം പവൽ മുൻപ് പ്രതിപാദിച്ചിരുന്നത് പോലെ ഫെഡ് നിരക്ക് 0.50% ഉയർത്തിയാൽ സാമ്പത്തിക മാന്ദ്യം കൂടുതൽ വേഗത്തിലെത്തിയേക്കാമെന്നും, ബാങ്കുകൾ കൂടുതൽ വേഗത്തിൽ പരാജയപ്പെട്ടേക്കാമെന്നും വിപണി ഭയക്കുന്നു. എന്നാൽ ഇസിബി തുടർനിരക്കുയർത്തലിനെക്കുറിച്ച് പ്രതിപാദിക്കാതിരുന്നത്

വിപണിക്ക് അനുകൂലമാണെങ്കിലും ഫെഡ് റിസർവ് വീണ്ടും നിരക്കുയർത്തൽ നടത്തിയാൽ ഡോളറിനെതിരെ യൂറോയുടെ മൂല്യം വീണ്ടും കുറയുന്നത് തുടർ നടപടികൾക്ക് പ്രേരിപ്പിച്ചേക്കാം. 

ബാങ്ക് തകർച്ച താങ്ങാൻ ഫെഡ് 

ക്രെഡിറ്റ് സ്വിസ്സിന് ആവശ്യമായ പിന്തുണ നല്കാൻ സ്വിസ് നാഷണൽ ബാങ്കും, ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന് ആവശ്യമായ പിന്തുണ നല്കാൻ ഫെഡ് റിസർവ് അമേരിക്കൻ ‘ബിഗ്’ബാങ്കുകളെ നിയോഗിച്ചത് വിപണിക്ക് ആശ്വാസമാണ്. ബാങ്കുകൾ കൂടുതൽ വീഴുന്നത് തടയാനായി ഫെഡ് റിസർവ് 2 ട്രില്യൺ ഡോളറിന്റെ ‘സഹായ’പദ്ധതി തയാറാക്കി കഴിഞ്ഞു എന്ന ജെപി മോർഗന്റെ റിപ്പോർട്ട് നിരക്ക് വർധനയുടെ ആഘാതം സ്വയം വഹിക്കാൻ ഫെഡ് തയാറാകുന്നു എന്ന സൂചനയാണ് തരുന്നത്. എന്നാൽ ഉയർന്ന പലിശ നിരക്ക് താരതമ്യേന ചെറിയ പ്രാദേശിക ബാങ്കുകളുടെ ‘ആരോഗ്യം’മോശമാക്കിക്കഴിഞ്ഞു എന്ന ഭയമാണ് വിപണിയെ നയിക്കുന്നത്. 

ചൈനീസ് റിസർവ് റേഷ്യോ

അമേരിക്കൻ, യൂറോപ്യൻ ബാങ്കിങ് സിസ്റ്റം പരാജയ സൂചന കാണിച്ച സാഹചര്യത്തിൽ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന റിസർവ് റിക്വയർമെന്റ് റേഷ്യോ (ആർആർആർ) അഥവാ ക്യാഷ് റിസർവ് റേഷ്യോ 0.25% കുറയ്ക്കുന്നത് വിപണിക്ക് അനുകൂലമാണ്. മാർച്ച് 27 മുതൽ 10.75% ആയിരിക്കും ചൈനീസ് റിസർവ് റേഷ്യോ. ഇതിലൂടെ 500 ബില്യൺ ചൈനീസ് യുവാൻ കൂടി വിപണിയിലേക്ക് ഒഴുകും. ചൈനീസ് ലിക്വിഡിറ്റി വർദ്ധന ക്രൂഡ് ഓയിലിനും ബേസ് മെറ്റലുകൾക്കും പ്രതീക്ഷയാണ്. മെറ്റൽ ഓഹരികൾ ശ്രദ്ധിക്കുക.

market-3-

വിപണിയിൽ അടുത്ത ആഴ്ച 

∙ചൈനീസ് പീപ്പിൾസ് ബാങ്ക് നാളെ പലിശ നിരക്കുകൾ പ്രഖ്യാപിക്കുന്നത് വിപണിക്ക് പ്രധാനമാണ്. ബുധനാഴ്ചയാണ് അമേരിക്കൻ ഫെഡ് നിരക്ക് വർദ്ധന പ്രഖ്യാപിക്കുക. വ്യാഴാഴ്ച ബ്രിട്ടീഷ്, ബ്രസീലിയൻ, സ്വിസ് കേന്ദ്ര ബാങ്കുകളും നയപ്രഖ്യാപനങ്ങൾ നടത്തുന്നു.  

∙വെള്ളിയാഴ്ച പുറത്ത് വരുന്ന യൂറോ സോൺ, ജർമനി, ഫ്രാൻസ്, ജപ്പാൻ, യുഎസ് എന്നിവയുടെ പിഎംഐ കണക്കുകളും വിപണിയെ സ്വാധീനിക്കും. 

∙നാളത്തെ ജർമൻ പിപിഐ കണക്കുകളും, ബുധനാഴ്ച പുറത്ത് വരുന്ന ബ്രിട്ടീഷ് പണപ്പെരുപ്പ കണക്കുകളും യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്.

∙വ്യാഴാഴ്ച വരാനിരിക്കുന്ന അമേരിക്കൻ ജോബ് ഡേറ്റയും അമേരിക്കൻ വിപണി ചലനങ്ങളെ സ്വാധീനിക്കും. 

ഓഹരികളും സെക്ടറുകളും 

∙അമേരിക്കൻ-യൂറോപ്യൻ ബാങ്കിങ് പരാജയ വാർത്തകൾ ഇനിയുംഇന്ത്യൻ വിപണിയിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചേക്കാം. അതി വില്പന സമ്മർദ്ദ മേഖലയിലെത്തിയ ബാങ്കിങ് സെക്ടറിലെ അടുത്ത തിരുത്തൽ അവസരമാണ്. 

share-market-2-

∙ബുധനാഴ്ചത്തെ അമേരിക്കൻ ഫെഡിന്റെ തീരുമാനങ്ങൾ ഇന്ത്യൻ ഐടി സെക്ടറിനും നിർണായകമാണ്. അമേരിക്കൻ ടെക് ഓഹരികൾ ആഴ്ചയുടെ ആദ്യം വില്പന സമ്മർദ്ദം നേരിട്ടേക്കാം. 

∙ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ഇന്നലെ 70584 കോടി രൂപയുടെ പ്രതിരോധ നിക്ഷേപങ്ങൾക്ക് അനുവാദം നൽകിയത് ഇന്ത്യൻ ഡിഫെൻസ് സെക്ടർ ഓഹരികൾക്ക് അനുകൂലമാണ്. 

∙ടിസിഎസ്സിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ രാജേഷ് ഗോപിനാഥൻ വിരമിക്കുന്നു. കെ കൃതിവാസനാണ് കമ്പനിയുടെ പുതിയ സിഇഒ. വിദേശ ഫണ്ടുകൾ ഓഹരിക്ക് ഡിസ്‌കൗണ്ട് ലക്ഷ്യങ്ങൾ തീരുമാനിച്ചത് വാങ്ങൽ അവസരം സൃഷ്ടിച്ചേക്കാം.  

∙ഇന്ത്യയുടെ ആദ്യ കേന്ദ്രീകൃത സെമികണ്ടക്ടർ ‘ഫാബ്രിക്കേഷൻ’സെന്റർ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സ്ഥാപിതമാകുമെന്ന കേന്ദ്ര ഐടി മന്ത്രിയുടെ പ്രസ്താവന സെമികണ്ടക്ടർ ഓഹരികൾക്കും, വാഹന, ഇലക്ട്രോണിക്സ്, മാനുഫാക്ച്ചറിങ് സെക്ടറുകൾക്കും അനുകൂലമാണ്. 

∙മെറ്റൽ ഓഹരികൾ വെള്ളിയാഴ്ച അവസാന മണിക്കൂറിൽ നേടിയ കുതിപ്പ് അടുത്ത ആഴ്ചയും തുടർന്നേക്കാം. ചൈനീസ് റിസർവ് റേഷ്യോ കുറയുന്നതും നാളത്തെ ചൈനീസ് പ്രൈം ലെൻഡിങ് റേറ്റും മെറ്റൽ ഓഹരികൾക്ക് നിർണായകമാണ്. 

∙ക്രൂഡ് ഓയിൽ വീഴ്ച പവർ, ഓയിൽ മാർക്കറ്റിങ് ഓഹരികൾക്ക് അനുകൂലമാണ്. ഒഎൻജിസിയും, ഓയിൽ ഇന്ത്യയും വീണപ്പോൾ ബിപിസിഎലും, ഹിന്ദ് പെട്രോയും, ഐഒസിയും മുന്നേറി. 

∙ടാറ്റ കൺസ്യൂമർ ബിസ്‌ലേരിയെ ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറി. ടാറ്റ കൺസ്യൂമർ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

7 കോടി വിലമതിക്കുന്ന 1000 ഫ്‌ളാറ്റുകളുടെ സമുച്ചയം 3 ദിവസം കൊണ്ട് ബുക്കിങ് പൂർത്തിയാക്കിയത് ഡിഎൽ എഫിന് അനുകൂലമാണ്. റിയൽ എസ്റ്റേറ്റ് തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. 

∙നാഷണൽ ഹൈവേയുടെ 998 കോടി രൂപയുടെ പുതിയ പ്രോജക്ടിന്റെ ഏറ്റവും കുറഞ്ഞ ബിഡ്‌ഡർ ആയത് എച്ച്ജി ഇൻഫ്രക്ക് അനുകൂലമാണ്. ഇൻഫ്രാ  സെക്ടർ ബജറ്റ് പിന്തുണ പ്രതീക്ഷിക്കുന്നു. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ ബാങ്കുകൾക്ക് പിന്നാലെ ക്രെഡിറ്റ് സ്വിസും പ്രശ്നത്തിലായത് ക്രൂഡ് ഓയിലിന് കഴിഞ്ഞ ആഴ്ച വീണ്ടും വീഴ്ച നൽകി. സൗദിയും റഷ്യയും വീണ്ടും ഉല്പാദന നിയന്ത്രണത്തിന് ധാരണയായത് ക്രൂഡ് ഓയിലിന് അനുകൂലമാണ്. ചൈനീസ് ബാങ്കിങ് നയങ്ങൾ ക്രൂഡ് ഓയിലിന് പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.  

gold-coins

സ്വർണം @1993 $ 

രാജ്യാന്തര ബാങ്കിങ് പ്രതിസന്ധികൾ ‘സുരക്ഷിത’നിക്ഷേപ മാർഗമായ സ്വർണത്തിന് വൻ കുതിപ്പ് നൽകി. വെള്ളിയാഴ്ച ബോണ്ട് യീൽഡ് വീണതിനെ തുടർന്ന് സ്വർണം 19993 ഡോളറിലേക്ക് കുതിച്ചു കയറി. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.43%ലേക്ക് വീണു.

വാട്സാപ് : 8606666722

English Summary : Global Stock Market Next Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com