ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ച്ചർ കമ്പനിയാണ് ലാർസന്‍ ആന്‍റ് ടൂബ്രോ. കമ്പനി മാർച്ചില്‍ അവസാനിച്ച നാലാം പാദ വിറ്റുവരവില്‍ 3987 കോടി രൂപയുടെ ലാഭമാണ് നേടിയത്. ലാഭത്തില്‍ പത്തു ശതമാനം വർധന.  വിപണിയില്‍ 122 രൂപയോളം ഇടിഞ്ഞ് 2242 ലാണ് എല്‍ ആന്‍റ് ടി ക്ളോസ് ചെയ്തത്. 

റിസള്‍ട്ടോ ഓഹരി വിലയോ ഒന്നുമല്ല ഇന്ന് എല്‍ ആന്‍റ് ടിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. അതിന്‍റെ അമരക്കാരനും നോണ്‍ എക്സിക്യൂട്ടിവ് ചെയർമാനുമായ അനില്‍ മണിഭായ് നായിക് 58 വർഷം നീണ്ട സേവനത്തിനൊടുവില്‍ പടിയിറങ്ങുന്നുവെന്നതാണ് അത്. നിലവിലെ സി.ഇ.ഒ ആന്‍റ് എം.ഡിയായ എസ്.എന്‍. സുബ്രഹ്മണ്യത്തിനാണ് ചെയർമാന്‍ ആന്‍റ് മാനേജിങ് ഡയറക്ടറുടെ ചുമതല.  നായിക് പടിയിറങ്ങുന്നുവെന്ന് പൂർണമായും പറയുക വയ്യതാനും. കാരണം, അദ്ദേഹം ചെയർമാന്‍ എമരിറ്റസായി മാറുകയാണ്. പിടി വിടുന്നില്ലെന്ന് ചുരുക്കം.

എല്‍ ആന്‍ഡ് ടിയെന്നാല്‍ എ.എം. നായിക്

ഇക്കാലമത്രയും എല്‍ ആന്‍റ് ടിയെന്നാല്‍ എ.എം. നായിക് ആയിരുന്നു. അക്ഷരാർത്ഥത്തില്‍ നായകനായ നായിക്. 1965 ല്‍ എന്‍ജിനിയർ തസ്തികയില്‍ ജോലിക്ക് കയറി പടിപടിയായി ഉയർന്ന് കമ്പനിയുടെ സി.ഇ.ഒ, എം.ഡി, ചെയർമാന്‍, നോണ്‍ എക്സിക്യൂട്ടിവ് ചെയർമാന്‍ പദവിയിലെത്തിയ റിട്ടയർമെന്‍ററിയാത്ത നേതാവ്. ഇപ്പോള്‍ പ്രായം 80. ഇത് കോർപ്പറേറ്റ് ലോകത്തില്‍ തന്നെ അപൂർവ്വമായ സംഭവമാണ്. 

എ.എം.എന്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യന്‍ കോർപ്പറേറ്റ് മേഖലയിലെ ചാണക്യനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 90 കളില്‍ ധീരുഭായ് അംബാനിയും ബിർളാ ഗ്രൂപ്പുമൊക്കെ കണ്ണുവച്ച കമ്പനിയാണ് എല്‍ ആന്‍ഡ് ടി. ബുദ്ധിപൂർവ്വമായ നീക്കങ്ങളിലൂടെ അദ്ദേഹം ഈ കമ്പനി ഒരു ടേക്ക് ഓവർ ക്യാന്‍ഡിഡേറ്റ് അല്ലെന്ന് കോർപ്പറേറ്റ് ലോകത്തിനു വ്യക്തമാക്കി കൊടുത്തു. ഈ കമ്പനിക്ക് അതിന്‍റേതായ വ്യക്തിത്വം സൃഷ്ടിച്ചു കൊടുക്കാനും നായിക്കിനു കഴിഞ്ഞു. 

അടിസ്ഥാനസൗകര്യ വികസനത്തില്‍ നിർണായക പങ്ക്

ഭാരതത്തിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തില്‍ നിർണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഈ കമ്പനി 1946 ല്‍ ഡാനിഷ് എന്‍ജിനിയർമാരായ ലാർസനും ടൂബ്രോയും ചേർന്നാണ് സ്ഥാപിച്ചത്. വലിയ റോഡുകള്‍ക്കു പുറമെ 1965 ല്‍ രാജ്യം ന്യൂക്ളിയർ റിയാക്ടർ ഉണ്ടാക്കിയപ്പോള്‍ പാർട്ട്നർ, പില്‍ക്കാലത്ത് ഐ.എസ്.ആർ.ഒയുടെ പങ്കാളി തുടങ്ങി എത്രയോ കാര്യങ്ങള്‍ ഈ കമ്പനിയുടെ നേട്ടത്തിന്‍റെ പട്ടികയിലുണ്ട്. 

നായിക് സാരഥ്യം ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പോലയായിരുന്നു എല്‍ ആന്‍ഡ് ടി. കടലു പോലെ പരന്നു കിടക്കുന്ന കമ്പനി. 

കണ്‍സ്ട്രക്ഷന്‍, മൈനിങ് മെഷിനറി, ഡിഫന്‍സ് എക്യുപ്മെന്‍റ്, പവർ ജനറേഷന്‍, ഷിപ്പ് ബില്‍ഡിങ്, റിയല്‍റ്റി, ഹെവി എന്‍ജിനിയറിങ്, മിനറല്‍സ്, വാല്‍വ്, ഹൈഡ്രോകാർബണ്‍ തുടങ്ങി അനേകം കാര്യങ്ങള്‍. 90 കളുടെ പകുതിയോടെ നായിക് തന്നെ മുന്‍കൈയെടുത്ത് സ്ഥാപിച്ച സോഫ്റ്റ് വെയർ ബിസിനസും ഫിനാന്‍സ് കമ്പനിയും എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു. ഇന്നത് ചിട്ടയോടെ 93 സബ്സിഡിയറികളാക്കിയത് നായിക്കാണ്. 

economy10

അന്ന്  ഡിമെർജ് ചെയ്യാതെ ഇത്രയും വൈവിധ്യമുള്ള കാര്യങ്ങള്‍ ഒരു കുടയ്ക്കു കീഴില്‍ കൊണ്ടുപോവാനുള്ള മെയ് വഴക്കം നായിക് കാണിച്ചത് അത്ഭുതകരമാണ്.  പിന്നീടത് അനിവാര്യമായ അവസ്ഥയില്‍, കൃത്യമായ മുഹൂർത്തത്തില്‍ സിമന്‍റ് ബിസിനസ് ബിർളക്ക് വിറ്റുമാറി.

എൽ ആൻഡ് ‍ടി കമ്പനികൾ 

എല്‍ ആന്‍റ് ടിക്കു പുറമെ, ഐ.ടി കമ്പനിയായ എല്‍ ആന്‍റ് ടി ഇന്‍ഫൊടെക്ക് പിന്നീട് ഓഹരിവിപണിയില്‍ വന്നു. 2019 ല്‍ എല്‍ ആന്‍റ് ടി ഇന്‍ഫൊടെക്ക് 10,000 കോടി രൂപക്ക് മൈന്‍ഡ്ട്രീ ഏറ്റെടുത്തു. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ഐ.ടി കമ്പനിയായി അത് മാറിയിരിക്കുന്നു. എല്‍ടിമൈന്‍ഡ്ട്രീയുടെ വ്യാഴാഴ്ചത്തെ ഓഹരിവില 4658 രൂപ. എല്‍ ആന്‍റ് ടി ഫിനാന്‍സ് 96 രൂപയില്‍ നില്‍ക്കുന്നു. ടെക്നോളജി സർവീസസ് കമ്പനിയായ എല്‍ ആന്‍റ് ടി ടെക്നോളജി 3839 ലാണ്. 

ഒരു വ്യക്തി ഇത്രയും നീണ്ട നാള്‍ ഒരു കമ്പനിയില്‍ സേവനം ചെയ്യുന്നതിനു നല്ലതും ചീത്തയുമായ വശമുണ്ട്. കാലത്തിന് അനുസരിച്ചുള്ള മാറ്റം കിട്ടില്ലെന്നുള്ളതാണ് അതില്‍ പ്രധാനം. പക്ഷേ, നായിക് ഇത് മനസിലാക്കി ഓരോ കാലഘട്ടത്തിനെയും നിരീക്ഷിച്ച് പഠിച്ച് മുന്നോട്ട് പോയി. അതിനാല്‍, എക്കാലവും എല്‍ ആന്‍റ് ടിയുടെ റിസള്‍ട്ട് മുന്നേറി തന്നെ നിന്നു. കമ്പനി ഒരിക്കലും താഴോട്ട് പോയില്ല. ഡയറക്ടർ ബോർഡില്‍ അതുകൊണ്ട് ചോദ്യങ്ങളുമുണ്ടായില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഗുജറാത്ത് സ്വദേശിയായ എ.എം.എന്‍ ഒരു അപൂർവ്വ പ്രതിഭാസമാവുന്നത്.

2009 ല്‍ നായിക്കിന് പത്മഭൂഷണും 2019 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നിലവില്‍ നാഷണല്‍ സ്കില്‍ ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ ചെയർമാനാണ്. 

English Summary : A M Naik Retired from L & T

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com