ADVERTISEMENT

അമേരിക്കൻ, യൂറോപ്യൻ വിപണികൾ ഇന്നലെയും മുന്നേറ്റം കുറിച്ചു. അമേരിക്കൻ, യൂറോപ്യൻ ഫ്യൂച്ചറുകൾക്കൊപ്പം ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

അമേരിക്കൻ പിസിഇ ഡേറ്റ ഇന്ന് 

ബുധനാഴ്ചയും, വ്യാഴാഴ്ചയും യൂറോപ്യൻ-അമേരിക്കൻ വിപണികൾ മുന്നേറ്റം കുറിച്ചത് ഇന്ന് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ഇന്നലെ വന്ന അമേരിക്കൻ നാലാം പാദ ജിഡിപികണക്കുകൾ വിപണി പ്രതീക്ഷക്ക് താഴെ നിന്നതും, കഴിഞ്ഞ ആഴ്ച അൺഎംപ്ലോയ്‌മെന്റ് ക്ലെയിമിനായി അപേക്ഷിച്ച അമേരിക്കക്കാരുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായതും ഫെഡ് നയങ്ങളുടെ കടുപ്പം കുറച്ചേക്കാമെന്ന പ്രതീക്ഷയും ഇന്നലെ അമേരിക്കൻ വിപണിക്ക് അനുകൂലമായി. ബോണ്ട് യീൽഡ് 3.55%ൽ ക്രമപ്പെട്ടപ്പോൾ ടെക്ക് ഓഹരികളുടെ മുന്നേറ്റം ഇന്നലെ നാസ്ഡാകിന് 0.73%വും, എസ്&പിക്ക് 0.57%വും മുന്നേറ്റം നൽകി. ടോക്കിയോ പണപ്പെരുപ്പം മുൻ മാസത്തിൽ നിന്നും നേരിയ കുറവ് കാണിച്ചതും ജപ്പാന്റെ റീറ്റെയ്ൽ വില്പന കണക്കുകളും, വ്യവസായികോല്പാദന കണക്കുകളും ഫെബ്രുവരിയിൽ കൂടുതൽ വളർച്ച കുറിച്ചത് ജാപ്പനീസ് വിപണിക്ക് മുന്നേറ്റം നൽകിയത് ഏഷ്യൻ വിപണികൾക്ക് അനുകൂലമാണ്.. 

ഇന്ന് വരാനിരിക്കുന്ന അമേരിക്കൻ പിസിഇ ഇൻഫ്‌ളേഷൻ കണക്കുകളിലാണ് വിപണിയുടെ ശ്രദ്ധ. ചൈനീസ് പിഎംഐ കണക്കുകളും ഇന്ന് ഏഷ്യൻ വിപണിക്ക് പ്രധാനമാണ്. ബ്രിട്ടീഷ് ജിഡിപി കണക്കുകളും, ഫ്രഞ്ച്-യൂറോ സോൺ പണപ്പെരുപ്പ കണക്കുകളും യൂറോപ്യൻ വിപണിക്കും നിർണായകമാണ്. 

നിഫ്റ്റി 

രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരമാരംഭിച്ച ശേഷം പ്രതീക്ഷിച്ചത് പോലെ ‘’ഷോർട് കവറിങ്’’ പിന്തുണയിൽ മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി എഫ്&ഓ ക്ളോസിങ് ദിനമായിരുന്ന ബുധനാഴ്ച മുന്നേറ്റം കുറിച്ചു. ആഭ്യന്തര ഫണ്ടുകൾക്കൊപ്പം തുടർച്ചയായ രണ്ടാം ദിവസവും രാജ്യാന്തര ഫണ്ടുകളും വാങ്ങലുകാരായതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ബുധനാഴ്ച ഇന്ത്യ വിക്സ് 9% വീണപ്പോൾ ഇന്ത്യൻ വിപണിയും സമഗ്ര മുന്നേറ്റം നേടി. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ യഥാക്രമം 1.7%വും, 1.5%വും മുന്നേറ്റം നേടി.

ബുധനാഴ്ച 17126 പോയിന്റ് വരെ മുന്നേറിയ ശേഷം 17080 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്നും 16980 പോയിന്റിലും 16920 പോയിന്റിലും ആദ്യ പിന്തുണകൾ പ്രതീക്ഷിക്കുന്നു.17170 പോയിന്റ് പിന്നിട്ടാൽ 17240 പോയിന്റിലാണ് നിഫ്റ്റിയുടെ പ്രധാന റെസിസ്റ്റൻസ്.     

ബാങ്ക് നിഫ്റ്റി 

ബുധനാഴ്ച 342 പോയിന്റുകൾ മുന്നേറി 39910 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 39650 പോയിന്റിലും 39500 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 40100 പോയിന്റ് പിന്നിട്ടാൽ 40300 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസ്. 

ധനക്കമ്മി 

ഇന്ത്യയുടെ ഫെബ്രുവരിയിലെ ധനക്കമ്മി കണക്കുകൾക്കൊപ്പം അടുത്ത ആഴ്ചയിലെ ആർബിഐ നയാവലോകന യോഗത്തിന് മുന്നോടിയായി ആർബിഐയുടെ മോണിറ്ററി & ക്രെഡിറ്റ് ഇൻഫർമേഷൻ റിവ്യൂവും ഇന്ന് പുറത്ത് വരുന്നു. ഫെബ്രുവരിയിലെ (ഇൻഫ്രാസ്ട്രക്ച്ചർ) നിർമാണ കണക്കുകളും ഇന്ന് പുറത്ത് വരുന്നു.   

പ്രതിരോധ കരാറുകൾ

36400 കോടി രൂപയുടെ പുതിയ കരാറുകൾ ബിഇഎൽ, കൊച്ചി കപ്പൽശാല, ബിഡിഎൽ മുതലായ പൊതു മേഖല സ്ഥാപനങ്ങളുമായി പ്രതിരോധ മന്ത്രാലയം ഒപ്പിട്ടു. കൊച്ചിൻ ഷിപ്യാർഡിന് 6 പുതു തലമുറ മിസൈൽവേദ യുദ്ധക്കപ്പലുകൾക്കായുള്ള 9805 കോടി രൂപയുടെ ഓർഡറാണ് ലഭിച്ചത്. ബിഇഎലും, ബിഡിഎലും യഥാക്രമം 5400 കോടി രൂപയുടെയും, 6000 കോടി രൂപയുടെയും പുതിയ ഓർഡറുകളും സ്വന്തമാക്കി. 

റിലയൻസ് ആദ്യ വിഭജനം 

റിലയൻസ് ജോയോ ഫിനാൻഷ്യൽ സർവീസസിനെ ‘’ഡീമെർജ്’’ ചെയ്യാൻ റിലയൻസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അനുമതി നൽകി. മെയ് രണ്ടിന് നടക്കുന്ന ഓഹരി ഉടമകളുടെ യോഗം തീരുമാനത്തിന് അനുമതി നൽകുന്ന മുറയ്ക്ക് റിലയൻസ് ഓഹരി ഉടമകൾക്ക് ഓരോ ജിയോ ഫിനാൻഷ്യൽ ഓഹരികളും ലഭ്യമാകും. റിലയൻസ് സിന്റക്‌സിന്റെ ഏറ്റെടുക്കലും പൂർത്തിയാക്കി.  

ക്രൂഡ് ഓയിൽ 

ബാങ്കിങ് പ്രതിസന്ധികൾക്ക് തത്കാലം പരിഹാരമായി എന്ന വിപണി ധാരണയും, കുർദിഷ് ക്രൂഡ് ഓയിൽ പ്രതിസന്ധിയും ക്രൂഡ് ഓയിലിന് വീണ്ടും മുന്നേറ്റം നൽകി. അമേരിക്കയുടെ ക്രൂഡ് ഓയിൽ, ഗ്യാസ് ഉല്പാദനവർദ്ധന ലക്‌ഷ്യം വെച്ചുള്ള അമേരിക്കൻ എനർജി ബിൽ ആദ്യ കടമ്പ കടന്നത് ക്രൂഡ് ഓയിലിന് ‘’വൈകാരിക’’ ക്ഷീണം നൽകിയേക്കാം. 

സ്വർണം

അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും ക്രമപ്പെട്ടത് ഇന്നലെ രാജ്യാന്തര സ്വർണ വിലയെ വീണ്ടും 2000 ഡോളറിലെത്തിച്ചു. ഇന്നത്തെ അമേരിക്കൻ പിസിഇ ഡേറ്റ സ്വർണത്തിനും നിർണായകമാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com