യൂറോപ്യൻ വിപണികൾ ഇന്നലെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ അമേരിക്കൻ വിപണി ഇന്നലെ നഷ്ടം കുറിച്ചു. മികച്ച റിസൾട്ടുകളുടെ പിൻബലത്തിൽ അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ജാപ്പനീസ് വിപണിയുടെ തിരിച്ചു വരവ് ഏഷ്യൻ വിപണികൾക്കും പ്രതീക്ഷയാണ്.
ബോണ്ട് യീൽഡ് മുന്നേറ്റം
ജെയിംസ് ബല്ലാർഡിന്റെ പ്രസ്താവനകൾക്ക് പുറമെ അമേരിക്കൻ-യൂറോപ്യൻ ബാങ്കിങ് പ്രതിസന്ധികൾ തത്കാലം പരിഹരിക്കപ്പെട്ടതും അമേരിക്കൻ ബോണ്ട് യീൽഡിന് നൽകിയ മുന്നേറ്റം അമേരിക്കൻ ടെക്ക് സെക്ടറിന് ഇന്നലെ വില്പന സമ്മർദ്ദം നൽകി. അമേരിക്കൻ വിപണി ഇന്നലെ നഷ്ടം കുറിച്ചു. നാസ്ഡാക് 0.45% നഷ്ടം കുറിച്ചപ്പോൾ എസ്&പിയും, ഡൗ ജോൺസും ഇന്നലെ നേരിയ നഷ്ടം കുറിച്ചു. അമേരിക്കൻ കൺസ്യൂമർ കോൺഫിഡൻസ് സൂചികയും പ്രതീക്ഷയ്ക്കപ്പുറം മുന്നേറിയത് ഫെഡ് നയങ്ങളിൽ കൂടുതൽ നിയന്ത്രണ കാരണമായേക്കാമെന്നും വിപണി ഭയക്കുന്നു.
സിലിക്കൺ വാലി ബാങ്കിന്റെയും, സിഗ്‌നേച്ചർ ബാങ്കിന്റെയും തകർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ ഫെഡ് വൈസ് ചെയർമാന്റെ നേതൃത്വത്തിൽ അമേരിക്കൻ കോൺഗ്രസ് കമ്മിറ്റിക്ക് മുൻപാകെ അവതരിപ്പിക്കുന്നതും വിപണിക്ക് പ്രധാനമാണ്. നാളത്തെ അമേരിക്കൻ ജിഡിപി കണക്കുകളും, ജോബ് ഡേറ്റയും, വെള്ളിയാഴ്ച വരാനിരിക്കുന്ന പിസിഇ പ്രൈസ് ഇൻഡക്‌സും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.
നിഫ്റ്റി
വിദേശ ഫണ്ടുകൾ അധിക വാങ്ങൽ നടത്തിയ ഇന്നലെ പോസറ്റീവ് തുടക്കത്തിന് ശേഷം ഇന്ത്യൻ വിപണി വില്പന സമ്മർദ്ദത്തിൽ നഷ്ടം കുറിച്ചു. ഇന്നത്തെ എഫ്&ഓ ക്ളോസിങ്ങിന് മുന്നോടിയായി ബാങ്കിങ് ഒഴികെയുള്ള സെക്ടറുകളെല്ലാം ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം നാസ്ഡാകിന് ക്ഷീണമായത് ഇന്നലെ ഇന്ത്യൻ ഐടി സെക്ടറിനും 0.9% നഷ്ടത്തിന് കാരണമായി.
ഇന്നലെ 34 പോയിന്റ് നഷ്ടത്തിൽ 16951 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 16910 പോയിന്റിലും, 16880 പോയിന്റിലും 16800 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. ഇന്നലത്തെ ഓപ്പണിങ് നിരക്കായ 17030 പോയിന്റ് മറികടക്കാനായാൽ വീണ്ടും 17070 പോയിന്റിലും പിന്നീട് 17130 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ.
ബാങ്ക് നിഫ്റ്റി
എച്ച്ഡിഎഫ് സി ബാങ്കിനും, ഐസിഐസിഐ ബാങ്കിനുമൊപ്പം ഇൻഡസ് ഇന്‍ഡ് ബാങ്കും ഇന്നലെ മുന്നേറ്റം കുറിച്ചത് ഇന്നലെ ബാങ്ക് നിഫ്റ്റിക്ക് പോസിറ്റീവ് ക്ളോസിങ് നൽകി. ഇന്നലെ 39568 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്നും 39400 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 39300 പോയിന്റിലും 39150 പോയിന്റിലും പിന്തുണ നേടിയേക്കാം. 39700 പോയിന്റ് പിന്നിട്ടാൽ 39850 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസ്.
എഫ്&ഓ ക്ലോസിങ് ഇന്ന്
രാം നവമി പ്രമാണിച്ച് നാളെ ഇന്ത്യൻ വിപണി അവധിയായതിനാൽ ഇന്നത്തേക്ക് മാറ്റിയ എഫ്&ഓ ക്ളോസിങ് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.
വേദാന്ത ലാഭവിഹിതം പ്രഖ്യാപിച്ചു
വേദാന്ത ലിമിറ്റഡ് നടപ്പ് സാമ്പത്തിക വർഷത്തിലെ അഞ്ചാം ഇടക്കാല ലാഭവിഹിതം ഇന്നലെ പ്രഖ്യാപിച്ചു. നേരത്തെ 81 രൂപ ലാഭവിഹിതമായി വിതരണം ചെയ്തു കഴിഞ്ഞ വേദാന്ത ഇന്നലെ 20.50 രൂപയുടെ കൂടി ലാഭവിഹിതം പ്രഖ്യാപിച്ചതോടെ 2023 സാമ്പത്തിക വർഷത്തിൽ 101.50 രൂപയാണ് കമ്പനി ലാഭവിഹിതമായി നൽകുന്നത്.
സോളാർ പിഎൽഐ സ്‌കീം
റിലയൻസ് ഫസ്റ്റ് സോളാർ, ടാറ്റ പവർ സോളാർ, ജെഎസ് ഡബ്ലിയു എനർജി അടക്കമുള്ള 11 കമ്പനികൾക്ക് 39600 മെഗാ വാട്ട് വൈദ്യതി ഉല്പാദനത്തിനുള്ള സോളാർ പാനലുകൾ നിർമിക്കാനുള്ള രണ്ടാം ഘട്ട പിഎൽഐ സ്‌കീം പ്രഖ്യാപനം നടത്തിയത് പവർ സെക്ടറിന് അനുകൂലമാണ്.
ഓട്ടോ ഡേറ്റ
ഈ ആഴ്ച അവസാനം വരുന്ന ഓട്ടോ ഡേറ്റ വില്പന സമ്മർദ്ദത്തിൽ വീണു പോയ ഓട്ടോ സെക്ടറിന് തിരിച്ചു വരവ് നൽകിയേക്കാം.
ക്രൂഡ് ഓയിൽ
കുർദിഷ് മേഖലയിൽ നിന്നുമുള്ള ക്രൂഡ് ഓയിൽ കയറ്റുമതി തടസ്സപ്പെട്ടത് ഇന്നലെ ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകിയെങ്കിൽ കഴിഞ്ഞ ആഴ്ചയിലെ അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ കുറവ് വന്നതും ക്രൂഡിന് അനുകൂലമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 78 ഡോളറിന് മുകളിലേക്ക് മുന്നേറി.
സ്വർണം
അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.56%ത്തിന് സമീപം ക്രമപ്പെട്ടത് ഇന്നലെ രാജ്യാന്തര സ്വർണത്തിന് മുന്നേറ്റം നൽകി. 1990 ഡോളറിന് സമീപമാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വില.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക